Thursday, May 26, 2022

മറവിക്കുറിപ്പ്

കവിത

അളകനന്ദാലാൽ

വീടുമാറാമെന്ന്
തീരുമാനിച്ച ദിവസം
അമ്മ കുറേ
ചെടിച്ചട്ടികൾ വരുത്തി.
ഇറങ്ങാനിനി ദിവസങ്ങൾ
മതിയെന്നിരിക്കെ
ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ
രഹസ്യമെനിക്ക് മനസ്സിലായേയില്ല.
മുറ്റത്തെ റോസാപ്പൂക്കളും
ഡാലിയകളും
എന്തിന് തുളസിച്ചെടി വരേ
ഒരോന്നായി
മണ്ണും വേരുമടക്കിപ്പിടിച്ച്
പലായനത്തിനൊരുങ്ങിയെന്ന
തോന്നലിലെനിക്കൊരു
വെപ്രാളമായി.
ഞാനൊരുങ്ങിയില്ലല്ലോ,
ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും
കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും
വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും.
അമ്മയ്ക്ക് ആവലാതിയൊന്നുമില്ല,
ഇങ്ങനെയെത്ര
വേരുകളുപേക്ഷിച്ചിരിക്കുന്നു.ഞാൻ വീടളന്ന്
വെളിച്ചത്തിന്റെ കണക്കെഴുതിവെച്ചു.
രാവിലെ അടുക്കളവാതിലിന്റെ
ഗ്രില്ലിലൂടെ വലയിടുന്ന വെയിൽ,
ഹാളിലെ കർട്ടൻ നീങ്ങുമ്പോൾ
വീടാകെ പരക്കുന്ന പകൽ,
മുറിയിലെ ജനൽ തുറന്ന്
വരുന്ന നിലാവിന്റെ കുഞ്ഞുങ്ങൾ.
അപ്പോഴേക്കും
എന്റെ വീടെന്നെഴുതിയ കവിതകൾ
പറമ്പിലെ ചിതലക്കിളികളെപ്പോലെ
നിലവിളിക്കാൻ തുടങ്ങി,
നിങ്ങളെയെങ്ങനെയുപേക്ഷിക്കും.ഉപേക്ഷിക്കപ്പെട്ടതിന്റെ നീറ്റലിൽ
ഒരാളെക്കുറിച്ച് മാത്രം
ഒരിക്കലെഴുതിയ കവിതകളിൽ നിന്ന്,
അയാൾ വന്നപ്പോഴൊക്കെ
എപ്പോൾ വേണമെങ്കിലും
ഇറങ്ങിപ്പോയ്ക്കളയുമെന്ന പേടിയിൽ
ഞാൻ വെപ്രാളപ്പെട്ടിരുന്നല്ലോ
എന്നൊരു വേദനയങ്ങനെ
പരിചയം പുതുക്കി.
എന്റേതെന്നും
എനിക്ക് നീയും
നിനക്ക് ഞാനും വീടെന്നും
പലവുരു പറഞ്ഞു മറന്നയാൾ
അണ്ണാൻ കുഞ്ഞിനെപ്പോലെ
വന്നെത്തിനോക്കി
എന്റെ മറവിയെ ഉലച്ചിട്ട് പോയി.

ഓഹ്, ഇതായിരിക്കും
നിന്നേക്കുറിച്ചുള്ള
അവസാനത്തെ കവിത.
കവിതകളിൽ നിന്ന്
ഇറക്കിവിടുന്നതാണല്ലോ
ഏറ്റവും ഭീകരമായ മറവി.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

Comments are closed.

spot_img
Previous articleബഹിയ
Next articleZip.

Related Articles

പല്ലി

കവിത ടോബി തലയൽ ആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ! എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാം വാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ! ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർ തലക്കെട്ടിനെക്കുറിച്ച് ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

ഉമൈബ

കവിത ഷിംന സീനത്ത് ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾ പലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത് കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ല കോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌ വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...
spot_img

Latest Articles