നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതം

ഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി അബോധാവസ്ഥയിൽ ആവുന്നു.
പറഞ്ഞു വന്നത് കേരളം ഇന്ന് ഏറെ ഞെട്ടലോടെ നോക്കി കാണുന്ന നിപ്പ വൈറസ് ബാധയെ തുടർന്നുള്ള ലക്ഷണങ്ങളാണ്. അബോധാവസ്ഥയിലായി പോകുന്നവരിൽ പത്തിൽ മൂന്നുപേർ അഥവാ മൂന്ന് ഭാഗ്യവാന്മാർക്ക് മാത്രമാണ് തിരികെ ജീവിതത്തിലേക്ക് ഒരു സാധ്യതയെങ്കിലും കാണുന്നതെന്ന് മെഡിക്കൽ സയൻസ് പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞവർഷം കോഴിക്കോട് പേരാമ്പ്രയിൽ സാന്നിധ്യമറിയിച്ച് 17 ജീവനുകൾ എടുത്ത ഈ രോഗത്തെ നമ്മൾ നേരിടാൻ പഠിച്ചു കഴിഞ്ഞു. 2018 മെയ് മാസത്തിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് അവതരിച്ച നിപ്പയെ കൂടുതൽ പേരിലേക്ക് പകരാതെ ആരംഭത്തിൽ തന്നെ വരുതിയിലാക്കാൻ നമ്മുടെ ആരോഗ്യവകുപ്പിന് കഴിഞ്ഞതുമാണ്. എന്നിട്ടും എറണാകുളത്ത് ഈ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നിപ്പയുടെ ഉറവിടത്തിലേക്ക് നമ്മൾ വീണ്ടും ഉറ്റുനോക്കുന്നത്.

നിപ്പാ വൈറസ് ബാധയെ തുടർന്ന് ഉണ്ടാകുന്ന രോഗാവസ്ഥയെ മെഡിക്കൽ സയൻസിൽ നിപ്പ വൈറസ് എൻസഫലൈറ്റിസ് എന്നാണ് വിളിക്കുന്നത്.1998-99 കാലയളവുകളിൽ സിംഗപ്പൂർ, മലേഷ്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ തുടങ്ങി ഇന്ത്യയിൽ ഇപ്പോൾ കേരളത്തിലും എത്തി നിൽക്കുന്നു നിപ്പ.
ടീറോപ്പസ് (pteropus) ഇനത്തിൽപ്പെട്ട പഴം തീനി വവ്വാലുകളാണ് നിപ്പ വൈറസിന്റെ വാഹകർ എന്നത് ഇതിനകം തന്നെ നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. മലേഷ്യയിൽ നിപ്പ പടർന്നു പിടിച്ചത് ഇത്തരത്തിൽ ആദ്യം പഴംതീനി വവ്വാലുകളിൽ നിന്ന് പന്നി കളിലേക്കും തുടർന്ന് പന്നികളിൽ നിന്ന് മനുഷ്യരിലേക്കും ആയിരുന്നു. അന്ന് നിപ്പ പിടിപെട്ട പന്നികളിൽ ചുമയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ “ബാർക്കിംഗ് പിഗ് സിൻഡ്രോം”, “വൺ മൈൽ കഫ്” എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. 1994 ആസ്ട്രേലിയയിൽ നിപ്പ പടർന്നു പിടിച്ചത് പക്ഷേ കുതിരകളിൽ ആയിരുന്നു. അസുഖ ബാധിതരായ കുതിരകളിൽ നിന്ന് മറ്റു കുതിരകളിലേക്ക് ശരീര സ്രവങ്ങളിലൂടെ ആയിരുന്നു വൈറസ് പടർന്നത്. മലേഷ്യയിലെ പന്നിവളർത്തൽ കേന്ദ്രത്തിലെ നിപ്പ ബാധയെ തുടർന്ന് ഡോക്ടർ ടാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഴംതീനി വവ്വാലുകൾ നിപ്പ വൈറസ് വാഹകരാണെന്ന് കണ്ടെത്തിയത്.

ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, കമ്പോഡിയ, ബംഗ്ലാദേശ് എന്നിങ്ങനെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കണ്ടുവരുന്ന വവ്വാലുകളിൽ ഇതേ നിപ്പ വൈറസിന് എതിരെയുള്ള ആന്റിബോഡികളും കണ്ടെത്തിയിട്ടുണ്ട്.

നിപ്പ: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നിപ്പാ വൈറസ് പഴം തീനി വവ്വാലുകളിൽ കുടിയേറിയിട്ടുണ്ട്. ഇക്കാലയളവിൽ ഇവയ്ക്ക് പരിണാമപരമായി വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടും ഇല്ല. പിന്നെ എന്തു കൊണ്ട് നിപ്പാ വൈറസ് ബാധ ഇപ്പോൾ മാത്രം സംഭവിക്കുന്നു.!!!
ചില ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത് പോലെ ഒരുപക്ഷെ മുൻപ് ഈ അസുഖവും ലക്ഷണങ്ങളും വേണ്ടത്ര പരിഗണിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ വന്നു പോയിട്ടുണ്ടാവാം. എങ്കിലും ഇതൊരു മാരക പകർച്ചവ്യാധിയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഈ അടുത്ത കാലത്ത് ആണെന്ന് നിസംശയം പറയാം.

പാരിസ്ഥിതികമായി ഇതിന് ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും വവ്വാലുകളുടെ ആവാസ സ്ഥലത്തേക്ക് മനുഷ്യർ നടത്തിയ കടന്നുകയറ്റമാണ് ഒരുപരിധിവരെ മുഖ്യകാരണം എന്ന് കരുതപ്പെടുന്നു. അതെ വൻതോതിലുള്ള നഗരവൽക്കരണ പ്രക്രിയ തന്നെ മുഖ്യ കാരണം. മലേഷ്യയിലെ നിപ്പ ബാധയെ തുടർന്നുള്ള പഠനങ്ങളിൽ കണ്ടെത്തിയത് പൾപ്പ് മരത്തിനു വേണ്ടി അശാസ്ത്രീയമായി നടത്തിയ വനനശീകരണം അവിടുത്തെ വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നതാണ്. 2000-2012 ന് ഇടയിൽ മലേഷ്യയിൽ 14.4 ശതമാനം വനവിസ്തൃതി നഷ്ടമായിട്ടുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

1997-98ൽ മലേഷ്യയിൽ വൻതോതിൽ വനനശീകരണം നടന്നിരുന്നു എന്നതിന് പുറമേ ആ കാലയളവിൽ ഉണ്ടായിട്ടുള്ള വരൾച്ചയും മറ്റൊരു കാരണമായി ശാസ്ത്രലോകം പരിഗണിക്കുന്നു. Elnino – Southern Oscillation അഥവാ ‘എൻസോ’ (ENS0) എന്ന പ്രതിഭാസം മൂലം ഉണ്ടായ ഈ വരൾച്ച കാരണം വവ്വാലുകൾക്ക് തീരപ്രദേശങ്ങളിലെ വനങ്ങളിൽ നിന്നും നാട്ടുമ്പുറങ്ങളിലെ പന്നി വളർത്തൽ കേന്ദ്രങ്ങളോട് ചേർന്ന വനങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടതായി വന്നു. പസഫിക് സമുദ്രത്തിലെ ജലം സാധാരണയിൽ കവിഞ്ഞ് ചൂടാവുന്ന അവസ്ഥയിലാണ് ‘എൽ നിനോ’ ഉണ്ടാവുന്നത്.
സമുദ്രോപരിതലത്തിൽ ജലത്തിന്റെ താപനില വർദ്ധിക്കുന്നതിന് കാരണമോ, കാലങ്ങളായി നമ്മൾ കേട്ടുവരുന്ന ആഗോളതാപനം എന്ന പ്രതിഭാസവും.

മധ്യ ആഫ്രിക്ക, കിഴക്കനേഷ്യ, ആമസോൺ, എന്നിങ്ങനെ ഭൂമധ്യരേഖാ മേഖലകളിലെ വനനശീകരണം ആണ് 15 ശതമാനം കാർബൺ ബഹിർഗമനത്തിനും കാരണമാവുന്നത്. ഇത്തരത്തിൽ ഹരിതഗൃഹവാതക ത്തിൻറെ വൻതോതിലുള്ള പുറന്തള്ളൽ ഇക്കാലയളവിൽ ക്രമാതീതമായ താപനിലാ വർദ്ധനവിന് കാരണമായിട്ടുണ്ട്. മുൻ നൂറ്റാണ്ടുകളെ അപേക്ഷിച്ച് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഭൂമിയുടേയും സമുദ്രോപരിതലത്തിന്റെയും ചൂടു കൂടുന്നത് നമുക്ക് ഇപ്പോൾ നേരിട്ട് ബോധ്യപ്പെട്ടു വരികയാണ്.

വരൾച്ചക്കും പ്രളയത്തിനും പുറമേ ഇത്തരത്തിൽ കാലാവസ്ഥാവ്യതിയാനം വഴിവയ്ക്കുന്നത് മാരകരോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിന് കൂടിയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സകല ജീവജാലങ്ങൾക്കും പ്രകൃത്യാ നിലവിലുണ്ടായിരുന്ന ആവാസവ്യവസ്ഥക്ക് മാറ്റം സംഭവിക്കുമ്പോൾ, അഥവാ അവരുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യർ കടന്നുചെല്ലുക വഴി അന്നോളം ജീവികളിൽ മാത്രം അഭയം പ്രാപിച്ചു പോന്നിരുന്ന ഇത്തരം വൈറസുകൾക്കും മറ്റ് രോഗാണുക്കൾക്കും മനുഷ്യശരീരത്തിലേക്ക് നമ്മൾ എളുപ്പവഴി ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.

മനുഷ്യരും വവ്വാലുകൾക്കും ഇടയിലെ ഇടപെടലുകൾ തന്നെയാണ് ബംഗ്ലാദേശിലും ഇന്ത്യയിലും നിപ്പാ വൈറസ് എൻസഫലൈറ്റിസ് പടർന്നുപിടിക്കാൻ കാരണമായത്.

വെസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ 2001 ജനുവരി 31 നും ഫെബ്രുവരി 23 നും ഇടയിൽ 66 പേർ നിപ്പ ബാധിതരാവുകയും ഇവരിൽ 45 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. തുടർന്ന് 2007 ഏപ്രിൽ 9 നും 28 നും ഇടയിൽ വെസ്റ്റ് ബംഗാളിലെ തന്നെ നദിയയിൽ നിപ ബാധിതരായ അഞ്ചു പേരും മരണപ്പെട്ടു. അന്നത്തെ നിപ്പയുടെ ഉറവിടം അന്വേഷിച്ചുള്ള യാത്രയിൽ ഗവേഷകർ ചെന്നെത്തിയത് ഈന്തപ്പനയിൽ ആണ്. ഈന്തപ്പനയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കള്ളും മറ്റ് പാനീയങ്ങളും വഴിയായിരുന്നു ഇത്തവണ വവ്വാലിൽ നിന്ന് വൈറസ് മനുഷ്യരിൽ എത്തിയത്. ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലും കുട്ടികൾക്കിടയിൽ പോലും വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഈന്തപ്പനകള്ളിൽ വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്നതായിരുന്നു അന്ന് വൈറസ് ബാധക്ക് കാരണം.

ഇവിടെയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിപ്പ ബാധിച്ച പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രത്യേകതയാണ്. വെസ്റ്റ് ബംഗാളിലെ സിലിഗുരി വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശുമായും നദിയ പടിഞ്ഞാറൻ ബംഗ്ലാദേശുമായും അതിർത്തി പങ്കിടുന്ന ജില്ലകൾ ആണ്. നിപ്പ ബെൽറ്റ് എന്നുപോലും ഈ മേഖല അറിയപ്പെടുന്നു. ഇവിടങ്ങളിൽ മുൻവർഷങ്ങളിലായി കൃഷി ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും മറ്റുമായി വനനശീകരണം നടന്നിരുന്നു. ബംഗ്ലാദേശിന്റെ വനവിസ്തൃതി 1989ലെ 14 ശതമാനത്തിൽ നിന്നും 7 ശതമാനത്തിലേക്ക് താഴ്ന്നതും ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ട വസ്തുതയാണ്.

ഡോക്ടർ ഹാനിന്റെ നേതൃത്വത്തിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് മറ്റൊന്നാണ് വവ്വാലുകളുടെ ആവാസയിടത്തിന്റെ തിരഞ്ഞെടുപ്പ് രീതി പ്രകാരം വവ്വാലുകളുടെ 87 ശതമാനവും ബംഗ്ലാദേശിലെ മനുഷ്യവാസയിടങ്ങളുടെ 50 മീറ്റർ പരിധിക്കുള്ളില്ലായിരുന്നു. ഈ അവസ്ഥ തുടർന്നു പോകുന്ന പക്ഷം മനുഷ്യരിലും മറ്റു വളർത്തുമൃഗങ്ങളും ഇനിയും പുതിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.

മറ്റൊരു ചോദ്യം എന്തുകൊണ്ട് വവ്വാലുകൾ നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ ശരീരത്തിൽ വഹിക്കുന്നു എന്നതാണ്. ഒരു കാരണമായി കരുതുന്നത് വ്യത്യസ്ത സ്പീഷീസിൽപ്പെട്ട വവ്വാലുകൾ ഒന്നിച്ച് ഒരിടത്താണ് സാധാരണ ചേക്കേറുന്നത് എന്നതാണ്. ഇങ്ങനെ ചെയ്യുക വഴി വ്യത്യസ്ത വവ്വാലുകൾക്കിടയിൽ വ്യത്യസ്ത വൈറസുകളുടെ കൈമാറ്റം സംഭവിക്കുന്നു. സ്വതവേ വലിയതോതിൽ പ്രതിരോധശേഷിയുള്ള ജീവികളാണ് വവ്വാലുകൾ എന്നതുകൊണ്ട് തന്നെ ഏതുതരം വൈറസിനെയും രോഗം വരാത്ത രീതിയിൽ ശരീരത്തിൽ വഹിക്കാൻ ഇവയ്ക്കാകുന്നു. കാരണം മിക്ക വൈറസുകൾക്കും ഏകദേശം 37 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയിലാണ് ജീവൻ നിലനിർത്താൻ സാധിക്കുക. വവ്വാലുകളുടെ ശരീരത്തിന്റെ താപനില പക്ഷേ 40 ഡിഗ്രി സെൽഷ്യസ് വരെ ആണെന്നിരിക്കെ ഈ വൈറസുകൾക്ക് വവ്വാലുകളിൽ രോഗകാരിയായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. അതിനാൽ തന്നെ മനുഷ്യ ശരീരം സാധാരണ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 39 ഡിഗ്രി സെൽഷ്യസ് വരെയുള്ള പനി കൊണ്ടൊന്നും ഈ വൈറസ് ബാധയെ തുരത്താൻ കഴിയാതെ വരുന്നു.

എന്നിരിക്കലും ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരെയും ഇനിയും കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി നിപ്പ വൈറസ് ഒരു ദുരൂഹതയായി തന്നെ നിൽക്കുകയാണ് കേരളത്തിൽ. കാലാവസ്ഥാ വ്യതിയാനത്തിനും നഗരവൽക്കരണത്തിനുമൊന്നും നിപ്പയുമായ് നേരിട്ട് ബന്ധമില്ലെന്നോ വിദൂര ബന്ധമേ ഉള്ളൂ എന്നൊക്കെ നമുക്കിപ്പോൾ തോന്നിയേക്കാമെങ്കിലും വിശാലാർത്ഥത്തിൽ നമ്മുടെ ചിന്ത പോവേണ്ട ഇടം ഇതു തന്നെയാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇനിയെങ്കിലും പരിധിവിട്ടുള്ള വനനശീകരണവും നഗരവൽക്കരണവും നാം നിർത്താൻ തയ്യാറായില്ലെങ്കിൽ വികസിപ്പിച്ചെടുക്കുന്നെന്നു നാം കരുതുന്ന ഈ ഭൂമിയിൽ ജീവിക്കാൻ ആര് ബാക്കി ഉണ്ടാവുമെന്ന് ആലോചിക്കേണ്ടതാണ്.

കേരളത്തിൽ നിപ്പയുടെ ഈ രണ്ടാം വരവിനെ ഏറ്റവും പെട്ടെന്ന് ലഭ്യമായ മാർഗ്ഗങ്ങളിലൂടെ നമ്മൾ നിയന്ത്രിക്കുകയും തുരത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. പക്ഷേ അതിനുശേഷമാണ് നാം ഉണർന്നു പ്രവർത്തിക്കേണ്ടത് പ്രളയത്തിനും, വരൾച്ചയ്ക്കും, നിപ്പ പോലുള്ള മാറാവ്യാധികൾക്കും ഇനി മുന്നിലുള്ള ഒരൊറ്റ പരിഹാരം പരിസ്ഥിതി സംരക്ഷണം തന്നെയാണ്.

(കാലിക്കറ്റ് യുനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗത്തിൽ ഗവേഷകയാണ് ലേഖിക.)

അവലംബം:

Scientific paper presented by Shweta Rana and Sanjana Singh on Nipah virus : Effects of Urbanization and Climate Change
at Third International Conference on Biological, Chemical & Environmental Sciences.

Leave a Reply

Your email address will not be published. Required fields are marked *