Friday, July 1, 2022

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത
ജാബിർ നൗഷാദ്

1

ഓർമയിലെങ്കിലും
നീ വന്നാൽ മതി.
എന്റെ ഹൃദയത്തിന്റെ
ചുളിവുകൾ നിവർത്തിയാൽ മതി.
എത്ര പഴുത്തിട്ടാണീ പ്രേമം
അടർന്നു വീണത്.
വീഴുമ്പോൾ നൊന്തിരുന്നോ.
പാകമാകാത്ത നെഞ്ചുമായ്
എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ
ലോകം ഇത്ര വലുതായിരുന്നോ.
ഒന്ന് തൊടുമ്പോഴേക്കും
വെള്ളം വീഞ്ഞാവുകയായിരുന്നോ.
തീരെ മെലിഞ്ഞ വേരുകളാൽ
അനന്തതയെ തടുത്തു നിർത്താൻ
അവരെ പോലെ നമ്മളും ഇറങ്ങിത്തിരിച്ചു.
വീണിട്ടും അടർന്നിരുന്നോ
അടർന്നിട്ടും വീണിരുന്നോ.
മധുരം ഉണ്ടായിരുന്നോ.

2

ഈ സ്മശാനത്തിനൊരു
കാവൽക്കാരൻ ഉണ്ട്.
പ്രേമം വിളിച്ചപ്പൊ ഇറങ്ങിച്ചെന്ന
ആൺ പെൺ ശവങ്ങളെ
മെരുക്കി കിടത്താൻ അയാൾക്ക്
ശമ്പളം നൂറ്റിയമ്പത് രൂപാ.
നൂറ്റിനാല്പത്തിയൊമ്പതിനും
കുടിച്ച് തീർത്തൊറ്റ രൂപായ്ക്ക്
മെഴുകുതിരിയും മേടിച്ചു
വൈകുന്നേരത്തിൽ
ഓർമയിലേക്ക് തീപ്പെട്ടിയുരച്ച്
അയാൾ മുട്ടു കുത്തിയിരിക്കും.

3

നീ വേരുകൾ ഇല്ലാത്ത
സ്ത്രീ ആണെന്നെനിക്കറിയാം.
എങ്കിലും നിന്റെ ഇലകൾ
തലചായ്ക്കാൻ
ഞാൻ തുന്നിക്കെട്ടുന്നു.

നീ തിരക്കുള്ളൊരു
പാലമാണെന്ന് ഞാൻ
മനസിലാക്കുന്നു.
എന്റെ തോണിയിലെ
മുയൽക്കുഞ്ഞുങ്ങൾക്കതിന്റെ
തണലു മാത്രം മതി.

4

അതിന്റെ കുളമ്പടികൾ എനിക്ക്
വ്യക്തമായ് കേൾക്കാം.
നിങ്ങൾ കരുതും പോലെ
അത് ഒറ്റയല്ല.
ഒരു കൂട്ടം.
കഴുത്തിൽ ചങ്ങലയുടെ
പാടുകൾ.
കാലിൽ സ്വാതന്ത്ര്യത്തിന്റെ
വേഗത.
ഭൂമിയെ ഉണർത്താതെ
ഇരയെ പോലും അറിയിക്കാതെ,
അവർ മദം പൊട്ടിയ
മനുഷ്യരെ പോലെ ഓടിയടുക്കുന്നു.

പക്ഷേ.
ഞാൻ അതിനെ പ്രതീക്ഷിക്കുന്നുണ്ട്.
അത്താഴമൊരുക്കുന്നുണ്ട്.
എല്ലുകൾക്കിടയിൽ അതിനു
വേണ്ടതൊക്കെയും കരുതുന്നുണ്ട്.
എന്റെ മുന്നൊരുക്കങ്ങൾ
കൊണ്ട് ഞാൻ അതിന്റെ ആനന്ദം
കെടുത്തും.
എത്ര ദുർബലമാണതിന്റെ ക്രോധം,
ജീവിതത്തിന്റെ കൊതിപ്പൊതികളിൽ
വാശിയോടെ നുഴഞ്ഞുകയറുന്നു.

വരൂ…
കയറിയിരിക്കൂ..
നിങ്ങൾക്ക്
പ്രണയമെന്നോ മരണമെന്നോ പേര്?


|
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും

ഗസൽ ഡയറി ഭാഗം 3 മുർഷിദ് മോളൂർ ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും ലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക.. ലഗ് ജാ ഗലേ, ഫിർ യെ ഹസീൻ രാത്ത് ഹോ ന ഹോ.. ഇത്ര മനോഹരമായൊരു...

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന ലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
spot_img

Latest Articles