HomeTHE ARTERIASEQUEL 03ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ

ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ

Published on

spot_imgspot_img

സിനിമ

ഉമ്മു ഹബീബ

അധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും ‘കടമകൾ’ വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ നിർമ്മിച്ചെടുത്തു. ധീരോദാത്തൻ, അതിപ്രതാപഗുണവാൻ എന്ന മട്ടിലുള്ള ആൺനിർമ്മിതികൾ കാലങ്ങളോളം കൊടികുത്തി വാഴുകയും ചെയ്തു. എന്നാൽ അത്തരം ആണത്ത ബഹളങ്ങൾക്കിടയിലും ചില സിനിമകൾ വേറിട്ടു തന്നെ നിന്നു. ചില സിനിമകൾ വേറിട്ട വായനകൾക്ക് തിരികൊളുത്താൻ പോന്നവയായിരുന്നു. അത്തരമൊരു ചിത്രമാണ് പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ(1981). പത്മരാജൻ തന്നെ എഴുതിയ അനുബന്ധം എന്ന കഥയുടെ വേറിട്ടതും വ്യത്യസ്തവുമായ ആഖ്യാനമാണ് ഒരിടത്തൊരു ഫയൽവാൻ . ജീവിതത്തിന്റെ നിരന്തരമായ സ്വാഭാവികതയെ പകർത്തുകവഴി ചലച്ചിത്രത്തിലുടനീളം മനോഹരമായ ലാളിത്യം നിലനിർത്തുന്നുണ്ട് പത്മരാജൻ.

പ്രത്യക്ഷത്തിൽ ഫയൽവാന്റെ ജീവിതത്തെ സൂക്ഷ്മമായി പകർത്താനുള്ള ശ്രമമാണ് ഈ ചിത്രം. എന്നാൽ കാലങ്ങൾക്കിപ്പുറവും വ്യത്യസ്തമായ ചിന്തകളെ രൂപപ്പെടുത്താൻ സാധിക്കുന്നുവെന്നതാണ് സിനിമയുടെ പ്രസക്തി.കഥയുടെ മറ്റൊരു പരിഛേദമാണ് സിനിമയെങ്കിലും , കഥാനുഭവത്തിൽ വിട്ടുമാറാത്ത ചിലതുകൾ സിനിമയുടെ സൂക്ഷ്മത്തിൽ പ്രവർത്തിക്കുന്നുണ്ട്.

കഥയിൽ കേന്ദ്ര സ്ഥാനം വഹിക്കുന്നത് ആമിന ഉമ്മയാണ്. സിനിമ ഫയൽവാനിലേക്ക് ക്യാമറ തിരിക്കുന്നുണ്ടെങ്കിലും ചക്കര( ജയന്തി) യിൽ നിന്നും വികാസം പ്രാപിക്കുന്ന ഫയൽവാന്റേയും (റഷീദ്), ജോബിന്റേയും (ജയദേവൻ), കണ്ണന്റെയും(അശോകൻ) ആൺനിർമ്മിതിയുടെ ചിത്രീകരണമായി മാറുന്നുണ്ട്. മറ്റൊരു മട്ടിൽ പറഞ്ഞാൽ ആണത്തത്തെ കുറിച്ചുള്ള ചില സങ്കൽപ്പനങ്ങൾ സിനിമ നിർമ്മിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തെ മുൻനിർത്തിയുള്ള ആൺനിർമ്മിതിയാണത്. ആൺജീവിതത്തിന്റെ ഇടർച്ചകളും തുടർച്ചകളും ചക്കരയെന്ന സ്ത്രീയെ കേന്ദ്രീകരിച്ചുള്ളതാവുന്നു.

” കുറേ കൊല്ലങ്ങൾക്ക് മുമ്പ് രാജാപ്പിള്ള കാമുകനാകുന്നതിനും നാട്ടുകാർ പോറ്റുന്നതിനും, ഫയൽവാൻ കെട്ടുന്നതിനും, സുകുമാരക്കുറുപ്പ് ഗർഭവതിയാക്കുന്നതിനും ഒക്കെ മുമ്പ്” എന്നാണ് മാധവൻകുട്ടി അനുബന്ധത്തിൽ ആമിന ഉമ്മയെ ഓർക്കുന്നത്. ആമിന ഉമ്മയുടെ ജീവിതപ്രയാണമാണ് കഥ. യൗവനാരംഭത്തിൽ സുന്ദരിയും ആരോഗ്യവതിയുമായ ആമിനയെ വിവാഹം ചെയ്യുന്നത് ഫയൽവാനാണ്. ദേശങ്ങൾ കടന്നുള്ള അയാളുടെ പാലായനങ്ങൾക്കിടയിൽ ആമിന സുകുമാരകുറുപ്പിൽ നിന്നും ഗർഭിണിയാവുന്നു. ഇതറിഞ്ഞ ഫയൽവാൻ പിന്നീട് തിരിച്ചു വന്നില്ല. തീർത്തും അനാഥയാവുന്ന ആമിന ഓണത്തിന് പുതിയ കുപ്പായം വാങ്ങാൻ മാധവൻകുട്ടിയിൽ നിന്ന് പണം കടം ചോദിക്കേണ്ടി വരുന്ന ഗതികേടിലാണ് കഥ അവസാനിക്കുന്നത്. ആരും തുണയില്ലാത്ത അനാഥമാകുന്ന സ്ത്രീ ജീവിതമാണ് കഥയുടെ മുഖ്യപരിസരമായി ആവിഷ്‌കരിക്കുന്നത്.
സിനിമ വിശാലമായ മറ്റൊരു ഫ്രയിമിലാണ് പരിചരിക്കപ്പെടുന്നത്. ചക്കരയെ കേന്ദ്രത്തിൽ നിർത്തി കൊണ്ട് മൂന്ന് ആൺലോകങ്ങളിലേക്കുമുള്ള കടന്നുപോക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു. ചക്കരയെ വിവാഹം ചെയ്യുന്ന ഫയൽവാൻ, ഗർഭിണിയാക്കി കടന്നു കളയുന്ന ജോബ്, പ്രണയിക്കുന്ന കണ്ണൻ എന്നിവരെയെല്ലാം വ്യത്യസ്ത ആൺ നിർവചനങ്ങളായി നിർമ്മിച്ചെടുക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്.

ഒരിക്കൽ ഒരു വെളുപ്പാൻ കാലത്ത് പുഴ നീന്തി കടന്നാണ് ഫയൽവാൻ ആ ദേശത്തെത്തുന്നത്.”ദൈവം തന്ന ശരീരം പൊന്നുപോലെ സൂക്ഷിക്കുന്നവരാ ഫയൽവാൻമാർ ദൈവികത്വമുള്ളവരാ അവര്” എന്ന മേസ്തരി(നെടുമുടി വേണു) യുടെ വാക്കുകൾ ഫയൽവാനെ സംബന്ധിച്ചെടുത്തോളം സത്യസന്ധമാണ്. അയാൾ ആദ്യന്തം ശരീരത്തിനായിരുന്നു പ്രാധാന്യം നൽകിയത്. ഒരുപക്ഷേ അയാളെ പരാജിതനുമാക്കിയതും ഫയൽവാനെന്ന ശരീരം തന്നെയായിരുന്നു. കച്ചകെട്ടുന്നവൻ പിച്ചയെടുക്കുമെന്നത് ഫയൽവാന്റെ വിധിയാണ്. ” തോറ്റപ്പോ ഭ്രാന്ത് പിടിച്ച ഫയൽവാൻമാര്, തൂങ്ങി ചത്തവര്, കാലൊടിച്ച് കളഞ്ഞവര്, ബാക്കിയെല്ലാ കളിക്കും തോറ്റാൽ പിന്നെയും കളിക്കാം ഗുസ്തിയിലൊരിക്കലടിപ്പെട്ടാൽ പിന്നെ പിടിക്കാൻ ഗോദ കിട്ടുകേല” എന്നത് ഫയൽവാന്റെ ആത്മഗതമാണ്.

ഗോദയിൽ ശരീരം കൊണ്ട് മാസ്മരികത തീർക്കുന്ന ഫയൽവാൻ ചക്കരയെ സംബന്ധിച്ചെടുത്തോളം കൗതുകമാണ്. ഫയൽവാൻ കസർത്തെടുക്കുമ്പോഴെല്ലാം ഒളിഞ്ഞും പതുങ്ങിയും കൗതുകത്തോടെ നോക്കി നിൽക്കുന്ന ചക്കരയെ കാണാം. വിവാഹനിശ്ചയ നാളിൽ’ ഫയൽവാനാ, താങ്ങാനിത്തിരി പാടാ’ എന്ന കണ്ണന്റെ തമാശകേട്ട് നാണത്തോടെ ഓടിപോകുന്ന ചക്കര കണ്ണന്റെ നേരിയ വേദന കൂടിയാണ്.

ആദ്യരാത്രിയിൽ ഗോദയിലറങ്ങിയ ഗുസ്തികാരനെ പോലെ ഫയൽവാൻ ചക്കരയെ എടുത്തുയർത്തി വായുവിൽ വട്ടം കറക്കുന്നുണ്ട്. കാണികളില്ലാത്ത മണിയറയിൽ ഉദ്വേഗത്തിൽ നിന്ന്‌ ആഹ്ലാദത്തിലേക്ക് മാറുന്ന ചക്കരയുടെ ദൃശ്യം സിനിമയിലെ ഏറ്റവും സുന്ദരനിമിഷമാണ്. അവസാനം തളർന്നുറങ്ങുന്ന ചക്കരയെ വാത്സല്യത്തോടെ നോക്കിനിൽക്കുന്ന ഫയൽവാനിലാണ് ക്യാമറയുടെ താളം അവസാനിക്കുന്നത്.

athmaonline-director-padmarajan
പത്മരാജൻ

‘സെക്സില്ല സ്റ്റണ്ടില്ല’, എന്നീ പോസ്റ്ററുകളും’ ഫയൽവാന് ഏതാണ്ടൊക്കെയോ ഇല്ലാന്നുള്ള’ അപവാദങ്ങളും നാട്ടിൻപുറങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ അപമാനിക്കപ്പെടുന്ന പുരുഷനായി മാറുകയാണ് ഫയൽവാൻ . അന്നേരങ്ങളിൽ പുഴയുടെ ഓളങ്ങൾ തലോടുന്നതുപോലെയാണ് മറ്റൊരു ദേശത്തു നിന്ന് ഒരു സ്ത്രീ തന്നെ തലോടുന്നതായി അയാൾക്കനുഭവപ്പെടുന്നത്. ആ കരസ്പർശം ഏൽക്കുമ്പോഴാണ് അയാൾ ബിപാത്തുവിനെ ഓർക്കുന്നത്. ‘ചക്കരേ ഞാൻ പോണടി കൊച്ചേ, നാല് കാശ് ണ്ടാക്കീട്ട് വരാംന്ന്’ പറഞ്ഞ് അയാളിറങ്ങുമ്പോൾ ഫയൽവാന്റെ ഭാര്യയുടെ നിഷ്ഠയെ കുറിച്ചോർമ്മിപ്പിക്കാൻ അയാൾ മറക്കുന്നില്ല.

ഫയൽവാന്റെ പാലായനവും, ‘പ്രിയപ്പെട്ട ബിപാത്തുവിന് ‘ എന്നു തുടങ്ങുന്ന കത്തും ലഭിക്കുന്നതോടെയാണ് ചക്കരയുടെ ജീവിതത്തിലെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ‘പൂച്ചകണ്ണൻ’ എന്നാണ് ചക്കര കുസൃതിയോടെ ജോബിനെ വിളിക്കുന്നത്. ഒരു പക്ഷേ കൗമാരത്തിൽ അവൾക്കനുഭവപ്പെടുന്ന ആദ്യ ഭ്രമം.’ നാട്ടീപ്പെട്ട നല്ലൊരു പെണ്ണിനെ വെറുതെ പാഴാക്കി കളഞ്ഞല്ലോ’ എന്ന ജോബിന്റെ പരിഭവം തീരുന്നത് ചക്കരയുമായുള്ള ശാരീരികബന്ധത്തിനു ശേഷം കുവൈറ്റിലേക്കുള്ള മടക്കത്തോടെയാണ്.’ ഭർത്താവ് കൂടെ കിടന്ന് ഉറങ്ങിയില്ലേല് ഭാര്യ അവൾക്ക് തോന്നിയ പോലെ ചെയ്യോ” എന്ന കണ്ണന്റെ കെറുവിച്ചുള്ള ചോദ്യത്തിനോട് ” ചെലപ്പം” എന്ന് ചക്കര പറയുന്നത് ലേശം കനപ്പിച്ചാണ് . സ്ത്രീശരീരത്തെ മാത്രം ലക്ഷ്യമിട്ടിരുന്ന ജോബ് സമൂഹത്തിന്റെ ബോധ്യങ്ങളെയും ധാരണകളെയും പേറികൊണ്ടു നടക്കുന്ന സാധാരണ ആണായിരുന്നു. അയാളിനി വരില്ലെന്ന് അവൾക്കറിയാം. അയാൾക്കുവേണ്ടി കരയാതെ, കാത്തിരിക്കാതെ സ്വാഭാവികമായ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവെച്ചാണ് അവളതിനോട് പ്രതികരിക്കുന്നത്. ഒരുപക്ഷേ, ജോബിനോട് അവളറിയാതെ നിർവഹിക്കുന്ന പ്രതികാരം കൂടിയാണത്.

“ചക്കരയെ സൈക്കിളിൽ ഇരുത്തി ഈ നാടുമുഴുവൻ ചുറ്റുന്നതായിട്ട് ഞാൻ സ്വപ്നം കാണാറുണ്ട്” എന്ന കണ്ണന്റെ വാക്കുകൾ അയാൾ ജീവിതത്തിലുടനീളം പുലർത്തിയ മോഹമായിരുന്നു. അതേ മോഹത്തിന്റെ തുടർച്ചയായിട്ടാണ് ജോബിൽ നിന്നും ഗർഭിണിയായ ചക്കരയെ ‘സാരമില്ല ഞാൻ കെട്ടിക്കോളാം’ ന്ന് അയാൾ പറയുന്നത്. ശരീരംകൊണ്ട് ജോബിന്റേയോ, ഫയൽവാന്റേയോ ശക്തിയുള്ളയാളല്ല കണ്ണൻ. എന്നിട്ടും ഫയൽവാൻ തിരിച്ചുവരുമ്പോൾ ‘ ഞാൻ മാറി നിൽക്കുന്നില്ലെന്ന്’ പറയുന്ന കണ്ണൻ ഊഷ്മളമായ സ്നേഹമാണ്. അതുകൊണ്ടാണ് ” അപ്പോ നിനക്കെന്നെ വേണ്ടായിരുന്നു അല്ലേ” എന്ന ഫയൽവാന്റെ പതറിയ ചോദ്യത്തിനുമുമ്പിൽ അവൾ കണ്ണനെ നിർത്തുന്നത്. അങ്ങനെയാണ് ജോബും ഫയൽമാനും തോൽക്കുന്നിടത്ത് കണ്ണൻ ജയിച്ചു കയറുന്നത്.

ഒരിടത്തൊരു ഫയൽവാന്റെ ക്യാമറാകട്ടുകൾ അവസാനിക്കുന്നത് പരാജയപ്പെട്ട് നിസ്സഹായനായി ചക്കരയെ കടന്നുപോവുന്ന ഫയൽവാൻ, ചക്കരയുമായുള്ള പുതിയ ജീവിതത്തിന് നാന്ദി കുറിക്കുന്ന കണ്ണൻ, ഫ്രെയിമിൽ നിന്ന് അദൃശ്യനായ ജോബ് എന്നിവരിലൂടെയാണ്. ശക്തൻ/ ദുർബലൻ എന്ന നിലയ്ക്കുള്ള ആണത്ത കള്ളികളിൽ ഫയൽവാനെ ഒതുക്കാനാകില്ല. ശക്തിയുള്ളവന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും ലഭിച്ചപ്പോൾ തന്നെയും അയാൾ അങ്ങേയറ്റം ദുർബലനുമായിരുന്നു. തവളപിടുത്തകാരനായ കണ്ണൻ ശരീരബലം കുറഞ്ഞയാളും, ഫയൽമാന്റെ ആക്രമണത്തെ തടുക്കാൻ സാധിക്കാത്തയാളുമാണ്. കണ്ണനെന്ന ആൺശരീരം പൊതുബോധത്തിന് അപരിചിതമായ ആണാണ്. അയാളുടെ ശരീരവും പ്രവൃത്തിയും നിലനിൽക്കുന്ന ആൺ സങ്കൽപ്പങ്ങളിൽ നിന്നില്ല. ആവോളം സ്നേഹമുണ്ടായിട്ടും വാശിയോടെ പിടിച്ചെടുക്കാൻ കണ്ണൻ തയ്യാറല്ലായിരുന്നു. അത്തരത്തിൽ സിനിമ ചക്കരയിലൂടെ മുന്നോട്ട് വെക്കുന്ന ആണത്തം കണ്ണന്റേതായിരുന്നു.

സിനിമകളിൽ ആണത്തത്തിന്റെ അതിർത്തികൾ ലംഘിക്കാത്ത ‘ ഒരൊറ്റ ആണത്തം’ നിർമ്മിക്കുന്ന കാലത്താണ് പത്മരാജൻ വാർപ്പു മാതൃകകളിലൊതുങ്ങാത്ത ആണുങ്ങളെ കാണിച്ചുതന്നത്. ജോബിനെ പോലെയുള്ളവരുടെ ആൺലോകങ്ങൾ മാത്രമല്ല ചിത്രത്തിൽ നിലനിൽക്കുന്നത്. സാമൂഹിക ബോധങ്ങളുടെ കെട്ടുപാടുകൾക്കു മുകളിൽ പരാജയപ്പെട്ട് മടങ്ങിപോകുന്ന ഫയൽവാൻമാരും ഊഷ്മളമായ സ്നേഹം പങ്കുവെക്കുന്ന കണ്ണനെ പോലുള്ളവരും ഇവിടെയുണ്ടെന്ന വായനക്ക് സാധ്യത ഒരുക്കുകയാണ് ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...