തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സി

കണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന
മുത്തശ്ശിയുടെ പല്ല്
ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ
ആരും ശ്രദ്ധിച്ചിരുന്നേയില്ല
(അതിനു ശേഷവും)

മരിക്കാൻ മറന്നുപോയതിനുശേഷം,
കൃത്യമായി പറഞ്ഞാൽ
മുറുക്കാൻപെട്ടി കളവുപോയതിന്റെ
തലേന്ന്,
ഇളയമ്മാമന്റെ മുറിയിലെ
സെറാമിക് പാൽഗ്ലാസ്സ്
നിലത്തുവീണത് കേട്ട്,
മുത്തശ്ശിയുടെ മുറിയിൽ
കൈതപ്പാ കുടഞ്ഞെഴുന്നേറ്റ്
വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം,
എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട്
ഒറ്റമുറിയിരുട്ടിലേക്ക്
മിണ്ടാതെ…
അനങ്ങാതെ…
എല്ലാം എത്ര പെട്ടന്നായിരുന്നു.

വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ
തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും
വൃത്തിയോടെ ഒതുക്കിവെച്ച
വെള്ളകടലാസ്
ഉണ്ണിയാണാദ്യം കണ്ടത്,
ചിതറിക്കിടന്ന കണ്ണിമാങ്ങാപല്ലുകൾക്ക് താഴെ.

കളിവീട്ടിലേക്കുള്ള വഴി
കളിക്കൂട്ടുകാരനിലേക്കുള്ള വഴിയാണെന്ന്
പണ്ട് കുലുങ്ങിച്ചിരിച്ചു പറയുമ്പോഴും
മുത്തശ്ശി പറഞ്ഞതേയില്ലല്ലോ,
ഒറ്റരാത്രിയങ്ങൊരുമ്പെട്ടോടിയാൽ
പിടിച്ചുകെട്ടാവുന്ന ദൂരമേ
അതിനൊള്ളെന്ന്!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *