Sunday, August 7, 2022

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ഡോ. രോഷ്നി സ്വപ്ന

ലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ ഒന്നാണിത് .

ഭൂതകാലത്തിലേക്ക് ജീവൻ കളഞ്ഞു മറഞ്ഞുപോയവരെ കുറിച്ചാണ് ഈ കവിത. ഇത് ഒരേ സമയം ഒരു ജനസമൂഹത്തിന്‍റെ പീഡകളുടെ വ്യഥിത കാലത്തെക്കുറിച്ചും, യുദ്ധക്കെടുതികളില്‍ ജീവൻ കളഞ്ഞുപോയവരെക്കുറിച്ചുമാകുന്നു.

Ask the stars that shall be bright when we are dust.

Moving in Maches, upon the Heavenly plain .

As the stars are starry in the time of our darkness to the end,

to the end, they remain.

സമാനമായ ഒരു വായനാനുഭവം കെ ജി ശങ്കരപിള്ളയുടെ കൊച്ചിയിലെ വൃക്ഷങ്ങളിലും ഉണ്ട്.

ഭൂതകാലവുമായി നേർക്കുനേർ സംവദിക്കുന്ന വർത്തമാനകാലത്തിലെ പരിചേദം. കൊളോണിയലിസവും മുതലാളിത്തത്തിന്‍റെ സങ്കീർണതകളും സംസ്കാരത്തെ കേന്ദ്രങ്ങളിലേക്ക് ചുരുക്കുന്ന അനുഭവത്തെ കാലം ഉപയോഗിച്ച് കെ.ജി.എസ് സമർഥമായി വരച്ചുകാട്ടുന്നു.

ഒരുകാലത്ത് തൃക്കാക്കര മുതൽ
കൊച്ചി തുറമുഖം വരെയുള്ള വഴി
ഒരു നേർവര പോലെ
വിശ്വാസം നിറഞ്ഞതായിരുന്നു

എന്നാണ് കൊച്ചിയിലെ വൃക്ഷങ്ങൾ ആരംഭിക്കുന്നത്

ഒഴിവുകഴിവുകളുടെ പച്ച വിറകിൻ മേൽ
നമ്മുടെ ജന്മ ദീർഘമായ ശവദാഹം
കണ്ണിൽ
മൂക്കിൽ
നാക്കിൽ
നാം പിടിച്ച മുയൽ കൊമ്പിൽ
വാച്ചിൽ
ബാഗിൽ
ഭാവിക്കിനാവിൽ
ചെരിപ്പുകള്‍ക്കൊക്കയും
മുമ്പത്തെ കുഞ്ഞിക്കാലടികളിൽ
സാവധാനം പുകയുടെ
തുമ്പിക്കൈ ചുറ്റിപ്പടരുന്നു.
എണീക്കാൻ ധൃതിപ്പെട്ട്
സമയമുണ്ടല്ലോ വേണ്ടുവോളം’’

എന്നാണ് കവിത അവസാനിക്കുന്നത്

സമൂഹത്തെ കീഴടക്കുന്ന ശ്ലഥബിംബങ്ങൾ പകർന്നുതരുന്ന വിഭ്രാന്തികളിലാണ് ജീവിതം അരക്ഷിതമാകുന്നത്.

ലോറൻസ് ബിന്യോണില്‍ അത് ലോകമഹായുദ്ധമാകുമ്പോൾ, കെജി എസില്‍ സാംസ്കാരികരംഗത്തെ അപചയമോ സാമൂഹ്യ സ്രോതസ്സുകളിലെ വ്യവഹാരങ്ങളിലും കടന്ന് കടന്നുവന്ന തകർച്ചകളും ഒക്കെ ആകാം

വിനോദ് ജോസഫിന്റെ ‘’കുട വിരിച്ച് രാത്രിയിലെ ചോറ്റുപാത്രച്ചന്ദ്രൻ’’ എന്ന വ്യത്യസ്തമായ തലക്കെട്ടിൽ ഒരു കവിതയുണ്ട്.

ഈ കവിതയിലും കാലവുമായി കവി നടത്തുന്ന ചില ആത്മഭാഷണങ്ങൾ ഉണ്ട്. ദേശത്തിന്റെയും അതിരുകളുടെയും കാലത്തിന്റെയും പൊടിപടലങ്ങളിൽ മൂടിക്കിടക്കുന്ന അദൃശ്യ രേഖാചിത്രങ്ങളെ സൂക്ഷ്മദർശിനി വച്ച് കണ്ടെടുക്കുന്നു.

പണ്ട് മനക്കപ്പടി സ്കൂളിലെ
വാതില്‍ ഇല്ലാത്ത
സന്ധ്യയിൽ
ഇരുകാലി ബെഞ്ചുകൾ
നാൽക്കാലി ഡെസ്കുകൾ
കുട്ടികൾ പോയൊഴിഞ്ഞ
ക്ലാസ് മുറിത്തൊഴുത്തുകൾ

എന്നാണ് കവിത തുടങ്ങുന്നത്. ഓർമയുടെ സ്വര-ഖരങ്ങൾ
ചുരന്ന ബ്ലാക്ക് ബോർഡിൻറെ അരികുകളിൽ ആണ് കവി ഈ കാല സങ്കല്പത്തെ വരച്ചിടുന്നത്. അങ്ങനെ കാണുന്ന ഇന്ത്യയുടെ അതിരുകൾ മാഞ്ഞു തൂങ്ങുകയാണ് .

ഭൂഗോളം കറങ്ങുന്നില്ല. സ്ഥാനഭ്രംശം സംഭവിച്ച കുട്ടിയും കോലും കളിയുടെ ഉപകരണം മാത്രമായി മാറിയിരിക്കുന്നു ചൂരല്‍.

ഇതൊന്നുമറിയാതെയാരെയോ
കാത്തുകൊണ്ടേതേതോ മൂലയിൽ
കൂട്ടമണി തൊട്ടേയിരിപ്പുണ്ടോരു
കുടയും ചോറ്റുപാത്രവും

എന്നെത്തുമ്പോള്‍ കവി അദൃശ്യമായി വരച്ചിടുന്ന ബാല്യത്തിന്റെ കരച്ചിലുണ്ട് കവിതയിൽ, കരടായി.

പ്ലേറ്റിൽ നിന്ന് തെറിച്ചു പോകുന്ന ,കാണാതെ പോകുന്ന ചില്ലക്ഷരങ്ങളുടെ മൗനം ഇറ്റുന്ന, വഴിതെറ്റുന്ന കണക്കുകളുടെ അവ്യവസ്ഥകൾ നിലനിൽക്കുന്ന ഇന്ത്യയിൽ ഈ കുട്ടിയുടെ അന്ധാളിപ്പ് അത്ര ലളിതമല്ല.

യുദ്ധമോ സാംസ്കാരിക അപചയമോ അല്ല ഇവിടെ പ്രശ്നമായി വരുന്നത് .സ്കൂളില്ലാതെ വരുമ്പോൾ ഒഴിഞ്ഞ ചോറ്റുപാത്രത്തിനുള്ളിൽ നിന്ന് കേൾക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ വിശപ്പിന്റെ നിലവിളികളാണ്. അതിരുകൾ സങ്കീർണമായ ഇന്ത്യയുടെ മറ്റൊരു ചിത്രം !

“What have we given?
My friend, blood shaking my heart
The awful daring of a moment’s surrender
Which an age of prudence can never retract
By this, and this only, we have existed.”

എന്ന് വേസ്റ്റ് ലാന്‍ഡില്‍ ടി. എസ് എലിയറ്റ് എഴുതിയത് ഓര്‍ക്കുക. നിലനില്‍ക്കുക എന്നതിന്റെ അതി തീവ്രമായ ഇത്തരം അടയാളങ്ങള്‍ വിനു ജോസഫിന്റെ കവിതകളിലും ഉണ്ട്

നിറങ്ങളുടെ രാഷ്ട്രീയമാണ് ‘’കടൽപ്പന്ത്’’ എന്ന കവിത.

പച്ച മൈതാനവും, നീലക്കടലും, നീലയും വെള്ളയും കലർന്ന ജഴ്സിയും പാരാവാര പച്ചവെള്ളവും, മഞ്ഞ കാട്ടുന്ന കാറ്റും, പെരുമഴയും, അടിയും ചതിവുമുള്ള ഉള്ള ചുവപ്പും, ജീവിതത്തെ ഒരു മത്സരക്കളിയാക്കുന്നുണ്ട്

നാമമാത്രമായ ആനന്ദങ്ങൾ ഈ നിറങ്ങൾ പകരുന്നുണ്ട് എന്ന് തിരിച്ചറിയുമ്പോഴും ,

‘’പൊടിപോലും തടയാതെ
ചൊരുക്കെറക്കി
മരിക്കുമ്പോൾ ….’’

എന്ന കാലത്തിന്റെ വിധിയിലേക്ക് വീഴാൻ തയ്യാറാണ് കവിതയിലെ മനുഷ്യർ.

ഇവർ കൂട്ടത്തോടെയാണ് ജയപരാജയങ്ങൾ ഏറ്റുവാങ്ങുന്നത്.

ഒരുവശത്ത് നാഗരികതയുടെ കുതിച്ചു കയറ്റവും, മറുവശത്ത് അതിജീവനത്തിന്റെ സമരങ്ങളുമാണ്.

‘ചാകരക്കോളടിക്കുമ്പ
നിങ്ങടെ ഗോളിന് കയ്യടിക്കാൻ
ഇവിടെ ഒരു പട്ടിയും കാണൂല്ല, നോക്കിക്കോ”

എന്നതാണ് യാഥാർത്ഥ്യം.

ഇത് തിരിച്ചറിയുമ്പോഴാണ്, കവിത മാനുഷികതയുടെ അടയാളമാകുന്നതും.

കഴിഞ്ഞു പോയ കാലത്തിന്റെ ദുരന്ത പശ്ചാത്തലത്തിൽ ജീവിതത്തെക്കുറിച്ച് പറയാൻ ഒരിക്കൽ ഒരാൾ ഒക്ടോവിയ പാസിനോട് ആവശ്യപ്പെടുന്നുണ്ട്

‘’എനിക്ക് ജീവൻ അവശേഷിക്കുന്നു’’ എന്നതാണ് എനിക്ക് ചൂണ്ടിക്കാണിക്കാൻ ഉള്ളത് എന്നാണ് അദ്ദേഹത്തിന്റെ മറുപടി .

വെറും കഴുത എന്ന കവിതയിൽ നിന്ന് വിനു ജോസഫിന്റെ ജീസസ്

‘’വീണ്ടുമാ കുറുക്കൻമാർ
പറ്റിക്കും മുമ്പ് ചിത്ര കഥകളിൽ
നിന്ന്
ഇറങ്ങി നടക്കുകയാണ്

ഭൂമി ഒരു വലിയ
വിഴുപ്പു കെട്ടാണെന്നും
കള്ളക്കഥകളുടെ
തടവാണെന്നും ‘’

കവി കണ്ടെത്തുന്നു.
ജീസസില്‍ കവിയുണ്ട്.
കവിയിൽ ജീസസും.

കുമ്പിട്ടു മാത്രം പഠിച്ചത് കൊണ്ട് തല പൊങ്ങാത്തതിന്റെ അടിമത്തം അനുഭവിക്കുന്നുണ്ട് ഇരുവരും. പക്ഷേ സ്തുതി പാടി പുകഴ്ത്താൻ അറിയില്ലെങ്കിലും പടുപാട്ട് പാടാന്‍ അറിയില്ലെങ്കിലും

‘’ഇല്ല
തെല്ലും ഭയമില്ല
കാശിനായാരും എന്നെ ഒറ്റില്ല
കുരിശിലേറ്റില്ല
ഞാൻ വെറും കഴുതയല്ലേ

എന്ന തീവ്രമായ ആത്മവിമർശനം കവിയിലുണ്ട്

കണ്ണുകൾ കരിഞ്ഞ നദികൾ ആണെന്ന് ഏറ്റു പറയുന്ന ഒരു മനുഷ്യനെ നാം ഈ കവിതകളിൽ കാണുന്നുണ്ട്.

‘’ ഒലിക്കുന്ന ഈ കറുത്ത സാധനം
ഇതൊരു കരിഞ്ഞ നദിയാണ് ചേട്ടാ
(മാംസ മുറ)

കുട്ടികള്‍ കള്ളക്കഥയാക്കും മുമ്പ്
തടവ് ചാടുന്നവനും
(വെറും കഴുത)

കടാപ്പുറത്ത് അണ്ടി എണ്ണതേച്ചു വെച്ച
വള്ളത്തിനും
കണ്ണി കെട്ടാൻ വിരിച്ചിട്ട
വലകള്‍ക്കും അരികെ
കവിതയുടെ മുഴുക്കുത്തേറ്റ് ഇരിക്കുന്നവനും
(കടാപ്പുറം കവിത )

മറുകുമായി വന്നവന് പഴം പറിച്ചു കൊടുക്കുന്ന മരവും (മതിൽക്കെട്ട്)
ഈ മനുഷ്യനാണ്.

ജീവിതത്തെ എത്ര അനായാസമായി സമീപിച്ചാലും സങ്കീർണമായി പോകുമല്ലോ എന്ന വേവലാതിയാണ് ഈ മനുഷ്യന്. സംഘർഷങ്ങൾക്ക് ഒടുവിൽ ഭാഷയുടെ വാഹനത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ മറ്റൊരു ഭാഷ കണ്ടെത്തുന്നുണ്ട് ഇയാൾ. അത് മനുഷ്യനിൽ നിന്ന് അരൂപിയിലേക്കും വിശ്വാസിയിൽ നിന്ന് സന്ദേഹിയിലേക്കും ഒറ്റപ്പെട്ടവനിൽ നിന്ന് ദൈവത്തിലേക്കും ആണിൽ നിന്നും പെണ്ണിലേക്കും തിരിച്ചും തെളിയുന്ന പാറയാകുന്നു. അതുകൊണ്ടാണ് അയാൾ ,

‘’വായ്ത്തലയുരപ്പിക്കാന്‍
തായ്ത്തടി നീട്ടി നമിച്ചു
വെട്ടു കൊള്ളാൻ’’ നിന്നു കൊടുക്കുന്നത്. അയാൾ തന്നെയാണ് ടാറും ടയറും ചേർന്ന സാൻഡ്വിച്ചാക്കിയ തെരുവുപട്ടിയുടെ ജഡം എന്ന് കരുതിയത്, കല്യാണക്കാറിൽ നിന്ന് തെറിച്ചു പോയ ചുവന്ന റോസാപ്പൂക്കളുടെ ബൊക്കെ ആണെന്ന് തിരിച്ചറിയുമ്പോൾ അന്തം വിടുന്നത്.
റോഡിൽ വീണ വധുവിന്റെ വെളുത്ത ശിരോവസ്ത്രത്തെ അരിമണി എന്നും,
ഉയർന്നു വീണ മന്ത്രകോടിയെ ഫ്ലക്സ് എന്നും, ആംബുലൻസിനെ കന്യാസ്ത്രീക്കൂട്ടം എന്നും കാണുന്നു അയാൾ.

ദാരുണമായ ഒരു അപകടത്തെ എത്ര എളുപ്പത്തിലാണ് കവി കാഴ്ചയുടെ അവ്യവസ്ഥ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നത് (വിവാഹം ദേശീയപാതയിൽ )

ആത്മകഥയുടെ നിരന്തര ദ്രവീകരണ ത്തിൽ നിന്ന് കുതറി ഓടാൻ ശ്രമിക്കുമ്പോഴാണ് ചിലപ്പോൾ വിനു ജോസഫിന്റെ കവിതകൾ സംഭവിക്കുന്നത്.

ഇറങ്ങിച്ചെല്ലുന്ന ആത്മാന്വേഷണം, അവയുടെ രാസ പരിണാമങ്ങൾ ആണ് ഓരോ കവിതയിലും ഉള്ളത്

‘’തോക്ക് വലിച്ചെറിഞ്ഞുണ്ടാകുന്ന രാജ്യത്തെ സ്വർഗ്ഗം എന്ന് വിളിക്കുന്നു ഈ കവിതകൾ. കറുത്ത കാമുകൻ എന്ന കവിതയിൽ രേഖപ്പെടുത്താത്ത ഒട്ടനവധി ഭൂഖണ്ഡങ്ങളുടെ ശേഷിപ്പുകൾ ഉണ്ട്. കറുത്ത കാമുകൻ ഒറ്റ നിറം തുടങ്ങിയ കവിതകൾ ഉദാഹരണം

വൈഡ് ആംഗിൾ വക്കുമ്പോള്‍
പറന്നെത്തുന്ന പരുന്തുകൾ
സ്റ്റാർട്ടർ ആയി താലത്തില്‍ എത്തുന്ന
ചിക്കൻ ടിക്ക
കൊത്തിയെടുത്തു വീഴുങ്ങും പോലെ
ഓരോന്നിനെയും പരുന്തുകള്‍
അകത്താക്കാൻ തുടങ്ങി
( ഒറ്റ നിറം )

ഇതില്‍ ജീവനില്‍ നിന്ന് മരണത്തിന്റെ ആധിയിലേക്ക് നീളുന്ന അതിജീവനത്തിന്‍റെ തീവ്രമായ പ്രത്യയശാസ്ത്ര വായനയും ഉണ്ട്.

കോഴിക്കുഞ്ഞുങ്ങൾ നിറഞ്ഞ കുന്നില്‍ ഇപ്പോൾ പരുന്തുകള്‍ അടയിരിക്കുന്നു എന്ന് പറയുമ്പോൾ വലുതുകളുടെ രാഷ്ട്രീയം ചോദ്യംചെയ്യപ്പെടുക കൂടിയാണ് ചെയ്യുന്നത്.

ഭാഷയിൽ ചെറിയ മീൻ നടത്തുന്ന യുദ്ധങ്ങളാണ് ജലവലയങ്ങളെ കുറിച്ചുള്ള കവിതയാകുന്നത്. ജലവും ഭാഷയും ഇഴുകിച്ചേർന്ന മീനിന്റെ ആന്തരിക ജീവിതത്തിന്‍റെ ദൃശ്യതയെ വെളിപ്പെടുത്തുന്നുണ്ട് ‘ മീനുകളുടെ ഭാഷ ‘എന്ന കവിത.

ഈ പുതിയ ഭാഷകളാണ് പുതിയ മനുഷ്യന്റെ, പുതിയ ജീവിതത്തിന്‍റെ സ്രോതസ്സാവുന്നത്.

അല്ലെങ്കിൽ ജീവിതത്തിന്റെ മറ്റൊരു അനുഭവം കണ്ടെത്താനുള്ള ശ്രമം ആകുന്നത്.

ജനിതകമായി കിട്ടിയ ചെതുമ്പലുകൾ ഉടച്ചു കളഞ്ഞ്, പൈതൃകമായി കിട്ടിയ ഉളുമ്പ് മണം കഴുകിക്കളഞ്ഞ്
( ഉദര സ്വർഗ്ഗമേ )

എന്നാണ് കവി പറയുന്നത് ഒന്നുമില്ലായ്മയെ കവിതയിലൂടെ കണ്ടെത്തുന്നുണ്ട് കവി.

അടുക്കളയും പെൺ ജീവിതവും വിനുവിന്റെ കവിതകളിൽ ആവർത്തിച്ചുവരുന്ന ബിംബങ്ങളാണ്.

ഞായറാഴ്ചകളിൽ രാവിലെ
ആറരയുടെ കുർബാന കഴിഞ്ഞുവന്ന്
അമ്മച്ചി
ഇറച്ചി നുറുക്കാനിരിക്കും
ഇടവകപ്പള്ളിയിലെ
കുന്തിരിക്കമണം
വിട്ടുമാറും മുമ്പ്
കൈകളിൽ,
പോത്തിറച്ചിച്ചോര പറ്റിക്കും.
അടുത്ത്, മുക്കാലുമഴിഞ്ഞ ഓലപ്പന്തായി
ഇറച്ചി വട്ടി തൊട്ടുനക്കി
പൂച്ച,
മണത്തെത്തുമുറുമ്പിൻ ജാഥ…
അമ്മച്ചി,
വിരലുകളിലൊരു
മുഴക്കോൽ ഒളിപ്പിക്കുന്നുണ്ടാവണം;
അത്രമേൽ കൃത്യമായിരുന്നു
ഓരോ നുറുക്കും.
ഓശാനപ്പാട്ടുപാടിയും
കാക്കയെ ആട്ടിയും
സിസിലിയോടു വർത്തമാനം
പറഞ്ഞുമിരിക്കെ ചട്ടിനിറയും.
(ഈ രക്തത്തിൽ
എനിക്കു പങ്കില്ലെന്ന
മട്ടിൽ കൈ കഴുകും)

2

മുക്കല്ലടുപ്പിന്റെ
അടുക്കളയിൽ
അമ്മച്ചിയിനിയൊരു മന്ത്രവാദിനി,
അതിരസ് മന്ത്രക്കൂട്ടുകൾ
ഉള്ളിൽ ജപിക്കും
തപസ്വിനി,
മുളകു മല്ലി മഞ്ഞൾ ഹവിസ്സായർപ്പിക്കും യോഗിനി… കറി, കറിയാവും മണം കൂട്ടിയൊരു കലം ചോറുണ്ണാം, കറികൂട്ടിയാലോ?

3

ഞായറാണിന്ന്,
ഹോട്ടലിൽ ഒരു കോർട്ടർ
ചില്ലി ബീഫിൽ ബട്ടൂര
ചാലിക്കെ,യോർത്തെൻ
ഇറച്ചിക്കറിപ്പിഞ്ഞാണം
വടിച്ചുകൂട്ടി ചെനക്കും
ഞായറുച്ചകൾ ഇപ്പോൾ
പേടിയാവുന്നു കൈ നോക്കുവാൻ,
കട്ടച്ചോരയായ് പറ്റിയിരിപ്പൂ
ചില്ലിച്ചുവപ്പിന്റെ കൊഴുപ്പ്.
ഈ രക്തത്തിലെനിക്കു
പങ്കുണ്ട്;
വില: 35.00 രൂപ

മുറ്റമടിക്കുന്ന വെള്ളം മയില്‍ എന്ന കവിതയില്‍ അമ്മയുടെ കർതൃത്വം മറ്റൊന്നാണ്

ചട്ടമുണ്ടിന്റെ
ഞൊറിവുകൾ
അമ്മയെ വെള്ള മയിലാക്കി.
മഴക്കാറുള്ള പുലർച്ചകളിൽ
മുറ്റമടിക്കുന്ന അമ്മ മയിൽ
തന്നെയായിരുന്നു;
മുറ്റമടിക്കുന്ന
വെള്ളമയിൽ
കുരിപ്പകളുടെ കുന്നുകൾ
കുഴിയാനച്ചോർപ്പകൾ
രാക്കണ്ണുനീരൊലിക്കുന്ന
കരിയിലച്ചേറുകൾ,
അമ്മയെല്ലാമടിച്ചുമാറ്റി.
(വെടിപ്പായ മുറ്റത്ത് ചൂലിന്റെ പേനമുനകൾ ന ന നയെന്നു കവിതകളെഴുതി)
കടകുത്തിച്ചൂലൊതുക്കി
തിരിച്ചുനടക്കേ
ശ്രദ്ധിച്ചിട്ടുണ്ടാവും
കാൽപ്പാടു വീഴ്ത്തി
ശേലുകളഞ്ഞില്ല മുറ്റം,
വെള്ളമയിൽ
പറന്നിട്ടുണ്ടാവും!!!

കിച്ചൻ എന്ന കവിത വ്യത്യസ്തമാണ്

അടുക്കളയിൽ നിന്ന്
ഊണുമുറിയിലേക്കും
അവിടെനിന്ന്
കിണറ്റുകരയിലേക്കും
രാവിലെ തുടങ്ങിയതാണ്
ഭ്രമണം.
അയകളവൾക്കായ്
ചാഞ്ഞുകൊടുത്തു
ഗ്ലാസുകൾ പൊട്ടാതെ
നിന്നുകൊടുത്തു
തിളച്ചെങ്കിലും,
പാൽ തൂവിയില്ല
പാവമല്ലേ.
ഇടയിൽ അവന്റെ
മുറുകിയില്ല,വളുടെ
ഷൂലേസോ
കാണ്മതി ല്ലെങ്ങുപോയെൻ കണ്ണട
മുളകരയ്ക്കുമ്പോൾ
ഒരുവേള മറന്നു…
വെളുത്ത ഷർട്ടിൽ
തേപ്പുപെട്ടിയൊരു
പള്ളിവാതിൽ മെനഞ്ഞു.
കവിൾ പൂക്കുവതറിയും
മുമ്പേ സ്കൂൾ ബസ് വന്നു;
പിന്നെ കരയാൻ പോലുമായില്ല.
പിറകിൽ വീടു ചിരിക്കുന്നു.
പോയ് വരൂ

മൂന്നു കവിതകളിലെയും സ്ത്രീ ജീവിതങ്ങൾക്ക് സമാനതകളുണ്ട്
ചലനമാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന ഒരു അടര് .
നിരന്തരം ഭ്രമണം ചെയ്യുന്ന ഉടലാണ് കിച്ചണിൽ .
മുറ്റമടിക്കുന്ന അമ്മയെ വെള്ളമയിലാക്കുന്ന വേഗമാണ് ശ്രദ്ധേയം .
നിശ്ചലത കവി ഏറ്റെടുക്കുന്നില്ല.

മുലകളില്‍ കൈപ്പിട്ട്
പലകയിൽ ഇരുത്തി
മടിപ്പായ തെറുത്താരോ
പിച്ച നടത്തി
കൈത്തുമ്പു പൊട്ടിച്ച്
പട്ടം പറത്തി

കണ്ട വേവാത്ത വറ്റൊക്കെ
കൊത്തിപ്പെറുക്കിയാണ് ഈ ജീവിതങ്ങൾ ചലനത്തെ ഭേദിക്കുന്നത്. അതിവേഗമാവുന്നത്. അർത്ഥത്തെയും അർത്ഥ ശൂന്യതയെയും ഒരുപോലെ അടയാളപ്പെടുത്തുന്ന കവിതകളാണ് ഈ നാലു കവിതകളും. നൈരന്തര്യത്തിന്റെ സ്ത്രീ അടയാളങ്ങളിൽ പക്ഷിയും ചോരയും ഇറച്ചിയും സ്വാഭാവികതയുടെ ബിംബങ്ങൾ മാത്രമായി കടന്നുവരുന്നു .

പൂവിനെക്കുറിച്ചുള്ള കവിതയിൽ വേരിനെക്കുറിച്ച് ഒന്നും ഇല്ലായിരുന്നു എന്ന ആവലാതിയിലാണ് ‘’കവിത പൂവിനെ കുറിച്ച് ‘’ജനിക്കുന്നത് .

പല സ്ഥലങ്ങളിൽ പല കര്‍തൃത്വങ്ങളിൽ പലതരം സ്വത്വങ്ങള്‍ക്ക്‌ സംഭവിച്ചേക്കാവുന്ന ജാഗ്രതയും നഷ്ടമുണ്ട് ഈ കവിതയിൽ. പശുവിനെ കുറിച്ച്
എഴുതിയ കവിതയിൽ

തൊഴുത്തിനെക്കുറിച്ചും
പൂ മണമുള്ള ചാണകത്തെക്കുറിച്ചും
ഈരടികൾ ഉണ്ടായിരുന്നു.

എന്ന് കവിത തീരുമ്പോൾ വിഷമം വിഷയങ്ങളുടെ മാറി നടക്കലിന്റെ പാഠങ്ങൾ വെളിപ്പെടുന്നു.

ഇത് പൊതുബോധത്തിന് എതിരെ വിമർശനമാകുന്നു.

മനുഷ്യൻ , ഏകാന്തത ,പാരമ്പര്യം, കാലം, ഓർമ്മ ഇത്തരത്തില്‍ ചിതറിക്കിടക്കുന്ന കർത്രുത്വങ്ങളെ കവിതയുടെ ശരീരത്തിലേക്ക് പടർത്തി വിടുകയും അവയുടെ സത്ത തിരയുകയും ചെയ്യുന്ന കവിതകളാണ് ‘ആഴം’ ,’ഇൻറ്റീരിയർ’ തുടങ്ങിയ കവിതകൾ .

തീർത്തും വൈയക്തികമായ അനുഭവങ്ങളെ ആ വൈയക്തികതയിൽ നിന്ന് അടർത്തിമാറ്റി, അനുഭവത്തിന്‍റെ തീക്ഷ്ണ ബിന്ദുവിലേക്ക് ചേർക്കുകയാണ് ഈ കവിത.

അടച്ചിട്ട വീട്ടിൽ തിരിച്ചെത്തുമ്പോൾ മുറ്റത്ത് ഒറ്റക്കണ്ണ് കാട്ടി വിളിക്കുന്ന കിണറും, ആഴങ്ങളുടെ ഓർമ്മയിൽ തുരുമ്പിച്ച ഇരുമ്പു തൊട്ടിയും, തേഞ്ഞു പിന്നിയ കയറും ഭൂതകാലത്തിന്റെ ഓർമ്മയുടെ സൂചിതങ്ങൾ ആകുന്നു. ഏകാന്തതയുടെ മനുഷ്യ പക്ഷം മാത്രമല്ല, ഈച്ച കടക്കാത്ത ,പൂച്ച മുരളാത്ത, ഉറുമ്പുകൾ കവാത്ത് നടത്താത്ത ജഡതുല്യമായ ഏകാന്തതയെ കൂടി കവി വിഭാവനം ചെയ്യുന്നു. കാറ്റിന് ഇത്രയ്ക്ക് ഊക്ക് വേണ്ട എന്നും, വെയിലിന് ഇത്രയ്ക്ക് ചൂട് വേണ്ട എന്നും, വരാന്തക്കിപ്പുറം ചാറ്റൽ മഴ കടക്കണ്ട എന്നും കവിത വാശി പിടിക്കുന്നു

( ഇൻറീരിയർ)

തുടലില്ലാത്ത ഒരു നായയാണ് ഈ വീടിനെ കാക്കുന്നത് എന്ന തീവ്രമായ അധികാര വിമർശനം ഈ കവിതയിലുണ്ട്. ഈ വിമര്‍ശന സ്വഭാവമാണ് വിനു ജോസഫിന്റെ കവിതകളുടെ അന്തര്‍ധാര

ഇല്ലാത്ത പോലെ , അവള്‍ കൊള്ളും കുടം ,എന്നീ കവിതകളിലെല്ലാം നിശബ്ദമായൊരു സ്ത്രീ ജീവിതമുണ്ട് .

‘’ഉടൽക്കുരിശോടെത്ര
തന്നെ
ചേർത്താലും ചേരാത്ത
മുനയും മുഴുപ്പുമായെന്റെ
അങ്കിക്കടിയിലവൾ കാന്തം.
ഓരോ ചുവടിലുമൊപ്പമൊപ്പം
കാലടിവച്ചും,
കൈകൾ ചേർത്ത്
മുന്നോട്ട് പിന്നോട്ടായത്തിൽ
നീട്ടിവീശിച്ചലിക്കുന്ന
യന്ത്രം’’
(ഇല്ലാത്ത പോലെ )

ഈ ഇല്ലായ്മകളില്‍ നിന്ന് ഒരു പറ്റം മനുഷ്യരും മൃഗങ്ങളും ആവാസ വ്യവസ്ഥയും ഓര്‍മ്മകളും ജൈവികതയും വേഗവും വിനുവിന്റെ കവിതയില്‍ നിന്ന് നമ്മെ ഉറ്റു നോക്കുന്നുണ്ട്
ആത്മവിമര്‍ശകനാകുന്ന കവിയുടെ കാവ്യദര്‍ശനത്തില്‍ ജീവിതത്തോടും ജീവിതത്തിന്റെ രുചികളോടുമുള്ള കൊതികളുമാണ് നിലനില്‍ക്കുന്നത്. ആത്മ പീഡകളാണ് വിനുവില്‍ ഭാഷയും ബിംബങ്ങളായും കടന്നു വരുന്നത് .

കടിയേറ്റ് കണ്ണു തുറക്കെ
പടം പൊഴിച്ചിറങ്ങിയിട്ടുണ്ടാകും
പണ്ട് പണ്ടേ സര്‍വ്വരും
(കൂട്ട് )

എന്ന.ബോധമാണ് കവിയില്‍ മനുഷ്യ പരമ്പരയുടെ അടയാളമായി നിലനില്‍ക്കുന്നത് .

മനുഷ്യാ നീ മണ്ണാകുന്നു .
എന്ന് ഒന്നുകൂടി ഉറക്കെ പറയാന്‍ കവിക്കാകുന്നത് അത് കൊണ്ടാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles