Sunday, October 17, 2021

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര
നാസർ ബന്ധു

അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് ” ബേച്ചു ” പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ് ബേച്ചു. അവിടുന്ന് നാല് കിലോമീറ്റർ ദൂരെയാണ് മദൻ മോഹൻ മാളവ്യ തുടക്കമിട്ട ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (കാശി വിശ്വവിദ്യാലയം എന്നാണ് ഹിന്ദിയിൽ പറയുക.)
ആയിരത്തി അഞ്ഞൂറിലേറെ ഏക്കറിലായി പരന്നു കിടക്കുന്ന വിശാലമായ കാമ്പസിൽ നൂറ്റിനാൽപ്പതോളം ഡിപ്പാർട്ടുമെൻ്റുകൾ ഉണ്ട്.
അർദ്ധവൃത്താകൃതിയിൽ ഉള്ള കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ക്യാമ്പസിൻ്റെ പൗരാണിക രീതിയിലുളള വലിയ കവാടം കടന്ന് നേരെ നടന്നു.
nazar bandhu
എവിടെ ചെന്നാലും ആദ്യം തന്നെ ചായ കുടിക്കുകയാണല്ലൊ പതിവ്. ആദ്യം കണ്ടത് കാമ്പസിന് അകത്തുള്ള നെസ് കഫേയുടെ ബോർഡ് പിടിപ്പിച്ച കോഫീ ഷോപ്പ് ആണ്. വലിയ മരങ്ങളും തണലും നിറഞ്ഞ അവിടെ മുറ്റത്ത് പലയിടത്തായി ഇരിപ്പിടം ഒരുക്കിയിരിക്കുന്നു . അവിടെ നിന്ന് നാല് ചായയും വെണ്ണ ചേർത്ത ന്യൂഡിൽസും കഴിച്ച് പുറത്തേക്കിറങ്ങി വീണ്ടും നടന്നു.
നേരെ ചെന്ന് പെട്ടത് ആയുർവേദ ഡിപാർട്ട്മെൻ്റിന് മുന്നിലാണ്. ഭൂതപ്രേതങ്ങൾ ബാധിച്ചു എന്ന് പറഞ്ഞ് വരുന്ന രോഗികളെ എങ്ങനെ ചികിത്സിക്കണം എന്നതിനെ പറ്റിയുള്ള ഒരു കോഴ്സ് അവിടെ ഉള്ളതായി കേട്ടിട്ടുണ്ട്.


പിന്നെയും നേരെ നടന്ന് എത്തുന്നത് ക്യാമ്പസിന് അകത്തുള്ള മ്യൂസിയത്തിൽ ആണ്. വളരെ പുരാതനമായ മ്യൂസിയം കെട്ടിടത്തിൻ്റെ വലിയ ഗെയിറ്റ് തുറന്ന് അകത്തേക്ക് ചെന്ന് സെക്യൂരിറ്റിയെ കണ്ട് മ്യൂസിയം കാണാൻ വന്നതാണെന്ന് പറഞ്ഞു. കോവിഡ് കാരണം മ്യൂസിയം അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞ സെക്യൂരിറ്റി വളരെ സ്നേഹപൂർവം ആണ് സംസാരിച്ചത് .
അവിടെ നിന്നിറങ്ങി നേരെ പോയപ്പോൾ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെൻ്റും ബംഗാളി ഭാഷ ഡിപ്പാർട്ട്മെൻ്റും കണ്ടു. പിന്നെയും പല വഴി കറങ്ങി തിരിഞ്ഞ് ക്യാമ്പസിൻ്റെ പുറത്തേക്ക് ഇറങ്ങി. ലക്ഷ്യങ്ങളില്ലെങ്കിൽ വഴി തെറ്റില്ലല്ലൊ.
nazar bandhu
ചെളിയും അഴുക്കും നിറഞ്ഞ റോഡിലൂടെ നടക്കുമ്പോഴാണ് ഉന്തുവണ്ടിയിൽ ഒരാൾ ഒരു കനലുകൾക്ക് മുകളിൽ വച്ച് ഉരുണ്ട എന്തോ ചൂടാക്കി എടുക്കുന്നത് കണ്ടത്. ഉരുളക്കിഴങ്ങ് ചൂടാക്കുന്നതാണ് എന്നാണ് ആദ്യം കരുതിയത്. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ബാട്ടി ചോക്ക എന്ന ഭക്ഷണ സാധനമാണത്. ചാണക വരളിയും കൽക്കരിയും കത്തിച്ചാണ് അത് പൊള്ളിച്ചെടുക്കുന്നത്.
അത് പാകമായി കഴിഞ്ഞാൽ പൊട്ടിച്ചെടുത്ത് ഉരുളക്കിഴങ്ങ് കറിയും സവാളയും ചേർത്ത് കഴിക്കാം. ആവശ്യമെങ്കിൽ ഒരു പച്ചമുളകും കിട്ടും. പതിമൂന്ന് രൂപയാണ് ഒരെണ്ണത്തിൻ്റെ വില. രുചി അറിയാനായി ഒരെണ്ണം വാങ്ങി കഴിച്ചു.nazar bandhu

അവിടുന്ന് നടന്ന് തുടങ്ങിയപ്പോൾ ആണ് ഓർത്തത് അസ്സിഘട്ട് അതിനടുത്താണല്ലൊ എന്ന്. നല്ല വെയിലായിരുന്നു അസ്സിഘട്ടിൽ എത്തിയപ്പോൾ . മറ്റു ഘട്ടുകളെ അപേക്ഷിച്ച് കുറച്ചു വലിപ്പം കൂടിയ ഘട്ടാണ് അസ്സി. അതു മാത്രമല്ല പുതിയ കുറേ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതിനാൽ വലിയ പടവുകളും ഇരിപ്പിടങ്ങളുമെല്ലാം ധാരാളമുണ്ട്.

അവിടെ വച്ചാണ് ബംഗാളിയായ ചായക്കാരൻ ബിശ്വനാഥ് മൊണ്ടലിനെ പരിചയപ്പെട്ടത്. പതിനാറു വർഷമായി അദ്ദേഹം കാശിയിൽ എത്തിയിട്ട്. മുർഷിദാബാദ് ജില്ലക്കാരനാണ് അദ്ദേഹം . ഇപ്പൊ ഭാര്യയും മക്കളുമായി അവിടെ താമസിക്കുന്നു. കുറേ വിശേഷങ്ങൾ പറഞ്ഞു അദ്ദേഹം. മറ്റു നാടുകളിൽ വച്ച് ബംഗാളികളെ കണ്ടാൽ സ്വന്തം നാട്ടുകാരനാണല്ലൊ എന്ന ഫീൽ വരും എനിക്ക്.
nazar bandhu
അവിടെ ഒരു മരച്ചുവട്ടിൽ വെറുതെയിരുന്നു. ചുറ്റും പലതരം കാഴ്ചകളാണ്. വെറുതെ നോക്കിയിരുന്നാൽ മതി നമ്മൾ വേറൊരു ലോകത്താണെന്ന് തോന്നും. സഞ്ചാരികൾ , ഭക്തർ , കാഴ്ചകൾ കാണാൻ എത്തുന്നവർ, കച്ചവടക്കാർ അങ്ങനെ പലതരം ആളുകൾ , എല്ലാത്തിനും ഭക്തിയുടെ പശ്ചാത്തലവുമുണ്ട്.
nazar bandhu
നദിയോട് ചേർന്ന് സഞ്ചാരികൾക്ക് വേണ്ടിയുള്ള ധാരാളം ബോട്ടുകൾ ഉണ്ട്. അതിനരികിൽ മീൻ പിടിച്ച് കളിക്കുന്ന കുട്ടികളെ കണ്ടു. ചെറിയ തുണി വിരിച്ച് പിടിക്കുന്ന മീനുകൾ ആരോ പൂജ കഴിഞ് ഉപേക്ഷിച്ച് പോയ കുടത്തിൽ ഇട്ട് വയ്ക്കുന്നു. ഞാനവരുടെ ഏതാനും ചിത്രങ്ങൾ പകർത്തി.
nazar bandhu
സ്ത്രീകളുടെ ഒരു സംഘം അവിടെയിരുന്ന് പൂജ ചെയ്യുന്നുണ്ട് . പുരോഹിതർ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും സ്ത്രീകൾ തന്നെ ചെയ്യുന്നു.

ഘട്ടിനോട് ചേർന്ന് വെറുതെ നടക്കുമ്പോഴാണ് ഒരു പ്രായമായ മനുഷ്യൻ , ഒരു ഭിക്ഷക്കാരനായിരിക്കണം – തൻ്റെ വസ്ത്രങ്ങൾ വെള്ളത്തിൽ കുതിർത്തി പതിയെ കൈ കൊണ്ട് ഉരസുന്നുണ്ട്. ഏതാനും നാണയ തുട്ടുകൾ പോക്കറ്റിൽ നിന്നെടുത്ത് പടവുകളിൽ വച്ചിട്ടുണ്ട്. വസ്ത്രത്തിലെ അഴുക്കുകൾ ഒന്നും പോയിട്ടില്ലെങ്കിലും അദ്ദേഹം അവ പിഴിഞ്ഞെടുത്ത് നനവോടെ തന്നെ എടുത്ത് ദേഹത്തണിഞ്ഞു നാണയ തുട്ടുകൾ പോക്കറ്റിൽ ഇട്ട് പതിയെ പടവുകൾ കയറി നടന്നു പോയി. ഞാൻ വെറുതെ അയാളെ നോക്കി നിന്നു.
ശുദ്ധിയാകാൻ ശ്രമിച്ചിട്ടും ശുദ്ധി ലഭിക്കാതെ വീണ്ടും അഴുക്കുകളിൽ ജീവിക്കേണ്ടി വരുന്ന മനസ്സുകളെ ഓർമ്മ വന്നു ആ കാഴ്ച കണ്ടപ്പോൾ .
nazar bandhu

അടുത്തു തന്നെയാണ് തുളസീദാസ് ഘട്ട് . ഭക്ത കവിയായ തുളസീദാസിൻ്റെ ജീവിതത്തിൽ നല്ലൊരു ഭാഗവും ചിലവഴിച്ചിട്ടുള്ളത് കാശിയിലാണ്. കുത്തനെയുള്ള കൽപടവുകൾ ഇറങ്ങി വേണം അവിടെയെത്താൻ.
അതിനടുത്ത് തന്നെയാണ് ഝാൻസി റാണിയുടെ ജന്മസ്ഥലവുമുള്ളത്. അവിടം ഇപ്പോൾ പ്രത്യേകം വേർതിരിച്ച് കുതിരപ്പുറത്ത് ഝാൻസി റാണി ഇരിക്കുന്ന വലിയൊരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
രാത്രി എട്ടുമണിക്കാണ് കൊൽക്കത്തയിലേക്കുള്ള ട്രെയിൻ.
nazar bandhu
സന്ധ്യയോടെ കാശിയോട് യാത്ര പറയണം. അവസാനമായി മണികർണികയിൽ ഒന്നു പോകണം. പതിയെ അവിടേക്ക് നടന്നു. പതിവുപോലെ ധാരാളം മൃതദേഹങ്ങൾ അവിടേക്ക് എത്തുന്നുണ്ട്.

കുറേ സമയം അവിടെ വെറുതെ നിന്ന് മൃതദേഹങ്ങൾ എരിയുന്നത് നോക്കി നിന്ന് പതിയെ റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടോയിൽ കയറുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു.
nazar bandhu

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

വധശിക്ഷ ശിക്ഷയല്ല

https://youtu.be/B2gkTIQgU8Q

DO WE DESERVE TO KILL?

Surya Rajappan Advocate, High court of Delhi “The death penalty is not about whether people deserve to die for the crimes they commit. The real question...

ജീവനും മുമ്പ് ആത്മാവിനും മുമ്പ് എഴുതപ്പെട്ട കവിതകൾ (കെ. എ. ജയശീലന്റെ കവിതകൾ)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്‌നി സ്വപ്ന "Always be a poet even in prose" Charles Baudelire ഒരു കടലിനു മുന്നിൽ നിന്നാണ് കെ എ ജയശീലൻ കവിതകൾ എഴുതുന്നത് എന്നു തോന്നുന്നു. അത്രമേൽ ചലനാത്മകമായ ഒരു...

1 COMMENT

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe

Latest Articles

WhatsApp chat
%d bloggers like this: