HomeTHE ARTERIASEQUEL 27വീടിനുമുകളിലൊരാകാശമുണ്ട്

വീടിനുമുകളിലൊരാകാശമുണ്ട്

Published on

spot_imgspot_img

വായന

ജ്യോതി അനൂപിന്റെ നിന്റെ വീടും എന്റെ ആകാശവും എന്ന പുസ്തകത്തിന്റെ വായന

ഡോ. സന്തോഷ് വള്ളിക്കാട്

പെണ്ണുങ്ങള്‍ എഴുത്ത്‌ തുടങ്ങിയ കാലം മുതല്‍ കുടുംബവും പ്രേമവും ദാമ്പത്യവും ലൈംഗികബന്ധങ്ങളും കവിതയില്‍ ഉടല്‍ വ്യസനങ്ങളായും ആത്മതാപങ്ങളായും സ്വത്വവ്യാപനങ്ങളായും രേഖപ്പെടുത്തിയിട്ടുണ്ട്‌. ജ്യോതിയുടെ അക്ഷരങ്ങളിൽ അഗ്നിയുണ്ട്. പ്രതിഷേധത്തിൻ്റെ കനലുണ്ട്‌. പ്രണയത്തിൻ്റെ മഞ്ഞും മഴയുമുണ്ട്. ആണധികാരങ്ങളെ, നടപ്പ് സമൂഹ രീതികളെ ഈ കവിതകൾ ചരിത്ര, രാഷ്ട്രീയ ബോധ്യത്തോടെ ചോദ്യം ചെയ്യുന്നു; പ്രശ്നവൽക്കരിക്കുന്നു. തുറന്നെഴുത്തിന്റെ സഹജമായ ധീരതയും കവിതയുടെ കടലിരമ്പവും വഹിക്കുന്ന മനോഹരമായ വരികളാണ് നിൻ്റെ വീടും എൻ്റെ ആകാശവും എന്ന സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും.

തന്റെ ഏകാന്തതകളെ ധന്യമാകുന്നതാണ് കവിതകൾ. അത് പ്രാണനിൽ പുളയുന്ന സത്യങ്ങളാണ്. ഉള്ളിലെ തേങ്ങലും സ്വപ്നവും ആഹ്ലാദവും അലിവും കവിത നിറയുമ്പോൾ ഉണരുന്നതായി കവി പറയുന്നു. അക്ഷര ധ്യാനോന്മത്തയായി ആത്മനിദ്രയിൽ സ്വതന്ത്രയാകുന്ന കവിമനസ്സ് പൂമ്പാറ്റയെ പോലെയാണ്. അവിടെ ചിന്തകളും,സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളും കവിതപോലെ വാർന്നു വീഴുന്നു. നിനക്കാതെ നമ്മളിലെ അനുഭവങ്ങളെ അനാവരണം ചെയ്യുന്നു. ജ്യോതിയുടെ കവിതകള്‍ പെണ്ണടയാളങ്ങളാണ്. മണ്ണിൽ വേരൂന്നി ആകാശത്തിലേക്ക് പന്തലിച്ചു നിൽക്കുന്ന വടവൃക്ഷം പോലെയാണ് അതിലെ സ്ത്രീ ജീവിതം. അവൾ ഒരിക്കലും അപ്പൂപ്പൻ താടി പോലെ ആശയങ്ങൾക്ക് പിറകെ പാറിപ്പോയി എവിടെയെങ്കിലും വീണടിയാറില്ല. അവളുടെ ദീർഘവീക്ഷണം തനിക്കും തന്റെ കുഞ്ഞുങ്ങൾക്കും വരും തലമുറകൾക്കും സമാധാനമായി ജീവിക്കാനുള്ള ഇടമായി ഭൂമിയെ നിലനിർത്തുക എന്നതാണ്. കാരണം, കവിത ഒരു ചാലക ശക്തിയായി അവൾ കാണുന്നു.

പെണ്‍ സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ വർണ്ണവും പനിനീർപ്പൂവിന്റെ സൗരഭ്യവുമായിരുന്നു. ഹൃദയം പൊട്ടുന്ന തീച്ചൂളയിലകപ്പെട്ട് ചോരയും കണ്ണീരും ഇമ്പമുള്ള കാവ്യമാക്കുന്ന അനുഭവം നാം ഇവിടെ അറിയുന്നു. കുത്തിനോവിച്ച മുറിവുകൾക്ക് കടലിന്റെ ആഴവും പരപ്പുമുണ്ട്. ചിന്തകൾക്ക് കൊടുവാളിനേക്കാൾ മൂർച്ഛയുണ്ട്. മനസ്സിലെ കാട്ടുതീ നദിയായൊഴുകാൻ വെമ്പുകയാണ് പല കവിതാനുഭവങ്ങളും. ജ്യോതിക്കു പറയാനുള്ളത് അത്തരം അനുഭവങ്ങളിലെ ആർദ്രതയാണ്.

കുടുംബം എന്നത് ആണധികാരത്തിന്റെ കൈകളിലേക്ക് പോവുകയും ഒരിടവേളയ്ക്കിപ്പുറത്ത് പോലും സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുകയുമാണുണ്ടായത്. കുറെ കാലം അത് തുടരുകയും അതിനെതിരെ ഒരു പ്രചാരണം എന്ന നിലയ്ക്ക് പെണ്ണുങ്ങൾ തന്നെ എഴുത്തിടങ്ങളിൽ സജീവമാവുകയും ചെയ്ത ഒരു ചരിത്രം ഉണ്ട്. സ്ത്രീകൾ എഴുത്തിനെ പരിപോഷിക്കാൻ തുടങ്ങിയതോടെയാണ് കവിത ഒരു ചാലക ശക്തിയായി വളർന്നു വന്നത്. അങ്ങനെ പെൺ പ്രതിരോധങ്ങൾ ഉയർന്നു വരികയും ചെയ്തു. ഇതില്‍ ഒരു കണ്ണിയാണ് ജ്യോതിയും.

“നിന്റെ വീടും എന്റെ ആകാശവും” സ്ത്രീയുടെ ശബ്ദമാണ്.
“വീടിന് അതിനേക്കാൾ വലിയ
ഒരാകാശമുണ്ടെന്ന് നീ മറന്നിരിക്കും
അതിനെ നിനക്ക് സ്വന്തമാക്കാനാവില്ല
ആ വിഹായസ്സിൽ ഉയർന്ന പാറുന്നത്
സ്വാതന്ത്ര്യത്തിന്റെ സപ്തവർണ്ണങ്ങളായിരിക്കും.” ഇത് സ്വാതന്ത്ര്യത്തിന്റെ നവ ലോകം സ്വപ്നം കാണുന്ന പെണ്മനസ്സിന്റെ പ്രതികരണമാണ്.

കണ്ണുകൾ കൊണ്ടുള്ള സംഗീതം പുതിയ സുന്ദര കാവ്യം രചിക്കുന്ന മാസ്കിന്റെ കാലത്തെ ‘ഏകം’ എന്ന കവിത അഭിസംബോധന ചെയ്യുന്നു. പാരിസ്ഥിതിക പ്രതിസന്ധിയാണ് ‘മഴ മൊഴിഞ്ഞത് ‘എന്ന കവിതയുടെ പ്രമേയം .
“കുന്നിടിച്ച് മരം കരിച്ച്
തണലു കൊന്നത് താനല്ലെന്നും
വീടിന്നടച്ചുറപ്പില്ലാന്നൊടുക്കം
പരിതപിച്ചിട്ട് കാര്യമില്ലെന്നും ”
കവി ഉണർത്തുന്നുണ്ട്.

നന്മകളുടെ തുലാഭാരം ആണ് ദൈവം. നിന്റെ വിശപ്പിന്റെ തൂക്കത്തോളം വരുന്ന സ്നേഹം അവിടെയുണ്ട്. ‘സുഭാഷിത’ത്തില്‍ പക്ഷപാതം ഇല്ലാത്ത ദൈവസങ്കൽപത്തെ വ്യാഖ്യാനിക്കുന്നു കവി. ഇത് ടാഗോറിന്റെ ഗീതാഞ്ജലിയോളം എത്തുന്നു. ദൈവത്തെ തിരയുന്ന നീതിബോധം കവിയിലുണ്ട്.
അഗാധ സ്നേഹത്താൽ പീഡിതരായ സ്ത്രീ ഹൃദയം “പെണ്ണെഴുത്തി “ല്‍ കാണാം.
ശ്മശാനത്തിലേക്ക് നയിക്കും വരെ
ഉപാധികളാല്‍ നയിക്കപ്പെടുന്നവള്‍
തൂപ്പുകാരിയും പാചകക്കാരിയും അലക്കുകാരിയും കുഞ്ഞുങ്ങൾക്ക് ട്യൂഷൻ ടീച്ചറുമാവാൻ വിധിക്കപ്പെട്ട പെണ്ണ് വരും ജന്മവും എന്ന കവിതയിലുണ്ട്. അതിൽ ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഒരു പെണ്ണായി പിറന്നു പോരാളിയായി സത്യമോതാൻ നീതിയുടെ വചസ് ഉണരണമെന്നും പെൺ വാക്കുകൾ വേദികളിൽ ഇടിമുഴക്കമായിത്തീരണമെന്നും കവി ആഗ്രഹിക്കുന്നു.

പ്രത്യാശയുടെ പ്രാർത്ഥനയാണ് പ്രതീക്ഷയാണ് ‘ഉയർപ്പിനെ കാത്ത്’ എന്ന കവിത.
“ഗംഗയും സംസമും ഒരേ പാത്രത്തിലുണ്ണണം
കർമ്മം ആരാധനയാവണം ധർമ്മം ഈശ്വരനും ”
അടയാളങ്ങൾ പേറാത്ത ഒരു ലോകത്തെ കുറിച്ചുള്ള സ്വപ്നം കവി നെഞ്ചേറ്റുന്നു. നാമെന്തിന് അടയാളങ്ങൾ പേറണമെന്നാണ് കവിയുടെ ചോദ്യം.
അതിർത്തികള്‍ പകുത്തവരോട് പലായനത്തിന്റെ ഇരകൾ ചോദിക്കുന്ന ചോദ്യം “പിന്നെന്തിന് അവർ മാത്രം മടങ്ങണം? നിനക്കും അവൾക്കും ഒരേ സൂര്യനെ നിശ്ചയിച്ചതവന്‍ , ചക്രവാളവും കടലും തീർത്തവന്‍ ഉദ്ദേശിച്ചിരുന്നത് സംഘർഷങ്ങളും വംശീയതയും വർഗ്ഗീയതയും ഇല്ലാത്ത ലോകത്തെയാണ്.

സ്ത്രീ പ്രണയത്തില്‍ പൂത്തുലയുക മാത്രമല്ല പ്രണയപ്പകയിൽ തെരുവിൽ ചാരമായി മാറുകയും ചെയ്യുന്ന ആധുനിക യാഥാർഥ്യം പറയുമ്പോള്‍ അവൾ ഉരുകി ഒഴുക്കിയ രക്ത വഴികൾ വെള്ളമൊഴിച്ച് കഴുകി നിസ്സംഗരായി നാം ഇരിക്കുന്ന കാഴ്ച്ചയും കാട്ടിത്തരുന്നു.
“അരികു ഛേദിച്ചഴകുകാട്ടി അരികിലെത്തുന്ന കാപട്യം ആയി പ്രണയം” മാറിയിരിക്കുന്നു എന്ന സത്യത്തിനു മുമ്പില്‍ നാം പകയ്ക്കുന്നു. . പ്രണയത്തിൻ്റെ പ്രാകൃതമായ പ്രതികാരങ്ങളായി പട്ടാപകൽ നിറഞ്ഞ തെരുവിൽ ഒറ്റയ്ക്ക് നിന്ന് കത്തുന്ന സ്ത്രീ രൂപങ്ങള്‍ പുരുഷന്റെ പെണ്ണുടലിനോടുള്ള പ്രണയം കൊണ്ടല്ല കാമം കൊണ്ടാണെന്ന് പുരുഷനെ ഓർമ്മിപ്പിക്കുന്നു.

“ഊന്നു വടിയാല്‍ നീ അളന്നിട്ട വേഗങ്ങള്‍
ഗാന്ധിമാർഗ്ഗം കാട്ടി നീളുന്നനന്തമായ്
അമരനാണെന്നതിനാൽ സനാഥരാണുനാം ” എന്ന് ഗാന്ധി എന്ന ബാപ്പുജിയെ സ്മരിക്കുകയും ആ കർമ്മ വീര്യത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു.
‘ഇടയ്ക്ക്’ എന്ന കവിത ഏറെ ശ്രദ്ധേയമാകുന്നത് സ്വന്തം അസ്തിത്വം തേടി നാട്ടുവഴികളിലൂടെയുള്ള മടക്കയാത്രയിലൂടെയാണ്. അറിയപ്പെടാത്ത ഒരു ലോകത്തെ നെഞ്ചേറ്റുന്ന സ്വപ്നമാണ് ഈ കവിത. ഒരു വേള കവി സ്വയം മെനഞ്ഞ ഒരു സങ്കല്പ്പലോകം.

ശബ്ദമാണ് ഞാൻ എന്നാണ് കവിവാക്യം. സമൂഹത്തിൻ്റെ കാവൽക്കാരനായ കവിയുടെ വെളിപാടുകളാണ് ഇതില്‍ പല കവിതകളും. അത് സ്ഥലവും കാലവും കടന്നു മനുഷ്യരാശിയുടെ സമഗ്രതയെ ആവാഹിക്കുന്നു.

ഓർമ്മകളെ പറ്റി മൂന്നു കവിതകളുണ്ട് ഈ സമാഹാരത്തില്‍. ഓർമ്മകളെ പറ്റി ചിലത് , ഓർമ്മകളെ പറ്റി ഇനിയും , ഓർമ്മകളുടെ അങ്ങേയറ്റം തുടങ്ങിയ ഈ കവിതകൾ പരസ്പര പൂരകങ്ങളാണ്. തുടർ കവിതകള്‍ പോലെ. നമുക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഓർമ്മകൾ. സ്വന്തം അസ്‌തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളാണ് അത്. ഓർമ്മകളുടെ അടിസ്ഥാനത്തിലാണ് ജീവിത്തിലെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നത്. ഓർമ്മകൾ നശിച്ചു പോകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും ഭയാനകമായ പ്രതിസന്ധിയെന്ന് ഈ കവിതകള്‍ നമ്മെ ഓർമ്മിപ്പിക്കുന്നു.

കവിതയോടുള്ള പ്രണയമാണ് എന്നിലെ കവിതകള്‍, കവിത നടന്നു പോകുന്നു, കരിഞ്ഞു പോകുന്നവ, ഈ മഴത്തുള്ളി തുടങ്ങിയവ. അനന്തമായ ആകാശവും മഴയും നിലാവും കടലും പൂമ്പാറ്റയും പൂക്കളും സൂര്യനും എല്ലാം മനസ്സിൽ ഉണർത്തുന്ന വൈകാരികതയുടെ ഭാവങ്ങൾ വ്യത്യസ്തമാക്കുന്ന കാഴ്ച ജ്യോതിയുടെ കവിതകളുടെ പ്രത്യേകതയാണ്. അവ ആവർത്തിക്കുന്തോറും വൈവിധ്യപൂർണമായ വർണ്ണവിസ്മയം തീർക്കുന്നു. കവിയുടെ സൂക്ഷ്മനിരീക്ഷണത്തിന്റെ പല തലങ്ങളും കവിതയിൽ കണ്ടെത്താനാകും. ഇതിൽ സ്വന്തം കവിതയുടെ പിറവി രഹസ്യവും എഴുത്തിന്റെ നൈതികതയും പലയിടങ്ങളിലായി കവി പ്രഖ്യാപിക്കുന്നുണ്ട്. മഴക്കുറുമ്പ്,വനഗീതം,ഇടയ്ക്ക് തുടങ്ങിയ കവിതകള്‍ തഴക്കവും വഴക്കവുമുള്ള കാവ്യമൊഴികളാണ്. സ്ത്രീ മനസ്സിൻ്റെ വിഹ്വലതകളും വെളിപാടുകളും പക്വതയോടെ പങ്കിടുന്ന എഴുത്തുകാരിയാണ് ജ്യോതി എന്ന് കുലസ്ത്രീയോട് , നിൻ്റെ വീടും എൻ്റെ ആകാശവും, ഇത് പെണ്ണെഴുത്ത്, വരും ജന്മവും, കണ്ടിട്ടുണ്ടോ , കരിഞ്ഞു പോകുന്നവ, അവർ തുടങ്ങിയ കവിതകൾ സാക്ഷ്യം വഹിക്കുന്നു. “വീടി”ല്‍ നിന്ന് “നിന്റെ വീടും എന്റെ ആകാശവും ” പക്വമായി തന്നെ നാമും തിരിച്ചറിയുന്നു. അഭയത്തിൻ്റെ സ്വാതന്ത്ര്യം സ്വപ്നം കാണുന്നു .

athma-the-creative-lab-ad

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...