പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….

ആദിൽ മഠത്തിൽ

1
സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക്
അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ
മൊബൈൽ റിംങ് ചെയ്യുന്നു.

വിദൂരതയിൽ നിന്നുള്ള
അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ
ജനൽ വെളിച്ചത്തിൽ
മുറിയിലെ ഇരുട്ടു നുരമ്പുന്നു.

നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.

2
ഇരുണ്ട ഗർത്തത്തിൽ
വീണൊടുങ്ങി ഉറക്കം.
പുലരുന്നതും കാത്ത്
കിടക്കുമ്പോൾ –

അഗാധതയിൽ നിന്നും
കേൾക്കുന്നു
അവളുടെ നിലവിളി.

വെളിച്ചത്തിന്റെ കണ്ണുകൾ
ജനാലയിലൂടെ തുറിച്ചു നോക്കവെ.

3
പതിഞ്ഞ കാലടികൾ
തണുത്ത നിലത്തൂടെ
സ്വപ്നത്തിലെന്നോളം.

മയക്കം വിടാത്ത
കിടത്തത്തിൽ

മുറിയിൽ അവൾ ഉലാത്തുന്നതും
ജനാലക്കൽ നിന്നു നോക്കുന്നതും
മേശയിൽ, കസേരയിൽ
പുസ്തകങ്ങളിലവളുടെ
വിരലുകൾ പതിയുന്നതും

കൺപോളകൾ തുറക്കാതെ
കാണുന്നു…

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *