Homeസാഹിത്യംഎം ടി - തിരക്കഥാസുകൃതം

എം ടി – തിരക്കഥാസുകൃതം

Published on

spot_imgspot_img

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്. വള്ളിവാളും കാൽചിലമ്പും എഴുത്തായും പിന്നീട് നിർമ്മാല്യമാക്കി ദൃശ്യവൽക്കരിച്ചപ്പോഴും അതിൻ്റെ പൊലിമ മങ്ങാതെ മഹത്തായ സന്ദേശമായി നമ്മിലേക്കെത്തിക്കുകയും ചെയ്തു.. എന്നേക്കും മലയാളത്തിലെ മികച്ച സിനിമയായി നിർമ്മാല്ല്യം.  ചിട്ട തെറ്റിക്കാതെ കാത്തുപോന്നിരുന്ന അനുഷ്ഠാനങ്ങൾ ഒരു വെളിച്ചപ്പാടിന്റെ ജീവിതത്തെ താളം തെറ്റിച്ച സംഭവങ്ങൾ , കുടുംബത്തിന്റെ എല്ലാ തരത്തിലുമുള്ള അധപ്പതനങ്ങൾ, ഇവയെല്ലാം എന്നും മനസ്സിലെ ഉടയാത്ത വിഗ്രഹമായി കാത്തുസൂക്ഷിച്ചതിനോടുള്ള , വേണ്ട സമയത്ത് കാവൽ നിന്നില്ല എന്ന ക്ഷോഭത്തിലേക്ക് ,വൈകാരികതയുടെ അതിതീവ്ര മുനമ്പിലേക്കു അയാൾ വലിച്ചെറിയപ്പെടുകയായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ എല്ലാ മതിലുകളും തകർത്തു വീഴ്ത്തിയ ഫ്രെയിമുകൾ .. ശരിക്കും അതേപോലെ ഒരു ധൈര്യം പിന്നെ മലയാള സിനിമയ്ക്കുണ്ടായില്ല എന്നത് മറ്റൊരു സത്യം..

Gireesh varmma balussery
ഗിരീഷ് വർമ്മ ബാലുശ്ശേരി

അതേപോലെ ഞെട്ടിക്കുന്ന ജീവിത യാഥാർത്ഥ്യത്തിൻ്റെ ഫ്രേമുകൾ നൽകിയത് സദയം എന്ന ചിത്രത്തിലൂടെ ആണ് . അംഗീകരിക്കാൻ പ്രയാസമെങ്കിലും ഈ ലോകം ചിലർക്ക് മാത്രം ഉല്ലസിക്കാനായി , മറ്റുള്ളവർ അവരുടെ ഇരകൾ എന്ന ഉണ്ടാക്കി വച്ച കാട്ട് നിയമത്തിൻ മുന്നിൽ നിന്ന് കുഞ്ഞ് ജീവിതങ്ങളെ മരണത്തിലൂടെ സുരക്ഷിത ലോകത്തെത്തിക്കുന്ന വൈകല്യ ചിന്തയെങ്കിലും ….. വാർദ്ധക്യത്തിൻ്റെ ഒറ്റപ്പെടലിൽ മനസ്സിൽ ദ്വീപുകൾ സൃഷ്ടിക്കാൻ മിനക്കെടാതെ ജീവിതം ആസ്വദിച്ച ആ ദമ്പതികളെ മറക്കാൻ കഴിയില്ല .ഒടുവിൽ ഉണ്ണികൃഷ്ണന് ഒരു മികച്ച കഥാപാത്രം നൽകിയ ഒരു ചെറുപുഞ്ചിരി. നുണകളിൽ നിന്ന് രസമുള്ള കഥകൾ ഉണ്ടാക്കി കുറ്റപ്പെടുത്തലുകളുടെ സുഖമുള്ള വാഗ്വാദ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ .രണ്ടു പേർക്കുമറിയാമായിരുന്നുവത്രെ കുറ്റം പറയലുകളിലെ ആ നുണകളെ എന്ന് ഒളിപ്പിച്ച് വെച്ച മറ്റൊരു കൗതുകമായി വെളിപ്പെടുത്തിയപ്പോൾ ദാർഷ്ട്യത്തിൻ്റെ കടുംപിടുത്തത്തിൻ്റെ പേരിൽ ജീവിതം തുലച്ച പല ദാമ്പത്യങ്ങളെയും ഓർത്തു പോയി …

ഗുരുശിഷ്യബന്ധത്തിൽ നിന്ന് പ്രണയത്തിൻ്റെ ലോകത്തേക്ക് എത്തിപ്പെട്ടെങ്കിലും അകന്നുപോയി മറ്റാരൊക്കെയൊ ആയെങ്കിലും വാർദ്ധക്യത്തിൻ്റെ വഴിയിൽ വീണ്ടും ചാരം മൂടിയ കനൽത്തരികൾ പ്രകാശിക്കുന്ന ആ കുഞ്ഞു നിമിഷങ്ങളെ പ്രേക്ഷകർക്ക് കഥയായും സിനിമയായും നൽകിയത് പുണ്യതീർത്ഥങ്ങളായിരുന്നു . എത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വന്നു പോയെങ്കിലും സുഹാസിനിയുടെ വിനോദിനിയെപ്പോലെ ജീവിതത്തിൽ നിന്ന് എഴുന്നേറ്റ് വന്നത് എന്ന് പറയുന്നവർ അപൂർവ്വമാണ് . വിഷമഘട്ടങ്ങളിൽ നമ്മിൽ കെട്ടി വരിഞ്ഞ മറ്റു ബന്ധങ്ങളെ ഉപബോധമനസ്സ് രക്ഷക്കായി പരതിക്കൊണ്ടിരിക്കും എന്നത് കുടജാദ്രിയിലെ ആ അനർഘ നിമിഷങ്ങളിൽ വിനോദിനി ഞട്ടലോടെ തിരിച്ചറിയുകയും ചെയ്യുന്നു .
“അമ്മൂട്ട്യേ ” എന്ന വിളി ജീവിത യാഥാർഥ്യങ്ങളിലെ കെട്ടുപാടുകളെ ഓർമ്മപ്പെടുത്തുകയാണ് കഥാകാരൻ .

“എനിക്ക് ഭ്രാന്താ . എന്നെ ചങ്ങലക്കിടൂ ” എന്ന വേലായുധന്റെ അവസാന ജല്പനങ്ങളിലൂടെ തകർക്കപ്പെടുന്നത് എല്ലാ ബന്ധങ്ങളുടെയും ചങ്ങലക്കണ്ണികളാണ്.
ഒരു സാധാരണ ജീവിതത്തിന് മനോനില തെറ്റിയെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന ഒരുജീവിതമായിരിക്കും ഇനി നല്ലതെന്ന വേലായുധന്റെ കണ്ടെത്തലുകൾ നമ്മുടെ എല്ലാ കണ്ടെത്തലുകളുടെയും പരാജയമാണ്. അരികുവൽക്കരിക്കപ്പെട്ട അത്തരം ജീവിതങ്ങളെ എം ടി വാസുദേവൻ നായർ എന്ന കഥാകാരനെയും, ചലച്ചിത്രകാരനെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഇരുട്ടിന്റെ ആത്മാവും, കുട്ട്യേടത്തിയും . ചവിട്ടിമാറ്റപ്പെട്ടവരെ കണ്ടമാനം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം . ഇനിയത് ചന്തുവായാലും, ഇന്ദിരയായാലും, ഉണ്ണിമായ ആയാലും ,ബാലനായാലും , രവിശങ്കറായാലും , ഓരോരോ രംഗങ്ങളിൽ സാക്ഷ്യപത്രങ്ങളായി അവർ വന്നുപോയിക്കൊണ്ടിരുന്നു.

സ്ക്രീനിന് വേണ്ടിയുള്ള കഥ എന്നർത്ഥത്തിൽ തിരക്കഥ ജനപ്രീതി നേടിയ ഒരു കലയുടെ അസംസ്കൃത രൂപമാണ് .. മേൻമ നിശ്ചയിക്കുന്നത് തുടർന്നു വരുന്ന ക്യാമറാമാൻ ,എഡിറ്റർ ,സംവിധായകൻ ,അഭിനേതാക്കൾ തുടങ്ങിയവരൊക്കെ ആണല്ലോ . ഒന്നിൽ പിഴച്ചാൽ തീർന്നു എന്നുറപ്പ് .എന്നാൽ മലയാളി പ്രക്ഷകർക്ക് എം.ടിയിൽ നിന്ന് അങ്ങിനെയൊരു ദുര്യോഗമേൽക്കേണ്ടി വന്നിട്ടില്ല . ജീവിതത്തിൽ തങ്ങൾ നേരിടേണ്ടി വരുന്നതും, അവനവൻ്റെ പതിപ്പ് തന്നെയുമായ ചിലർ സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ നിർന്നിമേഷരായും, അസ്വസ്ഥരായും ഇരിക്കേണ്ടി വന്നിട്ടുണ്ടാവാം . സമാനമായ ജീവിത പശ്ചാത്തലങ്ങൾ തിരശ്ശീലയിൽ ഒഴുകി നീങ്ങുമ്പോൾ അസ്വസ്ഥത തോന്നാതെങ്ങനെ!

മരണം ജീവിതത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പാണോ? ആശയറ്റവൻ അതിലെത്തിപ്പിടിക്കുമ്പോൾ ശാന്തിയാണോ കൈവരുന്നത്?ആർക്കുമറിയാത്ത സത്യം . അനുഭവിച്ചയാൾ വന്നു പറയാനാവാത്തത് . എഴുത്തുകാർ ചില കഥാപാത്രങ്ങൾക്ക് മുക്തി നൽകുന്നത് മരണത്തിലൂടെയാണ്. അനുഭവങ്ങളുടെ ആകെത്തുകയാണല്ലോ എഴുത്തും.. എം ടി തിരക്കഥകളിലെ പ്രധാനപ്പെട്ട പലതിലും ദുരന്തജീവിതങ്ങൾ കാണാം. എവിടെയുമെത്തില്ല എന്ന് തോന്നിയാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവർ. ആദ്യത്തെ തിരക്കഥയായ മുറപ്പെണ്ണിലും കൊച്ചമ്മണിയുടെ ജീവിതമൊടുങ്ങുന്നത് തൂക്കുകയറിലാണ് .പ്രേമനൈരാശ്യത്തിന്റെ ഇര . പിന്നീടിങ്ങോട്ട് പലർക്കും അതൊരു കച്ചിത്തുരുമ്പായി കഥാകാരൻ എറിഞ്ഞുകൊടുക്കുകയായിരുന്നു എന്ന് തോന്നും. ഏതു തത്വചിന്തയുടെ അവസാനവും ചിലപ്പോൾ വാക്കുകൾ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാവും. അത്തരം നിമിഷങ്ങളിൽ കഥാപാത്രങ്ങളെ കുരുതി കൊടുക്കാതെ വയ്യ.
“കുട്യേടത്തിയെ ആർക്കും വേദനിപ്പിക്കാൻ കഴിയില്ല ” എന്ന അവസാന വാചകത്തിൽ ഒടുങ്ങി മാളു എന്ന കുട്ട്യേടത്തിയും മരക്കൊമ്പിൽ തൂങ്ങിയാടുകയായിരുന്നു. . തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ കൊച്ചമ്മണിമാരും ,മാളുമാരും മാരകമായ അസുഖത്തിൽ കഴിയുമ്പോൾ ഉൾവലിഞ്ഞു പോയസുകൃതത്തിലെ രവിശങ്കർ , പിന്നീട് അത്ഭുതമായി കടന്നു വന്ന ചികിത്സാരീതിയിൽ സുഖം പ്രാപിക്കുന്നു . ജോലിസ്ഥലത്തും, കുടുംബത്തിലും അപ്പോഴേക്കും ഒരധികപ്പറ്റായി ഒറ്റപ്പെട്ടുപോവുന്നു. ജീവിതത്തിലേക്കുള്ള രവിശങ്കറിന്റെ തിരിച്ചുവരവ് പലർക്കും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു എന്നറിഞ്ഞപ്പോൾ ചൂളം വിളിച്ചു വരുന്ന മരണത്തിന്റെ ഗുഹാതീരത്തിലേക്കു അയാൾ നടന്നുപോവുകയായിരുന്നു .
നഖക്ഷതങ്ങളിലെ രാമുവിനും സമാനമരണം തന്നെ സമ്മാനിക്കുന്നുണ്ട് . ജീവിതത്തിന്റെ ഒരു സന്നിഗ്ദഘട്ടത്തിൽ തീരുമാനം എടുക്കാനാവാതെ മരണതീരം പുൽകുന്ന രാമുവും മറ്റൊരുദാഹരണം . ഒരുറച്ചതീരുമാനത്തിന്റെ അവ്യക്തതയിലാണ് പലരും ജീവനൊടുക്കുന്നത് . നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ മാനസികാവസ്ഥയും മറ്റൊന്നല്ല. വഴിമുട്ടിപ്പോയ , അല്ലെങ്കിൽ രക്ഷയെന്നു കരുതിയിരുന്നതൊക്കെ കൈവിട്ടുവെന്ന തോന്നലിൽ ഉന്മാദാവസ്ഥയിൽ തലവെട്ടിപ്പൊളിച്ചാണ് വെളിച്ചപ്പാടിന്റെ സ്വയംഹത്യ . ഉത്തരത്തിലെ സെലീന പക്ഷെ ഇനിയൊരു തീരുമാനമെടുക്കാനാവാത്ത ഒരവസ്ഥയിൽ സ്വയം വെടി വെച്ച് മരിക്കുന്നു. അത് പക്ഷെ ചില തിരിച്ചറിവുകളിലെ ഞെട്ടലും, ഇമ്മാനുവലിന്റെ ദയനീയ ജീവിതവും കാരണം സ്വയംനിന്ദ കാരണമായിരുന്നു. അഭിമാനജീവിതത്തിന്റെ ഉടമകളാണവർ ., ഇനിയത് ചരിത്രത്തിലേക്ക് പോയാലും അവിടെ നിന്നും എംടി തേടിപ്പിടിച്ചു നമ്മൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് തോറ്റു പോയവരെന്നു തോന്നുന്നവരെ … വടക്കൻ വീരഗാഥയിലെ ചന്തുവായാലും , പഴശ്ശിരാജ ആയാലും. മറ്റു ചിലർക്ക് ജയിക്കാൻ വേണ്ടി അവസാനം സ്വയം കുത്തി മരിച്ചു കൊണ്ട് തോറ്റുകൊടുക്കുന്നവൻ .. ചന്തു. ചരിത്രലിഖിതങ്ങളിൽ എങ്ങനെയായാലും ചന്തുവിന് അങ്ങിനെയൊരു മാനം കൈവരുത്തിക്കൊടുക്കുന്നു കഥാകാരൻ . വൈദേശികശക്തിക്കു മുൻപിൽ തോറ്റുകൊടുക്കാത്ത മാനം പുലർത്തിയവൻ പഴശ്ശിരാജ . ആ ധീരദേശാഭിമാനിയുടെ അവസാനം സ്വയം വാളിനിരയാക്കുന്ന പുണ്യം എംടി ചെയ്തുവെക്കുന്നു. ചരിത്രങ്ങളിൽ എങ്ങിനെയെന്നല്ല , ഇങ്ങനെയാകും ഇവരുടെയൊക്കെ അന്ത്യം എന്ന് ആഗ്രഹിക്കുന്നതും നന്ന് . മകനെ ചതിച്ചു കൊന്നുവെന്ന അപഖ്യാതിയിൽ സ്വയം ഉരുകി അഗ്നിയിൽ ആഹുതി നടത്തുന്ന പെരുന്തച്ചനെ സൃഷ്ടിച്ചതും എംടി . അവരുടെ മഹത്വമാർന്ന ജീവിതത്തിനു അതിലേറെ മഹത്തരമായ മരണവും ചേർത്തുവെക്കുന്ന കഥാകാരൻ അവരുടെ ആത്മാവിനെ ആണ് ശുദ്ധീകരിക്കുന്നത്..

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...