ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വര്‍ഷം

നിധിന്‍ വി.എന്‍

പഞ്ചഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകിടക്കുന്ന കോളനികളുടെ അധീശത്വത്തിലൂടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപൊക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് (1921നു ശേഷം വടക്കന്‍ ഭാഗം മാത്രം) എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു കൊച്ചുദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി രൂപപ്പെട്ടു. മനുഷ്യ കബന്ധങ്ങളില്‍ കെട്ടിപ്പെടുത്തതാണ് ബ്രിട്ടന്റെ ഈ സാമ്രാജ്യം എന്ന് നിസ്സംശയം പറയാം.

കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം ചെയ്തുകൂട്ടിയ നിരവധി ക്രൂരകൃത്യങ്ങളില്‍ ഏറ്റവും ക്രൂരമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല. ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തില്‍ ചുടുചോരകൊണ്ട് അടയാളപ്പെട്ട അധ്യായമാണ് ജാലിയന്‍വാലാ ബാഗ്. 1919 ഏപ്രില്‍ 13-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ജഡ്ജിയായിരുന്ന സര്‍ സിഡ്നി റൗലറ്റ് രൂപപ്പെടുത്തുകയും ഡല്‍ഹിയിലെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പാസാക്കുകയും ചെയ്ത, ‘റൗലറ്റ് ആക്ട്’ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ‘അനാര്‍ക്കിക്കല്‍ ആന്‍ഡ് റെവലൂഷനറി ക്രൈംസ് ആക്ട് 1919’ എന്ന കരിനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അമൃത്സറിലെ ജാലിയന്‍വാലാ പാര്‍ക്കില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയാണ് ചെയ്തത്. ബ്രിട്ടീഷ് കേണലായ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തില്‍ നടന്ന ഈ വെടിവെപ്പാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്നത്. നിരായുധരായ ആയിരത്തിലേറെ പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്.

സ്രാമ്രാജ്യത്വം അന്നും ഇന്നും കൂട്ടക്കൊലകളുടെ നടത്തിപ്പുകാരാണ്. അവര്‍ ചെയ്ത ക്രൂരതകള്‍ക്ക്, മാനവരാശിക്കുമേല്‍ അവര്‍ ഏല്പിച്ച ആഘാതങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം എങ്ങനെയാണ് നല്‍കാനാവുക? ആര്‍ക്കാണ് നല്‍കാനാവുക?

ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇന്ത്യയില്‍ നടത്തിയ അരുതായ്മകള്‍ക്കെല്ലാം നഷ്ടപരിഹാരം വേണമെന്നുമുള്ള ആവശ്യം ബ്രിട്ടീഷ് സദസ്സുകളില്‍ ശശി തരൂര്‍ നിരന്തരം ഉന്നയിക്കാറുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗ് ശതാബ്ദിയിലേക്ക് കടക്കുന്ന അവസരത്തില്‍ ഈ ആവശ്യം ശക്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ വംശജനും ലേബര്‍ പാര്‍ട്ടി എംപിയുമായ വിരേന്ദര്‍ ശര്‍മ ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്ന പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രസ്തുത പ്രമേയം ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 10-ന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ പേരില്‍ ഖേദപ്രകടനം നടത്തിയത്. എന്നാല്‍, അല്പമെങ്കിലും ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ ബ്രിട്ടന്‍ മാപ്പ് പറയേണ്ടതാണ്. പക്ഷെ, അവരത് ചെയ്യില്ല! കാരണം മാപ്പ് പറഞ്ഞുകഴിഞ്ഞാല്‍ യൂറോപ്യന്‍ നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതുകൊണ്ടാണ് വെറുമൊരു ഖേദപ്രകടനത്തില്‍ ഒതുക്കിയത്.

ഫോട്ടോ: രാഹുല്‍ കെ.ആര്‍.

Leave a Reply

Your email address will not be published. Required fields are marked *