മലയാളസിനിമയിലെ ഉണ്ണിയേട്ടൻ!

സച്ചിൻ. എസ്‌. എൽ

മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആര് എന്ന ചോദ്യത്തിന് ഒത്തിരിക്കാലങ്ങളായുള്ള എന്റെ ഉത്തരം,

ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നാണ്.

വാണിജ്യസിനിമയിൽ നായക നടനായിട്ടോ, മുഴുനീള കഥാപാത്രമായിട്ടോ അഭിനയിച്ചിട്ടില്ലെങ്കിൽക്കൂടിയും ഒടുവിൽ എന്ന നടൻ എനിക്ക്‌ ഇപ്പോഴും വിസ്മയമാണ്.

ബഹുമുഖവൈദഗ്ദ്യമുള്ള നടൻ എന്ന തലപ്പാവ്‌ മലയാളത്തിൽ ഏറ്റവും അധികം ഇണങ്ങുന്നത്‌ ഒരുപക്ഷേ ഒടുവിലിനായിരിക്കും. പേരിൽ മാത്രമേ അദ്ദേഹം ഒടുവിലായുള്ളൂ. പ്രതിഭയിൽ അദ്ദേഹം എന്നും മുൻപിലായിരുന്നു.

എഴുപതുകളോടെ മലയാളസിനിമയുടെ ഭാഗമായി തീർന്ന ഉണ്ണിക്കൃഷ്ണൻ 1973 ൽ പി. എൻ മേനോൻ സംവിധാനം ചെയ്ത അടൂർ ഭാസി ചിത്രം ദർശനത്തിലൂടെയാണ് മലയാള സിനിമയുടെ ഭാഗമായിത്തീരുന്നത്‌.

തുടർന്നങ്ങോട്ട്‌ ഒട്ടനവധി സിനിമകൾ. മലയാള സിനിമ കണ്ട തറവാടിയായ അമ്മാവനായും, ആഭിജാത്യമുള്ള തറവാട്ടിലെ കാരണവരായും, എന്തിനേറെ പറയുന്നു വീട്ടുകാർക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കാര്യസ്ഥൻ, പ്രീയങ്കരനായ നാട്ടിൻപുറത്തുകാരൻ, നർമ്മസ്വഭാവിയായ ചായക്കടക്കാരൻ എന്നിങ്ങനെ നീണ്ട്‌ പോകുന്ന വിവിധ വേഷങ്ങളെ ഇന്നും ഓർമ്മിപ്പിക്കാൻ പ്രേരിപ്പിക്കുന്ന നാനൂറിലേറെ ചിത്രങ്ങൾ, കഥാപാത്രങ്ങൾ…

അപ്പുണ്ണിയിലെ കുറുപ്പ്‌ മാഷ്‌, വരവേൽപ്പിലെ നാരായണൻ ഉത്സവപ്പിറ്റേന്നിലെ പരമു നായർ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അപ്പുണ്ണി നായർ, മഴവിൽക്കാവടിയിലെ കുഞ്ഞാപ്പു, തലയണമന്ത്രത്തിലെ കെ. ജി പൊതുവാൾ, സന്ദേശത്തിലെ അച്ചുതൻ നായർ, ദേവാസുരത്തിലെ പെരിങ്ങോടൻ, പൊന്മുട്ടയിടുന്ന താറാവിലെ പാപ്പി, മേലേപ്പറമ്പിൽ ആൺ വീട്ടീലെ കുട്ടൻ നായർ, വധു ഡോക്ടറാണിലെ മാരാർ, അനിയൻ ബാവ ചേട്ടൻ ബാവയിലെ ഈശ്വരപ്പിള്ളൈ, കഥാനായകനിലെ ശങ്കുണ്ണി, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഫാദർ നെടുമലം, ഗ്രാമഫോണിലെ പാട്ടുസേട്ട്‌, തുടങ്ങി രസതന്ത്രത്തിലെ ഗണേശൻ ചെട്ട്യാർ വരെ,തനതു ഹാസ്യവും, താനായിട്ട്‌ മലയാളികൾക്ക്‌ പരിചയപ്പെടുത്തിയ നർമ്മഭാവങ്ങളും, രസസംഭാഷണങ്ങളും ചേരുവയായിത്തീർന്ന
പലപ്പോഴും സിനിമയുടെ ഭാഗവാക്കാവുന്ന കഥാപാത്രമായി മാറുകയും ചെയ്ത എത്രയെത്ര ഒടുവിൽ കഥാപാത്രങ്ങൾ.

2002 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്തിലെ കാളിയപ്പനായുള്ള വേഷപ്പകർച്ചയുടെ ഔന്നത്യം അങ്ങ്‌ ഇറ്റലിയിലെ വെനീസ്‌ ഫിലിം ഫെസ്റ്റിവൽ വരെ എത്തിനിന്നു.
ആ വർഷത്തേ മികച്ച നടനുള്ള കേരളാ സ്റ്റേറ്റ്‌ ഫിലിം അവാർഡും അദ്ദേഹത്തിനായിരുന്നു.

സത്യൻ അന്തിക്കാട്‌, ഹരിഹരൻ സിനിമകളുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നും എന്നും ഒടുവിൽ, നായകനടൻ ജയറാമിന്റെ സഹനടനായിട്ടും, സൈഡ്‌ റോളിലുമാണ് ഒടുവിൽ കൂടുതൽ അഭിനയിച്ചത്‌.

ഇന്നൊരുപക്ഷേ ഒടുവിൽ അഭിനയിച്ച പോലത്തെ കഥാപാത്രങ്ങൾ മലയാളസിനിമയിൽ കണ്ടെത്തുക എളുപ്പമല്ല. ആ തികവോടെ അത്തരം സൈഡ്‌ റോളുകൾ ചെയ്യാൻ പോന്ന ഒരു നടൻ ഇന്ന് നമ്മുടെ സിനിമാമേഖലയിൽ ഇല്ല എന്ന വസ്തുത
അദ്ദേഹം എത്രത്തോളം പക്വതയാർന്ന അഭിനയത്തികവിന്റെ ആൾ രൂപമായിരുന്നു എന്നത്‌ കാട്ടിത്തരുന്നു.

കൂടാതെ ദയനീയതയും ഒറ്റപ്പെടലും വിജനവിവിക്തമായ അവമതിക്കലും നിരാലംബമായ അവസ്ഥയുമൊക്കെയുള്ള കഥാപാത്രങ്ങളെ വൈവിധ്യങ്ങളിലൂടെ ഒടുവില്‍ പ്രകടമായി അനുഭവിപ്പിച്ചിട്ടുണ്ട്.

വി. കെ. എന്നിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്ത അപ്പുണ്ണിയിൽ തുടങ്ങി ഇങ്ങോട്ട്‌ അന്തിക്കാട് സിനിമകളില്‍ സ്ഥിരമായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കഥാപാത്രങ്ങള്‍ തിളങ്ങിയിരുന്നു.

1996 ൽ പുറത്തിറങ്ങിയ
തൂവല്‍ക്കൊട്ടാരത്തിലെ അച്ചുതൻ മാരാർ എന്ന കഥാപാത്രത്തിന് സഹനടനുള്ള സംസ്ഥാന അംഗീകാരവും ഒടുവിലിന് ലഭിച്ചു. (അതിനു തൊട്ട്‌ മുൻപിലത്ത വർഷവും (1995) ഈ അവാർഡ്‌ ഒടുവിലിന് തന്നെയായിരുന്നു. അടൂരിന്റെ കഥാപുരുഷനിലെ അഭിനയത്തിന്). പി.എന്‍ മേനോനുശേഷം ഭരതന്‍ ചിത്രങ്ങളിലും ഒടുവില്‍ തന്റെ കഥാപാത്രങ്ങളെ ഭാവഗരിമയും തന്മയത്വവും ചേർത്തവതരിപ്പിച്ചു.

താരസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഭാവപ്പകര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയ ചുരുക്കം ചിലരില്‍ ഒന്നാമനായാണ് ഒടുവില്‍ സിനിമയിലെത്തിയത്. അതുല്യ അഭിനയപാടവത്തിലൂടെ മലയാളിമനസ്സില്‍ അനശ്വരസ്ഥാനം നേടിയ ഒടുവില്‍ തന്റെ കഥാപാത്രങ്ങളിലത്രയും ആറാം തമ്പുരാനിലെ ഗതികെട്ട തമ്പുരാന്റെ ദൈന്യതയും ഒറ്റപ്പെടലും ഒക്കെത്തന്നെയായിരുന്നു പങ്കുവെച്ചത്‌. ബാഹ്യമായി നർമ്മം ചേർത്ത്‌ അവയൊക്കെയും
അവതരിപ്പിക്കാൻ ഒടുവിൽ കാണിച്ച അത്രയും കഴിവ്‌ മറ്റ്‌ നടന്മാരിൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ വേണം വിലയിരുത്താൻ…

നടന്മാരിൽ ദരിദ്രനായിരുന്ന, ജീവിക്കാൻ വേണ്ടി മാത്രം സമ്പാദിച്ച, ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കുവാനും വേണ്ടി അഭിനയിച്ച സനാതനമൂല്യം മരിക്കുവോളം മുറുകെപ്പിടിച്ച, അഭിനയകലയെ ജീവനൗഷധി പോലെ കൊണ്ടു നടന്ന, ഒട്ടനവധി ജീവിതങ്ങളുടെ വേഷപ്പകർച്ചകളായി പ്രേക്ഷകമനസ്സിൽ ഇന്നുമുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മലയാളത്തിന്റെ മഹാനടന് അദ്ദേഹത്തിന്റെ പതിമൂന്നാം ഓർമ്മദിനത്തിൽ പ്രണാമം…!

Leave a Reply

Your email address will not be published. Required fields are marked *