Homeലേഖനങ്ങൾകൊറോണയുടെ മൂന്നാം വരവ്...

കൊറോണയുടെ മൂന്നാം വരവ്…

Published on

spot_imgspot_img

മുരളി തുമ്മാരുകുടി

രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പത്തി ഒന്നിന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചു കെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.
പക്ഷെ പ്രവാസികളായ മലയാളികൾ തിരിച്ചെത്തി തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ് ഇപ്പോൾ ആരംഭിച്ചിരിക്കയാണ്. ഈ മൂന്നാമത്തെ വരവിന് ഒരു പ്രത്യേകതയുണ്ട്. ഇത്തരത്തിൽ ഒരു മൂന്നാം വരവ് ഉണ്ടാകും എന്ന് അറിഞ്ഞെടുത്ത തീരുമാനത്തിൽ നിന്നാണ് ഈ മൂന്നമത്തെ തിരമാല തുടങ്ങുന്നത്.
കേരളത്തിലേക്ക് വരണം എന്നാഗ്രഹിക്കുന്നവരെ, അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണെങ്കിലും ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിലും അതിന് അനുവദിക്കണമെന്നും അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണമെന്നും ഉള്ളത് ഒരു ധാർമ്മികമായ തീരുമാനമാണ്. അത് കൂടുതൽ കേസുകൾ ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ട് തന്നെ എടുക്കുമ്പോഴാണ് ആ തീരുമാനത്തിന്റെ മിഴിവ് കൂടുന്നത്. ഇപ്പോൾ കേരളത്തിൽ രോഗം പിടിച്ചു കെട്ടിയ നിലക്ക് പുറമെ നിന്നുള്ള വരവൊക്കെ ഒഴിവാക്കി അതിർത്തിയിലൊക്കെ മണ്ണിട്ട് വേണമെങ്കിൽ നമുക്ക് കേരളത്തെ സംരക്ഷിക്കാമായിരുന്നു. പക്ഷെ ഇന്ത്യക്ക് പുറത്തു നിന്നുള്ള ഇന്ത്യക്കാരോട് കേന്ദ്ര സർക്കാരും ഇന്ത്യക്ക് അകത്തുള്ള വരോട് സംസ്ഥാന സർക്കാരും അത്തരം ഒരു നയമല്ല സ്വീകരിച്ചിരിക്കുന്നത്. അതൊരു നല്ല കാര്യമാണ്. ഞാൻ പൂർണ്ണമായി പിന്തുണക്കുന്നതുമാണ്.

ഈ മൂന്നാമത്തെ വരവിലും ഏറെ മരണങ്ങൾ ഇല്ലാതെ കേരളം രക്ഷപ്പെടുമോ ?
ഇതിന് എളുപ്പത്തിൽ ഒരു ഉത്തരമില്ല. പക്ഷെ ആശാവഹമായ ചിലതുണ്ട്.

1. എങ്ങനെയാണ് കൊറോണപോലുള്ള ഒരു മഹാമാരിയെ കൈകാര്യം ചെയ്യേണ്ടത് എന്ന് നമ്മുടെ ആരോഗ്യവകുപ്പിന് നല്ല അറിവുണ്ട്. നിപ്പ മുതൽ കിട്ടിയ അനുഭവ പാഠങ്ങളും ഉണ്ട്.

2. കൊറോണക്കെതിരെയുള്ള യുദ്ധം നമ്മുടെ ആരോഗ്യം സംവിധാനങ്ങളുടെ പരിധിക്കകത്ത് നിന്ന് നടത്താനുള്ള സാവകാശം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നൽകുക എന്നതാണ് പ്രധാനം. അതായത് മൊത്തം ഗുരുതരമായ കേസുകളുടെ എണ്ണം എല്ലാ സമയത്തും നമുക്ക് ലഭ്യമായ ഐ സി യു വെന്റിലേറ്റർ സംവിധാനങ്ങളുടെ പകുതിയിലും താഴെ നിറുത്താൻ പറ്റണം. അതുപോലെ തന്നെ മൊത്തം അറിയുന്ന കേസുകളുടെ എണ്ണം നമുക്ക് ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഒക്കെ ഉണ്ടാക്കി ട്രേസ് ചെയ്തു ഹൈ റിസ്ക് ഗ്രൂപ്പിനെ നിരീക്ഷിച്ചു കൊണ്ടുപോകാൻ സാധിക്കണം.

3. ഈ കൊറോണ യുദ്ധം നടത്തുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് സാധിക്കുന്നതിൽ ഏറ്റവും നല്ല സംരക്ഷണം നൽകണം. ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങളോ വിശ്രമമോ ഇല്ലാതെ അവർക്ക് യുദ്ധം ചെയ്യേണ്ടി വരരുത്. ആരോഗ്യ പ്രവർത്തകരെ വാടകവീട്ടിൽ നിന്നും ഇറക്കി വിടുന്ന സാഹചര്യങ്ങൾ ഒരിക്കലും ഉണ്ടാകരുത്. അവരുടെ ശ്രമവും ആത്മവിശ്വാസവും ഇല്ലെങ്കിൽ നമ്മുടെ പ്രതിരോധം വെറും ചീട്ടുകൊട്ടാരം ആണ്.

4. കൊറോണക്കാലത്തിന്റെ ആദ്യ ദിനങ്ങളിൽ ഏറെക്കുറെ സമ്പൂർണ്ണമായ ലോക്ക് ഔട്ട് ഉണ്ടായിട്ടും ഭക്ഷണത്തിന് ക്ഷാമം ഉണ്ടായില്ല എന്നും പണമില്ലാത്തതിനാൽ ആളുകൾ പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും ആളുകൾക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട് ഇനിയും അത്തരം കടുത്ത നടപടികൾ വേണ്ടി വന്നാൽ ആളുകളുടെ മാനസിക ആശങ്ക കഴിഞ്ഞ തവണത്തെ അത്രയും ഉണ്ടാകില്ല.

5. കേന്ദ്ര സർക്കാർ ട്രെയിൻ സർവീസുകൾ പരിമിതമായെങ്കിലും നാളെ തുടങ്ങുകയാണ്. സംസ്ഥാന സർക്കാരും പൊതുഗതാഗതം കുറച്ചൊക്കെ ഉടൻ തുടങ്ങുമെന്ന് കരുതാം. പൊതുഗതാഗതം എന്നത് ആളുകളുടെ യാത്ര സംവിധാനം മാത്രമല്ല, മാനസികമായ ആത്മവിശ്വാസം നൽകുന്ന ഒന്നുകൂടിയാണ്. വേണമെങ്കിൽ ബാംഗളൂരിൽ നിന്നും എപ്പോൾ വേണമെങ്കിലും കേരളത്തിൽ എത്താം എന്നൊരു വിശ്വാസം ഉണ്ടായാൽ പിന്നെ ബാംഗളൂരിൽ നിന്നും വരുന്നവരുടെ എണ്ണം കുറയും. ജനീവയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഞാൻ ആദ്യം ശ്രദ്ധിച്ചത് ബസ് സർവീസ് ഉണ്ടോ എന്നതാണ്. അതുണ്ട് എന്ന് കണ്ടപ്പോൾ ഉണ്ടായ ആത്മവിശ്വാസം ചെറുതല്ല.

6. ഈ കാര്യങ്ങൾ ഒക്കെ അറിയുന്ന, പരിമിതികൾക്കിടയിലും മുന്നിൽ നിന്നും നയിക്കുന്ന നേതൃത്വം നമുക്കുണ്ട്. കേരളത്തിൽ ഈ വിഷയത്തിൽ എന്താണ് നടക്കുന്നതെന്ന് ഓരോ മലയാളിക്കും അറിയാം.
അതേ സമയം കാര്യങ്ങൾ വഷളാകാനുള്ള ഏറെ സാഹചര്യങ്ങൾ ഉണ്ട്.

1. വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും കേരളത്തിൽ എത്തുന്നത്. അഞ്ചു ലക്ഷത്തോളം പെർ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. മറ്റിടങ്ങളിലെ സാമ്പത്തികവും ആരോഗ്യവുമായ പ്രശ്നങ്ങളാൽ ഇനിയും ഏറെ ആളുകൾ എത്താൻ ശ്രമിക്കും. ഒരാഴ്ചയിൽ ശരാശരി ഒരു ലക്ഷം ആളെങ്കിലും എത്തുകയും അതിൽ തന്നെ ആയിരത്തിലൊരാൾക്ക് എങ്കിലും വൈറസ് ബാധ ഉണ്ടാവുകയും ചെയ്താൽ കേസുകളുടെ എണ്ണം ആഴ്ചയിൽ നൂറു കടക്കും. ഇത്തരം കേസുകളിൽ അൻപത് ശതമാനത്തോളം രോഗലക്ഷണങ്ങൾ ഇല്ലാത്ത, എന്നാൽ വൈറസ് ബാധ ഉള്ള ആളുകൾ (മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിവുള്ളവരും) ആണെന്നാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. പുറത്തു നിന്നും വരുന്നവർ കൃത്യമായി ക്വാറന്റൈൻ കണ്ടീഷൻ പാലിക്കണം എന്നൊക്കെയാണ് പറയുന്നതെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവർ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. വൈറസ് ഉള്ള ആൾ ശരാശരി രണ്ടാൾക്ക് രോഗം പകർന്നു നൽകിയാൽ തന്നെ രോഗികളുടെ എണ്ണം പതിനായിരം കടക്കാൻ അധികം സമയം വേണ്ട. റാന്നിയിലും കാസർഗോഡും ഒക്കെ ഒരാളിൽ നിന്നും എത്രയോ ആളുകളിലേക്കാണ് രോഗം പരന്നത്. അപ്പോൾ ഏറെക്കുറച്ച് ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മതി കാര്യങ്ങൾ കൈവിട്ടു പോകാൻ.

2. ഇത് സംഭവിക്കാതിരിക്കാൻ ഓരോ വാർഡിലും സർക്കാർ തലത്തിൽ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, റെസിഡന്റ് അസോസിയേഷൻ ഇവരൊക്കെ ചേർന്നുള്ള ഒരു ജാഗ്രത സംവിധാനം സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് (നല്ലൊരു മാതൃകയാണ്). സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഓരോ കേസുകൾക്കും അംഗീകാരം കൊടുക്കുന്നതിന് മുൻപ് പാസിന് അപേക്ഷിക്കുന്നവരുടെ വീട് ആശാ വർക്കർമാർ സന്ദർശിച്ച് അവിടെ സെല്ഫ് ക്വാറന്റൈനിനുള്ള സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നുണ്ട്, സൗകര്യമില്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന സെന്ററുകളിൽ ആണ് പോകേണ്ടത്. പക്ഷെ തിരിച്ചുവരുന്ന എല്ലാവരും സ്വാഭാവികമായി സ്വന്തം വീട്ടിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. വന്നു കഴിഞ്ഞാൽ മുറിയിലിരിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ട് ആണുതാനും. ഇത്തരത്തിൽ വീടുകളിൽ ക്വറിന്റൈനിൽ എത്തി അത് ലംഘിക്കുന്നവരെ ചുറ്റുമുള്ളവർ ആണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നല്ല അയൽ ബന്ധങ്ങൾ നില നിർത്തുന്നതിന്റെ പേരിൽ ആളുകൾ ഈ ഉത്തരവാദിത്തം കാര്യമായി എടുക്കില്ല. ഇത്തരത്തിൽ വിളിച്ചു പറഞ്ഞ ഒരു പഞ്ചായത്തംഗത്തെ ക്വാറന്റൈനിൽ ഇരുന്നവരുടെ ബന്ധുക്കൾ മർദ്ദിച്ചതായും വായിച്ചു. ചുരുക്കത്തിൽ പറഞ്ഞുവരുന്നത് പുറത്തു നിന്നും ആളുകൾ വരുന്നതല്ല യഥാർത്ഥ പ്രശ്നം, വന്നു കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്തത്തോടെ ഉള്ള പെരുമാറ്റമാണ്. ഇക്കാര്യത്തിൽ സമൂഹം മൊത്തം ശ്രദ്ധയോടെ ഇരിക്കണം. നമ്മുടെ പഞ്ചായത്ത് അംഗങ്ങളും ആശാ വർക്കേഴ്സും ഒക്കെ അനുകരണീയമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്, അവരെ സഹായിക്കണം. ഇത് നമ്മുടെ അയൽക്കാരുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിന്റെ മാത്രം വിഷയമല്ല, നമ്മുടെ സമൂഹത്തിന്റെ മൊത്തം ഭാവിയുടെയും നിങ്ങളുടെ ആരോഗ്യത്തിന്റെയും പ്രശ്നമാണ്. ഉത്തരവാദിത്തം വരുന്നവരുടെയും അവരുടെ വീട്ടുകാരുടെയും, അയൽക്കാരുടെയും ആണ്. സർക്കാരിന്റെ കണ്ണ് വെട്ടിക്കുക എന്നത് വലിയ അഭിമാനമായി എടുക്കരുത്, അതിനെ പ്രോത്സാഹിപ്പിക്കുകയുമരുത്.

3. ഇന്ത്യയിലെ പല നഗരങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കയാണ്. ലോക്ക് ഡൌൺ തുടങ്ങിയ മാർച്ച് ഇരുപത്തി നാലിന് ഇന്ത്യയിൽ മൊത്തം കേസുകൾ ആയിരത്തിന് താഴെ ആയിരുന്നത് ഇപ്പോൾ അറുപത്തിനായിരത്തിന് മുകളിലായി. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ പുതിയ രോഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ചെന്നൈയിലും മുംബൈയിലും ഒന്നും അങ്ങനെയല്ല കാര്യങ്ങൾ. ഏറെ മലയാളികൾ ഉള്ള സ്ഥലങ്ങൾ ആണ് ഇതെല്ലം. അവിടെയൊക്കെ സമൂഹ വ്യാപനം ഉണ്ടാവുകയോ ഉണ്ടായി എന്ന് സന്ദേശങ്ങൾ വരികയോ ചെയ്താൽ ആളുകളുടെ ഒഴുക്ക് പിന്നെയും കൂടും.

4. ആദ്യത്തെ രണ്ടുമാസത്തെ ലോക്ക് ഡൌൺ നമ്മുടെ സമൂഹം ഏറെക്കുറെ നന്നായി കൈകാര്യം ചെയ്തു. കുട്ടികളുടെ അവധിക്കാലം ആയതിനാൽ അതും വലിയ സ്ട്രെസ് ആയില്ല. പക്ഷെ ഇനി ലോക്ക് ഡൌൺ നീട്ടിയാൽ പലർക്കും അത് സാമ്പത്തികമായി പിടിച്ചു നിൽക്കാൻ പറ്റില്ല. പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷകൾ നടന്നില്ലെങ്കിൽ അത് ആളുകൾക്ക് സ്ട്രെസ് ആകും. എൻട്രൻസ് പരീക്ഷകൾ, ഡിഗ്രി കോഴ്‌സുകളുടെ അവസാന പരീക്ഷ ഇതൊക്കെ ഏറെ പ്രധാനവും മാനസിക സംഘർഷം ഉണ്ടാക്കുന്നതുമാണ്. സർക്കാരിന് പോലും ഇനി ലോക്ക് ഡൗണ് സാമ്പത്തികമായി അധികനാൾ അതിജീവിക്കാൻ പറ്റില്ല.
അപ്പോൾ മൂന്നാം കൊറോണ യുദ്ധം ജയിക്കാനുള്ള നമ്മുടെ സാധ്യത തൽക്കാലം 50/50 ആണ്. അതെ സമയം ഈ കൊറോണയുദ്ധം മൂന്നു റൗണ്ടിൽ തീരുന്നതുമല്ല. അടുത്ത ഒരു വർഷമെങ്കിലും ചുരുങ്ങിയത് കൊറോണ നമ്മുടെ ചുറ്റും ഉണ്ടാകുമെന്നും അതിനോടൊത്ത് ജീവിക്കാൻ നാം പഠിക്കണമെന്നുമാണ് സൂചനകൾ. ആരോഗ്യപരമായും സാമ്പത്തികമായും കുറച്ചു നഷ്ടങ്ങൾ ഉണ്ടാകും, നമ്മുടെ ജീവിത ശൈലികളിൽ മാറ്റം വരും, പരിശീലിച്ച ചിലത് മാറ്റേണ്ടി വരും, ചിലത് ശീലിക്കേണ്ടി വരും.

എന്നാൽ ഒന്നുണ്ട്, ഈ മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും. അനവധി സാദ്ധ്യതകൾ അത് നമ്മുടെ മുന്നിൽ തുറക്കും. ലോകത്തെവിടെയും ഉള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഏറെ മലയാളികൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്നും ചെയ്യാൻ പറ്റുമെന്ന ഒരു കാലം വന്നാൽ, ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്ന ഒരു പ്രദേശമാണ് കേരളം എന്ന് ലോകമലയാളികൾക്ക് ബോധ്യം വന്നാൽ ഏറ്റവും മിടുക്കരായ മലയാളികൾ കേരളം വിട്ടുപോകേണ്ട കാലം അവസാനിക്കും എന്നുമാത്രമല്ല അവരിൽ ഏറെപ്പേർ തിരിച്ചു വരികയും ചെയ്യും. നമ്മടെ ഗ്രാമങ്ങളും നഗരങ്ങളും വ്യാപാരവും ഒക്കെ കൂടുതൽ പൊടിപൊടിക്കും. നമ്മടെ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും രാഷ്ട്രീയത്തിലും അത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും.

ഇക്കാര്യത്തിൽ സമൂഹത്തിന്റെ മൊത്തമായിട്ടുള്ള ഉത്തരവാദിത്തത്തോടെ ഉള്ള പെരുമാറ്റം മാത്രമാണ് വേണ്ടത്. കുറച്ചൊക്കെ “പഴയ” രാഷ്ട്രീയം ഇടക്ക് തികട്ടി വരുമെങ്കിലും പൊതുവിൽ പൊതുസമൂഹവും സർക്കാരും ഏതാണ്ട് ഒറ്റക്കെട്ടായിട്ടാണ് ഈ വെല്ലുവിളിയെ ഇതുവരെ നേരിട്ടത്. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് കരുതാം.

സുരക്ഷിതരായിരിക്കുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...