Monday, September 27, 2021

ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.

സുർജിത്ത് സുരേന്ദ്രൻ

1993, വേനൽ മാറി മഴ തുടങ്ങിയ ജൂൺമാസത്തിലെ ഒന്നാം തിയ്യതി. മുറ്റത്ത് നന്ത്യാർവട്ടവും മന്ദാരവും ചെമ്പരത്തിയും ചക്കമുല്ലയും ഈശ്വരമുല്ലയുമെല്ലാം മഴയിൽ കുളിച്ച് സുഗന്ധം പരത്തി നിൽക്കുന്നു. അടുക്കളയിൽ കലക്കി ചുട്ട മൈദ ദോശയുടെ കൊതിപ്പിക്കുന്ന മണം. എല്ലാവരും തയ്യാറെടുപ്പിലാണ്, സന്തോഷത്തിലാണ്. ഇന്നാണ് കോത്താംവള്ളി സാവിത്രിയുടെയും സുരേന്ദ്രന്റെയും ഇളയമകനായ എന്റെ ‘പട്ടാഭിഷേകം’ അഥവാ ഒന്നാം ക്ലാസ്സിൽ ചേർക്കുന്ന ദിവസം.

മുകളിൽ പറഞ്ഞതൊക്കെ എന്റെ മനസ്സിലെ ഫീലാണ്. അച്ഛനും അമ്മക്കും മക്കള് സ്കൂളിൽ പോകുന്ന കാര്യം സന്തോഷം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും അത്ര തള്ളിനുള്ള വകുപ്പൊന്നും ഇല്ല. പക്ഷെ എനിക്കങ്ങനെ അല്ല. കൊറേ കാലമായി ഏട്ടനും ഏച്ചിയും, ബുക്കും വാട്ടർബോട്ടിലും തൂക്കി സ്കൂളിൽ പോകുന്നത് കണ്ട് കൊതിച്ചിട്ടാണ്.

അച്ഛന്റെ കയ്യും പിടിച്ച് റെയിൽവെ പാളത്തിന്റെ അരികിലൂടെ ഒരു കിലോമീറ്റർ അകലെയുള്ള കോരപ്പുഴ സ്കൂളിലേക്ക്. സ്കൂളിന്റെ കോംബൗണ്ടിലേക്ക് ‘ഔദ്യോഗികമായി’ കാലെടുത്തു കുത്തുമ്പോൾ വല്ലാത്ത അഭിമാനവും സന്തോഷവും കൊണ്ട് ഒരു ദീർഘനിശ്വാസം വന്നിട്ടുണ്ടാവണം. വന്നിട്ടുണ്ടാവും, സിനിമേലൊക്കെ വരാറുണ്ട്, എനിക്കോർമ്മയില്ലാഞ്ഞിട്ടാ.

മൊത്തത്തിൽ അവിടെ കരച്ചിലും അലമ്പും ബഹളമയം. ഇവരൊക്കെ എന്തിനാ കരയുന്നതെന്ന് അന്നേരം മനസിലായില്ല എങ്കിലും പിന്നീട് മനസ്സിലായി. പെട്ടന്ന് കുറേ ആൾക്കാരേം, അച്ഛനും അമ്മേം ഒറ്റക്കാക്കി പോകുന്നതിന്റെയും, മുൻപ് പറഞ്ഞ് പേടിപ്പിച്ചതിന്റെയും, മറ്റ് പിള്ളേര് കരയുന്നത് കണ്ടും പിന്നെ ഒരു കാര്യവുമില്ലാണ്ടും ഒക്കെയാണ് കരയുന്നത്. എന്തായാലും ഞാൻ കരഞ്ഞില്ല.

രോഹിണി ടീച്ചർ എന്നാണ് പേര് എന്ന് എനിക്ക് പിന്നീട് മനസ്സിലായ ഒരാളുടെ അടുത്ത് എത്തി അച്ഛൻ കാര്യങ്ങൾ പറഞ്ഞു. അവര് രജിസ്റ്റർ ബുക്കിൽ എഴുതാൻ എന്റെ പേര് ചോദിച്ചു. ‘സുജിത്ത് ‘ ന്ന് പറഞ്ഞു. “ആ പേരിൽ ഇപ്പൊ ഒരാളെ ചേർത്തിറ്റേ ള്ളൂ..” ടീച്ചർ പറഞ്ഞു. ഒരാൾക്ക് ഒരു യൂസർ നെയ്മേ പാടുള്ളൂ എന്നൊന്നും ഇല്ല എങ്കിലും അച്ഛൻ എന്റെ യൂസർ നെയിമുമാറ്റി.
സാധാരണ ഇങ്ങനെ ഒരവസരം വന്നാൽ നമ്മൾ ചെയ്യുന്ന കാര്യം തന്നെ അച്ഛനും ചെയ്തു, അറ്റ കൈക്ക് മറന്നു പോവാതിരിക്കാൻ ‘കാമുകി’യുടെ പേര് തന്നെ കൊടുത്തു.

പാർട്ടി എന്നാൽ അച്ഛന് വലിയ കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി ആയിരുന്ന ‘സഖാവ് ഹർകിഷൻ സിങ് സുർജിത്’ എന്ന നേതാവിന്റെ പേര് തന്നെ എനിക്കിട്ടു.

സുർജിത്ത്, സുർജിത്ത് കുമാർ!!!

എന്റെ പേര് കേട്ട് ആദ്യം ഞാൻ തന്നെ ഞെട്ടി, പിന്നേം ഞാൻ തന്നെ ഞെട്ടി. പിന്നെ ഒന്നാം ക്ലാസ്സും രോഹിണി ടീച്ചറും ഏട്ടന്റെ വാട്ടർ ബോട്ടിലും ഒന്നും ഇല്ല. ഈ ‘സുർജിത്ത് കുമാർ’ എന്ന വലിയ ഡയലോഗ് പഠിക്കുന്ന തിരക്കിലായിരുന്നു. എന്റെ പേരിടൽ ചടങ്ങിൽ അമ്മക്കും ഏട്ടനും ഏച്ചിക്കും പങ്കെടുക്കാൻ കഴിയാത്തതിൽ ഇപ്പൊ സങ്കടം തോന്നുന്നു. സമയമുണ്ട് ഇനിയും മടിയിൽ കിടത്തി പേര് ചൊല്ലി വിളിക്കാവുന്നതാണ്

എന്തായാലും വ്യത്യസ്തമായ ആ പേരും കൊണ്ട് ഞാനഭിമാനത്തോടെ ഇപ്പോഴും ജീവിക്കുന്നു. അതേപോലൊരു ദിവസമാണ്‌ ഇന്നും. ജൂൺ ഒന്ന്. ഒട്ടേറെ കുട്ടികളുടെ ഒരു പുതിയ ചുവടുവെപ്പിന്റെ ദിവസം. പക്ഷെ സ്കൂളികളിലേക്കല്ല. കോവിഡ് എന്ന മഹാമാരി നമ്മളെ പുതിയ പല രീതികളും പഠിപ്പിക്കുന്നു. എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ പേരുപോലെ കുഞ്ഞു കുട്ടികൾക്ക് ഈ അവസരത്തിൽ ലഭിച്ച പുതിയ ഓൺലൈൻ അനുഭവങ്ങൾ ഭാവിയിൽ അവരുടെ ജീവിതത്തിൽ ഒരു മുതൽകൂട്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.

സുർജിത്ത് സുരേന്ദ്രൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

നാടിന്റെ ആത്മാവിനെ പേറുന്നവർ

ശ്രീലേഷ് എ.കെ ദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അല്പം കുനിഞ്ഞു ദേവിയേച്ചി നടന്നു വരും അടുത്ത് എത്തുമ്പോൾ ഒന്ന് നിന്ന്...

അന്നത്തെ അരാഷ്ട്രീയ കലാലയത്തിൽ

മഞ്ജു പി എം എം. സ്വരാജും പി സി. വിഷ്ണുനാഥും ഒക്കെ മനസ്സിൽ ആവേശമായി മാറിരുന്ന ഒരു ഡിഗ്രികാലം ഉണ്ടായിരുന്നു. കലാലയ രാഷ്ട്രീയമൊഴിച്ച് മറ്റെല്ലാവിധ കൗമാരക്കാല രസങ്ങളും ആസ്വദിക്കാൻ പറ്റിയ പെരുമ്പാവൂർ മാർത്തോമാ...

ആഴങ്ങളില്‍

ആരിഫ സാമ്പ്റ വെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന്...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: