Sunday, September 19, 2021

മഴയിൽ മറഞ്ഞത്

കഥ

ലിജ സൂര്യ

ഇരുണ്ടുകൂടിയ ആകാശം … പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല…. വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന കുറേ ശാപവചനങ്ങളും മാത്രം കേൾക്കാം… വായ മൂടി കെട്ടി കളഞ്ഞ രോഗം പരക്കെ പടർന്നതു മുതൽ അയാൽ വീടിനുള്ളിൽ “ലോക് ഡൗണി”ലായി. ചെറിയ രീതിയിൽ ചിട്ടിപ്പണം പിരിച്ച് കുടുംബം നടത്തുന്ന ആ ജോലി നിന്നു പോയി. ചിട്ടിപണം വെക്കാൻ ദിവസ വേതനക്കാരായ സാധാരണക്കാർക്ക് വരുമാനമില്ലാതാക്കിയ കോവിഡിനെ അയാൾ ശപിച്ചു കൊണ്ടേയിരുന്നു. അയാൽ സ്വയം പരിഹസിച്ചും വിധിയെ പഴിച്ചും ഓരോ ദിവസവും തള്ളി നീക്കി. വലിക്കാനായി സിഗരറ്റ് പാക്കറ്റ് എടുത്തപ്പോൾ അതും തീർന്നിരിക്കുന്നു. അടുക്കളയിൽ പലചരക്ക് സാധനങ്ങൾ തീർന്നതായി ഭാര്യ മകളോട് പരിഭവം പ്രകടിപ്പിക്കുന്നത് കേട്ട്…. അങ്ങനെ ഒന്ന് താൻ കേട്ടതായി അറിയാതിരിക്കാൻ അയാൾ റേഡിയോയിൽ ഒഴുക്കുന്ന പഴയ ഒരു ഹിന്ദി പാട്ട് ശബ്ദം കൂട്ടി വെച്ചു.

അയാൾക്ക് തന്നോട് തന്നെ എന്തെന്നില്ലാത്തെ ദേഷ്യവും, ഒരു തരം അസ്വസ്ഥതയും ദിനങ്ങൾ കഴിയും തോറും ജീവിതത്തോട് വിരക്തി തോന്നി അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. ഇടയ്ക്ക് മകൾ മുറിയിലേക്ക് ചായയുമായി വരികയും റേഡിയോ ട്യൂൺമാറ്റി വെയ്ക്കുകയും ചെയ്തു. അതൊന്നും അയാൾ അറിഞ്ഞതേ ഇല്ല. അന്നാദ്യമായി പത്ത് വർഷങ്ങൾക്കപ്പുറം വൃദ്ധസദനത്തിന്റെ പടവുകൾ കയറി അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ തിരികെ നടന്നകലുന്ന തന്നോട് ഒരുപാട് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ മറുവശം കടക്കുമ്പോൾ ശ്രദ്ധിക്കണമെന്നും താൻ മറുവശം എത്തുംവരെ വൃദ്ധസദനത്തിന്റെ പടവുകളിൽ കൈകൾ നെഞ്ചോരം ചേർത്ത് നിന്ന അമ്മയുടെ രൂപം അയാളെ പത്തു വർഷങ്ങൾക്കിപ്പുറത്ത് അസ്വസ്ഥനാക്കി.അയാളുടെ മനസ് ആർത്തിരമ്പുന്ന തിരകളായി മാറി. അയാൾക്ക് ഭ്രാന്തമായ ഒരു ഒരവസ്ഥയിലേക്ക് എത്തപ്പെടുന്നതായി തോന്നി. പത്ത് വർഷമായി എല്ലാ ബന്ധങ്ങളും സ്നേഹവും നഷ്ടപ്പെട്ട് താൻ സ്വയം സൃഷ്ടിച്ച “ലോക്ഡൗണി” ൽ ജീവിതം തകർന്നു പോയ അമ്മയെ ഓർത്ത് അയാൾ സ്വയം തലയ്ക്കടിക്കാനും അത്യുച്ചത്തിൽ കരയാനും തുടങ്ങി. ഭാര്യ വന്ന് എന്തോ ഒരു ഗുളിക നൽകി … സ്വല്പം കഴിഞ്ഞ് അയാൾ ശാന്തനായി മയങ്ങിപ്പോയി. ശരിയാണ് ഇപ്പോ കുറച്ച് നാളായി അയാൾ ഇങ്ങനെയാണത്രെ… നഗരത്തിലെ പ്രശസ്തനായ ഡോക്ടർ പറഞ്ഞത് കൊറോണ വന്ന ശേഷം ഒരു പാട് മനുഷ്യർ ഇങ്ങനെ അസ്വസ്ഥരായി കൗൺസിലിങ്ങിന് ലോകത്താകമാനം ഉണ്ടെന്ന്. കാരണമൊന്നുമില്ല. സ്വാതന്ത്ര്യവും സൗഹ്യദ്ദങ്ങളും സ്നേഹ ബന്ധങ്ങളും നഷ്ടമാകുന്നത് കൊണ്ടാണെന്ന്! അതെ… കാരണമില്ലെന്ന് മറ്റുള്ളവർക്ക് തോന്നുന്ന എത്ര മാനസിക വൈകല്യങ്ങളുണ്ട് നമ്മുടെ നാട്ടിൽ? സ്വയം ഉരുകി തീരുന്ന മനസുകളിൽ?

പകൽ മുഴുവൻ തെളിഞ്ഞു കടലിലേക്ക് അർക്കൻ യാത്രയായ സമയത്ത് കൂടണയാൻ വൈകിയതിൽ പരിഭവിച്ച് തമ്മിൽ തമ്മിൽ എന്തോ പറഞ്ഞു അകലേക്ക് പറന്നകലുന്ന കാക്കകളുടെ കരച്ചിൽ ശബ്ദം കേട്ടാണ് അയാൾ മരുന്നിന്റെ മയക്കത്തിൽ നിന്നും എണീറ്റത്. റേഡിയോയിൽ അപ്പോഴും ചലച്ചിത്രഗാനങ്ങൾ ഒഴുകുന്നുണ്ടായിരുന്നു. ബ്രഹ്മാനന്ദന്റെ ശബ്ദത്തിൽ “ക്ഷേത്രമെന്തെന്നറിയാത്ത തീർത്ഥയാത്ര… എന്ന പാട്ട്. അയാൾ ചാടി എഴുന്നേറ്റു. ചാറ്റൽ മഴയുള്ള തെരുവിലേക്ക് യാന്ത്രികമായി അയാൾ നടന്നു. കുറേ നടന്നപ്പോൾ മഴ ശക്തമായി… ആ യാത്ര പുലരുവോളം തുടർന്നു അയാളറിയാതെ…. സമയമറിയാതെ… ദൂരമറിയാതെ… പേമാരിയിൽ തളർച്ചയറിയാതെ.. കാതങ്ങൾ താണ്ടി അയാൾ വൃദ്ധസദനത്തിന്റെ പടവുകൾ ഓടി കയറി. കുട്ടിക്കാലത്ത് സ്കൂൾ വിട്ട് മഴയത്ത് ഇടിമിന്നലിനെ പേടിച്ച് അമ്മയുടെ ചാരത്തെത്താൻ അമ്മയുടെ അരക്കെട്ടിൽ മുറുക്കെ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം പൂഴ്ത്തി ഇടിമിന്നലിനെ തോൽപ്പിക്കാൻ വീട്ടിന്റെ പടവുകൾ ഓടി കയറിയ പഴയ കുട്ടിയായി ഒരു നിമിഷം അയാൾ മാറി.അപ്പോൾ പുറത്തേക്ക് തളർന്നുവീണ ഒരു വൃദ്ധയുടെ ശരീരവും താങ്ങി അന്തേവാസികൾ ദൃതിയിൽ വരുന്നത് കാണാമായിരുന്നു. ആരാ ? ആളാരാ എന്ന് ആരുടേയോ ചോദ്യത്തിന് മറ്റൊരാൾ മറുപടി പറയുന്നുണ്ടായിരുന്നു. ” ജാനകിയമ്മ, കോവിഡാണോന്നാ സംശയം ആരും തൊടാൻ നിൽക്കണ്ടാ… അതാ കാലം, ആശുപത്രീൽ അറീച്ചിട്ടുണ്ട് അവര് വേണ്ടതു ചെയ്തോളും. അയാൾ ഒന്നേ നോക്കിയുള്ളു നനഞ്ഞു കുതിർന്ന ശരീരവുമായി താഴെ വീണു പോകാതിരിക്കാൻ ചുമരിൽ ഇരു കൈകളും കൊണ്ട് അമർത്തി പിടിച്ചു. അയാൾക്ക് ഭൂമി പിളർന്ന് അനേകം തുണ്ടുകളായി പോകുന്നതായി തോന്നി… നിറഞ്ഞൊഴുകുന്ന മിഴികളും വിറക്കുന്ന ശരീരവും തളർന്ന പാദങ്ങളുമായി പടവുകൾ ഇറങ്ങുമ്പോൾ അയാൾ തിരിഞ്ഞു നോക്കി. ശ്രദ്ധിച്ച് റോഡ് ക്രോസു ചെയ്യാൻ പറഞ്ഞ് കൈ വീശി ചിരിച്ചു നിൽക്കുന്ന അമ്മയെ കാണുന്നതായി അയാൾക്ക് തോന്നി.

അയാളുടെ നടപ്പിന്റെ ശക്തി കുറഞ്ഞു. അമ്മയ്ക്ക് വാരിപ്പുണരാവുന്ന കാലത്തെ സ്നേഹം നഷ്ടപ്പെടുത്തി, അവസാനമായി ഒന്നു തൊടാൻ ഒരു ചുംബനം നൽകാൻ കഴിയാത്ത ഹതഭാഗ്യനായ അയാളെ ഓർത്ത് ആർത്തട്ടഹസിച്ച് വൃദ്ധസദനത്തിന്റെ നടയിൽ അയാൾ തളർന്നു വീണു. അയാളുടെ മിഴിനീർ കണങ്ങളിൽ അമ്മയുടെ രൂപം മാത്രം അവശേഷിച്ചപ്പോലെ… അയാളുടെ വായ മാസ്കിനാൽ മൂടപ്പെട്ടിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് സ്വന്തം കുടുംബത്തിന്റെ സുഖത്തിനായി അമ്മയെ ഒഴിവാക്കാൻ ഭാര്യയുടെ വാക്കിനു മുന്നിൽ പ്രതികരിക്കാതെ എന്നേ അയാൾ സ്വയം മൂടി കെട്ടിയ വായ. ശ്മശാനത്തിൽ രണ്ട് ചിതകൾ എരിയുന്നു കാറ്റിൽ അവ പരസ്പരം ധൂമങ്ങളാൽ പുണർന്നു. അപ്പോഴും അകലെ മഴയുടെ ആരവം കേൾക്കാമായിരുന്നു…

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

പക്ഷിനിരീക്ഷകന്‍

കഥ സുഭാഷ് ഒട്ടുംപുറം ആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം...

തെറ്റിപ്പൂ സമിതി

കഥ അരുണ്‍ നാഥ് കൈലാസ് ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക്...

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥ അരുൺകുമാർ പൂക്കോം പല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: