Homeകഥകൾകട്ടൻ ചായ

കട്ടൻ ചായ

Published on

spot_imgspot_img

കഥ

മധു. ടി. മാധവൻ

ചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും എണീക്കുകയാണ്. പാദങ്ങൾ തറയിൽ തൊട്ടപ്പോൾ ഉപ്പുറ്റിയിൽ വല്ലാത്ത വേദന. ആണി തറയുന്ന പോലെ തോന്നുന്നു. മുടിയിഴകൾ കൂട്ടിപിടിച്ചു കോട്ടുവായിട്ട് പതിയെ അവൾ നടന്നു. കോട്ടുവാ ശബ്ദം അരോചകമായി തോന്നിയത് കൊണ്ടാവാം, നാരായണൻ പുളഞ്ഞുകൊണ്ട് പുതപ്പ് കൊണ്ട് തല മറച്ചു ചെരിഞ്ഞു കിടന്നു.

“വല്ലാത്ത ക്ഷീണം!” അടുപ്പിലെ വിറകിൻ കൊള്ളിയിൽ മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടിയിൽ കൊള്ളി ഉരച്ചുകൊണ്ട് അവൾ ആത്മഗതം പറഞ്ഞു. നാരായണൻ ഉണരുമ്പോഴേക്കും ചായ ഉണ്ടാക്കണം. കട്ടൻ ചായ കുടിക്കാൻ അതിരാവിലെ എണീക്കുന്ന പതിവ് ഭർത്താവിനുണ്ട്. എണീറ്റില്ലെങ്കിൽ വിളിച്ചു ഉണർത്തി കൊടുക്കണം. ഇല്ലെങ്കിൽ ശകാരിക്കും. കട്ടൻ ചായ കുടിച്ചു വീണ്ടും കിടക്കുന്ന വിചിത്രമായ ശീലം കൊണ്ടാവാം ഇടക്ക് അവൾ മനസ്സിൽ പിറുപിറുക്കും “നേരത്തെ എണീറ്റിട്ട് എന്തിനാണ്?” സ്കൂളിൽ അയക്കാൻ കുട്ടികൾ ഇല്ല. നാരായണനു ആഴ്ചയിൽ ഒരിക്കലോ മറ്റോ ജോലി ഉണ്ടാകാറുള്ളു. അഹോരാത്രം തയ്യൽ മെഷീൻ ചവിട്ടി കറക്കുന്ന തനിക്കു നേരത്തെ എണീയ്ക്കുന്നത് അസ്വസ്ഥത ആയിരിക്കുമല്ലോ. എന്നും പണി ഉള്ളപ്പോൾ നാരായണനെ അയക്കാൻ നേരത്തെ എഴുന്നേൽക്കുന്നതിൽ ലത സദാ ഉത്സാഹവതി ആയിരുന്നു.

നാരായണൻ കണ്ണ് തിരുമ്മി അടുത്ത് വന്നു. “കട്ടൻ” അത്രേ പറഞ്ഞുള്ളു. രാവിലെ അത്രേ പറയാറുള്ളൂ. പല കാര്യങ്ങളിലും നാരായണനു ചോദ്യങ്ങളും ഉത്തരങ്ങളും കുറവാണ്. ലത കൊടുത്ത ചായ നാരായണൻ എടുത്ത് അടിമുടി നോക്കി. ഉമ്മറത്തോ മറ്റോ പോയിരുന്നു ചായ കുടിച്ച് ധൃതിയിൽ തിരികെ വന്നു, ഗ്ലാസ്‌ ബെർത്തിൽ വച്ചു വീണ്ടും അയാൾ യോഗനിദ്രയിൽ പ്രവേശിച്ചു. ലത ഗ്ലാസ്‌ കഴുകി വച്ചു. വല്ലാത്ത മരവിപ്പ് തോന്നുന്നു. തലയുടെ വലത് വശത്തു ആരോ അമർത്തുന്ന പോലെ തോന്നുന്നു. അടുപ്പിൽ തിളയ്ക്കുന്ന വക്കു പൊട്ടാറായ കലത്തിൽ അരി കഴുകി ഇടുന്നതിനിടയിൽ കണ്ണടച്ചും നെറ്റി ചുളിച്ചും അവൾ വേദന കുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

പ്രകാശം പരക്കുന്നുണ്ട്. മഴക്കാറിന്റെ അസ്വസ്ഥതയിൽ ഒളിഞ്ഞും മറഞ്ഞും സൂര്യൻ ഉദിച്ചു വരികയാണ്. വേവുന്ന കഞ്ഞിയിൽ നിന്നും ഒരു ഗ്ലാസ്‌ കഞ്ഞി വെള്ളമെടുത്ത് ലത പല നിറങ്ങളിലുള്ള ഗുളികകൾ കഴിച്ചു. സാവധാനം മുറ്റം അടിച്ചു അവൾ അടുക്കളയിൽ കയറി പച്ചക്കറി എടുത്തു.
“കട്ടൻ” നാരായണൻ എണീറ്റു വന്നു ചോദിച്ചു. അവൾ നേരത്തെ തിളപ്പിച്ച്‌ വച്ച ചായയിൽ നിന്നും ഒരു ഗ്ലാസ്‌ പകർന്നു നാരായണനു കൊടുത്തു. ചായയിൽ വിരൽ മുക്കി നാരായണൻ പറഞ്ഞു.
“ചൂടില്ല! ചൂടാക്ക്…” അതിനു ശേഷം പറഞ്ഞ പച്ചയായ അസഭ്യത്തിൽ അവൾക്കു തെല്ലും ഭാവ മാറ്റം ഉണ്ടായിരുന്നില്ല. അവൾ അത് ശീലിച്ചിരുന്നു. കേട്ടാൽ കർണപുടം തുളക്കുന്ന തെറികളുടെ പദസഞ്ചയം അയാളെ നാട്ടുകാർക്കിടയിൽ “തെറി നാരായണൻ ” എന്ന പേരിൽ കുപ്രസിദ്ധനാക്കി. സംസാരത്തിൽ ഫുൾ സ്റ്റോപ്പ്‌ പലപ്പോഴും രോമാമായാണ് അവസാനിക്കാറുള്ളത്. “തെറി പറയാനും കട്ടൻ ചോദിക്കാനും മാത്രമേ നാരായണനു അറിയൂ എന്ന് ലത ഇടക്ക് പിറുപിറുക്കാറുണ്ട്. കേൾക്കുന്ന പക്ഷം നാരായണന്റെ വാക്-പ്രസാദം വാങ്ങാൻ ലത തയ്യാറായിരുന്നു.

അവൾ ചായ ചൂടാക്കി കൊടുത്തു. ചായയിൽ ചാടി മരിച്ച ഉറുമ്പിനെ ചൂണ്ടുവിരൽ കൊണ്ട് എടുത്ത് തട്ടി കളഞ്ഞുകൊണ്ട് ലതയുടെ ചാരിത്രത്തിൽ വിരൽ ചൂണ്ടുന്ന ഒരു തെറിയും പാസ്സാക്കി നാരായണൻ അടുക്കള വിട്ടു. മുഖത്തു തെറിച്ച തുപ്പൽ തുടച്ചു കൊണ്ട് അവൾ കഷണങ്ങൾ നുറുക്കികൊണ്ടിരുന്നു. പണ്ടായിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ ഒരു കരച്ചിലോ തേങ്ങലോ ഉണ്ടാകുമായിരുന്നു. ഇന്ന് ഒരു നിസ്സംഗ്ഗത മാത്രമാണ്. ജീവിതം ആ ഭാവത്തിൽ ലയിച്ചു കഴിഞ്ഞിരിക്കുന്നു. ‘മച്ചി ‘എന്ന് നാരായണൻ വിളിക്കുമ്പോഴെല്ലാം പണ്ടൊക്കെ പൊട്ടി തെറിക്കുവാൻ ഒരുങ്ങുവാറുണ്ട്. എന്നാൽ തന്നെ വലിഞ്ഞു മുറുക്കിയ സാമൂഹികവും വ്യവസ്ഥാപിതവുമായ ലതാ സമ്മർദ്ദങ്ങളിൽ ആ തീനാളം അണഞ്ഞു പോയി കൊണ്ടിരുന്നു.

നാരായണൻ വീട്ടിലെ ഏക പുത്രൻ ആയിരുന്നു. മൂന്ന് നാലു ചാപിള്ള മരണങ്ങൾക്ക് ശേഷം ജനിച്ചവൻ. “കള്ള് കുടി ഇല്ല, വലി ഇല്ല, മുറുക്കാൻ ശീലം പോലും ഇല്ലാത്ത പയ്യനെ എവിടെ കിട്ടും?” എന്ന് ബ്രോക്കർ കുമാരൻ അന്ന് ചോദിച്ചിരുന്നു. ദുഃശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാരായണനു അന്ന് കുടുംബത്തിൽ ‘നാരായണ പരിവേഷം’ ചാർത്തപ്പെട്ടു. പിന്നീടുള്ള എന്റെ ജീവിത്തിൽ അവർ എല്ലാവരും അത് തിരുത്തിയിരുന്നു. “കുടിയും വലിയും ഇല്ലെന്ന് മാത്രം! ഇതിലും ഭേദം…” വാക്കുകൾ മുഴുവിപിക്കാതെ വേച്ചു വിറച്ചു അവസാന നാളുകളിൽ ഒരിക്കൽ ഇവിടെ വന്നു ഇറങ്ങിയ വൃദ്ധനായ തന്റെ അച്ഛന്റെ വാക്കുകൾ അവൾ ഓർത്തു നിന്നു പോയി. വിവാഹം നടന്ന നാളുകളിൽ തന്നെ സർക്കാർ ജോലി കിട്ടിയപ്പോൾ വളരെ ഉത്സാഹം നിറഞ്ഞ മുഖവുമായി നാരായണന്റെ മുൻപിൽ പോയി. ഇന്നുവരെ താൻ അദ്ദേഹത്തിൽ കാണാത്ത കുല മഹിമയുടെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞു വിലക്കി എന്നു മാത്രമല്ല ആ കുറിപ്പ് അടുപ്പിൽ കത്തിച്ചു.

ഒരിക്കലും തുന്നിചേർക്കാൻ കഴിയാത്ത മുറിവുകൾ ഉണ്ട്. ‘മരണം വരെ’ എന്നു മുദ്ര കുത്തപെട്ട ചില മുറിവുകൾ! തന്റെ ദാമ്പത്യമതാണ്. പലവിധ ചായങ്ങൾ കൊണ്ട് ആ മുറി പാടുകൾ ഗോപ്യമാക്കാൻ ശ്രമിക്കുമ്പോഴും ചായങ്ങൾ പറ്റി ചേർന്നു വൃണമായി നോവും നീറ്റലും അനുഭവിക്കുന്നു. “ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു, മരിക്കാത്തതുകൊണ്ടും…” കരിയും പുകയും പറ്റിയ അടുക്കളയുടെ ചുവരുകൾ അവളുടെ ജീവിതത്തിന്റെ ഛായാ ചിത്രങ്ങൾ ആയിരുന്നു. ആ ചിത്രങ്ങൾക്കിടയിൽ അവളുടെ ഉൾതേങ്ങലുകൾ ചായം പൂശികൊണ്ടിരുന്നു.

“ചോറ് ആയോ?” നാരായണൻ ഉറക്കെ ചോദിച്ചു. “അഞ്ചു മിനിറ്റ്” ലത പറഞ്ഞു “ഉം…” നാരായണൻ മൂളി.
തെറി പറയാൻ മറന്നതാവാം. ലത ഒരു ആശ്ചര്യത്തോടെ കടുക് വറുത്തു കറി അല്പം ഉഷാറാക്കി. ചമൃം പൊടിഞ്ഞു ഇരുന്നുകൊണ്ട് കറി നടുവിൽ ഒഴിച്ചുകൊണ്ട് നാരായണൻ ചോദിച്ചു, “മോര് ഇല്ലേ?” “ഇല്ല” ലത പറഞ്ഞു. മോരിനോട്‌ പ്രാസം പിടിച്ചു ഒരു തെറി കലക്കി നാരായണൻ കഴിച്ചുകൊണ്ടിരുന്നു. “എനിക്ക് തലവേദന കലശലായ പോലെ…” ലത പറഞ്ഞു.
“ഇന്നലെ ഡോക്ടർ തന്ന ഗുളിക കേറ്റിയില്ലേ?” നാരായണൻ മുരണ്ടു. “ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അതിനുള്ള സൗകര്യവും അടുത്തുണ്ട്.” അവൾ പറഞ്ഞു. “**** കമ്മീഷൻ അടിക്കാനുള്ള പരിപാടി ആണ്. ***** മക്കൾ ”
നാരായണന്റെ കണ്ണുകൾ ചുവന്നു. “ഇപ്പോ ഗുളിക കഴിക്കു… മാറുമോന്നു നോക്കാലോ.കാശ് മുടിക്കാൻ! “ലത ഒന്നും മിണ്ടിയില്ല. “കുറച്ചു കൂടി…” കിണ്ണം നീട്ടി നാരായണൻ ലതയോട് ചോദിച്ചു. അവൾ അടുക്കളയിൽ പോയി ചോറും കൂട്ടാനും വിളമ്പി. ഇനി പേരിനേ ബാക്കിയുള്ളു ചട്ടിയിൽ ഒരു സ്പൂൺ ചാറു കാണും. ഇനി ചോദിക്കാതെയിരിക്കട്ടെ എന്ന് അവൾ മനസ്സിൽ പറഞ്ഞു അവൾ ഭർത്താവിന് കൊടുത്തു. ക്ഷണ നേരം കൊണ്ട് നാരായണൻ അത് കഴിച്ചു കൈ വടിച്ചു നക്കി ഒരു ഏമ്പക്കം വിട്ടു കൈ കഴുകാൻ പോയി.

ലത പാത്രങ്ങൾ കഴുകി വച്ചു. അല്പം ധൃതിയിൽ കൊടുക്കാൻ ഉള്ള വസ്ത്രങ്ങൾ തയ്ച്ചു അയൽ വീട്ടിൽ കൊടുത്തു തിരികെ അടുക്കളയിലേക്ക് കടന്നു. ഒരു പിടി ചോറ് ബാക്കിയുണ്ട്. അതിൽ കുറച്ചു കഞ്ഞിവെള്ളം ചേർത്ത് വെച്ച് പറമ്പിലെ കാന്താരി മുളക് പൊട്ടിക്കാൻ പോയി. ബാക്കിയുള്ളവർക്ക് കഴിക്കാൻ ഉണ്ടോ എന്നു നാരായണൻ നോക്കാറില്ല. സ്വന്തം ഇഷ്ടം, സ്വന്തം സംതൃപ്തി മാത്രമാണ് നാരായണൻ നോക്കാറുള്ളു. കിടപ്പറയിലും അയാൾ അങ്ങനെ തന്നെയാണ്. കാന്താരി മുളക് കടിച്ചു ഒരു സ്പൂൺ കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ കിണ്ണത്തിലേക്ക് നോക്കി. കഴുക്കോലിന്റെ പ്രതിബിംബം വീണ കഞ്ഞി കണ്ടപ്പോൾ അമ്മയെ കുറിച്ചോർത്തു. സ്കൂൾ കാലഘട്ടത്തിൽ രാവിലെ ‘നേരമില്ലാത്ത നേരത്ത് ‘ അമ്മ ഉരുട്ടി നൽകിയ ഉരുളകൾ! മതിയെന്ന് പറഞ്ഞാലും നിർബന്ധം പിടിച്ചു വാരി തന്ന ആ സ്നേഹത്തിനും ഒന്നും പകരം നൽകാൻ കഴിഞ്ഞില്ല. അവസാനമായി കാണണം എന്നു അമ്മ ആളെ അയച്ചു പറഞ്ഞപ്പോൾ നാരായണൻ വിട്ടില്ല. ഒടുവിൽ തലയ്ക്കരികിൽ വച്ച വിളക്കിന്റെ വെളിച്ചത്തിൽ ചെറു പുഞ്ചിരിയോടെ ചലനമറ്റു കിടക്കുന്ന ആ രൂപം മാത്രമേ കാണാൻ കഴിഞ്ഞുള്ളു!

കഞ്ഞി കുടിച്ചു തീരും മുൻപേ നാരായണൻ വിളിച്ചു. കട്ടൻ ചായ വേണമായിരിക്കും. സമയം മൂന്നര കഴിഞ്ഞു. അടുപ്പത്തു വെള്ളം വെച്ച് ബാക്കി കഞ്ഞി കുടിച്ചു എന്നു വരുത്തി ലത ചായ തിളപ്പിച്ച്‌ കൊടുത്തു. “എന്ത് ജീവിതമാണ്?!” അവൾ ആത്മഗതം പറഞ്ഞു. പ്രതീക്ഷകൾക്ക് പോലും വകയില്ലാത്ത ഒരു ജീവിതം! പൂക്കാത്ത, കായ്ക്കാത്ത മരം വെട്ടിയ ബൈബിൾ കഥ പണ്ട് സ്കൂളിൽ പഠിച്ചത് ഓർക്കുന്നു. കർത്താവ്‌ കായ്ക്കാത്ത അത്തിമരം വെട്ടിയ കഥയിൽ മാത്രമാണ് തനിക്കു കർത്താവിനോട്‌ നീരസം ഉള്ളു. അത് നൽകിയ തണലിനെ കുറിച് ഓർത്തു ഒരു ശിഷ്യനും വേവലാതിപെട്ടില്ല. കായ്ക്കാത്ത മരങ്ങൾ അങ്ങനെയാണ്. തന്നെ അറിയാതെ തന്നെ ആളുകൾ ‘മച്ചി ലത’ എന്നു വിശേഷിപ്പിക്കുന്നതിലും അവൾക്ക് ആരോടും ദേഷ്യം തോന്നിയിട്ടില്ല. അവൾ തയ്യൽ മെഷീന്റെ പെഡലുകളിൽ ഹൃദയ താളത്തിൽ ശോക നൃത്തം ചവിട്ടി. പൊട്ടിയ സൂചി മാറ്റി മറ്റൊരു സൂചിയിൽ നൂൽ കോർക്കുമ്പോൾ കണ്ണുകൾ മഞ്ഞളിക്കുന്നു. തലയിൽ ആണി അടിക്കുന്ന അവസ്ഥ.

രാത്രി കഞ്ഞി കുടിച്ചു നാരായണൻ തൃപ്തനായി. ലതക്കു ഉച്ചയ്ക്ക് കഴിച്ചതിനു സമാനമായ അവസ്ഥ തന്നെ. ഭാര്യയുടെ വേദനകളും വിഷാദവും വിരസതയും വക വെക്കാതെ അവളെ കീഴടക്കി എന്തൊക്കെയോ കാട്ടികൂട്ടി നാരായണൻ സംതൃപ്തി നേടി. ചാറ്റൽ മഴയുടെയും ചീവീടുകളുടെയും ശബ്ദം അവളുടെ കാതുകളിൽ തറച്ചു കയറുന്നു. വേദനാസംഹാരി കഴിച്ചു തിരികെ കിടന്നപ്പോൾ വിശപ്പ് മാറി അടുത്ത് കിടക്കുന്ന ജന്തുവിനോട് വല്ലാത്ത അറപ്പ് തോന്നി. പതിയെ അവൾ മയങ്ങി.

നേരം വെളുത്തിരിക്കുന്നു. എണീക്കാൻ അല്പം വൈകി. അവൾ പിടഞ്ഞു എഴുന്നേറ്റു. നാരായണൻ ഉറക്കത്തിൽ തന്നെയാണ്. അവൾ പതിയെ അടുക്കളയിലേക്ക് ചെന്നു. തലവേദന കലശലാണ്. വല്ലാത്ത വേദന! അടുപ്പ് കത്തിച്ചു വെള്ളം വച്ചു. ചെവി ആകെ അടഞ്ഞ അവസ്ഥയാണ്. നീര് വീണതാകാം. തയ്യൽ മെഷീൻ വലപ്പിലെ ഒരു വേദന ഗുളിക കഴിച്ചു അവൾ തിരികെ എത്തി. പാത്രത്തിലെ കുമിളകൾ മുകളിലേക്കു ഉയരുവാൻ വെമ്പൽ കൊള്ളുകയാണ്. മുൻപ് ചിരകിയ ചിരട്ട കത്തിച്ചപോൾ വെള്ളം തിളച്ചു മറിഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറുന്നത് അവൾ അറിയുന്നു. അവൾ സാവധാനം തേയില ഇട്ടു. വെള്ളം കീഴടങ്ങി കൊണ്ടിരിക്കുകയാണ്. തേയിലയുടെ ചുവപ്പ് കലർന്ന വെള്ളം ചായ ആയി പരിണമിക്കുന്നു. കടുപ്പം കൂടിയ ചായ ജഗ്ഗിൽ പകർന്നപ്പോൾ ചെറിയ ചുമ വരുന്നു. പഞ്ചസാര ചേർത്ത ചായ മൂടി വെച്ചപ്പോൾ ശ്വാസം എടുക്കുവാൻ കഴിയാത്ത അവസ്ഥ. അവൾ പതിയെ അടുക്കളയിൽ നിന്നും മുറിയിലേക്ക് നടന്നു.

നാരായണനു ഇന്നല്പം ക്ഷീണം ഉണ്ട്. എഴുന്നേൽക്കുവാൻ പതിവിലും വൈകിയത് സ്വാഭാവികം! നരച്ച മുടിയിഴകൾ ചൊറിഞ്ഞു കൊണ്ട് നാരായണൻ എണീറ്റു. എഴുന്നേൽക്കാൻ വൈകിയതിൽ ‘രോമ’ത്തെ പഴിച്ചു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. “എണീക്കാൻ വൈകിയാൽ വിളിച്ചൂടെ, ഈ ‘തേവനു അടിമ വെച്ചവൾക്ക് ” എന്നു നാരായണൻ ചോദിച്ചു. അടുക്കളയിലെ ജഗ്ഗിൽ ചായ ഉണ്ട്. പുറത്ത് തൊട്ട് നോക്കിയപ്പോൾ കുടിക്കാൻ പാകത്തിന് ചൂടുണ്ട്.
“എടിയേ…. ” നാരായണൻ വിളിച്ചു. എവിടെ നിന്നും മറുപടി ഇല്ല. ചായ ഗ്ലാസിൽ പകർന്നു അയാൾ കോലായിലും മുറ്റത്തും അവളെ നോക്കി. “ചൊറിഞ്ഞു വരുന്നു… അവൾടെ അമ്മയെ കെട്ടിക്കാൻ!” സ്വാഭാവികമായി അയാൾ തെറി കൂട്ടി വീണ്ടും വിളിച്ചു.

ഉമ്മറത്തു നിന്നു പിറു പിറുത്ത് അയാൾ അവളെ തിരഞ്ഞു. ഒരു പക്ഷെ അയൽ വീട്ടിൽ പോയി കാണും. അയാൾ തിരികെ അടുക്കളയിലേക്ക് നടന്നപ്പോൾ തയ്യൽ മെഷീൻ കിടക്കുന്ന മുറിയിൽ ഒന്ന് കണ്ണോടിച്ചു. നെറ്റി ചുളിച്ചു അയാൾ തയ്യൽ മെഷീന്റെ അരികിൽ കൂനിയിരിക്കുന്ന ലതയുടെ അടുത്തേക്ക് ചെന്നു. “ലെതേ…” അയാൾ ഉറക്കെ വിളിച്ചു. ലത ശബ്ദം പുറപ്പെടുവിച്ചില്ല. അയാൾ അവളുടെ ചുമലിൽ ആഞ്ഞു കുലുക്കി. മഞ്ഞിൽ മരവിച്ച തുന്നൽ പക്ഷിയെ പോലെ അവൾ തയ്യൽ മെഷീനിന്റെ അടുത്തേക്ക് ചരിഞ്ഞു വീണു. “പോയി…!” നാരായണൻ അവിടെയും വാക്കുകൾ അവസാനിപ്പിക്കാൻ ശ്രമിച്ചത് ഒരു തെറിയിലൂടെ തന്നെയാണ്. അയാൾ തിരികെ നടന്നു ബാക്കിയുള്ള കട്ടൻ ചായ മറ്റൊരു ഗ്ലാസിൽ പകർന്നു കുടിച്ചു കൊണ്ട് അയല്പക്കത്തേക്ക് കുതിച്ചു.

പിന്നീട് കണ്ടും കേട്ടും ശീലിച്ച ചടങ്ങുകൾ നടന്നു. മച്ചിലതയുടെ നിര്യാണത്തിൽ ആളുകൾ ഒറ്റയും തെറ്റയുമായി പങ്കെടുത്തു. നാരായണന്റെ സഭ്യമായ ഭാഷയിൽ പറഞ്ഞാൽ, തെക്ക് ഭാഗത്തു അവളെ പണ്ടാരമടക്കി. വൈകുന്നേരം മെമ്പർ വാസു അടക്കം അയല്കാരും ബന്ധുക്കളും ശോകം നടിച്ചും അല്ലാതെയും നാരായണന്റെ അടുത്ത് വട്ടം കൂടി. നാരായണൻ താടി തടവി എന്തോ ചിന്തിക്കുകയാണ്. അയൽക്കാരി ഓമന ഒരു കലത്തിൽ ചായ കൊണ്ടു വച്ചു. കൂടി ഇരിക്കുന്നവരിൽ പലരും പലതും പറഞ്ഞു കൊണ്ടിരുന്നു. ആശ്വാസ വാക്കുകൾ, സഞ്ചയനത്തെ പറ്റി, രോഗങ്ങൾ, മഴയെ കുറിച്ച്, അങ്ങനെ ഗതി മാറുന്ന സംസാരങ്ങൾ ചർച്ചകൾ വരെ എത്തി നില്കുന്നു. ഒടുവിൽ സ്ഥലകാലബോധം വീണ്ടെടുത്ത് അവർ ശോകം അഭിനയിച്ചു. അതിനിടയിൽ നാരായണൻ അല്പം ആർത്തിയോടെ ഒരു ഗ്ലാസ്‌ ചായ കുടിച്ചിറക്കിയതിനു ശേഷം അടുത്ത ഗ്ലാസ്‌ ചായ ഒഴിച്ച് എടുത്തു. നാരായണന്റെ ചുമലിൽ കൈ വച്ചു മെമ്പർ വാസു പറഞ്ഞു. “നാരായണെട്ടൻ ഉറങ്ങിക്കോളൂ… മുഖത്തു ക്ഷീണം ഉണ്ട്. നാളെ ഞങ്ങൾ എത്താം. ഭക്ഷണം വാങ്ങി അവിടെ വെച്ചിട്ടുണ്ട്.” നാരായണൻ അല്പം വേഗത്തിൽ എണീറ്റു. ഒരു വോട്ടറെ സമാധാനിപ്പിച്ചതിൽ വാസുവിനു ചാരുതാർത്ഥ്യം തോന്നി. ഗ്ലാസിൽ കട്ടൻ ചായ പിടിച്ചു കൊണ്ട് നാരായണൻ രണ്ടടി വെച്ചു. പതിയെ തിരിഞ്ഞ് ബ്രോക്കർ കുമാരനെ വിളിച്ചു.
“കുമാരാ…”
കുമാരൻ എണീറ്റു. അയല്കാരനായ കുമാരനുമായി ഇപ്പോൾ നല്ല ബന്ധം അല്ലാത്തത് കൊണ്ട് തെറിയുടെ ആകമ്പടി ഇല്ലാതെ ഈ വിളി കുമാരനെ അല്പം സന്തോഷിപ്പിച്ചു. ഒരു പക്ഷെ ഓമനയും കുമാരനും മരണത്തെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തതിന്റെ നന്ദി പ്രകാശിപ്പിക്കാൻ ആണ് വിളിച്ചതെന്ന് കുമാരൻ കരുതി. “എന്താ നാരായണാ?” കുമാരൻ ചോദിച്ചു.
നാരായണൻ കുമാരനെ ചേർത്ത് നിർത്തി മുറിയിലേക്ക് കൈ ചൂണ്ടി. “ഇത് വിറ്റാൽ ഗ്യാസ് അടുപ്പ് കണക്ഷൻ എടുക്കാൻ ഉള്ള പൈസ കിട്ടുമോ?” തയ്യൽ മെഷീൻ നോക്കി നാരായണൻ ചോദിച്ചു. കുമാരന്റെ കണ്ണുകൾ അല്പം തള്ളി സ്തംഭിച്ചു നിന്നു.
“തിരക്കില്ല, നാളെ പറഞ്ഞാൽ മതി.” നാരായണൻ കൂട്ടി ചേർത്തു. നാരായണൻ ഭക്ഷണം ലക്ഷ്യമാക്കി അടുക്കളയിൽ പോയി. എല്ലാവരും പിരിഞ്ഞു. തെക്ക് ഭാഗത്തു ലത പുക പറത്തി എരിയുകയാണ്. കലത്തിൽ ബാക്കിയുള്ള കട്ടൻചായയുടെ കലം കമിഴ്ത്തികൊണ്ട് ചാറ്റൽ മഴയിൽ ബ്രോക്കർ കുമാരൻ വീട്ടിലേക്ക് നടന്നു. ചീവീടുകളുടെ ശബ്ദതോട് വെല്ലുവിളിച്ച് നാരായണൻ ഒരു ഏമ്പക്കം വിട്ടു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...