ഋതു

സുവിൻ വി എം

ഒരു ഋതുവുണ്ട്.
അതിൽ
എല്ലാ ഋതുക്കളുമുണ്ട്
ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും
ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.

ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു.
ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.

ആ ഋതു, ഒരേ സമയം സ്നേഹത്തിന്റെ,
അത്രമേൽ ആഴമുള്ളൊരു കിണറായ് നിന്നെത്തന്നെ കുടിച്ചു തീർക്കുന്നു.
ആ ഋതു, തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു തള്ളപ്പക്ഷിയുടെ,
അത്രയും ഭ്രാന്തമായി നിന്നോട് കലഹിക്കുന്നു.
ഒടുവിലൊരു മഴനൂലായി നിന്നിലേക്ക് പെയ്തിറങ്ങുന്നു.

എന്നിട്ടുമാ ഋതു അത്ര മാറ്റി നിർത്തപ്പെട്ടതെന്തെന്നോ.?
അത്രയേറെ ഋതുക്കളൊരുമിച്ച് വന്നാലേത് മനുഷ്യരാണ് പേടിച്ച്‌ മാറി നിൽക്കാതിരിക്കുക.
മാറ്റി നിർത്തുന്നതാണെന്ന് പറയുന്നതാണ്;
മാറി നിൽക്കുന്നുവെന്നതാണ് സത്യം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *