നിലമ്പൂർ ബാലൻ അവാർഡ് സുവീരന്

കോഴിക്കോട്: നിലമ്പൂർ ബാലൻ സൗഹൃദ് സമിതി ഏർപ്പെടുത്തിയ നിലമ്പൂർ ബാലൻ അവാർഡിന് നടനും സംവിധായകനുമായ സുവീരൻ അർഹനായി. 24-ന് നടക്കുന്ന ‘ഓർമ’ അനുസ്മരണ സമ്മേളനത്തിൽ നടൻ ജോയ് മാത്യു പുരസ്കാരം സമ്മാനിക്കും. 10,001 രൂപയാണ് അവാർഡ്. പോൾ കല്ലാനോട്, എ. ശാന്തകുമാർ, വിജയലക്ഷ്മി ബാലൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

നിലമ്പൂർ ബാലന്റെയും മകൻ നിലമ്പൂർ സന്തോഷിന്റെയും അനുസ്മരണം 20-ന് ആരംഭിക്കും. 20-ന് വൈകീട്ട് നാലിന് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രകാശ് കരിമ്പയുടെ ‘മൂന്നാം ബെല്ലിനുമപ്പുറം’ എന്ന തിയേറ്റർ ഫോട്ടോഗ്രഫി പ്രദർശനത്തോടെയാണ് തുടക്കം. 19 മുതൽ നടക്കുന്ന പോൾ കല്ലാനോടിന്റെ ചിത്രപ്രദർശനം ഇവർക്കായി സമർപ്പിക്കും.

ടൗൺ ഹാളിൽ 24-ന് വൈകീട്ട് നാലിന് കവിസമ്മേളനം നടക്കും. വൈകീട്ട് അഞ്ചിനാണ് അനുസ്മരണ സമ്മേളനം. സാംസ്കാരിക പ്രവർത്തകൻ വി.കെ. ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ‘നാടകവും ജീവിതവും കേരളീയ സാഹചര്യങ്ങളിൽ’ എന്ന വിഷയത്തിൽ എൻ ശശിധരൻ സംസാരിക്കും. തിയേറ്റർ ബീറ്റ് അവതരിപ്പിക്കുന്ന തിയേറ്റർ സ്കെച്ചസ് അരങ്ങേറും. ഗുരുവായൂരപ്പൻ കോളേജ് വിദ്യാർഥികൾ ‘എരി’ എന്ന നാടകവും അവതരിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *