Sunday, September 25, 2022

ഐലന്റ് ഓഫ് ലൗ – ഭാഗം 2

നോവലെറ്റ്

അഞ്ജലി മാധവി ഗോപിനാഥ്‌

വീണ്ടും റോഡ്രിഗസ് അത് തന്നെ ചിന്തിച്ചു. ഇത്ര പെട്ടന്ന് എന്നെ മനസിലാക്കിയെടുക്കാൻ അയേഷക്ക് എങ്ങനെ കഴിഞ്ഞു ?

റോഡ്രിഗസ് ആദ്യമത് പറഞ്ഞത് സുഹൃത്ത് ക്ലമന്റിനോടാണ്. റോഡ്രിഗസിന്റെ പ്രതീക്ഷയോടെയുള്ള സംശയത്തിനെ പരിഹസിച്ചു കൊണ്ടു ക്ലമന്റ് ” ട്രൂകോളർ ” നെ ഓർമ്മപ്പെടുത്തി. തന്റെ പ്രണയത്തെ നിസാരമാക്കുന്ന ഒന്നും അംഗീകരിക്കാൻ റോഡ്രിഗസ് തയ്യാറായില്ല.

നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന “മാർഗോ ” ബാറിന്റെ നിലവിലെ വരുമാനത്തിന്റെ പ്രധാന കാരണം റോഡ്രിഗസ് ആണ്. മാർഗോ ബാറിന്റെ ഉടമ ക്രിസ്റ്റഫർ, മകൻ ഹ്യൂഗോയിൽ ഇനിയൊരു പ്രതീക്ഷയ്ക്ക് വകയില്ലാതെ മാർഗോ ബാർ റോഡ്രിഗസിനെ ഏൽപ്പിച്ചു കൊടുത്തിരുന്നു.

ഭാര്യയുടെ മരണ ശേഷം ഹ്യൂഗോ ബിസിനസ്‌ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ പുലർത്താറില്ല. തന്റെ ജീപ്പിൽ എങ്ങോട്ടെന്നില്ലാതെ കറങ്ങി നടക്കുന്ന ഹ്യൂഗോയും അയാളുടെ എടുത്ത് ചാട്ട സ്വഭാവങ്ങളും ക്രിസ്റ്റഫറിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഹ്യൂഗോയുടെ ഭാര്യ ബിയാട്രീസിന്റേത് ഒരു അസ്വാഭാവിക മരണമായിരുന്നു. വീടിനടുത്തുള്ള കനാലിൽ നിന്നും ബിയാട്രീസിന്റെ മൃതദേഹം കണ്ടെടുക്കുമ്പോൾ ആളുകളുടെ അടക്കം പറച്ചിലും അത് തന്നെയായിരുന്നു.

ഹ്യൂഗോയുടെ സഹോദരി മാർഗരറ്റ്. കാഴ്ച്ചയിൽ സുന്ദരി. സകലകലാവല്ലഭ. സ്വാഭാവികമായി പ്രദേശത്തെ പലരുടേയും ഹൃദയത്തിലെ പ്രേമഭാജനം. ചോക്ലേറ്റ് നിറവും വിടർന്ന കണ്ണുകളും മാർഗരറ്റിന്റെ പ്രത്യേകതകളായിരുന്നു. ഇളം നീല നിറമുള്ള കുപ്പായങ്ങളിട്ടു മാർഗരറ്റ് വരുമ്പോൾ, സ്വർഗത്തിൽ നിന്നിറങ്ങി വരുന്ന മാലാഖ പോലെയെന്ന് കരുതിയിരുന്നവർ കുറച്ചൊന്നുമായിരുന്നില്ല. കീഴ്ച്ചുണ്ടിന് തൊട്ട് താഴെയുള്ള ചെറിയ കറുത്ത മറുക് മാർഗരറ്റിന്റെ സൗന്ദര്യം എടുത്ത് കാണിച്ചിരുന്നു. മാർഗരറ്റിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് അയേഷയും ഈവയും.

നിരവധി ആളുകൾ സൽസ ക്ലാസ്സിന്റെ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നതിന്റെ പ്രധാന കാരണം മാർഗരറ്റ് ആണെന്ന് പരക്കെ ഒരു സംസാരമുണ്ട്. അതും പോരാഞ്ഞ്, മാർഗോ ബാറിന്റെ പരിസരത്ത് ഒരു സൽസ ക്ലാസ്സ്‌ നടത്തുന്നതും സുന്ദരികളായ പെൺകുട്ടികൾ അവിടെ ക്ലാസ്സിനു വരുന്നതും ബാറിന്റെ വരുമാനം കൂട്ടാനുള്ള ക്രിസ്റ്റഫറിന്റെ ബുദ്ധിയാണെന്നും പറയപ്പെടുന്നു. ഈ അഭിപ്രായം പറഞ്ഞ ഒരാളെ റോഡിലിട്ട് തല്ലിയതിനാണ് ഹ്യൂഗോയേ ഏറ്റവും അവസാനം പോലീസ് പിടിക്കുന്നത്.

ഹ്യൂഗോ പരിധികൾ ലംഘിച്ചു നശിച്ചു പോകുന്നതിൽ ക്രിസ്റ്റഫർ മനം നൊന്തു കഴിഞ്ഞിരുന്ന സമയത്താണ് അകന്ന ഒരു ബന്ധുവിന്റെ ശുപാർശയിൽ റോഡ്രിഗസ് ക്രിസ്റ്റഫറിന്റെ അടുത്തെത്തുന്നത്. മാർഗോ ബാറിന്റെ പ്രവർത്തനം റോഡ്രിഗസ് നിയന്ത്രണത്തിലാക്കി. ഭേദപ്പെട്ട വരുമാനമുണ്ടാക്കി. ക്രിസ്റ്റഫറിന്റെ വിശ്വസ്ഥൻ എന്ന് പേരെടുത്ത റോഡ്രിഗസിന്റെ പ്രണയിക്കുന്നതിൽ മാർഗരറ്റിന് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

തന്റെ അളവറ്റ സ്നേഹം താൻ പോലുമറിയാതെ നേടിയെടുത്ത റോഡ്രിഗസിനെ മാർഗരറ്റ് രാവും പകലുമെന്നില്ലാതെ സ്വപ്നം കാണാൻ തുടങ്ങി. ബാറിന്റെ കണക്ക് കൊടുക്കാൻ വീട്ടിലെത്തുന്ന റോഡ്രിഗസിനെ അയാളറിയാതെ നോക്കി നിൽക്കുന്നത് മാർഗരറ്റ് ദിവസേന ചെയ്തു പോരുന്ന കാര്യമായിരുന്നു. റോഡ്രിഗസിന്റെ നുണക്കുഴിയുള്ള ചിരി മാർഗരറ്റിന്റെ ബലഹീനതയായി മാറാൻ അധികം നാളുകൾ വേണ്ടി വന്നിരുന്നില്ല.

മാർഗരറ്റ് റോഡ്രിഗസിനോടുള്ള തന്റെ ഇഷ്ടം ഈവയേയും അയേഷയേയും അറിയിക്കാനിരുന്നപ്പോഴാണ് സൽസ ക്ലാസ്സിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഹ്യൂഗോ പോലീസ് പിടിയിലാവുന്നതും വീട്ടിലെ സ്വസ്ഥത നഷ്ടപ്പെട്ടു മാർഗരറ്റ് പുറത്തേക്ക് പോലും ഇറങ്ങാൻ മടിച്ചു വീടിനുള്ളിൽ മാത്രമാവുന്നതും. വൈകുന്നേരങ്ങളിൽ റോഡ്രിഗസ് വരുന്നതും കാത്ത് മാർഗരറ്റ് കണ്ണുകളെ ഗേറ്റിലേക്ക് അഴിച്ചു വിട്ട്, മുകളിലെ ബാൽക്കണിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും.

സഹോദരി റോഡ്രിഗസിനെ പ്രണയിക്കുമ്പോൾ, വീട്ടിൽ തന്നേക്കാൾ പരിഗണന കിട്ടുന്ന റോഡ്രിഗസിനോടുള്ള പകയായിരുന്നു ഹ്യൂഗോയുടെ ഉള്ളിൽ. അവസരം കിട്ടുമ്പോഴെല്ലാം റോഡ്രിഗസിനെ തരം താഴ്ത്താനും അപമാനിക്കാനും ഹ്യൂഗോ ശ്രമിച്ചിരുന്നു. ഹ്യൂഗോയേ വളരെ നന്നായി അറിയുന്ന ക്രിസ്റ്റഫറും മാർഗരറ്റും അയാളുടെ വർത്തമാനങ്ങൾക്ക് ചെവി കൊടുക്കാറില്ല. ബിയാട്രീസിനോടുള്ള ഹ്യൂഗോയുടെ പെരുമാറ്റങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ ഹ്യൂഗോയും മാർഗരറ്റും തമ്മിൽ കുറച്ചു കാലങ്ങളായി ശത്രുക്കളെപ്പോലെയായിരുന്നു. ഹ്യൂഗോയുടെ മുറിയിൽ നിന്ന് കിട്ടിയ ചോരക്കറ പുരണ്ട ഷാൾ, അപ്പന്റെ നിർദേശപ്രകാരം ആരുമറിയാതെ കത്തിച്ചു കളഞ്ഞെങ്കിലും അതിന് ശേഷം മാർഗരറ്റിന് ഹ്യൂഗോയോട് അടുക്കാൻ പറ്റാത്ത വിധത്തിലുള്ള അകൽച്ചയുണ്ട്.

റോഡ്രിഗസിന്റെ മനസ്സിൽ അപ്പോഴും അയേഷയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. അയേഷയെ കാണാൻ അയാൾ ഓരോരോ പ്ലാനുകൾ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഒഴിവു സമയം കണ്ടെത്തി ദിവാസ്വപ്നത്തിൽ മുഴുകിയിരിക്കുന്ന റോഡ്രിഗസ് ക്ലമന്റിനു പുതിയ കാഴ്ച്ചയായിരുന്നു. ഇടയ്ക്കിടെ ക്ലമന്റ് അയേഷയുടെ പേര് പറഞ്ഞ് കളിയാക്കിയിരുന്നത് എതിർക്കുമായിരുന്നെങ്കിലും റോഡ്രിഗസിന് അതിഷ്ടമായിരുന്നു. അയേഷയുടെ കാമുകനായി തന്നെയൊരാൾ കാണുന്നത് റോഡ്രിഗസ് ആസ്വദിച്ചിരുന്നു.

ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് പോകുന്നതിനിടയിൽ ടേബിൾ ഫൈവിൽ ബിയർ ബോട്ടിൽ വെക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്. ഇടിമുഴക്കം പോലുള്ള ആ ശബ്‌ദം കേട്ട് എല്ലാവരും പരിഭ്രമത്തോടെ അവിടേക്ക് നോക്കി. അവിടേക്ക് ഓടി വന്ന ക്ലമന്റ് കണ്ടത് തലയിൽ നിന്നും മുഖത്തേക്ക് ചോര ഒലിച്ചിറങ്ങുന്ന അവസ്ഥയിൽ താഴേക്ക് വീഴാനൊരുങ്ങുന്ന റോഡ്രിഗസിനെയാണ്. കാര്യമറിയാതെ പകച്ചു നിൽക്കുന്ന ആൾക്കൂട്ടം. റോഡ്രിഗസിന്റെ കൺപീലികളിൽ ചോര പടർന്നിറങ്ങിയിരുന്നു. കാഴ്ച്ചകളെ അവ്യക്തമാക്കി അബോധാവസ്ഥയിൽ അയാൾ സുഹൃത്ത് ക്ലമന്റിന്റെ കൈകളിലേക്ക് വീണു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഐലന്റ് ഓഫ് ലവ്

spot_img

Related Articles

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ   എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...

Spencer

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Spencer Director: Pablo Larrain Year: 2021 Language: English 'നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്' 'The People's Princess' അഥവാ ജനങ്ങളുടെ രാജകുമാരി...
spot_img

Latest Articles