ഒരു പകൽ ദൂരം…

Published on

spot_imgspot_img

ഓർമ്മക്കുറിപ്പുകൾ

മഹമൂദ് പെരിങ്ങാടി

സ്കൂളിലെ ആദ്യ ദിവസമാണ്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകലമാന സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങ് വീഴുകയാണ്. തികച്ചും അപരിചിതമായ പുതിയ ലോകം. ചുറ്റിലും ഒരുപാട് ആളുകളുണ്ട്. എങ്കിലും തീർത്തും ഒറ്റപെട്ടത് പോലെ…

ബഹളമയമായ ക്ലാസ്സിലെ അന്തരീക്ഷത്തെ പൂർണ്ണ നിശബ്ദതയിലേക്ക് തള്ളിവിട്ട് ഒരാൾ കടന്നു വന്നു. തൂവെള്ള വസ്ത്രധാരിയായ അയാൾ സ്വയം പരിചയപ്പെടുത്തി. “ഞാൻ ഖാദർ..നിങ്ങളുടെ ഖാദർ മാഷ്..”

കുട്ടികൾ ഒന്നടങ്കം ഇമവെട്ടാതെ മാഷിനെ തന്നെ നോക്കി. മൂക്കിന് മുകളിൽ നിന്ന് അനുസരണയില്ലാത്ത കുട്ടിയെ പോലെ മുന്നിലേക്ക് വീണുകൊണ്ടിരുന്ന കറുത്ത കണ്ണട നേരെയാക്കി ഖാദർ മാഷ് ചിരിച്ചു. നിറഞ്ഞ ചിരി.. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അപ്പോഴും കരഞ്ഞു കൊണ്ടിരുന്ന കുട്ടികളെ കണ്ടത് കൊണ്ടാവും മാഷ് ചോദിച്ചു… നിങ്ങൾക്ക് മാജിക് ഇഷ്ടമാണോ..? “അതെ” എന്ന് കോറസ്സായി കുട്ടികൾ..

ക്ലാസ്സിലെ പഴയ മരമേശയിൽ ചാരിനിന്ന് അരയിൽ തിരുകിയ ഉറുമാൽ എടുത്ത് ഒന്ന് കുടഞ്ഞു കുപ്പായത്തിന്റെ കോളറിൽ തിരുകി ആദ്യമായി മാഷ് ആ മാജിക് കാണിച്ചു.
ഇരു കൈകളിലെയും തള്ളവിരലുകൾ മടക്കി ചേർത്ത് പിടിച്ചു. വലത് കയ്യിലെ ചൂണ്ടു വിരലും നടുവിരലും കൊണ്ട് അതിന്റ നടുവിൽ മറച്ചു. കുട്ടികളുടെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തിരിച്ചു..വളരെ തന്മയത്വത്തോടെ വലതു കയ്യിലെ തള്ളവിരൽ പതിയെ മുറിച്ചു നീക്കുന്ന പോലെയും വീണ്ടും യോജിപ്പിക്കുന്നത് പോലെയുമുള്ള സൂത്രം. മാഷ് അത് പലകുറി ആവർത്തിച്ചു.കുട്ടികൾ ആശ്ചര്യത്തോടെ പരസ്പരം നോക്കി. പിന്നെ എല്ലാം മറന്ന് നിർത്താതെ കയ്യടിച്ചു.

‘ഉമ്മർക്കാട് ‘ സ്കൂളിലെ അപരിചിതത്വം ഇല്ലാതായ ആദ്യ നിമിഷം. ഇനിയെന്ത് വേണം..? എന്ന് മാഷ്..

ഒരു കഥ പറയുമോ മാഷേ..? എന്ന് ക്ലാസ്സിലെ ഒരു കുസൃതി.

അങ്ങിനെ കാദർ മാഷ് കഥ പറഞ്ഞു തുടങ്ങി. ഒന്നല്ല..ഒരുപാട് കഥകൾ..! ഞങ്ങൾ കുട്ടികൾ കാതൊരുക്കി അവയെല്ലാം കേട്ടു. വാക്കുകൾ വർണ്ണങ്ങളാകവെ, അവയ്ക്ക് ഇന്ദ്രിയങ്ങൾ മുളക്കവെ, ഞങ്ങളുടെ മനസ്സിൽ പ്രതീക്ഷകൾ നാമ്പിട്ടു. ചൂരൽ ഇല്ലാതെ വെറും കയ്യുമായി ക്ലാസ് മുറിയിലേക്ക് വന്ന മാഷ് കുറഞ്ഞ സമയം കൊണ്ട് കുട്ടികളുടെ ഹൃദയം കൈകുമ്പിളിൽ ഒതുക്കി..

ഒരൊറ്റ മാജിക്കിലൂടെ അതുവരെ പിണങ്ങി നിന്ന കുട്ടികളെ മാഷ് ചങ്ങാത്തത്തിന്റെ ചങ്ങലയിൽ കുരുക്കി.. ചോക്കിന്റെ മുറികഷ്ണം നെറ്റിയിൽ പതിച്ചപ്പോഴാണ് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. നാരായണി ടീച്ചറാണ്.. ഏത് ലോകത്താ..? “കുറേ നേരമായി പേര് ചോദിക്കുന്നു..”

ചുണ്ടുകൾ വിറച്ച് പാതി ശബ്ദത്തിൽ സ്വന്തം പേര് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ടീച്ചർ ഊറിചിരിച്ചു.. ജാള്യത കാരണം എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല.
നേരത്തെ ഖാദർ മാഷ് ക്ലാസ്സിൽ നിന്ന് പോകുമ്പോൾ കൂടെ എന്റെ മനസ്സും കവർന്നു കൊണ്ട് പോയിരുന്നു. മാജിക്കും കഥകളും നിറഞ്ഞ മാഷിന്റെ ആ മായികലോകത്ത് തന്നെയായിരുന്നു ഞാൻ അപ്പോഴും..

പുറത്ത് സ്കൂൾ തുറക്കുന്ന ദിവസം തന്നെ വിരുന്നെത്തുന്ന ശക്തമായ മഴ. അതിലേറെ ശക്തമായ കാറ്റും.കാറ്റിന്റെ വേഗതയിൽ ക്ലാസ്സിലെ പൊട്ടാറായ ജനൽ പാളികൾ അടയുന്ന ശബ്ദം. അധികം അടച്ചുറപ്പില്ലാത്ത സ്കൂൾ കെട്ടിടം തന്നെ കാറ്റിൽ പറന്നു പോകുമോ എന്ന് ഞങ്ങൾ ഭയന്നു. കിളിവാതിലിലൂടെ അടിച്ചു വീശുന്ന മഴയുടെ ഇരമ്പൽ ട്രൗസറിനു താഴെയുള്ള കാലുകൾ നനച്ചു. പുറത്ത് പെയ്യുന്ന മഴയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മഴത്തുള്ളികൾ ക്ലാസ്സിലെ പൊട്ടിയ ഓടിന്റെ ഇടയിലൂടെ ബെഞ്ചിലും ഡെസ്കിലും പതിക്കാൻ തുടങ്ങി. പുതുമണം മാറാത്ത പുസ്തകം നനയാതിരിക്കാൻ ഞങ്ങൾ കുപ്പായത്തിനുള്ളിൽ തിരുകികയറ്റി.

മഴയുടെ ശക്തി കൂടുന്നതിന് അനുസരിച്ച് ഇരുട്ടിന്റെ കാഠിന്യം കൂടി വന്നു. ക്ലാസ് മുറികൾ തമ്മിൽ വേർതിരിക്കുന്ന സ്ക്രീനുകൾ ഇരുട്ടിൽ അപ്രത്യക്ഷമായതു പോലെ..
മഴ അൽപ്പം നേർത്തപ്പോൾ അറബിക് മാഷ് മുറ്റത്തിറങ്ങി ആകാശം നോക്കി… “അടുത്ത മഴ പെയ്യണ മുമ്പ് കുട്ടികൾ പുരക്ക് പൊയ്ക്കോട്ടേ മാഷേ..”
എന്ന് പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു..

ഇത് കേൾക്കേണ്ട താമസം സ്കൂളിന്റെ പുറത്ത് തൂക്കിയിട്ട ഇരുമ്പ് തകിടിൽ ഒരു കോലെടുത്ത് സ്കൂളിലെ തടിയനായ ഒരുത്തൻ നിർത്താതെ ആഞ്ഞു കൊട്ടി.

കടന്നൽ കൂട് ഇളക്കിയത് പോലെ ആരവം മുഴക്കി കുട്ടികൾ പുറത്തേക്കോടി. മമ്മിമുക്കിലെ ബസ്‌സ്റ്റോപ്പിനോട് ചേർന്ന് കളിക്കോപ്പ് കിലുക്കി പാട്ടുപാടി ഒരു ബലൂൺ വിൽപ്പനക്കാരൻ. അയാളുടെ ചുമലിൽ ചാരിവെച്ച മുളവടിയിൽ ഒരു കട മുഴുവൻ നിറഞ്ഞു നിൽക്കുന്ന കളിക്കോപ്പുകൾ. വിവിധ വർണങ്ങൾ..ശബ്ദങ്ങൾ..!
അറ്റത്ത് ബലൂൺ കെട്ടിയ പീപ്പിയിൽ ഊതി ശബ്ദമുണ്ടാക്കി അയാൾ കുട്ടികളെ തന്നിലേക്ക് ആകർഷിക്കുന്നു. മറുകയ്യിൽ ചെവിപോലെ തോന്നിക്കുന്ന മടക്കി വെച്ച രണ്ട് തകിട് കഷ്ണങ്ങൾ കൊണ്ട് മറ്റൊരു കളിക്കോപ്പ്.. അതിൽ ഞെക്കി അയാൾ ഇടയ്ക്കിടെ ടിക് ടിക് ശബ്ദമുണ്ടാക്കി..

കുട്ടികൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ചക്കരയിൽ പൊതിയുന്ന ഈച്ചകളെ പോലെ അയാൾക്ക് ചുറ്റും ഞങ്ങൾ കുറേ കുട്ടികൾ. മെയ്‌വഴക്കമുള്ള അഭ്യാസിയെ പോലെ വടിയിൽ കുത്തിവെച്ച പല കളിക്കോപ്പുകൾ ഒന്നൊന്നായി അയാൾ പുറത്തെടുത്തു. മഴയുടെ ഇടവേളയിൽ അയാളുടെ കുറേ നേരത്തെ പ്രയത്നം തീർത്തും വിഫലം. ഒരു നയാ പൈസയുടെ കച്ചോടം അവിടെ നടന്നില്ല. കളിക്കോപ്പുകൾ കുട്ടികൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒന്നും അയാൾ വെറുതെ കൊടുക്കുമായിരുന്നില്ല.. നിലത്ത് കുത്തിയ മുളവടിയുടെ ഒരറ്റം ഉയർത്തി മെലിഞ്ഞൊട്ടിയ മുതുകിൽ വെച്ച് അയാൾ നിരാശനായി കല്ലായി അങ്ങാടിയിലേക്ക് നടന്നു..

വീട്ടിലേക്കുള്ള ഇടവഴി നന്നേ ചെറുതാണ്. എതിരെ വരുന്നവർക്ക് വഴിമാറി, വഴിയോരത്തെ കാട്ടുപൂക്കൾ തട്ടി ചിരിച്ചു രസിച്ചു നടക്കവേ അടിയലത്തെ ഇടവഴിയിൽ നേർ മുന്നിൽ പൊട്ടൻ അസ്സൂക്ക..! പലകുറി കേട്ടതാണെങ്കിലും അസ്സൂക്കയെ നേരിൽ കാണുന്നത് ആദ്യം. ഇരു കൈകളും കാലുകളും സ്വാധീനം കുറഞ്ഞ അസ്സൂക്ക വളരെ പ്രയാസപ്പെട്ട് വേച്ച് വേച്ച് ആണ് നടക്കുക. വലത് കയ്യിലെ ഒരറ്റത്ത് ഓലകൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ കുട്ടയും എപ്പോഴും ഉണ്ടാകും.,

mahamood-peringadi
മെഹമൂദ് പെരിങ്ങാടി

എന്നെ കണ്ടതും ഒരു പ്രത്യേക ശബ്ദമുണ്ടാക്കി അസ്സൂക്ക തലവെട്ടിച്ചു. അതോടെ എന്റെ പകുതി പ്രാണൻ അവിടെ തീർന്നു.. സകല ശക്തിയും ആവാഹിച്ചു തിരിഞ്ഞോടണം എന്ന് തോന്നി.പക്ഷെ ഒരടി പോലും അനങ്ങാൻ കാലിന് ആവതില്ലായിരുന്നു. ഭയവും സങ്കടവും ഒരുമിച്ച് കുറച്ചു നിമിഷങ്ങൾ.. പെട്ടെന്നാണ് ചിത്രകഥയിലെ മായാവിയെ പോലെ ഒരാൾ എത്തിയത്. ചിരുദൈ ഏട്ടത്തിയാണ്..

“മോൻ പേടിക്കണ്ട.. അസ്സൂക്ക ഒന്നും ചെയ്യൂല്ല..” എന്ന് ആശ്വസിപ്പിച്ച് എന്നെ ചേർത്ത് പിടിച്ചു.

ഒരുകാലത്ത് നാട്ടിലെ മിക്കവരും പിറന്നു വീണത് ചിരുദൈ ഏട്ടത്തിയുടെ കൈകളിൽ ആണ്. പാതി രാത്രികളിൽ പേറ്റു നോവ് തുടങ്ങുമ്പോൾ ചൂട്ടു കത്തിച്ച് തറവാട്ടിലെ കാരണവർ ചിരുദൈ ഏട്ടത്തിയെ തേടിപോകും. ഏത് രാത്രിയിലും കൂരിരുട്ടിലും ഒരു മടിയും കൂടാതെ അവർ പുറപ്പെടും. റാന്തലിന്റെ വെട്ടത്തിൽ ആദ്യ ദർശനത്തിലെ കുഞ്ഞിനോടുള്ള സ്നേഹം ഞങ്ങൾ വളരുമ്പോഴും ഒട്ടും മാറ്റ് കുറയാതെ അവർ നിലനിർത്തും.

“വന്നോളൂ..ഞമ്മള് പുരക്ക് കൊണ്ടാക്കാം” പേടിച്ച് നിൽക്കുന്ന എന്നോട് അവർ പറഞ്ഞു. ചിരുദൈ ഏട്ടത്തിയുടെ കരവലയത്തിൽ സുരക്ഷിതനായി ഞാൻ നടന്നു. അവരുടെ ഓരം ചാരി നടക്കവേ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. വായ് തുറന്ന് പാൽ പുഞ്ചിരി തൂകി അപ്പോഴും അസ്സൂക്ക എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്. ഒരുപക്ഷെ
“എന്നെ കണ്ട് എന്തിനാണ് നീ പേടിച്ചത് ” എന്ന് ചോദിക്കുകയാവാം..

വീട്ടിൽ എത്തി. മേൽക്കൂരയിൽ നിന്ന് വന്നുവീഴുന്ന മഴവെള്ളം ഉമ്മറത്തെ സിമെന്റ് ജാടിയിൽ നിറഞ്ഞിരിക്കുന്നു. കണ്ണാടിച്ചില്ലു പോലുള്ള തണുത്ത വെള്ളം കിണ്ടിയിലേക്ക് പകർന്നു ഞങ്ങൾ കാൽ കഴുകി. തണുപ്പകറ്റാൻ ആവി പറക്കുന്ന കട്ടൻ ചായയും ചക്ക വറുത്തതും ഉമ്മ ചിരുദൈ ഏട്ടത്തിക്കായി കൊണ്ട് വെച്ചു. വരാന്തയിലെ തൂണിൽ ചാരി നിൽക്കെ ചിരുദൈ ഏട്ടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു..

മൂപ്പത്തിയാറേ… ഓന് ഒരു ചരട് മന്ത്രിച്ചു കെട്ടണം.. കുട്ടി പേടിച്ച് പോയിന്..”

“ചരടും നൂലും ഒന്നും വേണ്ട. ഓൻ അസ്സൂക്കാനെ ആദ്യായിട്ട് കണ്ടതല്ലേ.. അതു കൊണ്ടാ…” ഉമ്മ ചിരിച്ചു.

അത് ശരിയാണെന്ന് എന്റെ ഉള്ളവും പറഞ്ഞു. അപ്പോഴേക്കും… ഇരുണ്ട് മൂടികെട്ടിയ മാനം അല്പം തെളിഞ്ഞിരുന്നു.. അസ്സൂക്കയെ കുറിച്ചുള്ള എന്റെ മനസ്സിലെ ചിത്രവും..!

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...