ചെമന്ന പൂക്കൾ

സ്മിത ഒറ്റക്കൽ

ചില പൂക്കൾ
അങ്ങനെയാണ്.

ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.

ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.

തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.

അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.

ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര പുഷ്പങ്ങളായി
വിടർന്നടർന്നതുമാകാം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *