Tuesday, September 29, 2020
Home ഓർമ്മക്കുറിപ്പുകൾ വിദ്യാലയ ഓർമ്മകളുടെ ജൂൺ ദിനങ്ങൾ

വിദ്യാലയ ഓർമ്മകളുടെ ജൂൺ ദിനങ്ങൾ

ഓർമ്മക്കുറിപ്പുകൾ

റഫീഖ് എറവറാംകുന്ന്

പതിവ് പോലെ ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നു. എന്നാൽ മുൻ വർഷങ്ങളെ പോലെ ഇത്തവണ പ്രവേശനോത്സവം ഇല്ല. പണ്ടൊന്നും അത് ഉണ്ടായിരുന്നില്ല. സാധാരണ അഞ്ചു വയസ് പൂർത്തിയായാൽ സ്കൂളിൽ ചേർക്കും. ചിലർക്ക് ആറും, ഏഴ് വയസ് വരെ പോകാറുണ്ട്. ഉപ്പ വിദേശത്തായത് കൊണ്ട് വീട്ടിലെ അമ്മാവനോ, ജേഷ്ഠനോ ആണ് സ്കൂളിൽ ചേർക്കുവാൻ കൊണ്ടുവരിക. ഉമ്മമാർ പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായിരുന്നു.

സന്തോഷത്തോടെയുള്ള സ്‌കൂൾ യാത്രക്ക് മരച്ചട്ടയുള്ള ഒരു സ്ലേറ്റും കുടയുമാണ് കൂട്ടിനുണ്ടാവുക. അതോടൊപ്പം ഒന്നോ രണ്ടോ പെൻസിലും, ഒരു ദിവസം പെൻസിലിന്റെ കാൽ ഭാഗം തീർക്കും. സ്ലേറ്റ് മായ്ക്കാൻ കള്ളിമുൾ ചെടി ശേഖരിച്ച് പാകമാക്കി മുറിച്ച് വെക്കുന്ന ഓർമ്മകൾ മനസ്സിലുണ്ട്.

പുസ്തകങ്ങളെല്ലാം ക്ലാസിൽ നിന്നാണ് ലഭിക്കുക. പുസ്തകത്തിന്റെ തുക ടീച്ചർ മുൻകൂട്ടി പറയും. ചില കുട്ടികളെ ടീച്ചർ മേശയുടെ അരികിലേക്ക് വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നത് കാണാം. പിന്നീടാണ് മനസ്സിലായത് അവർ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരായിരുന്നു എന്ന്.

വിവേചനമില്ലാതെ ഒന്നോ രണ്ടോ പുസ്തകങ്ങൾ എല്ലാവർക്കും ഒരുപോലെ കൊടുക്കും. മേശയുടെ രണ്ടറ്റത്തും ബെഞ്ചിലും പുസ്തകങ്ങൾ അട്ടിയായി വെച്ചതും പേപ്പറിന്റെ പരിമളവും ഇന്നും അടിച്ചു വീശുന്നുണ്ട്.

ഇന്നത്തെ പോലെ വീട്ടു മുറ്റത്തേക്ക് വാഹന സൗകര്യമില്ലായിരുന്നു അന്ന്. രണ്ടോ മൂന്നോ കിലോമീറ്റർ നടക്കണം. ചെറിയ ക്ലാസുകളിലുള്ളവരെ പ്രദേശത്തെ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന പെൺകുട്ടികളെയാണ്‌ അമ്മമാർ ഏൽപ്പിരുന്നത്.

സ്കൂൾ വിട്ട് വരുന്ന കാഴ്ച്ച ഇന്നോർക്കുമ്പോൾ അതിമനോഹരം തന്നെയായിരുന്നു. സ്കൂളിലേക്ക് വരുന്നത് വ്യത്യസ്ത സമയത്താണെങ്കിലും തിരിച്ചു പോകുന്നത് എല്ലാവരും ഒരേ നേരത്താണ്.

സ്കൂൾ വിട്ട് വീട്ടിൽ പോകുമ്പോൾ പലപ്പോഴും അകമ്പടിയായി മഴയുണ്ടാകും. കുട്ടികളെ കൊണ്ട് റോഡ് നിറഞ്ഞ് , കുട ചൂടിപോകുന്ന ആ കാഴ്ച്ച ചന്തമുള്ളതായിരുന്നു. ഇന്നത്തെ പോലെ പല നിറങ്ങളിലുള്ള കുടകളായിരുന്നില്ല അന്ന്. വലിയ ക്ലാസിൽ പഠിക്കുന്നവർ സൈക്കിളിൽ “കിണി കിണി” മുഴക്കി കയ്യിലോ ചുമലിലോ കുടവെച്ച് പോകുന്ന കാഴ്ച്ച ഇന്ന് ഓർമ്മയിൽ കുളിർക്കാറ്റായി നിൽക്കുന്നുണ്ട്.

ഒരു കുടയിൽ രണ്ടോ മൂന്നോ ആളുകളും തലമാത്രം നനയാതെ വസ്ത്രവും ഉടലും വെള്ളത്തിൽ കുതിർന്ന്, അവർ അവരുടെ പുസ്തകം മാറത്ത്‌ പിടിച്ചിരിക്കുന്ന ദൃശ്യവും കണ്ണുകളിൽ തങ്ങി നിൽക്കുന്നു.

ഒരു ദിവസം നല്ല മഴ, സ്കൂളിൽ പോകാൻ മടിയും, വിളിക്കാൻ താത്തമാർ വന്നു കുറെ വിളിച്ചു. ഉമ്മയും പറഞ്ഞിട്ടും അനുസരിച്ചില്ല, സമയമായപ്പോൾ താത്തമാർ പോയി. വീട്ടിലെ മുറ്റത്ത്‌ വെള്ളത്തിൽ കളിക്കുന്നത് മൂത്താപ്പയുടെ മകൻ (വാപ്പുക്ക) കണ്ടു. വിദ്യാഭ്യാസ കാര്യത്തിൽ കർക്കശക്കാരനായ അദ്ദേഹം നേരെ വന്നു കാര്യം തിരക്കി, എന്റെ എല്ലാ കുസൃതിക്കും അവസാനം എന്നെ സംരക്ഷിക്കാറുള്ള ഉമ്മയും ഇത്തവണ വിചാരണയിൽ എനിക്ക് വേണ്ടി സാക്ഷി പറയാൻ തയ്യാറായില്ല. വളരെ ഗൗരവത്തിൽ ഒരു ശബ്ദം. കണ്ണുനീർ ഒഴിക്കിയിട്ടും ഒരു രക്ഷയും ഉണ്ടായിരുന്നില്ല. വേലിക്കരികിലെ “നീലൂരിചെടി”പൊട്ടിച്ചു. അടികിട്ടുമെന്നായപ്പോൾ പുസ്തകക്കെട്ട് എടുത്ത് സ്‌കൂളിലേക്ക് പുറപ്പെട്ടു.

മഴത്തുള്ളികൾ ശക്തമായി നിലത്ത്‌ പതിയുന്നുണ്ടായിരുന്നു. പാടത്തെ നടവരമ്പിലൂടെ ഞാനും, വാപ്പുക്കയും നടന്നു. കുറെ എത്തിയപ്പോൾ ഒരു കുഞ്ഞിത്തോട്. വെള്ളം ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. ഇതിൽ ഇരുന്നാൽ സ്കൂളിൽ പോകേണ്ട എന്ന് എന്റെ വക്രബുദ്ധിയിൽ തെളിഞ്ഞു. ആ വിഫല ശ്രമത്തെതുടർന്നു തോട്ടവരമ്പത്ത് നീണ്ടു നിന്നിരുന്ന “ഇഞ്ചിപുല്ല് ” പൊട്ടിച്ചതും ട്രൗസർ ഇട്ട കാലിന്റെ തുടയിൽ അടിയടിച്ചതും നനഞ്ഞ് കൊണ്ട് ബെഞ്ചിൽ ഇരുന്നതും ഇന്നും നന്നായി ഓർക്കുന്നു. പിന്നീട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ അര മണിക്കൂർ പ്രസംഗിക്കാൻ നാട്ടിൽ അവസരം ലഭിച്ചു. അത് കഴിഞ്ഞതിന് ശേഷം അദ്ദേഹം അന്ന് അടിച്ചത് നന്നായി എന്ന് പറഞ്ഞതും ഓർക്കുന്നു.

പരിഭവങ്ങളില്ലാത്ത ആ കാലം, സ്കൂളിൽ സ്നേഹസമ്പന്നരായ ആ അദ്ധ്യാപകർ ഒന്ന് ശിക്ഷിച്ചാൽ പരാതി ഇല്ലാത്ത ആ നല്ല നാളുകൾ. ഇന്ന് ഓൺലൈൻ പഠനം ടെക്നൊളജിയിലും, അത്യാധുനിക സംവിധാനത്തിലും വിദ്യാഭ്യാസ സമ്പ്രദായം ചുറ്റി തിരിയുമ്പോൾ നമ്മുടെ കുട്ടികളെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കുവാൻ മത്സരം നടത്തുമ്പോൾ ഒന്നോർക്കുക, ഈ കാലഘട്ടത്തേക്കാൾ സാമൂഹികവും സാംസ്ക്കാരിക ബോധവും മൂല്യബോധവും അന്നത്തെ തലമുറയിലും തലമുറക്കും ഉണ്ടായിരുന്നു.

മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾകണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു

മെയിൽ – editor@athmaonline.in, WhtatsApp : 8078816827

Leave a Reply

Most Popular

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...
%d bloggers like this: