jauquin-phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. .

റിയാസ് പുളിക്കൽ

നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് “And The Oscar Goes To Joaquin Phoenix” എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം.

riyas-pulikkal
റിയാസ് പുളിക്കൽ

2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട് സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യാഷ് എന്ന കഥാപാത്രത്തിന് കിട്ടാതെ പോയ ഓസ്കാറും നിന്റെ നഷ്ടസ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ്. ഗ്ലാഡിയേറ്ററിലെ കൊമോഡസ് സീസർ എന്ന പ്രതിനായക കഥാപാത്രത്തെയും ആരും മറക്കാനിടയില്ല.

Click here for free registration

ജോക്കർ എന്ന പ്രശസ്ത ഡിസി ആന്റി ഹീറോ കഥാപാത്രമാവാൻ ടോഡ് ഫിലിപ്സ് നിന്നെ ക്ഷണിച്ചപ്പോൾ ഹീത്ത് ലെഡ്ജർ നേരിട്ട അതേ ആരാധക രോഷം നിനക്കെതിരെയുമുണ്ടായിരുന്നു എന്നത് സത്യമാണ്. പൊന്നുപോലെ കരുതുന്ന കഥാപാത്രത്തെ നശിപ്പിച്ചു കളയുമോ എന്ന മുൻധാരണ ഒരു ഭയം പോലെ ആരാധകർ എന്നും സൂക്ഷിച്ചിരുന്നു എന്നതിന്റെ പ്രതിഫലനം മാത്രമായിരുന്നു അത്. പക്ഷേ, ഹീത്തിനെപ്പോലെ തന്നെ ജോക്കറായി നീ ഭ്രാന്തമായി നിറഞ്ഞാടിയപ്പോൾ കൂവി വിളിച്ചവർ തന്നെ നിന്നെ നെഞ്ചോട് ചേർത്തു. ഹീത്ത് ലെഡ്ജറിന് മുകളിൽ നിൽക്കുന്നതായിരുന്നു നിന്റെ ജോക്കർ എന്ന് പറയാൻ കഴിയില്ലെങ്കിലും ലോകത്ത് ഇന്ന് വരെ അവതരിപ്പിക്കപ്പെട്ട ഏറ്റവും മികച്ച മൂന്ന് ജോക്കർമാരിൽ ഒരാളായി നീയെന്നും വാഴ്ത്തപ്പെടും; ഹീത്ത് ലെഡ്ജറിന്റെയും ജാക്ക് നിക്കോൾസന്റെയും കൂടെ തന്നെ.

joaquin phoenix
Joaquin Phoenix

നായകൻ ബാറ്റ്മാൻ ആവണം എന്നാർക്കോ നിർബന്ധമുള്ളതുകൊണ്ട് മാത്രം വില്ലനാവേണ്ടി വന്ന ജോക്കർ എന്ന അനശ്വര കഥാപാത്രത്തിന് ഒരിക്കൽക്കൂടി ജീവൻ പകർന്നു നൽകിയതിന്;

പ്രിയ വാക്കിൻ ഫീനിക്സ്.. ഒരായിരം നന്ദി.. 🤗

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *