Sunday, August 7, 2022

ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി

പ്രതികരണം
കെ.ആർ. രാഹുൽ, പീച്ചി

എഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് ‘ഇര’ എഴുതിയ ശ്രീശോഭിനെ വിശേഷിപ്പിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹം എഴുതിയിട്ടുള്ള കഥകളുടെ എണ്ണക്കുറവ് അതിനുദാഹരണമാണ്. രചനാ രഹസ്യത്തിന്റെ ഊരും ഉമ്മറപ്പടിയും അറിയാതെ, ലാക്ഷണിക കഥ കൊണ്ട് വായനക്കാരെ പീഡിപ്പിക്കുന്ന എല്ലാവർക്കും ഈ കഥ വായിച്ചു നോക്കാം. നമ്മൾ എല്ലാവരും നമ്മുടെ ചുറ്റുപാടിന്റെ ഇരകളായിട്ടാണ് വളരുക. പിന്നീട് ആ ചുറ്റുപാടിനേയോ നമുക്കു ചുറ്റുമുള്ളതിനേയോ വേട്ടയാടിപ്പിടിക്കുന്ന വേട്ടക്കാരനായി പതിയെ പരിവർത്തനപ്പെടുന്നു. ഈ പ്രക്രിയ ഒരേസമയം ശാരീരികവും മാനസികവും കൂടിയാണ്.

ഒരേസമയം ഇരയും വേട്ടക്കാരനുമായ മാത്യൂസിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. റബ്ബർ എസ്റ്റേറ്റ് പാഡിയിൽ നിന്നാണ് മാത്യൂസിന്റെ ജീവിതം ആരംഭിക്കുന്നതെന്ന സൂചന കഥയുടെ തുടക്കത്തിൽ തന്നെയുണ്ട്. താരതമ്യേന ഫലഭൂയിഷ്ടി കുറഞ്ഞ ലാറ്ററേറ്റ് മണ്ണിൽ, വരണ്ട കുന്നിൻമുകളിൽ ജീവിതം ആരംഭിച്ചവന് ഇതുപോലെ പരുക്കനായി തന്നെയേ വളരാൻ കഴിയൂ.
നിരഞ്ജനയുടെ അവസ്ഥയും വ്യത്യസ്തമല്ല. അവൾ വള്ളുവനാടൻ നായർ പിതാവിന്റെ മകളാണ്. അവൾ വളർന്ന ഭൂമിക ആർദ്രവും ഫലഭൂഷ്ഠവുമായ സമതലമാണ്. അവൾക്ക് പുഴയിൽ നിന്നു വരുന്ന കാറ്റിന്റേയോ ആറ്റുവഞ്ചി പൂക്കളുടേയോ നൈർമല്യം ഉണ്ടായിരിക്കും. കഥപറച്ചിലിന്റെ ഈ താളമാണ് കഥയെ രസാവഹമാക്കുന്നത്.

ചിമ്മിനിയിൽ നിന്നും വേട്ട ആരംഭിച്ച മാത്യൂസ് പീച്ചിയും കടന്ന് ആലത്തൂരിൽ വന്നുചേരുന്ന ഭാഗം പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഏറ്റവും പതിയെ അയനം ചെയ്യുന്ന സൂര്യനെ ഓർമ്മിപ്പിച്ചെങ്കിൽ അതു വെറുതെയല്ല. അപ്രകാരം അയനം ചെയ്തിട്ടും കിഴക്കാണ് ഉദിക്കുന്നത് എന്ന് നമ്മുടെ കണ്ണുകളെ തെറ്റിദ്ധരിപ്പിക്കാറില്ലേ? അതുതന്നെയല്ലേ നിരഞ്ജനക്ക് മാത്യൂസിന്റെ കാര്യത്തിലും സംഭവിച്ചത് ? എങ്കിലും ഊർജ്ജപ്രദായകനായ സൂര്യനെ നമുക്കാർക്കും വെറുക്കാൻ കഴിയില്ല. കഥയിൽ മാത്യൂസും നീരുവും ഒരേസമയം ഇരയും വേട്ടക്കാരനും ആണ്. കറുപ്പും വെളുപ്പും എന്നവണ്ണം ആക്രമിക്കുന്നവനും കീഴടക്കപ്പെടുന്നവനും ഒരേ അനുപാതത്തിൽ ഉള്ള സാധാരണക്കാർ.

ദുർബലന് മേൽ അധികാരം സ്ഥാപിക്കുന്ന പവർ തിയറിയാണ് മാത്യൂസ് വേട്ടക്കാരൻ ആകുമ്പോൾ പ്രവർത്തിക്കുന്നത്. ശാരീരികമായാണവൻ എല്ലാവരെയും കീഴ്പ്പെടുത്തുന്നത്. അതിന്റെ വന്യമായ അവസ്ഥയാണ് നായാട്ട്. ഈ മാത്യൂസ് തന്നെ പല ഭാഗങ്ങളിലും ഇരയായും മാറുന്നുണ്ട്. സാമൂഹിക ചുറ്റുപാടിന്റെ, സോഷ്യൽ സ്റ്റാറ്റസിന്റെ, പണാത്മക സമൂഹത്തിന്റെ അങ്ങനെ അങ്ങനെ. നീരുവിന്റെ കാര്യത്തിൽ ഇര എന്ന ഭാവമാണ് കൂടുതൽ പ്രകടനം എങ്കിലും അവളിലും വേട്ടക്കാരി ഉണർന്നിരിപ്പുണ്ട്. അത് മാത്യൂസിന്റേത് പോലെ ശക്തിയിൽ അധിഷ്ഠിതമല്ല, മാനസികമാണ്.

നാട്ടുഭാഷയുടേയും ലയത്തിന്റെയും ശൈലിയുടെയും ജീവിതാഭിവീക്ഷണത്തിന്റെയും സാന്ദ്രതകള്‍ വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്തവിധം ഒന്നിച്ചുചേരുമ്പോഴാണ് എഴുത്ത് മനോഹരമാവുന്നത്. ശ്രീശോഭിന്റെ വേരുകൾ കഥകളിൽ തന്നെയാണ് .
തൻ്റെ നാട്ടിലെ പുരാവൃത്തങ്ങൾ, അന്ധവിശ്വാസങ്ങൾ, വീരാരാധന, എന്നിവയോട് താദാത്മ്യം പ്രാപിക്കാൻ കഴിയാത്തവൻ അവൻ ഏക കേന്ദ്രാഭിമുഖ്യമുള്ളവനാണ്. അവന് സഹൃദയത്വമില്ല. അങ്ങിനെയുള്ളവർ കഥകളെഴുതരുത്. പക്ഷെ ശ്രീശോഭിന് ധൈര്യമായി എഴുതാം. എത്ര മനോഹരമായാണ് കഥയിൽ ടോപ്പോഗ്രഫി ഉപയോഗിച്ചിരിക്കുന്നത്. സത്യത്തിൽ ഇതിൽ കഥയിലെ പ്രധാന കഥാപാത്രം ഭൂപ്രകൃതി തന്നെയല്ലേ ? നാട്ടുഭാഷ ഒരിടത്തുപോലും കല്ലുകടി ഉണ്ടാക്കിയില്ല. എടുത്തുഭാഷ എന്ന വെങ്കലഭാഷയെ പൂർണമായും എടുത്തു കളഞ്ഞ് കവിതപോലെ മനോഹരമായ നാട്ടുഭാഷ കൈയ്യടക്കത്തോടെ ഉപയോഗിച്ചത് എഴുത്തുകാരൻ ഹൃദയത്തോടൊപ്പം തലച്ചോറും എഴുതാൻ ഉപയോഗിച്ചു എന്നതിന്റെ തെളിവാണ്.

ഒരു ദിവസം എത്രയോ അധികം വാക്കുകൾ നിസ്സാരമായി പറഞ്ഞത് തള്ളുന്നവരാണ് നമ്മൾ. എണ്ണമെടുത്താൽ അത് ആയിരമോ പതിനായിരമോ വരാം. എന്നിരിക്കിലും സ്വന്തമായി ഒരു കഥയെഴുതി അതിലെ കഥാപാത്രങ്ങളെക്കൊണ്ട് ഒന്ന് സംസാരിപ്പിച്ചു നോക്കിയിട്ടുണ്ടോ? ഭാഷയുടെ നേർത്ത ആ വരമ്പാണ് പ്രതിഭയുള്ള എഴുത്തുകാരനേയും മറ്റുള്ളവരേയും തരംതിരിക്കുന്നത്. ഉറപ്പായിട്ടും പറയാം ശ്രീശോഭ് ആ വരമ്പിന്റെ ഏറ്റവും കട്ടിയുള്ള പ്രതലത്തിൽ കാൽ ഉറപ്പിച്ചു ചവിട്ടിയാണ് നിൽക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles