Sunday, August 7, 2022

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻ

നാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു
കല്യാണം നടക്കുകയാണെങ്കിൽ
ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും
അവൾക്ക് പിന്നിലായി
ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം
ആളുകൾ മുറ്റം നിറയുമ്പോൾ
ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ
പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ
എന്റെ ശ്രദ്ധ പാളും
എന്റെ നോട്ടം ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന
അവളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടേക്കാം
എന്റെ പുസ്തകത്തിലന്നേരം
ഇതുവരെ പറഞ്ഞിട്ടില്ലാത്തൊരു പ്രണയത്തിന്റെ ഓർമ്മ തെളിയും
വരികൾക്കിടയിൽ അകലം കൂടിക്കൂടി
കഥകളിലേക്കെത്താതെ ഞാൻ ചക്രശ്വാസം വലിക്കും
അടിമുടി പകച്ച് നിൽക്കുന്ന ഞാൻ
അവൾക്കെഴുതാൻ കരുതിയിരുന്ന
കത്തിന്റെ ഉള്ളടക്കം ഓർത്തെടുക്കുകയാണെങ്കിൽ
അതിപ്രകാരമായിരിക്കണം:
“ജെനീ..
എന്റെയുടലിൽ ചുറ്റിയ വള്ളികളിൽ നക്ഷത്രങ്ങൾ മൊട്ടിടുന്ന കറുത്ത രാത്രികളെക്കുറിച്ച്.
രാത്രികളോടെന്നപോൽ
നിന്നോടുമെനിക്ക് കൊതിയാണ്
നമ്മുടെ മാത്രം
നമ്മുടെ മാത്രം ശരത്കാലത്തിലേക്ക്
നീയെന്നാണ് സമ്മതം മൂളുക
ഇനിയെന്നാണ് രാത്രിയാവുക.. ”
പുസ്തകം വലിച്ചെറിഞ്ഞ് മുറ്റത്തേക്കിറങ്ങി ഞാൻ
മതിലേൽ ചാഞ്ഞെത്തിനോക്കുമ്പോഴേക്ക്
അവളെന്റെയയൽക്കാരിയായി വീടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടാവും
എന്റെ സ്വപ്ന ഗോപുരങ്ങളെ അൽ ഖാഇദെ ഭീകരർ
ബോംബു വെച്ച് തകർക്കുമ്പോൾ
പത്താമത്തെ നിലയിൽ തളർവാത൦ വന്ന്
കിടപ്പിലായവനെപ്പോലെയാകു൦ ഞാൻ
തിരിച്ചോടി വന്ന് മൊബൈലെടുത്ത് നോക്കിയേക്കാം
അതിൽ കിടപ്പുണ്ടാവും
ഞാനയക്കാത്തത് കൊണ്ട് മാത്രം
അവളിലേക്കെത്താതെ പോയ എന്റെ മെസ്സേജുകൾ

അത് കൊണ്ട്
എന്റയയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ
നിന്നെ ഞാൻ പ്രണയിക്കുന്നു

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

പനി ചലനങ്ങൾ

കവിത ജാബിർ നൗഷാദ് മൂടൽ മഞ്ഞുപോലെയാകാശം നിലാവ് തെളിക്കുന്ന തണുത്ത രാത്രിയിൽ പിറവിയെ പഴിച്ചിരിക്കുന്ന പനി വിരിഞ്ഞയുടൽ, നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച ആദാമിന്റെ ആപ്പിൾ കഷ്ണം. നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന മത്സ്യകന്യകയുടെ കണ്ണുകൾ, ശപിക്കപ്പെട്ട കാഴ്ച. ഇലകളുടെ നിഴലിൽ നിന്നും കിളിർത്തു വരുന്ന വെളുത്ത പൂവ്, കാറ്റ് തട്ടി ആകാശത്തേക്ക് കൊഴിയുമ്പോൾ ഞാൻ കഥയെഴുതുന്നു. അന്ത്യമില്ലാത്ത...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു. പതിനാറ് വർഷവും...
spot_img

Latest Articles