Monday, September 27, 2021

പുതിയ ഉണർവുകളിലേക്ക് കണ്ണുതുറക്കുന്ന കവിതകൾ

shabu kilithattil

ഷാബു കിളിത്തട്ടിൽ

”For half a century
poetry was the paradise
Of the solemn fool
Untill I came
and built my rollercoaster
Go up if you feel like it
I’m not responsible if you come down
With your mouth and nose bleeding”

ലാറ്റിനമേരിക്കൻ കവിതയിൽ പാരമ്പര്യവിരുദ്ധവും വിപ്ലവകരവുമായ കവിതകളെഴുതിയ നിക്കോനാർ പാർറയുടെ റോളർകോസ്റ്റർ എന്ന കവിത മില്ലർ വില്യംസ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.

ഞാനിവിടെ വരുന്നതിനു അരനൂറ്റാണ്ടു മുമ്പു വരെ കവിത വിശുദ്ധവിഡ്ഢിയുടെ സ്വർഗ്ഗത്തിലായിരുന്നുവെന്നും ഞാനിവിടെ വന്ന് റോളർ കോസ്റ്റർ സ്ഥാപിച്ചുവെന്നും കവി പറയുന്നു.

”ഇനി നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതിൽ കയറിക്കോളൂ പക്ഷേ മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊലിപ്പിച്ച് നിങ്ങൾ താഴേക്ക് വീണാൽ ഞാൻ ഉത്തരവാദിയല്ല.”

കവിതയെ അതിന്റെ വരേണ്യതയിൽ നിന്ന് താഴെ എത്തിക്കാനുള്ള ശ്രമമായിരുന്നു  നിക്കോനാർ പാർറയുടെത്. down from Olympus എന്നൊരു വാക്യം അദ്ദേഹം മറ്റൊരിടത്ത് എഴുതുന്നുണ്ട്. ഒളിമ്പസ് പർവ്വതമുകളിലിരിക്കുന്ന കവികളെ താഴെയിറക്കാനുള്ള ദൗത്യമാണ് തന്റേതെന്ന തുറന്നുപറച്ചിലായിരുന്നു അത്.

‘കവികൾ ഇപ്പൊൾ ഒളിമ്പസ് പർവതത്തിൽ നിന്ന് താഴെയിറങ്ങി വന്നിരിക്കുന്നു, പഴയ ആളുകൾക്ക് കവിത ഒരു ആഡംബര വസ്തുവായിരുന്നു, നമുക്ക് പക്ഷേ എങ്ങനെയും ഒഴിവാക്കാനാവാത്ത വസ്തുവാണ്’

വാസ്തവത്തിൽ കവിത ഒരു സാഹിത്യരൂപമെന്ന നിലക്ക് മാത്രമല്ല സംവാദ രൂപമെന്ന നിലയ്ക്ക് കൂടി സമൂഹത്തിൽ ഇടപെടേണ്ടതാണ് എന്നു വിശ്വസിച്ചവരാണ് ആധുനികോത്തര കവികൾ. അപ്പോൾ മാത്രമാണ് കവിതയുടെ സാമൂഹ്യ ഇടപെടലുകൾ ഫലപ്രദമാവുന്നത്. കവിത ഉയർത്തിപ്പിടിച്ച പാരമ്പര്യവാദത്തെയും വരേണ്യ ചിന്തകളെയും കുടഞ്ഞെറിഞ്ഞുകൊണ്ട് കവിത സ്വതന്ത്രമാകണമെന്ന്  ഇക്കൂട്ടർ ചിന്തിച്ചിരുന്നു. മലയാള കവിതയിൽ കെ ജി എസും സച്ചിദാനന്ദനും ഒക്കെ അതുവരെയുണ്ടായിരുന്ന ഭാവുകത്വത്തിന്റെ തലങ്ങളെ അഴിച്ചുപണിഞ്ഞുകൊണ്ടാണ് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. പിന്നെയും നിരവധി കവികൾ അതിന്റെ  തുടർച്ചയിൽ ഉണ്ടായി. ടി പി രാജീവനും, കെ ആർ ടോണിയും, പി പി രാമചന്ദ്രനും വീരാൻ കുട്ടിയും അടക്കമുള്ള കവികൾ, കവിത ജീവിതത്തിൽ നിന്ന് അകന്നു നിൽക്കേണ്ട ഒന്നല്ല എന്നു വാദിക്കുകയും പൊതുജീവിത ബോധ്യവുമായി ബന്ധപ്പെട്ടതെല്ലാം കവിതയാക്കുകയും ചെയ്തു. ആധുനികോത്തര കവികളിൽ ശ്രദ്ധേയനായ എസ് ജോസഫിന്റെ ഈ കവിത ശ്രദ്ധിച്ചാൽ ഇക്കാര്യം കുറച്ചുകൂടി മനസ്സിലാകും.

മലയാള കവിതയ്ക്ക് ഒരു കത്ത് എന്ന കവിതയിൽ

”നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ചെയ്യാം
തോട്ടിൽ പോയി കുളിക്കാം
പറമ്പിലെത്തുന്ന കരികിലം
പറവകളോടൊത്ത് ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം
അമ്മയും അപ്പനും കൂട്ടുണ്ടാകും
പണികഴിഞ്ഞ് ഞാൻ ഓടിയോടി വരും
കഞ്ഞിയും മുളപ്പിച്ച പയറും കഴിച്ച് കിടക്കാം
അല്ലെങ്കിൽ ആകാശം നോക്കിയിരിക്കാം
മൂങ്ങകൾ മൂളുന്നത് കേട്ട് നീ പേടിക്കേണ്ട
ഞാൻ അപ്പോൾ നിന്നെ സ്നേഹം കൊണ്ട് മൂടാം”

സവർണ്ണ കേന്ദ്രീകൃതമായ ആവാസവ്യവസ്ഥകളിൽ നിന്ന് കവിതയെ തോട്ടരികിലെ ജീവിതങ്ങളിലേക്ക് ജോസഫ് പറിച്ചുനടുന്നത് കാണാം. നിക്കോനാർ പാർറ പറഞ്ഞതു പോലെ കവികൾ ഒളിമ്പസിൽ നിന്ന് താഴേക്കിറങ്ങി വന്നു.

എന്തും സത്യസന്ധമായി പറയാവുന്ന മാധ്യമമായി കവിത മാറി. അതുവരെയുണ്ടായിരുന്ന കാവ്യഭാഷാ സങ്കൽപ്പങ്ങളെ തെറ്റിച്ചുകൊണ്ട് ആധുനികോത്തരകവികൾ എല്ലാത്തിനെപ്പറ്റിയും കവിതയെഴുതി. വിവിധവിഷയങ്ങൾ സ്വീകരിച്ചും വ്യത്യസ്‌തമായ രൂപഭാവങ്ങൾ കൈക്കൊണ്ടും, ധാരാളം കവിതകൾ പിറന്നു. അക്കൂട്ടത്തിൽ പാരമ്പര്യ കവിതാരീതികളിൽ നിന്ന് കുതറി മാറിക്കൊണ്ട് നാം ജീവിക്കുന്ന കാലത്തിന്റെ നീതികേടുകളും അവഗണനകളും പ്രശ്നങ്ങളും തന്റേത് കൂടിയാണെന്ന ബോധ്യത്തിൽ മുഴക്കമുള്ള വരികളിലൂടെ നൈതികമായ പ്രതിരോധം തീർക്കുന്ന കവിയാണ് പി ശിവപ്രസാദ്.

തന്നെ സംബന്ധിച്ച് കവിതകളും അവയിൽ അടക്കം ചെയ്യപ്പെട്ട ചിന്തകളും വികാരങ്ങളും എല്ലാം രാജപാത ഉപേക്ഷിച്ച വാക്കുകളുടെ സഞ്ചാരമാണെന്ന് പ്രഖ്യാപിക്കുന്ന  കവി അവയുടെ സ്വതന്ത്ര സഞ്ചാരത്തെ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നു. പി ശിവപ്രസാദിന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് മരിക്കാത്ത കോശങ്ങളുടെ സംഗീതം. ഇതേ പേരിലുള്ള കവിതയടക്കം മുപ്പത്തൊന്ന് കവിതകളുടെ സമാഹാരം. ഈ  കവിതകളെക്കുറിച്ചുള്ള പഠനത്തിൽ കവി രാജേഷ് ചിത്തിര എഴുതിയത് പോലെ, ജാഗ്രതയുടെ അടയാളങ്ങളാണ് ഓരോ കവിതയും.

കവിത എന്ന സാഹിത്യ രൂപം രാഷ്ട്രീയ ജാഗ്രതക്കും മാനവികതയുടെ നിലനിൽപിനും വേണ്ടിയുള്ള ഒരു ആയുധമായി നിലനിൽക്കേണ്ടതിൻറ ആവശ്യകതയെ ഓർമിപ്പിക്കുന്നുണ്ട് ഈ  കവിതകൾ. തന്റെ ചുറ്റിനും നടക്കുന്ന പ്രശ്നങ്ങളിലെല്ലാം നീറിപ്പുളയുന്ന ഒരു മനസ്സുണ്ട് ഈ കവിക്ക്. അത് പ്രാദേശിക തലത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തി നടക്കുന്ന സമരങ്ങൾ മുതൽ അധിനിവേശനത്തിനെതിരെയും ദേശീയ അന്തർദേശിയ തലത്തിൽ നടക്കുന്ന സമരങ്ങൾ വരെയും അറിവായും അനുഭവമായും കവിയുടെ മുന്നിലുണ്ട്.

ഇവക്കെല്ലാം പുറമേ ജാതിയും മതവും വിശ്വാസ സംരക്ഷണവും ആചാര ലംഘനവും തുടങ്ങി  ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന എണ്ണമറ്റ പ്രശ്നങ്ങളിൽ കവി ഇടപെടുന്നുണ്ട്. ചുരുക്കത്തിൽ ബാഹ്യ ജീവിതത്തിലെ ഇത്തരം  അനുഭവങ്ങളൊന്നും ബാധിക്കാത്ത വിധത്തിൽ ഏതോ ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന മനുഷ്യനല്ല താനെന്ന്  കവി അടിവരയിട്ട് പറയുന്നു.

കുരീപ്പുഴ ശ്രീകുമാർ എഴുതുന്നു.

‘ആകാശ വീക്ഷണത്തിന് പകരം ശിവപ്രസാദിന്റെ  ഉൾവഴികളിലൂടെ സഞ്ചരിച്ചാലോ, സൂക്ഷിച്ച് നടക്കണം, ഉറഞ്ഞുകൂടിയ ദുഃഖത്തിെൻറ ശിലാഗ്രങ്ങളുണ്ട്. കണ്ണീർക്കടലുകൾ തീർക്കുന്ന ശൈലി ഈ  കവിക്കില്ല. പകരം ഘനീഭവിച്ച കണ്ണീർത്തുരുത്തുകൾ കവിതയിലുണ്ട്. നിലവിളിയുടെ വൻ കടലുകൾ ഇല്ല. കട്ടപിടിച്ച മനുഷ്യരോദനത്തിന്റെ  പവിഴപ്പുറ്റുകൾ ഉണ്ട്.’

എന്താണ് തനിക്ക് കവിത എന്ന് പ്രഖ്യാപിക്കുന്ന രണ്ട് കവിതകൾ പി ശിവപ്രസാദ് ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.

‘കവിത തേൻകുടമല്ല കാതിലേക്കിറ്റിച്ചു തരുമെന്ന് കരുതി നീ കാത്തിരിക്കേണ്ട.
കവിത കരിവണ്ടല്ല, താമരക്കുള്ളിലെ തരളതയിൽ വീണുറങ്ങാറുമില്ല.
കവിത ദേശസ്നേഹ ദുന്ദുഭിയിലുണരുന്ന  കപട ബോധ്യത്തിൽ ചിരിക്കുന്ന ബുദ്ധനല്ല

പിന്നെയോ.

കവിതയിൽ മുലയറ്റപെണ്ണുങ്ങൾ വന്നു നിന്നലറും
തലയറ്റ തെയ്യങ്ങൾ  കൈകോർത്തുനിറയും

മരവിച്ച കുഞ്ഞുങ്ങൾ ശൂലമുനയിൽ നൃത്തമാടും.
കാറ്റിന്റെ ചിറകുകളിൽ മാനവവേദം  തളിർക്കും

കവിത, യൊറ്റ ചിലമ്പൂരിയെറിഞ്ഞേത് ദുഷ്ടാധികാരിയേയും
പച്ച വിറകാക്കി പത്തനങ്ങൾ കത്തിയെരിക്കുമഗ്നി നക്ഷത്രം.

ചാരുകസേരയിൽ അലസമായിരുന്ന് വായിക്കാവുന്ന ശുദ്ധ സൗന്ദര്യാത്മക രചനകളല്ല തന്റേതെന്ന്  കവി സ്പഷ്ടമായി  പറയുന്നു. ഗൃഹാതുരമോ മധുരവിഷാദമോ ആയതൊന്നും പ്രതീക്ഷിച്ച്  ഈ കവിതകളിലേക്ക് കടക്കരുത്. സമാഹാരത്തിലെ ആദ്യ കവിതയായ ‘കവികളുടെ പ്രകടനപത്രിക’യിൽ

ചില കൂട്ടുകാർ ചോദിക്കുന്നുണ്ട് സമൂഹ വൈദ്യന്മാരുടെ വേഷത്തിൽ
എന്തേ  ഇരുവട്ടം നായകനെപ്പറ്റി അവന്റെ  ഖരഭാഷയുടെ ഗരിമയെപ്പറ്റി
ഓണത്തെ  പെരുന്നാളിനെ മലയേറ്റത്തെ പൂക്കളെ, പുണ്യശരീരരെ, പ്രണയത്തെ, മറവിയെ, മഞ്ഞുവീഴ്ചയെ മരണത്തെ അന്യഗ്രഹ സഞ്ചാരങ്ങളെയൊക്കെപ്പറ്റി എന്തേ കവിതയെഴുതുന്നില്ല?

ക്ഷമിക്കണം കൂട്ടുകാരേ,

‘ഞങ്ങളുടെ ഇടറുന്ന അക്ഷരമോരോന്നും
പിതാക്കളുടെ അസ്ഥിയിൽ മുളപൊട്ടി
അമ്മമാരുടെ കണ്ണീരിൽ ഇലവിരിഞ്ഞ്
തീവിഴുങ്ങിപ്പക്ഷിയുടെ അകമേ സഞ്ചരിച്ച്
ശൂന്യസ്ഥലികളിൽ അടയിരുന്ന്
കൊത്തിയുടക്കാതെ വിരിഞ്ഞ്
ചിറകും തൂവലും മുളച്ച പറവകളാണ്.’

അങ്ങനെ അതിരുകളില്ലാത്ത ദേശത്ത് സ്വതന്ത്ര സഞ്ചാരം നടത്തുന്ന പറവകളാണ് തന്റെ  കവിതകളെന്നു പി ശിവപ്രസാദ് വ്യക്തമാക്കുന്നു.

തന്റെ സർഗ്ഗവൈഭവത്തെ പൊറുക്കാനാവാത്ത  നീതികേടുകൾക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാനാണ് കവി ശ്രമിക്കുന്നത്. അതിന് വളച്ചുകെട്ടലിന്റെ  ഭാഷയല്ല ധ്വനി സാന്ദ്രമായോ ദുർഗ്രഹമായോ ഉള്ള രീതികളല്ല.

ഋജുവായി സ്പഷ്ടമായി അവതരിപ്പിക്കുന്നു.

മരിക്കാത്ത കോശങ്ങളുടെ സംഗീതം എന്ന കവിതയിൽ കവിയുടെ രാഷ്ട്രീയ ജാഗ്രതയുടെയും ജനാധിപത്യ ബോധ്യത്തിെൻറയും ആത്മാർഥത തെളിഞ്ഞു കാണാം.

‘മരിക്കാത്ത കോശങ്ങളുടെ സംഗീതം
ഏകാന്തമായ ആലാപനത്താൽ തീമഴ പോലെ പെയ്തിറങ്ങും.
അപ്പോൾ വ്യാളിമുഖങ്ങളുള്ള സിംഹാസനങ്ങളുടെ
മൂലക്കല്ലുകൾ ഒന്നാകെ ഇളകും.
മനുഷ്യന്റെ  ആത്മബോധത്തിലെ
പുരോവെട്ടത്തിനപ്പുറം കതിരിടുന്ന
യാതൊന്നുമില്ലെന്ന് തിരിച്ചറിവുണ്ടാകും.
അപ്പോഴും നീ പ്രതിജ്ഞയോടെ ജനാധിപത്യ വേദത്തിന്റെ
കാവലായി യന്ത്ര ജീവിതത്തിന്റെ
പൽചക്രങ്ങളിൽ സ്വയം അരഞ്ഞു കൊണ്ടെങ്കിലും
ഉലയിലെ ചുട്ടുപഴുത്ത ഇരുമ്പ് തൂണിനെ
ആവർത്തിച്ച് പ്രഹരിച്ചു കൊണ്ടേയിരിക്കും.

വാക്കുകളെ വളരെ കരുതലോടെയും, ചരിത്രത്തിലേക്കും ദർശനത്തിലേക്കും മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണത്തിലേക്കും ചെന്നെത്തുംവിധം അർഥസാന്ദ്രമായി പി. ശിവപ്രസാദ് ഉപയോഗിക്കുന്നു.

സമാഹാരത്തിന് ആമുഖമെഴുതിക്കൊണ്ട് കവി സച്ചിദാനന്ദൻ പറയുന്നു. പി. ശിവപ്രസാദിന്റെ കവിതകൾ ബിംബങ്ങളുടെ മൗലികതയും സാമൂഹ്യമായ ഊർജ്ജവും നൈതികമായ പ്രതിരോധവും കൊണ്ട് സമ്പന്നമാണ്. പുരോചനൻ, ഉമ്മയും ജാസ്മിനും ഒരു സത്യകഥ തുടങ്ങിയ കവിതകളിൽ നമ്മുടെ ക്രൂരകാലം അതിെൻറ എല്ലാ നിർദയത്തോടും വ്യസനത്തോടും വൈരുദ്ധ്യത്തോടും കൂടി ആവിഷ്കാരം കണ്ടെത്തുന്നു.

പ്രത്യക്ഷരാഷ്ട്രീയം തന്നെ വിഷയമാകുന്ന കവിതകൾ  മുതൽ പ്രകൃതി വിഷയമായി മാറുന്ന കവിതകൾ വരെ ഈ  സമാഹാരത്തിലുണ്ട്. ഓർമകളുടെ തടാകം എന്ന കവിത കവിയുടെ ജന്മദേശമായ കൊല്ലത്തെ ശാസ്താംകോട്ട കായലിനെക്കുറിച്ചാണ്.

‘മണലൂറ്റും മറുതകളെ മലതോണ്ടും  പരിഷകളെ
ചുടലത്തീപിടികൂടും  നിങ്ങളെയെല്ലാം
മണ്ണിത് പാഴ് മരുഭൂവായ് തീരും മുമ്പേ
മരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ’

ഇങ്ങനെ ചുരുക്കം വാക്കുകളിൽ സുതാര്യമായൊരു പ്രസ്താവത്തിന്റെ  രൂപത്തിൽ കവി ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെയും നീതികേടുകളെയും ചൂഷണത്തെയും അവഗണനകളെയുമെല്ലാം സംഗ്രഹിച്ചവതരിപ്പിക്കുന്നുണ്ട്. നിലപാടുകളിൽ ആർജവവും പ്രമേയങ്ങളിൽ വൈരുദ്ധ്യവും അവയുടെ പരിചരണങ്ങളിൽ പുതുവഴികളുമുണ്ട് ശിവപ്രസാദിന്റെ കവിതകളിൽ.

ജീവിതത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമെല്ലാം ആവേശം കൊള്ളുന്ന കവതകളാണ് ഈ  സമാഹാരത്തിൽ. അവയോരോന്നും വായനക്കാരനെ അലോസരപ്പെടുത്താൻ പോന്നതും.

‘കവിതയാൾക്കൂട്ടത്തിൽ ഒറ്റയാകുമ്പോഴും
തിങ്ങുമേകാന്തത്തിലായിരം നാവോടെ സ്വന്തം നിലത്തിലെ
മണ്ണിരക്കും തകര നാമ്പിനും എല്ലാ ചെറുതിനും വേണ്ടിയവിശ്രമം നീറും മനസ്സ്.

എന്ന് ശിവപ്രസാദ് എഴുതുന്നു.

ഈ  നീറ്റൽ സമകാലിക മലയാളകവിതയിൽ കൂടുതൽ മുഴക്കമുള്ള സ്വരം പ്രാപിക്കാൻ കവിയെ പ്രാപ്തനാക്കുന്നു. അത് വായനക്കാരനെ പുതിയ ഉയരങ്ങളിലേക്ക് കണ്ണുതുറക്കാൻ പ്രേരിപ്പിക്കുന്നു.

“ആകാശവീക്ഷണത്തിനു പകരം ശിവപ്രസാദിന്റെ ഉൾവഴികളിലൂടെ സഞ്ചരിച്ചാലോ?  നടക്കണം. ഉറഞ്ഞുകൂടിയ ദുഖത്തിന്റെ ശിലാഗ്രങ്ങളുണ്ട്. കണ്ണീർക്കയാളുകൾ തീർക്കുന്ന ശൈലി ഈ കവിക്കില്ല. പകരം, ഘനീഭവിച്ച കണ്ണീർത്തുരുത്തുകൾ കവിതയിലുണ്ട്. നിലവിളിയുടെ വൻകടലുകൾ ഇല്ല. കട്ടപിടിച്ച മനുഷ്യരോദനത്തിന്റെ പവിഴപ്പുറ്റുകൾ ഉണ്ട്.”

കുരീപ്പുഴ ശ്രീകുമാർ

“പി. ശിവപ്രസാദിന്റെ കവിതകള്‍ ബിംബങ്ങളുടെ മൌലികതയും സാമൂഹ്യമായ ഊര്‍ജ്ജവും നൈതികമായ പ്രതിരോധവും കൊണ്ട് സമ്പന്നമാണ്. അത് യാഥാസ്ഥിതികതയുടെ എല്ലാ അവതാരങ്ങളെയും ചെറുക്കുന്നു.  പുതുമയുള്ള ഇമേജുകളിലൂടെ ശിവപ്രസാദ് ഇന്ദ്രിയഗോചരമായ ഒരു മാനുഷികലോകം ഈ കവിതകളില്‍ സൃഷ്ടിക്കുന്നു. ‘പുരോചനന്‍’, ‘ഉമയും ജാസ്മിനും: ഒരു സത്യകഥ’ തുടങ്ങിയ കവിതകളില്‍ നമ്മുടെ ക്രൂരകാലം അതിന്റെ എല്ലാ നിര്‍ദ്ദയതയോടും വ്യസനത്തോടും വൈരുദ്ധ്യത്തോടും കൂടി ആവിഷ്കാരം കണ്ടെത്തുന്നു.”

സച്ചിദാനന്ദന്‍

“ഭാഷയിൽ തന്റേതായ ഒരു സ്വതന്ത്രദേശം സൃഷ്ടിക്കാനുള്ള യത്നങ്ങളാണ് പി. ശിവപ്രസാദിന്റെ കവിതകളിലെ ബലതന്ത്രത്തെ നിർണ്ണയിക്കുന്നത്. ഭയം എല്ലാറ്റിനും മീതെ ഒരു കറുത്ത മേലങ്കിയായി വീഴുമ്പോൾ, അറിയാതെ പുറപ്പെട്ടുപോകുന്ന നിലവിളികളെന്നും ഈ കവിതകളെ വായിക്കാം. മലയാളകവിതയുടെ പൊതുമണ്ഡലത്തിൽ ഈ കവിതകൾ ചർച്ചയാവുമെന്നുറപ്പുണ്ട്.”

വീരാൻകുട്ടി

മരിക്കാത്ത കോശങ്ങളുടെ സംഗീതം – പി ശിവപ്രസാദ്

പേജ് – 104
വില 120 രൂപ
പ്രസാധനം: ലോഗോസ്

Related Articles

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്. ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടി ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: