Tuesday, January 19, 2021

ഒറ്റ മൈന

കഥ

മുഹമ്മദ് ഹസീബ്

സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല വള്ളിയിലിരുന്നു . മുല്ലമൊട്ടിനെ നോക്കി പുഞ്ചിരിച്ചു. തന്നെ കണ്ടപ്പോൾ അവൾ ഒന്ന് നാണിച്ചുവോ? . അതോ കാമുക ഹൃദയത്തിന്റെ , പ്രതീക്ഷകളുടെ വെറും തോന്നലുകളാണോ ?

അൽപനേരം ഇരുവരും പരസ്പരം നോക്കിയിരുന്നു. മതി ഭ്രമിപ്പിക്കുന്ന സുഗന്ധം മൈനയെ മത്തുപിടിപ്പിക്കുന്നു. പതുക്കെ മൈന അവളോട് സംസാരിക്കാൻ ആരംഭിച്ചു.
” ഞാൻ ഇങ്ങനെ നോക്കിയിരുന്നിട്ട് ഒന്നും ചോദിക്കാത്തതെന്തേ ?
” താങ്കൾ ആരാണെന്ന് എനിക്ക് അറിയില്ലല്ലോ !
മുല്ലമൊട്ട് പ്രതിവചിച്ചു .
തന്നോട് പ്രത്യേകിച്ച് ദേഷ്യമൊന്നുമില്ല. ആശ്വാസമായി . മൈന വീണ്ടും സംസാരിക്കാൻ ആരംഭിച്ചു .
“എനിക്ക് നിന്നോട് കടുത്ത പ്രണയമാണ്”
” ഓ”
” എന്താ ഒന്നും പറയാത്തത് ?
” ഞാൻ എന്താണ് പറയേണ്ടത് ?
“എന്റെ പ്രണയത്തെക്കുറിച്ച് ഞാൻ പറഞ്ഞില്ലേ അതിന് മറുപടി ഒന്നും പറയാൻ തോന്നുന്നില്ലേ ?
” പ്രണയമോ ? അതിനു നമ്മൾ രണ്ടല്ലേ . എനിക്ക് നീയോ, നിനക്ക് ഞാനോ ആയി മാറാൻ സാധിക്കില്ലല്ലോ .”
“പ്രണയം അങ്ങനെ ആണെന്നാണോ കരുതിയിരിക്കുന്നത് ?
” എനിക്കറിഞ്ഞുകൂടാ ”
“നിന്റെ വ്യത്യാസങ്ങളോടാണ് ആണ് എനിക്ക് പ്രണയം . ഒരു പോലുള്ളവർ ഈ ലോകത്ത് ആരും തന്നെയില്ല. സഹോദരി സഹോദരന്മാർക്ക് തമ്മിൽ പോലും വ്യത്യാസം ഉണ്ടാകും ”
” പക്ഷികൾ , പൂക്കളെ കൊത്തി തിന്നാറുണ്ടല്ലോ ?
“ആരാണ് ഇതൊക്കെ പറയുന്നത് ?
“ആരെങ്കിലും പറഞ്ഞു വേണമോ എനിക്കറിയാൻ ; സ്വയം കണ്ടറിഞ്ഞുകൂടെന്നുണ്ടോ ?

മൈന നിശബ്ദനായി. നിർന്നിമേഷനായി കുറച്ചുസമയം മുല്ലയെ നോക്കി നിന്നു .
“അതിനെയും പ്രണയമായി കണ്ടുകൂടെ ?മൈന സംശയം ഉന്നയിച്ചു.
” വ്യത്യസ്തതകളോടാണ് പ്രണയം എന്ന് നേരത്തെ പറഞ്ഞിരുന്നു ”

മൈന വീണ്ടും നിശബ്ദനായി. ഒന്നാലോചിച്ച ശേഷം മറുപടി പറയാൻ തുടങ്ങി.
” കൂടുതൽ ചിന്തിക്കാൻ വയ്യ. എനിക്ക് നിന്നോട് പ്രണയമാണ്. ഞാൻ നിന്നോടുള്ള പ്രണയത്തിൽ മുഴുകിയിരിക്കുകയാണ്. ”

ലജ്ജകൊണ്ട് മുല്ലമൊട്ട് തുടുത്തു. കവിൾത്തടം ചുമന്നാൽ അവന് മനസ്സിലാകും, മുല്ലമൊട്ട് ഗൗരവം അഭിനയിച്ചു.
“അതുകൊണ്ട് ?
”ഞാനിത്രയും പറഞ്ഞിട്ട് തിരിച്ചൊന്നും പറയാനില്ലേ ?
“വ്യത്യസ്തതകളെ പ്രണയിക്കുന്നു എന്ന് പറഞ്ഞത് സത്യമാണോ ?
“പൂർണ്ണമായും . ”
“എങ്ങനെ വിശ്വസിക്കും”
“എങ്ങനെയാണ് വിശ്വസിപ്പിക്കേണ്ടത് . ?
“ഒരു പോലുള്ളവരല്ലെ , ഒന്നായിട്ടുള്ളൂ ”
“നമ്മൾ അതിന് ഒന്നാവുന്നില്ലല്ലോ”
“പ്രണയത്തിന്റെ കാര്യമല്ലേ നമ്മൾ പറഞ്ഞു വന്നത് ?
“പ്രണയം ഒന്നാകലാണെന്നാരു പറഞ്ഞു?
“പിന്നെന്താണ് പ്രണയം?
“അത് പ്രണയിക്കുമ്പോളെ മനസ്സിലാക്കാൻ പറ്റൂ.”
“നിനക്കെങ്ങനെ മനസ്സിലായി ”
“ഞാൻ നിന്നോട് പ്രണയത്തിലായതുകൊണ്ട്”

മുല്ലമൊട്ട് വീണ്ടും നാണിച്ചു . അവൾ പറഞ്ഞു തുടങ്ങി.
“ഇരുവരുടെയും ആത്മാവാകുന്ന ഹൃദയതീരങ്ങളുടെ നടുക്ക് പ്രണയമാകുന്ന കടൽ സ്വതന്ത്രമായി തിരയടിക്കട്ടെ . അല്ലെ ?
“കൊള്ളാമല്ലോ.”
“ഖലീൽ ജിബ്രാൻ പറഞ്ഞതാണ് .”
“ശരിയായ വാക്കുകൾ . കടൽ സ്വതന്ത്രമായി തിരയടിക്കുന്നതാണ് മനോഹാരിത. ഇരു തീരങ്ങളും അതിന് ഇരുവശത്തുനിന്ന് മനോഹരമായി പ്രണയിച്ചു കൊണ്ടേയിരിക്കട്ടെ.”
“പക്ഷേ തീരങ്ങൾ ഒരുപാടുണ്ടല്ലോ കടൽ ഒന്നല്ലേ ഉള്ളൂ.”
“അല്ല കടലും ഒരുപാടുണ്ട് . നമുക്ക് കാണുന്നില്ലെന്ന് മാത്രം .”
“അങ്ങനല്ലല്ലോ ഞാൻ അറിഞ്ഞത് ?
“എനിക്ക് ചിറകുകളുണ്ട് കടൽ നേരിട്ട് കണ്ടിട്ടുമുണ്ട് ഞാൻ പറയുന്നത് വിശ്വാസത്തിലെടുത്തൂടെ”
അത് വിശ്വസിച്ചെങ്കിലും മുല്ലമൊട്ട് ഒന്നും മിണ്ടിയില്ല. പ്രണയത്തിലായതിനാലാവണം തൻറെ സുഗന്ധത്തിന് വ്യാപ്തി വർധിക്കുന്നുണ്ടോ എന്നവൾക്ക് സംശയം തോന്നി.അവളുടെ കവിളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുതുള്ളി വെട്ടിത്തിളങ്ങി.മൈനക്ക് മഞ്ഞുതുള്ളിയോട് അസൂയതോന്നി.

“ഞാൻ നിന്നെ പ്രണയിച്ചാൽ എന്നെ എനിക്ക് നഷ്ടമാവും” മുല്ലമൊട്ട് പറഞ്ഞു.
“അത് നഷ്ടമാകുന്നത് അല്ല . സ്വയം വെളിപ്പെടാൻ ഇരുന്ന , പുതിയൊരു നിൻറെ , ജന്മം കൊള്ളലാണ് ”
“ഇപ്പോഴുള്ള ഞാൻ മികച്ചതല്ലെന്നോ ?
“നിൻറെ മികവുകളെ ആരാണ് തിരിച്ചറിയുന്നത്. ബാഹ്യ സൗന്ദര്യവും സുഗന്ധവും കാരണം തലയിൽ ചൂടാൻ ഉപയോഗിക്കുന്ന പെൺകുട്ടികൾ അല്ലാതെ . സ്വയം വെളിപ്പെടുക എന്നതാണ് പ്രണയം ”
“എനിക്ക് നിൻറെ പ്രണയം വേണ്ടെങ്കിലോ ?

“വേണ്ടായിരിക്കാം . പക്ഷേ എനിക്ക് നീയില്ലാതെ പൂർണ്ണതയിൽ എത്താനാവില്ല. നിന്നെ കണ്ടപ്പോഴാണ് എന്നിലെ മികവുകളെ ഞാൻ കണ്ടറിഞ്ഞത് ”
“ബാലിശമായ വാക്കുകൾ”
“പക്ഷേ , സത്യസന്ധമാണ്”
“ആരും ആർക്കും അനിവാര്യമല്ല.അവനവൻ സ്വയം വെളിപ്പെടുക. ജീവിക്കുക.”
“അത്തരമൊരു അടയാളപ്പെടുത്താൻ സാധ്യമല്ല. അപരനിലൂടെയാണ് നാം സ്വയം വെളിപ്പെടുന്നത്. ”
“അങ്ങനെയുള്ള പ്രണയത്തിൽ എനിക്ക് വിശ്വാസം വരുന്നില്ല.”
“കടൽ അതിൻറെ വഴിക്ക് തിര അടിച്ചോട്ടെ എന്നാണോ?

മൈന പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .
” എന്നല്ല”.
മുല്ല മൊട്ട് ലജ്ജാവിവശയായി കൊണ്ട് പറഞ്ഞു . “പക്ഷെ എനിക്കിപ്പോൾ ഒന്നും പറയാൻ സാധ്യമല്ല. നാളെ എന്നെ വന്ന് കാണൂ.”

“എന്നെ പറ്റിക്കില്ല എന്ന് വിശ്വസിക്കാമോ .?
“പക്ഷികളുടെ രീതി പൂവുകൾക്ക് പരിചിതമല്ല.”
“എന്നാൽ ഞാൻ നാളെ വരാം ഇതേ സമയത്ത് . ”

മുല്ലമൊട്ട് തലകുലുക്കി കൊണ്ട് സമ്മതിച്ചു മൈന പറന്നു ദൂരേക്ക് പോയി.

.

പിറ്റേന്ന് മൈന മുല്ലവള്ളി ക്കരികിലേക്ക് വന്നു.
മുല്ലമൊട്ടിനെ നോക്കി. അവൾ അപ്രത്യക്ഷയായിരുന്നു . മൈനയുടെ ഹൃദയം പിടഞ്ഞു. താഴെയെങ്ങാനും ഞെട്ടറ്റു വീണു കിടക്കുന്നുണ്ടോ ?അവൻ താഴെ നോക്കി. ചുറ്റുവട്ടത്തൊക്കെയും നോക്കി. ഇല്ല, അവൾ സമ്പൂർണമായും ഇല്ലാതായിരിക്കുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

YOU MAY ALSO LIKE