മുരളി മേനോനെപ്പോലെ അരങ്ങിനെ പ്രണയിക്കുന്ന പ്രതിഭകളെ കുറിച്ച്

തിരുവനന്തപുരം:  ‘സിനിമയിലും സീരിയലിലും അഭിനയിക്കുന്നവരെ മാത്രം നമ്മൾ നടൻമാർ എന്നും താരങ്ങൾ എന്നും വിളിച്ചു ശീലിക്കുമ്പോൾ മുരളിമേനോനെപ്പോലെയുള്ള അരങ്ങിനെ പ്രണയിക്കുന്നപ്രതിഭകളെ നാം അറിയാൻ മെനക്കെടുന്നില്ല’. മാതൃഭൂമി ലിറ്റററി ഫെസ്റ്റിവെലിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് “മറാത്താ കഫേ’ നാടകം കണ്ട കിഷോര്‍ സത്യ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചതാണ് ഈ പോസ്റ്റ്‌

കിഷോര്‍ സത്യയുടെ  ഫെയ്സ്ബുക്ക് പോസ്റ്റ്‌ വായിക്കാം

കഴിഞ്ഞ ദിവസം “മറാത്താ കഫേ’ നാടകം കണ്ടു. തിരുവനന്തപുരത്തു നടക്കുന്ന മാതൃഭൂമി ലിറ്റററി ഫെസ്റ്റിവെലിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ വച്ചായിരുന്നു നാടകം കളിച്ചത്.

മാറാത്ത കഫേ കണ്ട അനുഭവം ഒരിക്കലും അക്ഷരങ്ങളിലൂടെ അറിയിക്കുവാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ല, അത് അനുഭവിച്ചു തന്നെ അറിയണം. സിനിമയിലും സീരിയലിലും അഭിനയിക്കുന്നവരെ മാത്രം നമ്മൾ നടൻമാർ എന്നും താരങ്ങൾ എന്നും വിളിച്ചു ശീലിക്കുമ്പോൾ ‘മുരളിമേനോനെപ്പോലെയുള്ള അരങ്ങിനെ പ്രണയിക്കുന്നപ്രതിഭകളെ നാം അറിയാൻ മെനക്കെടുന്നില്ല.

ഏതാണ്ടൊരു പതിറ്റാണ്ടിന്റെ ബന്ധമേ മുരളീ മേനോൻ എന്ന മുരളിച്ചേട്ടനുമായിട്ടുള്ളൂ. പക്ഷെയത് ഹൃദയത്തോട് ചേർത്ത് വച്ച ഒരു ഒരു സൗഹൃദമാണ്. അമൃതടിവി ‘വനിതാ രത്‌നം’ എന്ന പരിപാടി തുടങ്ങിയപ്പോൾ തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. അദ്ദേഹത്തിന്റെ വർഷങ്ങളും വൻകരകളും നീണ്ട നാടക ജീവിതത്തെപ്പറ്റി അറിയാമെങ്കിലും അഭിനയിച്ച നാടകമൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല.

വർഷങ്ങൾക്കു ശേഷം അദ്ദേഹം “ഉറാങ്ങുട്ടാൻ ” എന്ന നാടകം ചെയ്തപ്പോൾ കാണാൻ വിളിച്ചിരുന്നു പക്ഷെ ഞാൻ പോയില്ല. ഒരാൾ മാത്രം നാടകം കളിച്ചാൽ അതൊരു ബോറൻ പരിപാടിയോ അല്ലെങ്കിൽ ഒരു ബുദ്ധിജീവി ജാടയോ ആകുമെന്നൊരു മുൻധാരണ എന്റെ മനസ്സിൽ എവിടെയോ കൂനിക്കൂടി കിടന്നിരുന്നു. നാടകം കണ്ടു കഴിഞ്ഞു അഭിപ്രായം ചോദിച്ചാൽ എന്ത് പറയേണ്ടി വരുമെന്നുള്ള ആശങ്കയും ഉണ്ടായിരുന്നു.പക്ഷെ ആവർത്തിച്ചുള്ള മുരളിച്ചേട്ടന്റെ നിർബന്ധം കാരണം കാണാൻ പോയി (ആ നാടകത്തിന്റെ അവസാന കളിയും അതായിരുന്നു എന്ന് തോന്നുന്നു) ഞാൻ പോയി. മമ്മൂക്കയും നാടകം കാണാൻ വന്നിരുന്നു.

രംഗപൂജ, വിദൂഷക വേഷം തുടങ്ങിയ കെട്ടുകാഴ്ചകളോടെ ആയിരുന്നു തുടക്കം. ഈശ്വരാ പെട്ടുപോയല്ലോ എന്ന് മനസ്സിൽ പറഞ്ഞു. പക്ഷെ നിമിഷങ്ങൾക്കകം കഥ മാറി. മേൽപറഞ്ഞ കപട ബുദ്ധിജീവി ജാഡകളെയൊക്കെ തച്ചു തകർത്തുകൊണ്ട് പ്രേക്ഷകന്റെ ഭാഗത്തുനിന്നും മുരളീ മേനോൻ എന്ന നടൻ ആടിത്തുടങ്ങി. ഏറെക്കുറെ 2 മണിക്കൂർ സമയം ഒറ്റയ്ക്ക് അദ്ദേഹം കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ആഗോളവൽക്കരണവും ഇന്നത്തെ സാമൂഹിക ജീവിതവുമൊക്കെ ലളിതമായി, സരസമായി അദ്ദേഹം സാധാരണക്കാരനുപോലും പ്രാപ്യമായ രീതിയിൽ കളിച്ചു കാണിച്ചു കൊടുത്തു. 2 മണിക്കൂർ നേരം ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു അഭിനയിച്ചും കാണിച്ച നടൻ വലിച്ചു കീറിയത് ഷോട്ടുകളുടെ അകമ്പടിയിൽ മാത്രം നടനോ താരമോ ഒക്കെയായ എന്നെപ്പോലെയുള്ള നടന്മാരുടെ ഈഗോ ആയിരുന്നു. അരമുറി ഡയലോഗ് പോലും പഠിക്കാതെ അല്ലെങ്കിൽ പഠിക്കാനാവാതെ പ്രോംപ്റ്റിംഗിന്റെ പിൻബലത്തിൽ മാത്രം നെഞ്ചു വിരിച്ചു നടക്കുന്ന നമുക്ക് അതൊരു പുതിയ അറിവായിരുന്നു, പാഠശാലയായിരുന്നു. മുരളിച്ചേട്ടാ, നിങ്ങളെ അന്ന് മുതൽ എന്റെ മനസ്സിൽ ഞാൻ സൂപ്പർ സ്റ്റാറായി കണ്ടു, പാലഭിഷേകം നടത്തി, ആർപ്പുവിളിച്ചു. എന്നിലെ നടന്റെ അഹങ്കാരം അന്ന് ഞാൻ കുഴിച്ചുമൂടി.

വീണ്ടും “മാറാത്ത കഫെയിൽ” എത്തുമ്പോൾ വീണ്ടും നിങ്ങൾ വിസ്മയിപ്പിച്ചു. പിന്നെ ഈ നാടകം എഴുതുന്ന സമയം മുതൽ ഇതേപ്പറ്റി നമ്മൾ പല പ്രാവശ്യം സംസാരിച്ചിരുന്നത് കൊണ്ട് ‘മാറാത്ത കഫെയോട്’ ഒരു പ്രത്യേക മമതയും എനിക്കുണ്ടായിരുന്നു.ഞാൻ ആദ്യം പറഞ്ഞപോലെ, ഈ നാടകം കണ്ടു തന്നെ ആസ്വദിക്കണം, അറിയണം. നാടകം കഴിഞ്ഞപ്പോൾ ഏതോ റേഡിയോക്കാർ ‘ബൈറ്റ്’ എടുക്കാൻ വന്നു. അവരോടും ഞാൻ ഇതുതന്നെ പറഞ്ഞു. ഈ അനുഭവം പറഞ്ഞു ഫലിപ്പിക്കാൻ ആവില്ല. അത് അറിഞ്ഞു തന്നെ ആവണം.

മുരളിച്ചേട്ടാ നിങ്ങൾ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി , പരാജയപ്പെടുത്തി….
ങ്ങളൊരു സംഭവാട്ടാ മേൻനേ…..

Leave a Reply

Your email address will not be published. Required fields are marked *