നീലശരികൾ

കെ. എസ്‌. കൃഷ്ണകുമാർ

പ്രണയാകാശം കീറിയ
രണ്ട്‌ നഖമുറിവുകൾ.
പണ്ട്‌
കടവിലേക്ക്‌
നീ വന്നിരുന്ന
വഞ്ചിയുടെ
ഇരിപ്പലകകൾ പോലെ അവ,
മിണ്ടാതെ മിണ്ടാതെ
ആളി കുതിർത്ത
അതേ മൗനങ്ങൾ
രണ്ട്‌ നീലജ്വാലകൾ.

ഒറ്റ ദൃശ്യത്തിൽ
ഒറ്റ വർണ്ണത്തിൽ തീർന്ന
ശബ്ദമില്ലാത്ത
കരയിപ്പിക്കുന്ന ചലച്ചിത്രം,
തൊട്ടുതടവുന്നു അവയെ
നിന്നിലെ മിനുസങ്ങളായി,
ഒന്നിച്ചിരുന്ന നിമിഷങ്ങൾക്ക്‌
ഇനിയും ഇനിയുമെന്ന്
നീലമഷികൊണ്ട്‌
നീയിട്ട അടിവരകൾ പോലെ.

അകലെ
ഇലകളും പൂക്കളും നിറഞ്ഞ്‌
നീയെന്ന ചെടിയുണ്ടെന്ന
നനവൂറുന്ന
രണ്ട്‌ നീർച്ചാലുകൾ.

കാത്തിരിക്കാനാകാതെ
കാണാൻ കൊതിച്ച്‌ കൊതിച്ച്‌
ഹൃദയത്തിൽ നിന്ന്
ധൃതി കൂട്ടി
ഇറങ്ങി നടന്ന
രണ്ട്‌ നീലഞെരമ്പുകൾ.

തമ്മിൽ കാണാനാകാതെ
വിരഹവേനലുകൾ തിളയ്ക്കുമ്പോൾ
ജീവിതമലയിടുക്കുകളിലൂടെ
അകലെ വഴിയുടെ അറ്റത്ത്‌
രണ്ട്‌ ആത്മാക്കൾ
മരീചിക പോലെ
വായുവിൽ നൃത്തം വയ്ക്കുന്നു.

നീലയുടുപ്പുകൾ അണിഞ്ഞ
നമ്മളുടെ
രണ്ട്‌ ശ്വാസം.

സ്നേഹിച്ച്‌ സ്നേഹിച്ച്‌
വിഷം തീണ്ടി
ഇനിയും മരിച്ചില്ലെന്ന അഭിനയം,
രണ്ട്‌ നീലശരികൾ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *