love-triangle

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് 

അയാൾ  രണ്ടു മുഖങ്ങളെയും
കൈവെള്ളയിലൊതുക്കി
നീരുറവ പോലെ കുടിച്ചു. 

അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ
റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന
പോലെ നിന്നു. 

ജലം ജലത്തിനോടെന്ന പോലെ
മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. 

ത്രികോണാകൃതിയിലുള്ള
നക്ഷത്രം പോലെ കിടന്നു
ആകാശം നോക്കി ചിരി പറഞ്ഞു. 

ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു
മൂവരും അത്താഴം കഴിച്ചു.
ഒറ്റകസേരയിൽ അയാളുടെ രണ്ടു തുടകളിലും
ഇരുന്നവർ കാറ്റുകൊണ്ടു.

മൂന്നൂശ്വാസങ്ങളുടെ ചൂടിൽ
ചുംബിച്ചു, മൂന്ന് ഇഴകളായി
നാവുകൊണ്ട് ഉമിനീരിനെ മെടഞ്ഞു. 

ഒരേ വൃക്ഷങ്ങൾ കാറ്റിൽ
വനത്തിലുലയുന്നത് പോലെ രതിയിലമർന്നു
മൂന്നു നഗ്നതകളുടെ ചൂടു കാഞ്ഞുറങ്ങി. 

കാറ്റുകളെപ്പോലെ കുതിച്ചു 

പുലരികളിലേക്ക്,
തോട്ടങ്ങളിലേക്ക് ,
മലകളിലേക്ക്,
കടൽത്തീരങ്ങളിലേക്ക്. 

സ്നേഹിച്ചു സ്നേഹിച്ചു അയാൾ
മരിച്ചു പോയിട്ടും
അന്നയും റൂത്തും പിരിഞ്ഞില്ല. 

അവർ ഋതുക്കളെ പോലെ
ജീവിതമാവർത്തിച്ചു
അയാളുടെ ഓർമ്മയിൽ മഴകൊണ്ടു. 

മഞ്ഞുകാലങ്ങളിലിറങ്ങി നടന്നു
വേനലിൽ അയാളുടെ വിയർപ്പിന്റെയുപ്പ്
വീണ്ടെടുത്തു. 

രാവുകളിൽ പരസ്പരം പുണർന്നുകൊണ്ട്
അയാളെ തിരഞ്ഞു. 

വിരലുകൾ കൊണ്ട്  ശരീരങ്ങളിൽ
നാവുകൾകൊണ്ട് ഉമിനീരിൽ …

അയാൾ മണ്ണിനടിയിൽ അവരുടെ പ്രണയത്തിന്റെ
ഉമിനീര് നനഞ്ഞു കിടന്നു …

 

love triangle cover 2

ചിത്രം : സുജീഷ് സുരേന്ദ്രൻ

Advertisements

Leave a Reply

%d bloggers like this: