jallikattu film review

ജല്ലിക്കട്ട്, ആൽഫാ മെയിൽ വന്യതയുടെ ഒരു പെരുംപടപ്പ്

കസേരക്കയ്യിൽ മുറുക്കെപ്പിടിക്കുമ്പോൾ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളിൽ കുളമ്പുകുത്തുന്നത് അനുഭവിക്കാം.

Advertisements

സുജിത് ചന്ദ്രൻ


മനുഷ്യകുലത്തിൻറെ ജനിതകഗോവണിയുടെ ഗോത്രസ്മൃതികളിലെങ്ങും സഹിഷ്ണുതയുടെ അടരുകളില്ലെന്നാണ് യുവാൽ നോഹ ഹരാരി അദ്ദേഹത്തിൻറെ മാസ്റ്റർപീസ് പുസ്തകമായ സാപ്പിയൻസിൽ സമർത്ഥിക്കുന്നത്. ആദിമ പുരുഷൻറെ (alpha male) നിരന്തരമായ സംഘട്ടനങ്ങളുടേയും ഉന്മൂലനങ്ങളുടേയും മഹാഖ്യായികയാണ് നരവംശചരിത്രപുസ്തകം. മുപ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർ താൽ മനുഷ്യർ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായി. ഏതാണ്ട് അമ്പതിനായിരം വർഷത്തെ ഹിംസാത്മക സംഘർഷങ്ങളുടെ തുടർച്ചയിൽ നമ്മുടെ പ്രപിതാമഹന്മാർ അവരെ ഉന്മൂലനം ചെയ്തുവെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഹോമോ റുഡോൾഫെൻസിസ്, ഹോമോ സോളൻസിസ്, ഹോമോ ഇറക്ട്സ്, ഹോമോ ഡെനിസോവൻസ് എന്നിങ്ങനെ നമ്മുടെ വർഗ്ഗഗുണം കൊണ്ട് കഥാവശേഷരായ ആദിമ മനുഷ്യവർഗ്ഗങ്ങൾ അനവധി.

Tolerance was never a sapiens trademark!

ഗോത്രഹിംസയുടെ ആ ആദിമചോദനകളെ തിരശ്ശീലയിലേക്ക് കെട്ടഴിച്ചുവിടുന്നു ലിജോ ജോസ് പെല്ലിശ്ശേരി. വെട്ടിപ്പിടിച്ചും വെട്ടിത്തെളിച്ചും വെന്തും നൊന്തും നോവിച്ചും കൊന്നും തിന്നും നവകാലത്തേക്ക് ചാട്ട തെളിച്ചെത്തിയെങ്കിലും ഇരുകാലിലോടുന്ന മൃഗം തന്നെയായ മനുഷ്യന്റെ വാരിയെല്ലുകളിൽ പിടിയോളം വന്നുതൊടുന്ന പിച്ചാത്തിയാണ് ജല്ലിക്കട്ട് എന്ന സിനിമ. തിരശ്ശീലയിൽ ചിതറിവീഴുന്ന പൊളിവെട്ടങ്ങളിൽ തീയേറ്ററിന്റെ ഇരുട്ടത്ത് അതിന്റെ വായ്‌ത്തല പാളുമ്പോൾ കോശപടലങ്ങളിലെ പ്രാചീനമായ മാറാല വകഞ്ഞ് ഗോവണിക്കയ്യുകളിലൂടെ ഒരു വൈദ്യുതി പ്രവഹിക്കുന്നതറിയാം. കസേരക്കയ്യിൽ മുറുക്കെപ്പിടിക്കുമ്പോൾ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളിൽ കുളമ്പുകുത്തുന്നത് അനുഭവിക്കാം.

Jallikattu

ഏതൊരു മുറിവേറ്റ മൃഗത്തിനും എല്ലാ സാമ്പ്രദായികതകളേയും കൊടിമരങ്ങളേയും കൊമ്പിൽ കൊരുക്കാം. വേട്ടമൃഗത്തിന്റെ ഗതികെട്ട പാച്ചിലിൽ സമൂഹത്തിൻറെ ജൈവതാളങ്ങളുടെ സ്വാസ്ഥ്യം തെറ്റുമ്പോൾ മാത്രം അവനവനിലെ വേട്ടക്കാരനേയും വേട്ടമൃഗത്തേയും നമ്മൾ വേറിട്ടറിയും. ഏറ്റവും രുചിയുള്ള ഇറച്ചി മനുഷ്യന്റേത് തന്നെയെന്ന വെളിപാടപ്പോൾ ഇരുട്ടത്തൊരു വെള്ളിടിയായി വെട്ടും! നമ്മളെത്തന്നെ ഉറയൂരി നമ്മുടെ മുന്നിൽ ഊറയ്‌ക്കിടുകയാണ് പെല്ലിശ്ശേരിയുടെ ചലച്ചിത്രപ്രതിഭ.

മലയാളസിനിമയിലെ ഒരു മഹാനിർമ്മിതിയെന്ന് ഉറപ്പായും ജല്ലിക്കട്ടിനെ വിളിക്കാം. പ്രമേയത്തിൽ, ആഖ്യാനത്തിൽ, നിർമ്മാണത്തിൽ ഒക്കെ മൗലികവും അതിന്റെ തരത്തിലെ ആദ്യത്തേതുമാണത്. എസ്.ഹരീഷിൻറെ മാവോയിസ്റ്റ് സിനിമാകാരം പ്രാപിക്കുമ്പോൾ അതിന്റെ രാഷ്ട്രീയം ബൃഹദാകാരം പ്രാപിക്കുകയാണ്. ഗിരീഷ് ഗംഗാധരൻ എന്ന ക്യാമറ പ്രതിഭ കെട്ടഴിഞ്ഞ് ചുരകുത്തിപ്പായുകയാണ്. പശ്ചാത്തലസംഗീതവും ശബ്ദപഥവും ഒരുക്കിയ പ്രശാന്ത് പിള്ളയും രംഗനാഥ് രവിയും കണ്ണൻ ഗണപതും പ്രേക്ഷകന്റ സിരാപടലങ്ങളിൽ ചലച്ചിത്രോന്മാദത്തിന്റെ പ്രകാശഗോപുരങ്ങൾ തീർക്കുകയാണ്… എൽജെപി എന്ന മാന്ത്രികനായ നിഷേധി മലയാളത്തിലെ ഒന്നാം നിര ചലച്ചിത്രപ്രവർത്തകരുടെ നിരയിൽ കസേരയിട്ടിരിക്കുകയാണ്…

ക്ലൈമാക്സിലേക്കെത്തുമ്പോൾ മാജിക്കൽ റിയലിസത്തിൻറെ മാന്ത്രികതയിൽ അസ്ഥികൾ പൂക്കും. പിൻതലയ്‌ക്ക് പ്രഹരം കിട്ടിയ പോത്തിൻ കൂറ്റനെപ്പോലെ കാഴ്ചയുടെ ആഘാതത്തിൽ നിങ്ങൾ സ്ഥലകാലങ്ങൾക്കപ്പുറത്തേക്ക് വലിച്ചെറിയപ്പെടും. തിരിച്ചറിവുകൾ നമ്മുടെ തീരുമാനങ്ങളാകും.

ഈ കുറിപ്പ് നിർത്തുംമുമ്പ് ഇങ്ങനെയൊരു സിനിമ ഇതിനുമുമ്പ് മലയാളത്തിൽ വന്നിട്ടില്ലെന്ന് എനിക്കൊന്നുകൂടി ആവർത്തിക്കണം.

 

Advertisements

Leave a Reply

%d bloggers like this: