ഉയിർപ്പിന്റെ മൂന്ന് കവിതകൾ

സ്മിത ഗിരീഷ്

……ഓരോ പ്രാവശ്യവും
കണ്ടു മടുക്കുന്നതിന്
മുന്നെ
കരഞ്ഞുകൊണ്ട്
അവനെ
കുരിശിൽത്തറയ്ക്കും!
മണ്ണിന്റെ നിറമുള്ള
കൈകളിൽ
ലില്ലിപ്പൂക്കൾ
ചേർത്തുവെക്കും

ഇനി വരല്ലേ, കർത്താവേ
എനിക്ക് നിന്നോട്
പ്രണയമാണന്ന്
കുമ്പസാരിച്ച്
കല്ലറ മൂടും!
തിരിച്ചുപോരുന്ന
വഴിയിലൊക്കെ
എന്റെ ഇഷ്ടക്കാരാ
എന്തിന്
നീയെന്നെ
ഉപേക്ഷിച്ചു –
എന്ന് പരിഭവിക്കും
കാത്തിരിപ്പിന്റെ ദിനങ്ങളിൽ
നിന്റെ കരങ്ങളിൽ
ഞാനെന്റെ
ആത്മാവിനെയല്ലേ
സമർപ്പിച്ചത്
എന്ന് വിലപിക്കും…
ഉയിർത്തു
പിന്നാലെ വരുന്നവനോട്
മനുഷ്യാ
നീയും ഞാനും തമ്മിലെന്ത്
നീയും ഞാനും തമ്മിലെന്ത്
എന്ന്
മുഖം തിരിച്ചു നിന്ന്
ചോദിക്കും…..!


—അവൾ മാത്രമാണ്
ആഴ്ചയുടെ ആ ഒന്നാം ദിവസവും
സുഗന്ധദ്രൗവ്യങ്ങളും
ലില്ലിപൂക്കളുമായി
അവന്റെ കല്ലറക്കു മുൻപിൽ
കാവലിരുന്നവൾ

അവളിൽ നിന്നാണ്
അവൻ
ഏഴു പിശാചുക്കളെ പുറത്താക്കിയത്
അവൾക്കാണ്
അവൻ
കരുണയുടെ ജീവജലം
പകർന്നത്

അവളാണ്
നാർദിൻ തൈലം പൂശി
പട്ടുമുടിയാൽ അവന്റെ
പാദങ്ങൾ കഴുകി തുടച്ചവൾ

അവനെ മാത്രം പ്രണയിച്ചവൾ

അവന്റെ
ആണിപ്പഴുതുള്ള
കൈവെള്ളയിൽ സ്പർശിക്കാതെ
പാർശ്വങ്ങളിൽ തൊടാതെ
അവൾ വിശ്വസിച്ചു

കണ്ണുകളിൽ കിഴക്കൻ നക്ഷത്രവും
കൈകളിൽ ഒലിവ് ചില്ലകളും
നെഞ്ചിൽ കുറുകുന്ന അരിപ്രാവുകളും
ആത്മ വിയർപ്പിന്റെ
രക്ത ചക്ഷകവുമായി
അവൾക്കു വേണ്ടി കൂടി
മരിച്ചവരിൽ നിന്നും
ഉയിര്ത്തെഴുന്നേറ്റു
അവൻ വീണ്ടും വീണ്ടും
വന്നു കൊണ്ടേയിരിക്കുമെന്ന്‌—–


അവൾ
ഉയിർത്തെഴുന്നേറ്റ്
മറഞ്ഞവനെ ത്തിരഞ്ഞ്
മാറോടടുക്കിയ
മുയൽക്കുട്ടിയുമായി
ഗത് സെമേനിലെ
ലില്ലിപ്പൂ പാടങ്ങളിലേക്ക്
പോയി
അവൻ
വസന്ത നക്ഷത്രങ്ങൾ പൂത്ത പാടങ്ങളിൽ
അവൾക്കായൊരു
ഒലീവ് ചില്ല കുടഞ്ഞിട്ട്
തിരകൾക്കു മീതേ
നടന്നു
എങ്ങോ മാഞ്ഞേ പോയി…..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *