Friday, March 5, 2021

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ

ഓർമ്മകൾ പലതരമുണ്ട്.

മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ.

ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന ആത്മാവിഷ്കാരത്തിലൂടെ.

2000 അടി ഉയരത്തിലുള്ള ചുരത്തിന്റെ
വഴികൾ
വളവുകൾ
തലകറക്കങ്ങൾ
നിഗൂഢതകൾ
നിശബ്ദതകൾ..
ഇതളിതളുകളായ് വിരിയുന്നു.

തകരപ്പാടിയിലെ തണുപ്പിൻ കൂടുകളിലൊളിഞ്ഞിരിക്കുന്ന ചൂടു തേടിയ യാത്രയിൽ നിന്നും പുസ്തകക്കച്ചവടക്കാരന്റെ വിയർപ്പുതുളളികളിലേക്കുള്ള വളർച്ചയിൽ, “അതിജീവനത്തിനായി ആയാസപ്പെടുമ്പോഴാണ് അറിയുന്നത് മനുഷ്യൻ ഭയാനകമായ ഒരു ചുരമാണെന്ന്” എന്നവരികൾ അയാൾ ഹൃദയത്തിൻറെ ചുമരിൽ കോറിയിടുന്നു.

ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു നൂൽപ്പാലം പോലെ വയനാടൻചുരം. വളവുകളിൽ പതിയിരുന്നതു കുറേ ജീവനുകൾ എടുത്തു. കുറേപ്പേർ അതിൻറെ അഗാധതകൾക്ക് സ്വയം സമർപ്പിച്ചു.

അർഷാദിന്റെ കഥകളുടെ ഓർമ്മവഴികളിലും ചുരങ്ങളുണ്ട്, കൊല്ലികളുമുണ്ട് !.

‘ചായാഗ്രഹണം’ എന്ന കഥ പിറന്നു വീണത് മകൾ മർസിയോടൊപ്പം. ഭൂമിയെ തൊട്ടതും അമ്മയെ അടിമുടി മാറ്റിക്കളഞ്ഞു അവൾ.

പ്രസവശേഷം സ്ത്രീക്കു സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി എഴുത്തുകാരൻ വാചാലനാകുമ്പോൾ ഒരു തത്വചിന്ത കെട്ടുവിട്ടു കുതിക്കുന്നു.
‘സ്വയം പരിഹസിക്കാൻ കഴിഞ്ഞാൽ നമ്മളിലെ ഒരുപാട് വേദനകളെ ഇല്ലാതാക്കാനും ഏതൊരവസ്ഥയും മറികടക്കാനും കഴിയും!’

നോമ്പു തുറക്കൽ നോവു തുറക്കൽ ആയി നനവു പടർത്തുന്നു അടുത്തതായി. എത്രയോ കദീശുമ്മമാർ.ആരും ഏറ്റു വാങ്ങാതെ പോയ അവരുടെ സ്നേഹച്ചുരത്തലുകൾ.

suresh-narayanan
സുരേഷ് നാരായണൻ

പിന്നെ കുന്നുംപുറത്തെ വായനകൾ. ഉമ്മ രുചിക്കൂട്ടുകൾ.

നമ്മളറിയാതെ എത്ര പേർ മരിക്കുന്നു ; എത്രപേർ അനാഥരാകുന്നു ദിവസവും. ആ കണക്കിൽ ചേർക്കപ്പെടുന്ന പേരറിയാത്തൊരു വീട്ടമ്മ; അവരുടെ അകാലമരണം. അവരുടെ വീടിനു മുമ്പിൽ പെയ്യുന്ന മഴ ഇനി ആരെ ശുണ്ഠി പിടിപ്പിക്കും എന്ന സങ്കടം എഴുത്തുകാരൻറെ കണ്ണിലുറഞ്ഞു കൂടുന്നു.

സങ്കടങ്ങളുടെ ഉരുൾപൊട്ടും ആസിയയുടെ കഥ വായിക്കുമ്പോൾ . ‘ഒരു ചേമ്പിലക്കുകീഴിൽ നനഞ്ഞൊട്ടി ഒരുമിച്ച് നടന്നു പോയ വഴികളിൽ നിന്ന് രണ്ടു ബാല്യങ്ങൾ കൈവിട്ടു പോകുന്നതുകണ്ട് മൗനമായി നിലവിളിച്ച നിമിഷങ്ങൾ ചുഴലിക്കാറ്റു പോലെ വർഷങ്ങൾക്കുശേഷം ഹൃദയത്തിൽ വന്നടിച്ചു’ എന്ന് എഴുത്തുകാരൻ.

കൊച്ചുബാവയുടേയും ഹംസക്കോയയുടെയും ഓർമ്മകളാൽ അയാൾ എഴുത്തിൻറെ ശോകചഷകം നിറയ്ക്കുന്നു വീണ്ടും.

ഓർമ്മകൾക്ക് പിണ്ണാക്കു ചാക്കിന്റെ രൂപാന്തരം വരും! ശ്രീനിവാസൻ എന്ന കഥാപാത്രത്തെ കൂട്ടുപിടിച്ച് ‘പിണ്ണാക്ക്’ എന്ന വിളിയുടെ തീനാമ്പുകളെ ചിരിയുടെ മഴ പെയ്യിച്ചു കെടുത്താൻ ശ്രമിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ എഴുത്തുകാരൻ ഒരു സവിശേഷ രൂപമാർജ്ജിക്കുന്നു.

പുസ്തകങ്ങളുടെ മാത്രം മായാലോകത്ത് ഉറങ്ങിയെഴുന്നേൽക്കുന്ന എഴുത്തുകാരൻറെ അതിമനോഹരമായ ഒരാത്മസമർപ്പണം!

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

YOU MAY ALSO LIKE