നീ നനയുന്നത് എന്റെ മഴയല്ല…..

നന്ദിനി മേനോൻ

മുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു പിടിച്ച് അമ്മ നീട്ടി കാണിക്കുന്ന കുഞ്ഞു തലയിൽ വാളിൻ പിടിയാലെ പതുക്കെ ഒന്നു മുട്ടി അയാളെന്തോ പറയും, പച്ചമഞ്ഞളിന്റെയും ചെമ്പരത്തി പൂവിന്റെയും മണമുള്ള ശ്വാസം എന്റെ നെറ്റിയിൽ ആഴത്തിൽ പതിയും. കുഞ്ഞു കൈത്തലം പിടിച്ചു വിരലുകൾ വിടുവിച്ച്‌ പച്ചരി നിറച്ചു തരും. വെള്ളി നാഗത്തളകൾ പിണഞ്ഞു കിടക്കുന്ന വിണ്ടു കീറിയ പാദങ്ങൾ മാത്രം ഞാൻ കാണും. നാക്കിലക്കീറിൽ വിളമ്പിത്തരുന്ന കുന്നപ്പുള്ളിക്കാവിലെ തട്ടകത്തമ്മയുടെ കടും മധുര പായസത്തിന് വിശപ്പിന്റെ നല്ല സ്വാദാണ്. രാവിലെ ഏരിവരമ്പത്തുകൂടെ ഒടിച്ചു കുത്തി പൂക്കൾ പറിച്ചും പറങ്കിമാവിൻ കൊമ്പുകളിലോടിക്കയറിയും ചെമ്പരത്തി വേലികൾക്കിടയിലൂടെ നൂണും നുഴഞ്ഞും ആനയെക്കുഴിച്ചിട്ട പെരും മേടു കയറിയും ചുവന്ന പശ മണ്ണിൽ വഴുക്കി വീണ് മുട്ടു പൊട്ടിച്ചും ആഘോഷമായി വന്നപ്പോഴോന്നും അറിയാതിരുന്ന വിശപ്പ്, ഇലക്കീറിൽ വട്ടത്തിൽ പൊള്ളിക്കിടക്കുന്ന മണലു കടിക്കുന്ന ശർക്കര പായസത്തിൽ നിന്നും ചുരുളഴിഞ്ഞാടും.

തിളച്ച പായസം ആ കയ്യിൽ ഈ കയ്യിൽ മാറ്റി മാറ്റി പിടിച്ച് ചൂണ്ടു വിരൽ പൂഴ്ത്തി പതുക്കെ നക്കി ഊതി നില്ക്കുമ്പോഴും എന്റെ കണ്ണുകൾ കാവിന്റെ തിണ്ണയിൽ വല്ലാത്തൊരു ക്ഷീണത്തോടെ കണ്ണടച്ച് ചാരിയിരിക്കുന്ന വൃദ്ധനിലായിരിക്കും. മടിയിൽ നീട്ടിവെച്ചിരിക്കുന്ന വാൾ നാവു നീട്ടി ചോര നുണയുന്നുണ്ടോ എന്നായിരുന്നു പേടി.

നിറഞ്ഞ കളത്തിനു മുന്നിലിരുന്ന് ദാരിക വധം പാടുന്നയാൾ കനത്ത മരയഴികൾക്കിടയിലൂടെ ഇടക്കിടെ സർപ്പത്തെപ്പോലെ എത്തിനോക്കും. ചോരയൂറുന്ന ചിറി അമർത്തിത്തുടച്ച് തേങ്ങാമുറിയിലെ എള്ളുതിരിനാളത്തിലേക്ക് അവളുടെ കനൽ മിഴികൾ ആളിക്കത്തും. കറുത്ത ചാന്താടിയ മേനിയിൽ തെച്ചിമാലയണിഞ്ഞ സർവ സംഹാരിണിയുടെ രൂപം പാതി നിഴൽ മൂടി നില്ക്കും. കിഴക്കേമുറ്റത്ത് നിരത്തി വെച്ച കതിനക്കുറ്റികൾക്ക് തീമൂട്ടുന്നതോടെ എല്ലാം തികഞ്ഞു. അത്യന്തം പേടിപ്പെടുത്തുന്ന തണലു പൊതിഞ്ഞ ഇരുണ്ട കാവിൻ മുറ്റത്തു നിന്നും കടമ്പ ചാടി പുറത്തു കടക്കുന്നതോടെ ചിലമ്പും വാളും തീക്കണ്ണും മറന്ന് ഞങ്ങൾ വീണ്ടും വേനലൊഴിവിന്റെ അവസാന ആഘോഷങ്ങളിലേക്ക് എടുത്തു ചാടുന്നു. കമിഴ്ന്നു കിടക്കുന്ന കമ്മൽ പോലുള്ള കാവരളി പൂക്കൾ കൈ നിറയെ പെറുക്കിയെടുത്ത് ആർപ്പും വിളിയുമായി ജാഥ പോലെ ഒടിച്ചു കുത്തിക്കാടും ആനമേടും പറങ്കിമാങ്ങാ തോട്ടങ്ങളും കടന്ന് വീട്ടിലേക്കു മടങ്ങുന്നു. സ്ക്കൂൾ തുറപ്പിനു മുന്നേ തന്നെ കല്ലടിക്കോടൻ മല മഴ ചുരത്തും.

മുകളിലെ അഴിയടിച്ച വ്രാന്തയിലിരുന്നാൽ ഓട്ടിൻ പുറത്തഴിഞ്ഞുവീണു ഒരു ഞെട്ടലോടെ മുറ്റത്തേക്കു ചാടി ഗന്ധരാജൻ ചോട്ടിലേക്കും കുടമുല്ലക്കാട്ടിലേക്കും നൂൽ ചെമ്പരത്തി മൂട്ടിലേക്കും പാഞ്ഞു പോകുന്ന മുത്തുമണികൾ കാണാം. മുകളിലെ ചാരുപടിയിലിരിക്കുന്ന കമ്പി റാന്തലിന്റെ വെളിച്ചത്തിൽ മുറ്റത്തേക്കെടുത്തു ചാടുന്ന മഴമുത്തുകളുടെ കണ്ണുകളിലെ ഞെട്ടൽ തെളിഞ്ഞു കാണാം.

താഴെ അടുക്കളയിൽ ചക്കവരട്ടിയത് കനലടുപ്പിൽ കയറ്റിയ ഉരുളിയിലിട്ടു പനത്തണ്ടുകൊണ്ടു കുത്തിയിളക്കുന്ന നെയ്മണം പൊങ്ങിവരും. പടിഞ്ഞാറെ മുറ്റത്തെ ബദാം മരക്കൊമ്പിലിരുന്ന് നനഞ്ഞൊരു പക്ഷി പൂവ്വാ പൂവ്വാ -ന്ന് ഇണക്കിളിയോടു കെഞ്ചും. വെള്ളിലകളിൽ ഉരുണ്ടു കൂടി നില്ക്കുന്ന മഴവില്ലുകൾ ചൂണ്ടുവിരലാൽ മിടിച്ചു തെറിപ്പിച്ച് പുലരി വരും. കഴുകിത്തുടച്ച പോലെ നില്ക്കുന്ന കല്ലടിക്കോടൻ മല കയ്യെത്തും ദൂരത്തെന്നു തോന്നും.

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത യാത്രാമൊഴി പോലെ അമ്മ വടക്കേമുറ്റത്തും കോണിച്ചോട്ടിലും പടിഞ്ഞാറ്റിയിലും മൊഴിമുട്ടി നില്ക്കും. എന്നും ഞങ്ങളുടെ മടക്കയാത്രയുടെ അന്ന് ഉച്ചയൂണു കഴിഞ്ഞാൽ മുത്തശ്ശി നെയ്യപ്പം ഉണ്ടാക്കാനൊരുങ്ങും. രാധമ്മ അരി പൊടിച്ച് പാവു കുറുക്കി പഴമിട്ടു കുഴച്ച് മാവൊരുക്കി കഴിയുമ്പോഴും ഇല്ലിച്ചുള്ളി പോലുള്ള വിറകുകൾകൊണ്ട് ചാരം മൂടിയ കനലിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചോണ്ട് മുത്തശ്ശി കുനിഞ്ഞു നില്പായിട്ടേയുണ്ടാവു. അടുക്കള ജനലിലൂടെ കിഴക്കേമാനത്തിന്റെ ദുർമുഖം നോക്കിക്കൊണ്ടവർ മഴ എരച്ചു കെട്ടി വരണ് ണ്ട് ഇനീപ്പൊ ഇതൊക്കെ ഇണ്ടാക്കിക്കഴിയാൻ വൈകും നാളെപ്പൂവ്വാ കുട്ട്യോളെ -ന്ന് പറയും. എള്ളൂത്തൻ പാറയിറങ്ങി വരുന്ന മഴനനഞ്ഞ സന്ധ്യയിലേക്ക് നെയ്യു മണം പടരും. ചക്കമുല്ലവള്ളിയെ പിടിച്ചാട്ടിയുലച്ചുകൊണ്ട് കറുത്ത കാറ്റ് ധിക്കാരം കാട്ടും. കെട്ടുപോയ ബൾബിനു ചുറ്റും തൊട്ടാലൊട്ടുന്ന ഒരു തരം വണ്ടുകൾ പാറും, താഴെ കത്തിച്ചു വെച്ച കമ്പി റാന്തലിന്റെ നാളം മലങ്കാറ്റിൽ ഇടവിടാതെ ദീർല നമസ്കാരം ചെയ്തുയരും. ഒരു ദിവസം കൂടെ നീട്ടിക്കിട്ടിയ ആഘോഷത്തിൽ ഞങ്ങളെല്ലാവരും നടുവിലത്തെ അറയിലെ ആട്ടുകട്ടിലിലിരുന്നാടും. കട്ടിലിന്റെ വക്കു തട്ടി ചുവരിന്റെ മുതുകു നീറും. പിറ്റേന്നും ഉച്ചതിരിഞ്ഞുള്ള ഞങ്ങളുടെ പുറപ്പാടിനു മുമ്പ് മുത്തശ്ശി കലണ്ടറിലെ കള്ളികളിൽ കോർത്ത നാളും പക്കവും പരതിനോക്കും. മുപ്പട്ടു വെള്ളിയാഴ്ചയും ആഴ്ചപാങ്ങും ഒക്കെ മുഖം തരാതെ ആവി പിടിച്ചിരിക്കുന്ന നേരത്ത്, ഇനി പോട്ടെ അമ്മേ സ്ക്കൂൾ തുറക്കാറായി എന്നു പറഞ്ഞ് അമ്മയിറങ്ങും. പെയ്തതിലേറെ കൊയ്തു നില്ക്കുന്ന പുല്ലുകൾക്കിടയിലൂടെ വഴുക്കുന്ന വരമ്പത്ത് നടക്കുമ്പോൾ ഇടക്കിടെ ഞങ്ങൾ തിരിഞ്ഞു നോക്കും. വലിയ കോട്ടമൂച്ചിച്ചോട്ടിലെ വെട്ടുകല്ലു പടിക്കെട്ടിൽ വെള്ള വസ്ത്രം ചുറ്റി ഒറ്റയ്ക്കിരിക്കുന്നുണ്ടാവും അവർ. ചക്ക വരട്ടിയതിന്റെയും നെയ്യപ്പത്തിന്റെയും കണ്ണിമാങ്ങ ഭരണിയുടെയും പഞ്ഞിക്കിടക്കയുടെയും ഈറൻ പത്തായത്തിന്റെയും മണം വന്നു ഞങ്ങളെ പൊതിയും. മഴച്ചാറലടിക്കുന്നു കുട ചെരിച്ചു പിടിക്ക് നോക്കി നടക്ക് വഴുക്കി വീഴും എന്ന് ഞങ്ങളോട് വേവലാതിപ്പെടുന്ന അമ്മ വഴുക്കുന്ന വരമ്പത്ത് ചാറ്റൽ മഴ നനഞ്ഞ് തിരിഞ്ഞു തിരിഞ്ഞു മുത്തശ്ശിയെ നോക്കി നില്ക്കും. മലയിൽ പെയ്ത മഴയിൽ ചുവന്നു തുടത്തു പാഞ്ഞൊഴുകുന്ന പുഴയിലേക്കു കുനിഞ്ഞു നോക്കി ചെറിയ പാലത്തിൻമേൽ നില്ക്കുമ്പോൾ പാടത്തിനക്കരെ കറുത്തിരുണ്ടു തുടങ്ങിയ മരങ്ങൾക്കിടയിൽ വെള്ളപ്പൊട്ടു പോലൊരു രൂപവും പുറകിൽ അത്താഴമുണ്ണാതുറങ്ങിപ്പോയ വലിയ വീടും അതിനു മുകളിൽ കരയാനൊരുങ്ങി നില്ക്കുന്ന സാന്ധ്യമാനവും……

ഏറെക്കാലങ്ങൾക്കു ശേഷം മകനോടൊപ്പം മഴയത്ത് കുന്നപ്പുള്ളി കാവിലെ കടമ്പ കടന്നു. ഇപ്പോൾ കാവു മുറ്റത്തു ചെന്നു വണ്ടിയിറങ്ങാം. നടയടയ്ക്കാറായി -ന്നു വിളിച്ചു കൂവി ഒടിച്ചു കുത്തി പൂക്കളും പറങ്കിമാങ്ങയും വലിച്ചെറിഞ്ഞ് ഓടിക്കയറി വന്നിരുന്ന ഞങ്ങളൊക്കെ വലുതായതു പോലെത്തന്നെ നടപ്പാതകളും വലുതായിരിക്കുന്നു, ഞങ്ങളൊക്കെ ചിതറിപ്പോയതു പോലെത്തന്നെ വഴിയടയാളങ്ങളും ചിതറിയിരിക്കുന്നു. കറുത്തിരുണ്ടു ആരോഗ്യവാനായ വെളിച്ചപ്പാട് കരിങ്കൽത്തറ മുഴക്കി നടന്നു വന്നു, ഊക്കോടെ ഉറഞ്ഞു തുള്ളി, സന്തോഷമായെന്നു അരീം പൂവുമെറിഞ്ഞു. തല നീട്ടി കാണിക്കാൻ പേടിച്ച് അമ്മയോടൊട്ടി നില്ക്കുന്ന പെൺകുട്ടിയുടെ ഓർമയിൽ എത്ര കാലമായി ഞാനിതൊക്കെ കണ്ടിട്ട് എന്നത്ഭുതപ്പെട്ടു നിന്നു. അകത്തെവിടേയോ ഇരുന്ന് ദാരികവധം പാടുന്നയാളെ കാണുന്നില്ല, വാഴനാരിൽ അയാൾ കോർത്തെടുക്കുന്ന തെച്ചിമാല മാത്രം പതുക്കെ പതുക്കെ നീണ്ടു വരുന്നു.
ആകാശത്തോളം പരന്ന ആലിൻചുവട്ടിലെ ഏറെ പഴക്കമുള്ള മഴ നനഞ്ഞു നനഞ്ഞങ്ങിനെ ഇരിക്കുമ്പോൾ, ഉടുത്തിരുന്ന കസവുമുണ്ടഴിച്ച് വണ്ടിയിലിട്ട് ബർമുഡയുമായി മഴയത്തോടുന്ന മകൻ. നനഞ്ഞൊട്ടിയ കൂത്തുമാടവും മുട്ടു തടവി കുനിഞ്ഞിരിക്കുന്ന അരളി മരവും തലവഴി പുതച്ചു കിടന്നാവി പിടിക്കുന്ന കല്ലടിക്കോടൻ മലയും സെൽഫോണിന്റെ കുഞ്ഞു ചതുരത്തിൽ ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഉത്സാഹം. ഏറെ ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ കുട്ടിക്കാല മഴ കൊള്ളുന്നു. ഇതെന്റെ വേനലാഘോഷങ്ങളുടെ ഒടുവിൽ നെയ്യു മണവും പുരട്ടി വന്നിരുന്ന മഴ. അതിരും പിരിവുമില്ലാതിരുന്ന കളിമുറ്റങ്ങൾ നനച്ചിരുന്ന പഴയ മഴ. വെട്ടുകല്ലു വഴികളിലൂടെ വളഞ്ഞ പുഴപ്പാലത്തിലൂടെ വഴുക്കുന്ന വരമ്പത്തുകൂടെ കുട ചൂടിക്കുന്ന കരുതലുകൾ തട്ടിമാറ്റി മൂടിപ്പുതച്ചൊരു വീട്ടിലേക്കു വാ പൊത്തിച്ചിരിച്ചു കൊണ്ടോടി വന്നിരുന്ന പഴയൊരു മഴ. കുറെയേറെക്കാലങ്ങൾക്കു ശേഷം ഞാൻ കുട്ടിക്കാലം നനയുന്നു…. മകനേ നീ നനയുന്നത് എന്റെ മഴയല്ല…….

2 thoughts on “നീ നനയുന്നത് എന്റെ മഴയല്ല…..

  1. ഒരു മഴയെടുത്തു മുഖത്തേക്കെറിഞ്ഞപോലെ. ഭാഷയുടെ മഴ, വീണ്ടും വീണ്ടും പെയ്തിറങ്ങട്ടെ

  2. നീ നനയുന്നത് എന്റെ മഴയാണ് എന്നോ നീ നനയുന്നത് നിന്റെ മഴയല്ല എന്നോ അല്ലേ വേണ്ടിയിരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *