minnaminunge

മിന്നാമിനുങ്ങേ…

നിധിന്‍ വി.എന്‍.

“മിന്നാമിനുങ്ങേ…
മിന്നും മിനുങ്ങേ
എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം….”

അസാധാരണമായ സര്‍ഗവൈഭവം കൊണ്ട് സിനിമയെയും നാടന്‍ പാട്ടിനെയും ഔന്നത്യത്തിലേക്കു കൊണ്ടുപോയ കലാകാരന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് കാരുണ്യത്തിന്റെ കൈത്താങ്ങായി അവര്‍ക്കിടയില്‍ ജീവിച്ച ഒരാളായിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ഇന്നും ഓര്‍ക്കപ്പെടുന്നതും, ആ വേര്‍പ്പാടില്‍ നാം വേദനിക്കുന്നതും.

ഹാസ്യ നടനില്‍ നിന്നും ഗൗരവമുള്ള സ്വഭാവവേഷങ്ങളിലേക്കും, വ്യത്യസ്തത നിറഞ്ഞ വില്ലന്‍ വേഷങ്ങളിലേക്കും, നായകനിരയിലേക്കും മണി വളര്‍ന്നത് കഠിനാദ്ധ്വാനം ഒന്നുകൊണ്ട് മാത്രമായിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന ട്രൂപ്പില്‍ നിന്നായിരുന്നു മണി സിനിമാലോകത്തേക്കെത്തിയത്.

ദാരിദ്ര്യം നിറഞ്ഞ കുടുംബപശ്ചാത്തലത്തില്‍ നിന്നും അയാള്‍ വളര്‍ന്നു. വളര്‍ച്ചയില്‍ അച്ഛന്‍ രാമനില്‍ നിന്നും പകര്‍ന്നുകിട്ടിയ പാട്ടിനെ കൂടെ കൂട്ടി. നാടന്‍പാട്ടിന് ജനപ്രിയമുഖം നല്‍കിയത് മണിയായിരുന്നു. “കണ്ണിമാങ്ങ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ മാമ്പഴമാകട്ടേന്ന് ന്റെ പുന്നാരേ…”, “ഓടണ്ട ഓടണ്ട ഓടി തളരേണ്ട…”, “പകലുമുഴുവന്‍ പണിയെടുത്ത് കിട്ടണകാശിന് കള്ളുകുടിച്ച്‌..” എന്നുതുടങ്ങി ഓര്‍ത്തുവെക്കാന്‍ മണി സമ്മാനിച്ചത് നിരവധി പാട്ടുകള്‍. കാസറ്റ് കാലത്ത് നാടായ നാടാകെ മണിയുടെ ശബ്ദം നിറഞ്ഞു. കണ്ണീരുകൊണ്ട് വിശുദ്ധമാക്കപ്പെട്ട ചിരി മുഴങ്ങി.

ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അനുകരണകലയിലേക്ക് മണി വരുന്നത്. 1987-ല്‍ കൊല്ലത്തുനടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ മണി ഒന്നാമനായതോടെ ജീവിതത്തിന് വഴിത്തിരിവായി. അനുകരണകലയില്‍ തനിക്ക് ഭാവിയുണ്ടെന്നു മനസ്സിലാക്കിയ മണി പകല്‍ ഓട്ടോ ഡ്രൈവറായും, രാത്രി മിമിക്രി ആര്‍ട്ടിസ്റ്റായും തന്റെ ദാരിദ്ര്യത്തോട് മത്സരിച്ചു. ഇരിങ്ങാലക്കുടയില്‍വച്ചു പരിചയപ്പെട്ട പീറ്ററായിരുന്നു മണിയെ കലാഭവനിലെത്തിച്ചത്. അവിടെ നിന്ന് സ്വപ്രയനത്തിലൂടെ സിനിമയിലെത്തി.

പത്മനാഭന്‍

“സമുദായം” എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മണി, “സല്ലാപ”ത്തിലെ ചെത്തുകാരന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് “ഉദ്യാനപാല”നിലെയും “ഭൂതക്കണ്ണാടി”യിലെയും സീരിയസ്സ് വേഷങ്ങള്‍ മണിയിലെ പ്രതിഭയെ എടുത്തുകാട്ടി. വിനയന്‍ സംവിധാനം ചെയ്ത “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്ന ചിത്രം മണിയെ നായകനിരയിലേക്ക് ഉയര്‍ത്തി. അന്ധനായ ഗായകനെ അവതരിപ്പിച്ചുകൊണ്ട് നിരൂപകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധനേടി. ആ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടുകയുണ്ടായി. പിന്നീടങ്ങോട്ട് പെട്ടന്നുള്ള മണിയുടെ വളര്‍ച്ചയാണ് നാം കണ്ടത്. രാക്ഷസരാജാവ്, ആറാംതമ്പുരാന്‍, ജെമിനി, യന്തിരന്‍, ആമേന്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, വാഞ്ചിനാഥന്‍, മറുമലര്‍ച്ചി, സമ്മര്‍ ഇന്‍ ബത്‌ലഹേം, വല്ല്യേട്ടന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മണി നമുക്കുള്ളില്‍ കൂടുകൂട്ടിയിരിക്കുന്നു.

കലാഭവന്‍ മണി മരിച്ച് മൂന്നുവര്‍ഷം തികയുന്നു. മരണകാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. 2017-ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കലാഭവന്‍ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. എന്നാല്‍ തെളിവുകളുടെ അഭാവം കേസിനെ ദുര്‍ബലപ്പെടുത്തുക തന്നെ ചെയ്യും. മുറിവുണങ്ങാത്ത വേദന. മണിചേട്ടനില്ല എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.

എന്റെ കുട്ടിക്കാലത്ത് നാട്ടിലെ അപൂര്‍വ്വം ചില വീടുകളിലേ കറന്റുണ്ടായിരുന്നുള്ളൂ. വീട്ടിലാകട്ടെ ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. കളക്ഷനാകട്ടെ മണിചേട്ടന്റെ പാട്ടുകളും. ‘അവാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും’ അടക്കം എത്ര എത്ര ശബ്ദരേഖകള്‍, പാട്ടുകള്‍.

മണിചേട്ടനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഉള്ളം പൊള്ളിച്ചുകൊണ്ട് വരികളെത്തും.

“മിന്നാമിനുങ്ങേ…
മിന്നും മിനുങ്ങേ
എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം….”

ചിത്രീകരണം:  സുബേഷ് പത്മനാഭന്‍

Leave a Reply

%d bloggers like this: