Thursday, June 24, 2021

വിവാഹം, പ്രസവം, മാനസികാരോഗ്യം

ആരോഗ്യം

ഡോ. മറിയം ജമീല

അപമാനകരമായ വൈവാഹിക ജീവിതത്തേക്കാൾ നല്ലതു മരണമാണെന്ന എന്റെ സുഹൃത്തിന്റെ സന്ദേശമാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത് Post Partum Psychiatric Disorders ലൂടെ കടന്നു പോകുന്ന പേരറിയാവുന്നവർക്കും പേരറിയാത്തവർക്കും പേരില്ലാത്തവർക്കും കൂടിയാണിത്. വിവാഹവും കുടുംബവും തുല്യതയില്ലാത്തിടത്തോളം സ്ത്രീയുടെ മാത്രം ബാധ്യതയാണ്. വേണ്ടെന്നു തോന്നിയാൽ പോലും ഇട്ടെറിഞ്ഞു വരാൻ പറ്റാത്ത അത്ര നിസ്സഹായതയിലേക്കു സ്വയം തള്ളപ്പെടും. പിന്നെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലെ ജീവിതം എങ്ങനെ മുന്നോട്ടു പോകും. അങ്ങനെയൊന്നും അല്ലല്ലോ വിവാഹശേഷം സന്തോഷമായി ജീവിക്കുന്ന എത്രയോ പേർ ഉണ്ട് എത്ര ഉദാഹരണങ്ങൾ വേണം എന്ന Whataboutery theory യിൽ വിശ്വസിക്കുന്നവർ ആണ് ഏറെയും എന്നത് അതിശയോക്തിയുമല്ല. അവരോടു തർക്കിക്കാനുമില്ല.

Post Partum Depression ന്റെ മെഡിക്കൽ വശങ്ങളെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. വിശദമായി പറയാനുള്ള അറിവെനിക്കില്ല. എങ്കിലും അറിയാവുന്ന ചില കാര്യങ്ങൾ ചുരുക്കി എഴുതുന്നു.

dr-mariyam-jameela
ഡോ. മറിയം ജമീല

ഞാൻ വായിച്ച മെഡിക്കൽ പുസ്തകങ്ങളെക്കാൾ ഇതിനെപറ്റി എനിക്ക് പറഞ്ഞു തന്നത് അതിലൂടെ കടന്നു പോയ എന്റെ സുഹൃത്തുക്കൾ ആണ്. കുഞ്ഞിനെ എടുത്തു വലിച്ചെറിയാൻ തോന്നുന്നു എന്ന് പറഞ്ഞവരുണ്ട്. ആത്മഹത്യ ചെയ്യാൻ തോന്നുന്നു എന്ന് പറഞ്ഞവരുണ്ട്. എന്ത് ചെറുതാണ് കുഞ്ഞു, ഞാനിതിനെ എങ്ങനെ വളർത്തി വലുതാക്കും എന്ന് ആശങ്ക പങ്കുവെച്ചവരും ഉണ്ട് . ഗർഭ കാലത്തോ പ്രസവത്തിനു മുൻപോ പ്രസവത്തിനു ശേഷമോ ഉണ്ടായേക്കാവുന്ന മാനസിക സംഘർഷത്തെയാണ് Perinatal Depression എന്ന് പൊതുവെ പറയുന്നത്. പ്രസവത്തിനു മുന്നെയുള്ളതാണെങ്കിൽ prenatal depression എന്നും ശേഷമാണെങ്കിൽ അതിനെ post partum psychiatric disorder എന്നും പറയുന്നു .

Post Partum Psychiatric Disorders നെ Post Partum Blues , Post Partum Psychosis , Post Partum Depression എന്നിങ്ങനെ മൂന്നായി തരാം തിരിക്കാം . നാലിൽ ഒന്ന് എന്ന നിരക്കിൽ Post Partum Psychiatric Disorders ഉയർന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. Post Partum Blues ഒട്ടുമിക്ക സ്ത്രീകളിലും സാധാരണമായി കണ്ടു വരുന്നതാണ് .. 1000 ൽ 750 എന്നാണ് കണക്കുകൾ പറയുന്നത് .കുഞ്ഞു ജനിച്ചയുടനെ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ , Biological clock ൽ വരുന്ന വ്യതിയാനങ്ങൾ ഒക്കെ ഈ സംഘർഷത്തിന് കാരണമാണ് . കടുത്ത നിരാശ, വിഷാദം കുഞ്ഞിനോട് താല്പര്യമില്ലായ്മ അകാരണമായ ദേഷ്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ് . പങ്കാളിയുടെ, കുടുംബത്തിന്റെ , സുഹൃത്തുക്കളുടെയൊക്കെ പിന്തുണയുണ്ടെങ്കിൽ രണ്ടാഴ്ച്ച കൊണ്ടോ ഒരു മാസം കൊണ്ടോ മറികടക്കാവുന്ന ഒന്നാണ് post Partum Blues അല്ലെങ്കിൽ Baby Blues. ചിലർക്ക് ഇത് ദീർഘ കാലം നീണ്ടു നിൽക്കുന്നു .. കരുതലിനൊപ്പം വൈദ്യ സഹായവും ആവശ്യമായി വരുന്നു.

Post Partum Depression ന്റെ കാരണങ്ങൾ പഠന വിധേയമായിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലാണ് കൂടുതലായും കണ്ടു വരുന്നത് . അതിലേക്കു കടക്കുന്നില്ല. എടുത്തു പറയാനുള്ളത് . സമൂഹത്തിന്റെ പ്രതികരണമാണ് . “ഞങ്ങളൊക്കെ എട്ടും പത്തും പെറ്റതാണല്ലോ അന്നൊന്നും ഇല്ലാത്ത ഇതിപ്പോ എവിടുന്ന് വന്നു . മടിയായതു കൊണ്ടാണ് “എന്നിങ്ങനെയുള്ള സമൂഹത്തിന്റെ കണ്ണിൽ നിർദോഷം എന്ന് തോന്നാവുന്ന വിലയിരുത്തലുകൾ ഇതിലൂടെ കടന്ന് പോകുന്നവരുടെ ആഘാതം കൂട്ടാൻ ഇടയാക്കുന്നു എന്ന് Common Sense ഉണ്ടെങ്കിൽ മനസ്സിലാക്കാവുന്ന ഒന്നാണ് .നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്. കുഞ്ഞു ജനിച്ചാൽ Evaluation and Assesment നു എത്തുന്ന ബന്ധുക്കളെയും നാട്ടുകാരെയും അടുപ്പിക്കാതിരിക്കുക എന്നതും നമ്മുക്ക് അവരോടു ചെയ്യാൻ കഴിയുന്ന മനുഷ്യത്വപരമായ പരിഗണനയാണ് . Post Partum Depression ന്റെ ഏറ്റവും പ്രസക്തമായ വശം പലപ്പോഴും സജീവമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല . അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം കുട്ടികളുടെ വൈഞ്ജാനിക വികസനത്തെയും (Cognitive Development) പെരുമാറ്റ വികസനത്തെയും (Behavioural Development) സാരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതവരുടെ ജീവിക്കാനുള്ള മൗലികമായ അവകാശത്തിന്റെ ലംഘനം കൂടിയാകുന്നു.

മാനസിക ആരോഗ്യം ഒരു മിഥ്യയായി മാത്രം കാണുന്ന ഒരു കാലത്തോടാണ് ഇതൊക്കെ പറയുന്നത് . Psychatrist നെ കാണാൻ പോകുന്നു എന്ന് പറയുമ്പോൾ അത് ‘അവൾ ആകുമ്പോൾ’ അതിലെ കുഴപ്പങ്ങൾ കണ്ടെത്തുകയും അത് കൊട്ടിഘോഷിച്ചു നടക്കുകയും ചെയ്യുന്നതിൽ നിർവൃതി കണ്ടെത്തുന്നവർ നമുക്കിടയിൽ ഉണ്ടെന്നത് പകൽ പോലെ സത്യമാണ്. ആരോഗ്യത്തിനു സാമൂഹ്യപരവും മാനസിക പരവുമായ
ഒരു തലം കൂടിയുണ്ടെന്ന് എത്ര ജീവനുകൾ ആത്മഹത്യയിൽ പൊലിഞ്ഞാലാണ് നമ്മൾ മനസ്സിലാക്കുക ? നമുക്ക് നമ്മളെ തിരുത്താനാവുക ? ടെൻഷനും സംഘർഷവും ഒക്കെ ഒരു പനി വരുന്ന പോലേയുള്ളു , ആവശ്യമെങ്കിൽ ഡോക്ടറെ കാണാൻ കൂടെ വരാം എന്ന് പരസ്പരം പറയുന്ന സുഹൃത്തുക്കളിൽ പ്രതീക്ഷയുടെ നുറുങ്ങു വെട്ടമുണ്ട് .എന്നോടും ഇത് വായിക്കുന്ന പെണ്ണുങ്ങളോടും ആണ് .. ലിംഗനീതി എന്നത് ഔദാര്യമല്ല .. അവകാശമാണ് .. ആത്മാഭിമാനം പണയം വയ്‌ക്കേണ്ടി വരുന്ന, മരണത്തിനു പ്രേരിപ്പിക്കുന്ന ഒരു ബന്ധത്തിലോ കാരാറിലോ ആണ് നിങ്ങൾ എങ്കിൽ അത് സൗഹൃദമായാലും പ്രണയമായാലും വിവാഹമായാലും കോഹാബിറ്റേഷൻ ആയാലും തുടർന്ന് പോവരുത് .. സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അത് നിയമപരമോ മതപരമോ രാഷ്ട്രീയമോ അതല്ലെങ്കിൽ എന്തുമാകട്ടെ എങ്ങനെയും രക്ഷപ്പെടണം.

അങ്ങനെ ചെയ്തത് കൊണ്ട് കിട്ടാവുന്ന തേപ്പുകാരി ഇത്യാദി വിശേഷണങ്ങൾ ആത്മാഭിമാനം സംരക്ഷിച്ചതിനുള്ള അംഗീകാരമായി കരുതണം. കലിപ്പന്റെ കാന്താരിമാരായി സ്വത്വം നഷ്ടപ്പെടുത്തി, മരണം വരിക്കുന്നതിലും ഭേദം സ്വതന്ത്രയായി ജീവിക്കുന്നതാണ് … മറ്റൊരു റംസിയും ഉത്തരയും ആവാതിരിക്കാൻ നിങ്ങളെ പാകപ്പെടുത്താനുള്ള ബാധ്യതയും നിങ്ങൾക്ക് നിങ്ങളോടുണ്ട്.നീതിയില്ലാത്ത ലോകത്തു ഒറ്റയ്ക്ക് ജീവിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ട് . കാലത്തോട് കലഹിച്ചു നിങ്ങൾ തോറ്റു പോയാലും ആ തോൽവിയിലും വിജയത്തിന്റെ തിളക്കമുണ്ട് . മറിച്ചു നിങ്ങൾ നിങ്ങളായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പങ്കാളിയാണെങ്കിൽ അത് വിവാഹമോ കോഹാബിറ്റേഷനോ മറ്റേതുമാകട്ടെ മരണം വരെ ചേർന്ന് നിൽക്കണം. ചേർത്ത് നിർത്തണം. ജീവിക്കാനുള്ള നിങ്ങളുടെ അവകാശത്തേക്കാൾ വിലമതിക്കുന്നതൊന്നും ഈ ഭൂമിയിലില്ല എന്ന് തിരിച്ചറിയണം .. നിങ്ങൾ വരയ്ക്കുന്ന അതിരുകൾ മാത്രമേ നിങ്ങൾക്കുള്ളു എന്നും .. കവി അയ്യപ്പ പണിക്കർ പാടിയത് പോലെ “നാം പുണരും കിനാവിന്റെ ദിവ്യ നാഭിയിൽ നാം ഉയിർ കൊള്ളുമെങ്കിൽ ”

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ

Related Articles

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat