kareem-malappattam-vicharana

വിചാരണ

കവിത

കരീം മലപ്പട്ടം

നിങ്ങൾ
ആൾക്കൂട്ടം എന്ന
കോടതിക്ക് മുന്നിൽ
അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ?

ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി
നിങ്ങൾക്കെന്നെ ജുനൈദ് എന്നോ
മുഹമ്മദ് അഖ്‌ലാഖ് എന്നോ
അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം.

വഴിയരികിൽ തൂറിയതിന്റെ പേരിൽ
കൊല്ലപ്പെട്ട ഒന്നര വയസുകാരൻ
ഭഗവാനെന്നോ
പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ
തല്ലിപ്പഴുത്ത മാങ്ങപോലെ കെട്ടിത്തൂക്കിയ
ശ്രീനിവാസനെന്നോ വിളിക്കാം
പിന്നെ..
അങ്ങനെ കൊല്ലപ്പെട്ട
അനേകമനേകം
അമ്മമാരുടെയോ
മക്കളുടെയോ
അനുജന്മാരുടെയോ
പെങ്ങന്മാരുടെയോ പേര് വിളിക്കാം..

ഖുൽബർഗി എന്നോ പൻസാരെ എന്നോ
ദബോൽക്കർ എന്നോ വിളിക്കാം..
(അല്ലെങ്കിൽ വേണ്ട, അവർക്ക്
വെടിയുണ്ടകളുടെ
നീതിയെങ്കിലുമുണ്ടായിരുന്നുവല്ലോ)

എന്റെ പേര് എന്തുമാവട്ടെ
എന്റെ നാട് എവിടെയുമാകട്ടെ
മുസാഫർ നഗറോ
ഔറംഗാബാദോ
ജയ്സാൽമേറോ
എവിടെയുമാവട്ടെ..

വിചാരണയുടെ
ഉരുക്കു കൂട്ടിൽ എന്നെ നിർത്തുന്ന
അന്നത്തെ ദിവസം:

എന്റെ മക്കൾക്ക്/അമ്മയ്ക്ക്/ഭാര്യയ്ക്ക്/അപ്പന്
വൈകുന്നേരം ആറുമണിക്ക്
ഒരു പാനീപൂരി തിന്നണം എന്ന് തോന്നുന്നു.
ഞാൻ നൂറുരൂപയുടെ മുഷിഞ്ഞ ഒരു നോട്ടും
കീശയിലിട്ട് പതിവുപോലെ
ഞങ്ങളുടെ തെരുവിലേക്ക്
നടക്കുന്നു..

പതിവുപോലെ
ഭോല എന്ന പൻവാലയോട്
ഒരു മീഠാ പാൻ വാങ്ങി
ഇടതു കവിളിൽ തിരുകുന്നു
പാൽക്കാരനോട്
നാളെ കാണാം എന്ന് പറയുന്നു
ബാർബറോട് താടി ഉഴിഞ്ഞുകൊണ്ട്
നാളെ വരാം എന്ന ആംഗ്യം കാണിക്കുന്നു

പതിവുപോലെ
എന്ന ഇടവഴിയിലൂടെ
നടന്ന്
പതിവുപോലെ
എന്ന തെരുവ് മുറിച്ചുകടന്ന്
പതിവുപോലെ
എന്ന് പേരുള്ള
ഭേൽപൂരിക്കാരന്റെ
തട്ടുകടയ്ക്ക് മുന്നിൽ
തിരക്ക് കുറയട്ടെ എന്നപോലെ ചെരിഞ്ഞു നിൽക്കുന്ന
ചിന്നിമരത്തിൽ ചാരി നിൽക്കുന്നു..
ചോരപോലെ ചുവന്ന ഒരു കവിൾ
മുറുക്കാൻ തുപ്പൽ റോഡരികിലേക്ക് നീട്ടുന്നു.

ഇവിടെ മുതൽ
നിങ്ങൾക്കെന്നെ
വ്യക്തമായി വീക്ഷിക്കാവുന്നതാണ്:

ക്യാമറകൾ
എന്നെ മാത്രം
ഒപ്പിയെടുക്കാൻ തുടങ്ങിയിരിക്കുന്നു..

ആദ്യം
വരുന്നത്
നല്ല പരിചയമുള്ള
ഒരാൾ തന്നെയാവാം
വെറുതെ പേര് ചോദിക്കുകയാവാം
നല്ല പരിചയമുള്ള
ഒരാൾ പേര് ചോദിക്കുകയോ എന്നോ..
ഹഹ..

പിന്നെപ്പിന്നെ
ഓരോരുത്തരായി വരുന്നു
ബാർബറും
പാൻവാലയും
പാൽക്കാരനും വരുന്നു
എന്താ സംഭവം എന്ന്
എല്ലാവരും അന്വേഷിക്കുന്നത്
പോലെ ഞാനും
അന്വേഷിക്കുന്നു..

എന്താ പ്രശ്നം
എന്താ പ്രശ്നം
എന്നൊരു കാറ്റ്
തെക്കുവടക്ക് പായുന്നു
അതുവരെ
അവിടെയൊക്കെ
ചുറ്റിത്തിരിഞ്ഞിരുന്ന
നല്ല പരിചയമുള്ള ഒരടി
കാറ്റിൽ എന്റെ കണ്ണുമുറിയെ
വന്നു പതിയുന്നു..

(കോടതി എന്നെ വിസ്തരിക്കാൻ
തുടങ്ങിയിരിക്കുന്നു..
വീഡിയോയിൽ നിന്നും കണ്ണെടുക്കരുത്
കുറുവടികൾ കൊണ്ടും കരിങ്കല്ലുകൊണ്ടുമുള്ള
ചില കനത്ത ചോദ്യങ്ങൾ നിങ്ങൾക്ക്
മിസ്സ് ആയിപ്പോയേക്കാം)

ആദ്യത്തെ അടിയിൽ ഒരു പ്രതീക്ഷയാണ്
അടുത്ത അടിക്ക് ഇത്ര ശക്തികാണില്ല എന്നോ
ഇനിയാരും തൊടില്ല എന്നപോലെയോ മറ്റോ..

തുടർന്നുള്ള
ചവിട്ടുകളും കുത്തുകളുമൊക്കെ
വേദന എന്ന വികാരം കൊണ്ട്
അളക്കാൻ പറ്റിയേക്കും..

പിന്നെപ്പിന്നെ
കടവായിൽ ചോരയുടെ മധുരം നുകർന്ന്
അങ്ങിനെ മലർന്നും
ചെരിഞ്ഞും കിടക്കുമ്പോൾ
എണ്ണിത്തീരാത്ത
താഡനങ്ങളിൽ നിന്നും
രതിസുഖം പോലെ ഒരുതരം
വികാരം കണ്ടെത്താൻ ശരീരം സ്വയം
പരിശീലിക്കുകയാണെന്ന് തോന്നും

സ്വന്തം വാരിയെല്ലുകൾ
എല്ലുപൊടി ഫാക്ടറിയിലെന്നപോലെ
പൊടിയുന്ന ശബ്ദം കേട്ടിട്ടുണ്ടോ?
തകർന്ന തലയോട്ടിയിൽ
പിന്നെയും പിന്നെയും
കല്ലുകൾ പതിയുമ്പോഴുള്ള സുഖമറിയുമോ?
ഇരു വൃഷണങ്ങളും
ഒരുമിച്ച് ഞെരടി
അബോധത്തിന്റെ ആകാശത്തു വെച്ച്
പൊട്ടിച്ചിതറുന്ന രസമറിഞ്ഞിട്ടുണ്ടോ?

വടികളും കല്ലുകളും
ചേർന്ന് പല്ലിളിച്ചുകൊണ്ട്
വിളിയെടാ “ജയ് ശ്രീറാം”
എന്നുപറയുമ്പോൾ
അടികൊണ്ട് മരവിച്ച്
എത്ര ശ്രമിച്ചിട്ടും അനങ്ങാത്ത
നാവിന് ഇരുമ്പ് കട്ടിയുടെ ഭാരം
തോന്നിയിട്ടുണ്ടോ..?
ചവിട്ടിപ്പിടിച്ച തൊണ്ടക്കുഴിയിലൂടെ
പുറത്തേക്ക് വരാതെ
ഉള്ളിൽ ലാവ പോലെ തിളച്ചു കിടന്നിട്ടുണ്ടോ
ദേശീയ ഗാനം?

“പാകിസ്ഥാനിലേക്ക് പോടാ”
എന്ന പരിചിതമായ ഒച്ചയുടെ
കാൽവിരലുകൾ തൊട്ട് വിതുമ്പിയിട്ടുണ്ടോ?

ഉണ്ടോ
ഉണ്ടോ
ഉണ്ടോ?

മരിച്ചു എന്ന് സ്വയം
ഉറപ്പിക്കുന്ന നിമിഷങ്ങളുടെ
ആനന്ദമറിഞ്ഞിട്ടുണ്ടോ?
കല്ലുകൾ പൂക്കളായ് വന്നു തഴുകുകയും
കുറുവടികൾ തൂവലുകളായ് തലോടുകയും
ചെയ്യുന്ന സ്വന്തം രാജ്യത്ത്
മണ്ണിനെ ചുംബിച്ച് കമഴ്ന്നു കിടന്നിട്ടുണ്ടോ?

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *