sanal-haridas-athmaonline-poster-wp

കാട് പൂക്കുന്ന നേരം : വിടരാതടർന്ന വസന്ത സാധ്യത

സനൽ ഹരിദാസ്

ഡോ. ബിജുവിന്റെ സംവിധാനത്തിൽ സോഫിയ പോൾ നിർമ്മിച്ച്‌, റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാട് പൂക്കുന്ന നേരം’ എന്ന സിനിമ, ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏഴ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലാണ് പ്രദർശിപ്പിക്കപ്പെട്ടത്. IFFK യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മുതിർന്ന രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അഭിനേതാക്കളുമടങ്ങുന്ന പ്രേക്ഷകർക്ക് മുൻപിലായിരുന്നു ഈ ചിത്രത്തിന്റെ IFFK പ്രദർശനം.
നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ വഴിതുറന്ന, ഇടതുപക്ഷത്തിന്റെ പാർലമെന്ററി-സായുധ സമര വൈവിധ്യങ്ങളെ സംബന്ധിച്ചുള്ള വലിയ തോതിലുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കപ്പെട്ടു എന്നതും ഈ ചിത്രത്തിന് കൂടുതൽ ദൃശ്യത നേടിക്കൊടുത്തു.
‘ശക്തമായ രാഷ്ട്രീയ സിനിമ’ എന്ന മുഖവുരയോടെയാണ് പല പ്രമുഖരും ഈ ചിത്രത്തെ സമൂഹത്തിന് പരിചയപ്പെടുത്തിയത്.
IFFK യിൽ സിനിമയ്ക്ക് ശേഷമുണ്ടായ തുറന്ന ചർച്ചയിലും ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ചോ അവതരണത്തെക്കുറിച്ചോ കാര്യമായ വിമർശനങ്ങളൊന്നും തന്നെ ഉയർന്നുവന്നില്ല.

മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരിൽ ആദിവാസി കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ പോലീസ് ക്യാമ്പ് ചെയ്യുന്നതും മാവോയിസ്റ്റുകളെ പിന്തുടരുന്നതിനിടയിൽ നായകകഥാപാത്രമായ പോലീസുകാരൻ മാവോയിസ്റ്റ് സംഘത്തിലെ ഒരു യുവതിക്കൊപ്പം കാട്ടിൽ വഴിതെറ്റി ഒറ്റപ്പെടുന്നതും തുടർന്നുണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പോലീസുകാരൻ രാഷ്ട്രീയവ്യക്തത നേടി പരിവർത്തനപ്പെടുന്നതുമാണ് ഈ സിനിമയുടെ പ്രമേയം എന്ന് ചുരുക്കത്തിൽ പറയാം. (അപരിചിത ലോകത്തേക്ക് കാൽവഴുതി വീണ് പ്രതിബന്ധങ്ങളോട് പൊരുതി ഒടുവിൽ ആത്മജ്ഞാനം നേടുന്ന ‘ഗുരു’ എന്ന മോഹൻലാൽ ചിത്രത്തെ ഈ സിനിമ അനുസ്മരിപ്പിക്കുന്നു എന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല)

സിനിമയുടെ ഒരു സുപ്രധാന ഘട്ടത്തിൽ, ‘നീ മാവോയിസ്റ്റ് ആണോ’ എന്ന നായകന്റെ ചോദ്യത്തിന് നായിക നൽകുന്ന ഉത്തരം ‘ഭരണകൂടം സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരേയും പ്രവർത്തിക്കുന്നവരേയുമെല്ലാം മാവോയിസ്റ്റുകളായി മുദ്രകുത്തുന്നുണ്ടെന്നും അങ്ങനെയെങ്കിൽ ഞാനും മാവോയിസ്റ്റാണ്’ – എന്നാണ്. ഭരണകൂടത്തിന്റെ ആരോപണങ്ങൾക്കും പ്രതികാര നടപടികൾക്കുമുള്ള പ്രതിവിധി എന്നനിലയിൽ കാടുകയറിയവരാണ് ഞങ്ങൾ എന്നാണ് നായിക പറയാൻ ശ്രമിക്കുന്നത് എന്ന് കരുതാം. ഇത് സിനിമയുടെ രാഷ്ട്രീയ ആത്മാവ് വെളിപ്പെടുത്തുന്നതായ ഒരു സന്ദർഭമായി പരിഗണിച്ചാൽ; മാവോയിസം എന്ന തീവ്ര ഇടതുപക്ഷ മുന്നേറ്റവുമായി സിനിമക്കുള്ള ബന്ധം നാമമാത്രമായിത്തീരുന്നു.

ഭരണകൂടം മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റുകളായി മുദ്രകുത്തുകയും ജനകീയസമരങ്ങളെ മാവോയിസ്റ്റ് സാന്നിധ്യമാരോപിച്ച് നാമാവശേഷമാവുകയും ചെയ്യുന്നു എന്ന വാദം കഴിഞ്ഞ കുറച്ചു കാലങ്ങളായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുന്നതായി കാണാം. ഈ വാദത്തെ സാധൂകരിക്കുന്ന പലതും സിനിമയിൽ ഉണ്ടെന്നതായിരിക്കാം സിനിമയുടെ രാഷ്ട്രീയ വ്യക്തതയായി പലരും ഉയർത്തിക്കാണിക്കുന്നത്.

( ഭരണകൂടത്തിന്റെ മാവോയിസ്റ്റ് മുദ്ര, സാമൂഹ്യ പ്രവർത്തകർ വനവാസ വരമായി സ്വീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ് ) സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് രാഷ്ട്രീയമാണ് മുഖ്യ പ്രമേയമെന്ന തോന്നലുണ്ടാക്കി പുറത്തുവന്ന ഈ സിനിമ; തീവ്ര ഇടതുപക്ഷ രാഷ്ട്രീയം, മാവോയിസ്റ്റ് വേട്ട, വർത്തമാന സമൂഹത്തിൽ മാവോയിസ്റ്റുകൾ ഉയർത്തിക്കാണിക്കുന്ന സുപ്രധാന വസ്തുതകൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ പരിഗണിച്ചതേയില്ല എന്ന് പറയേണ്ടിവരികയാണ്.
ആ നിലയിൽ അന്യായമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവരുടെ സാമൂഹ്യസേവന വ്യഗ്രതയുടെ നിയമാനുസൃത സംശുദ്ധി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന പ്രഛന്നവും അവ്യകതവുമായ സന്ദേശം മാത്രമാണ് സിനിമ പറഞ്ഞുവയ്ക്കാൻ ശ്രമിച്ചതെന്നും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Advertisements

Leave a Reply

%d bloggers like this: