ഋതുഭേദങ്ങൾക്കൊരു ബുദ്ധ സങ്കീർത്തനം… സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, സ്പ്രിങ്.

അജയ്സാഗ

2006 ൽ കേരള ലളിതകലാ അക്കാദമിയും തിരുവനന്തപുരം ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗാത്മക ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ സാർ ആയിരുന്നു ശിൽപ്പശാലയുടെ ഡയറക്ടർ. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിയിൽ മൂന്ന് ദിവസത്തെ ക്യാമ്പിൽ സന്തോഷ് ശിവൻ (സിനിമോട്ടോ ഗ്രാഫി ) കെ.എം.നമ്പ്യാർ (ഫോട്ടോഗ്രാഫി ) അൽഫോൺസ റോയ് (വൈൽഡ് ലൈഫ്) എന്നീ പ്രതിഭകളാണ് ക്ലാസ്സെടുക്കുന്നത്. ഒരു ദിനത്തിൽ സന്തോഷ് ശിവൻ സാറിന്റെ നേതൃത്യത്തിൽ ഒരു സിനിമ പ്രദർശിപ്പിച്ചു.

kim-ki-duk-ajay-saga

തിരശ്ശീലയിൽ വസന്തവും, ഗ്രീഷ്മവും, ശിശിരവും, ശൈത്യവും. വീണ്ടും വസന്തവും അങ്ങനെ തിരശ്ശീലയിൽ കാലങ്ങളുടെ പ്രകൃതിയുടെ സൗന്ദര്യങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ അറിയാതെ ചിത്രം തീരുന്നതിന് മുമ്പ് തന്നെ കൊറിയൻ സംവിധായകൻ കിം കി ദുക്ക് ഹൃദയത്തിൽ സ്ഥാനം പിടിച്ചു. പിന്നീട് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വർഷങ്ങളായി അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക് ആരാധകരുടെ പ്രവാഹമായി. 2013 ൽ അദ്ദേഹം തിരുവനന്തപുരത്തെത്തി. ഫെസ്റ്റിവെലിന്റെ ഒഫീഷ്യൽ ഡയലി ബുള്ളറ്റിനിൽ ഫോട്ടോഗ്രാഫി ചെയ്യുമ്പോഴാണ്. കിം കി ദുക്കിനെ ഇന്റർവ്യു ചെയ്യാൻ പോകുന്നത്. താജ് ഹോട്ടലിലെ അകത്തളത്തിൽ കൂടിയ മീഡിയക്കാരോട് മനസ്സു തുറന്നപ്പോൾ ഒരു നല്ല ചിത്രത്തിന് വേണ്ടിയുള്ള തിരച്ചിലായിരുന്നു ഞാൻ. ഒടുവിൽ കിം കി ദുക്കിന്റെ പിറകിൽ പോയി ഇരുന്നു. എന്നെ ഒന്നു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഒടുവിൽ പിറകിൽ ഇരിക്കുന്ന എന്റെ കണ്ണിലേക്ക് ഒന്നു നോക്കി. ആ നിമിഷം ഞാൻ പകർത്തി. എന്റെ ആഗ്രഹം സഫലമായി. എഡിറ്റർ സജിനും കൂടി ചേർന്ന് നിന്ന് ഒരു ഫോട്ടോ എടുത്തു. ഡിസൈനർ സി.പി.ലത്തീഫ് ആ ചിത്രം ബുള്ളറ്റിന്റെ ആദ്യ പേജിൽ നിറച്ചു വെച്ചു. മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ ചിത്രം വന്ന ബുള്ളറ്റിനിൽ ഞാൻ ഒപ്പുവാങ്ങി.സന്തോഷമുള്ള നിമിഷങ്ങളായിരുന്നു. കവിതപ്പോലെയുള്ള സിനിമകൾ രചിച്ച ചിത്രകാരനായ കിം കി ദുക്ക് ഇനി ഓർമ്മ .

പ്രണാമം.Leave a Reply