Friday, July 1, 2022

ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്‌സൺ ദേവസ്സി

ഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ് ലോക ചരിത്രം. പലതും പലരും പല പ്രതിസന്ധികൾ തരണം ചെയ്തു തങ്ങളുടേതായ ഒരു പുതിയ ചരിത്രം തുടങ്ങിവെച്ച്, അതിനെ അത്യുന്നതിയിലെത്തിച്ച് നൂറും ആയിരവും രണ്ടായിരവും വർഷങ്ങൾ തന്റെ വംശത്തെ നയിച്ച്, ശേഷം, വന്ന അതേ വേഗത്തിൽ തകർന്ന് വിസ്മൃതിയിലേക്ക് പോയതും ചരിത്രമാണ്. ഈ കൂട്ടത്തിൽ തന്നെ തന്റെ കഴിവുകൊണ്ടും, ധൈര്യം കൊണ്ടും ഒരു മഹാ സാമ്രാജ്യത്തിന്റെ നേതൃസ്ഥാനം കൈയ്യാളിയ ഒരു യുവതിയെക്കുറിച്ചാണ് ഈ കുറിപ്പ്. ഇവർ വേറാരുമല്ല, ചരിത്രതാൽപര്യമുള്ളവരും അല്ലാത്തവർക്കും, വിവരണങ്ങളിലൂടെയും കഥകളിലൂടെയും, സിനിമകളിലൂടെയും, വാമൊഴികളിലൂടെയും ഒരേപോലെ പരിചിതയായ “ക്ലിയോപാട്ര രാജ്ഞി “.

മഹത്തായ ഈജിപ്റ്റ്യൻ സംസ്ക്കാരത്തിലെ പേരുകേട്ട ഒട്ടനവധി ഭരണാധികാരികളിൽ ഒരുവളായിരുന്നു ക്ലിയോപാട്ര. തന്റെ അധികാരം ഉറപ്പിക്കാൻ ഒരുപാട് കടമ്പകൾ മറികടന്ന ആ യുവതി ഇന്നും ഈജിപ്റ്റ്യൻ ചരിത്രത്തിലെ ഒരു സംസാരവിഷയമാണ്. ടോളമി, തുത്തൻഖാമൻ തുടങ്ങിയ അനേകം ഫറവോമാരുടെ ശവകൂടീരം കണ്ടെത്തിയെങ്കിലും, ക്ലിയോപാട്രയുടെ ഭൗതീകശരീരം എവിടെയെന്നോ എന്തായെന്നോ ഇന്നും ഒരറിവില്ല. ലിഖിതങ്ങളിലും, ചിത്രങ്ങളിലും, വർണ്ണനകളിലും അനേകർ കണ്ട ആ ഈജിപ്റ്റ്യൻ സുന്ദരി ചിലപ്പോൾ തന്റെ മോചനം കാത്ത് മണ്ണിനടിയിൽ ഏതോ ഒരു കാർട്ടറിനേയും കാത്തുകിടക്കുന്നുണ്ടാകും.

69 Bc യിൽ ഇന്നത്തെ ഈജിപ്റ്റിലെ അലക്സാണ്ട്രിയയിലാണ് ക്ലിയോപാട്ര രാജകുമാരിയുടെ ജനനം. ടോളമിക് രാജവംശസ്ഥാപകനും ഗ്രീക്ക് നായകൻ അലക്സാണ്ടർ ചക്രവർത്തിയുടെ ജനറലുമായ ടോളമി സോറ്റർ ഒന്നാമന്റെ 12ആം തലമുറയിൽപ്പെട്ട, “ടോളമി ഓലൂറ്റസ്” ആയിരുന്നു പിതാവ്. അമ്മ പ്രസ്തുത രാജവംശത്തിലെത്തന്നെ ഒരു രാജകുമാരിയായിരുന്ന “ക്ലിയോപാട്ര റൈഫേനിയ”. ഇവർ ക്ലിയോപാട്ര 5th എന്ന പേരിലും അറിയപ്പെടുന്നു. തന്റെ 11ആം വയസ്സിൽ ഒരു റോമൻ പ്രഭു തന്റെ കുടുബത്തിനെതിരെ നടത്തിയ ആഭ്യന്തരകലാപം ക്ലിയോപാട്രയെ വളരെയധികം സ്വാധീനിച്ചു. അധികാരം നഷ്ടപ്പെട്ടു നാടുവിട്ടുപോയ ആ പലായനത്തിൽ റോമിലെത്തിയ അവർ ഒരു രാജാധികാരം എന്തെന്നും, അതു തനിക്കു നൽകുന്ന ശക്തി എന്തെന്നും മനസ്സിലാക്കി. ഇതേ സമയം ഈജിപ്റ്റിൽ തങ്ങളുടെ അധികാരത്തെ മറികടന്ന പ്രഭു തന്റെ മകളായ “ബെർനീസിനെ ” ഫറവോ ആയി കീരീടധാരണം നടത്തിയിരുന്നു. പക്ഷേ ബിസി 55 ൽ കൂടുതൽ ശക്തിയോടെ റോമൻ സൈന്യവുമായി വന്ന ടോളമി, ബെർനീസിനെ വധിച്ച് തന്റെ അധികാരം വീണ്ടെടുത്തു. കുറച്ചുനാളുകൾക്കു ശേഷം ഭരണത്തിലിരിക്കെ ടോളമി ഓലൂറ്റസ് ചക്രവർത്തി മരണപ്പെട്ടു. തുടർന്ന് തൊട്ടടുത്ത അധികാരസ്ഥാനം ഏൽക്കാനായി പ്രഭുക്കൻമാർ ക്ലിയോപാട്രയേയും തന്റെ സഹോദരനും പിന്നീട് ഭർത്താവുമായ ടോളമി പതിമൂന്നാമനെയും ഒരുപോലെ തെരഞ്ഞെടുത്തു. തുടർന്നധികാരത്തിൽ ഇരുവരും ഒരേപോലെ തുടർന്നെങ്കിലും, ക്രമേണ ഇരു ഭാഗത്തും തർക്കങ്ങൾ ഉടലെടുക്കുകയും അവസാനം bc 51ലെ മറ്റൊരു ആഭ്യന്തരയുദ്ധത്തിൽ അതു ചെന്നെത്തുകയും ചെയ്തു. ഈ യുദ്ധം നടന്നുകൊണ്ടിരിക്കെ Bc 48 ൽ റോമിലെ രണ്ടു പ്രഭുക്കളായ ജൂലിയസ് സീസറും, പോംപെയും തമ്മിൽ വേറൊരു കലാപം അരങ്ങേറുകയുണ്ടായി. അവസാനം “ഫാർസാലുസ് ” യുദ്ധത്തിലെത്തിയ ഈ കലാപം, പോപെയെ അടിയറവ് പറയിക്കുകയും ഈജിപ്റ്റിലേക്ക് പാലായനം ചെയ്യാൻ പ്രേരിപ്പിക്കുകയുമുണ്ടായി.
പോപെയെ പിന്തുടർന്നെത്തിയ സീസർ അലക്സാണ്ട്രിയ എത്തിയപ്പോഴെക്കും, ടോളമി പോംപെയെ പിടികൂടി വധിച്ചിരുന്നു. മഹത്തായ ഒരു സൈന്യവുമായി വന്ന സീസറിനെ അനുനയിപ്പിക്കാനും ഭാവിയിൽ തന്റെ അധികാരം ഉറപ്പിക്കാൻ സഹായത്തിനുമായാണ് ടോളമി ഈ കർത്തവ്യം ചെയ്തത്. ഇത് സീസറിനെ അതിയായി സന്തോഷിപ്പിച്ചെങ്കിലും,
അദ്ധേഹം പഴയപോലെ ക്ലിയോപാട്രക്കും ടോളമിക്കും ഒരുപോലെ അധികാരം നൽകുകയാണുണ്ടായത്. ഇതിനിടയിൽ ക്ലിയോപാട്ര സീസറിൽ ഒരുപാട് മതിപ്പുളവാക്കിയിരുന്നു. രാജ്യകാര്യങ്ങളിൽ സീസർ ടോളമിയേക്കാളുപരി ക്ലിയോപാട്രയെ പരിഗണിച്ചു. ഈ പ്രണയബന്ധത്തെക്കുറിച്ച് തന്റെ ജനറൽ പോത്തേയൂസിൽ നിന്നറിഞ്ഞ ടോളമി ഒരിക്കൽ തന്റെ സൈന്യത്തെ അയച്ച്, ക്ലിയോപാട്രയേയും സീസറിനെയും തടവിലാക്കാൻ ശ്രമിച്ചു. പക്ഷേ കൂടുതൽ റോമൻ സൈന്യമെത്തി രംഗം സീസറിനനുകൂലമാക്കി. ശേക്ഷം ക്ലിയോപാട്രയും സീസറും നയിച്ച Bc 47ലെ നൈൽ യുദ്ധത്തിൽ ടോളമിയുടെ സൈന്യം പരാജയപ്പെടുകയും ടോളമി കൊല്ലപ്പെടുകയുമുണ്ടായി. ടോളമിയുടെ കൂടെ യുദ്ധം നയിച്ച സ്വന്തം സഹോദരിയായ “അർസീനിയ ” സ്വയരക്ഷയ്ക്ക് തുർക്കിയിലെ ഏഫ്യൂസിലേക്ക് പാലായനം ചെയ്തു. ഈ യുദ്ധത്തിനുശേഷം സീസർ ക്ലിയോപാട്രയെ ഈജ്പ്റ്റിന്റെ ഫറവോയായി നിയമിച്ചു. പുതിയ ഭരണാധികാരിയായി നിയമിതയായ ക്ലിയോപാട്ര, പ്രഭുക്കളുടെ വായടപ്പിക്കാൻ എന്നോണം തന്റെ സഹോദരനായ ടോളമി പതിനാലാമനെ വിവാഹം ചെയ്തു. ഇതിനിടയിലും സീസറുമായുള്ള ബന്ധം രാജ്ഞി തുടർന്നുപോന്നിരുന്നു. ഇതിനിടയിലാണ് ഒരു മഹാവിപത്ത് എന്നപോലെ Bc 44 ൽ സീസർ തന്റെ സെനറ്റിലെ ഏതാനും പ്രഭുക്കൻമാരാൽ കൊല്ലപ്പെടുന്നത്. ഈ വാർത്ത ടോളമി പതിനാലാമനെ തനിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുമോയെന്ന് രാജ്ഞി സംശയിച്ചു.

തനിക്കു സീസറിൽ പിറന്ന “സീസറിയൻ” എന്ന പുത്രനെ രാജാവാക്കിയാൽ ടോളമി എതിർക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ക്ലിയോപാട്ര, ടോളമി പതിനാലാമനെ വധിച്ചു. ശേഷം റോമൻ പ്രഭുക്കളെ സ്വാധീനിച്ച് തന്റെ മകനെ ഫറവോയാക്കി നിയമിച്ചു. രാജ്ഞിയുടെ അടുത്ത ലക്ഷ്യം, മകന്റെ സ്ഥാനത്തിനെതിരെ വരുന്ന തടസ്സങ്ങൾ തകർക്കുക എന്നതായിരുന്നു. ഇതിനിടയിൽ റോമിലെ പ്രഭുക്കൻമാരായ മാർക്ക് ആന്റണിയും, ഒക്ടേവിയനുമായി നല്ലൊരു കൂട്ടുകെട്ട് സ്ഥാപിക്കാൻ ക്ലിയോപാട്രയ്ക്കു കഴിഞ്ഞു. ജൂലീയസ് സീസറിന്റെ കൊലപാതകത്തിൽ തുടർന്ന അന്വേഷണങ്ങൾ റോമൻ സാമ്രാജ്യത്തെ വീണ്ടുമൊരു യുദ്ധത്തിലെത്തിച്ചു. Bc 42 ൽ അരങ്ങേറിയ ഈ പോരാട്ടത്തിൽ ക്ലിയോപാട്ര, മാർക്ക് ആന്റണിയോടും ഒക്ടേവിയനോടും കൂടി, എതിർപക്ഷത്തെ മാർക്കസ് ജൂനിയസ് ബ്ര്യൂട്ടസിനെതിരെ യുദ്ധം നയിച്ചു. യുദ്ധത്തിൽ ബ്രൂട്ടസ് മരിക്കുകയും മാർക്ക് ആന്റെണി, ഒക്ടേവിയൻ തുടങ്ങിയവർ റോമിലെ പുതിയ വീരപുരുഷൻമാരായി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരുകയുമുണ്ടായി. ഇതിനിടെ ക്ലിയോപാട്രയുമായി പിരിയാനാകാത്ത ഒരു പ്രണയബന്ധത്തിൽ എത്തിച്ചേർന്നിരുന്നു മാർക്ക് ആന്റണി. ഇരുവരുടെയും Bc 41കളിലെ ഇന്നത്തെ തുർക്കിയിലെ “താറോസിലെ” കൂടിച്ചേരലുകൾ റോമിലും ഈജിപ്റ്റിലും ഒരേപോലെ ചർച്ചാവിഷയമായി. ആന്റണിയുടെ പാർത്തിയൻ, അർമേനിയൻ തുടങ്ങിയ യുദ്ധങ്ങൾക്കു ഒരുപാട് ധനസഹായം നൽകുകയും, അതോടൊപ്പം തന്നെ ആന്റണിയെ സ്വാധീനിച്ച് തന്റെ അധികാരം കൂടുതൽ വിപുലമാക്കുന്നതിലും ക്ലിയോപാട്ര വിജയിച്ചു. വിജയിക്കുന്ന പല കേന്ദ്രങ്ങളിലും അധികാരികളാക്കി ക്ലിയോപാട്ര, ഇരുവരുടെയും മക്കളായ ഹീലിയസിനേയും, സെലീനിയേയും, ഫിലാഡെൽഫിയസിനെയും നിയമിച്ചു. ആന്റണിക്കാകട്ടെ ഇതിലൊന്നും ഒട്ടും എതിർപ്പുണ്ടായില്ല താനും. ഒരിക്കൽ രക്ഷപ്പെട്ടുപ്പോയ സ്വന്തം സഹോദരിയും നൈൽ യുദ്ധത്തിലെ ശത്രുവുമായ അർസീനിയേനെ ആന്റണിയുടെ അധികാരം ഉപയോഗിച്ച് വധിക്കുകവരെ ക്ലിയോപാട്ര ചെയ്തു. തന്റെ അധികാരത്തിന് തടസ്സം നിൽക്കുന്ന എല്ലാവരെയും ഒഴിവാക്കിയെന്ന് രാജ്ഞി കരുതിയെങ്കിലും, വാരാനിരിക്കുന്ന ദുർവിധിയെക്കുറിച്ച് അവൾക്കറിവില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് മാർക്ക് ആന്റണിയും ക്ലിയോപാട്രയും തങ്ങളുടെ പ്രണയജീവിതത്തിൽ ഇരു സാമ്രാജ്യങ്ങളെയും സാക്ഷിയാക്കി വിവാഹിതരാവാൻ തീരുമാനിക്കുന്നത്. പക്ഷേ ആന്റണി നേരത്തെതന്നെ സുഹൃത്തും മറ്റൊരു പ്രഭുവുമായ ഒക്ടേവിയന്റെ സഹോദരിയായ “ഒക്ടേവിയ മിനറിനെ ” വിവാഹം കഴിച്ചിരുന്നു. ക്ലിയോപാട്രയെ സ്വീകരിക്കാനായി, മിനറിനെ ഒഴിവാക്കാനുള്ള ആന്റണിയുടെ തീരുമാനം റോമൻ റിപ്ലബിക്കിനെ മറ്റൊരു യുദ്ധത്തിലേക്ക് ചെന്നെത്തിച്ചു. നല്ലൊരു സൈന്യത്തിന്റെ പിൻബലമുള്ള ഒക്ടേവിയൻ, ആന്റണിയുടെയും ക്ലിയോപാട്രയുടെയും സഖ്യസൈന്യത്തെ 31 Bc ൽ ഗ്രീസിലെ ആക്ട്ടീലിയം എന്ന സ്ഥലത്തെ നാവികയുദ്ധത്തിൽ പരാജയപ്പെടുത്തി. ശേഷം നടന്ന പോരാട്ടങ്ങൾക്കൊടുവിൽ തുടരെ പരാജിതനായ മാർക്ക് ആന്റണി 30 Bc ൽ ആത്മഹത്യ ചെയ്തു. ഈ വാർത്ത ക്ലിയോപാട്രയെ പാടെ തകർത്തു. ആന്റണിയുടെ മരണത്തിനു പുറമേ തന്നെ റോമൻ വിചാരണ സന്നിദ്ധിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാനായി ഒക്ടേവിയന്റെ സൈന്യം വരുന്നുണ്ടെന്ന വാർത്തയറിഞ്ഞ ക്ലിയോപാട്ര, അപമാനത്തിൽ നിന്നും രക്ഷനേടാനായി അതേ വർഷം തന്നെ ആത്മഹത്യ ചെയ്തു. ടോളമി രാജവംശത്തിലെ അവസാനത്തെ രാജ്ഞിയും ഫറവോയുമായ ക്ലിയോപാട്ര തന്റെ സ്വപ്നങ്ങൾക്ക് അങ്ങനെ 39 ആം വയസ്സിൽ അന്ത്യം കുറിച്ചു….


( കൂടുതൽ അറിവുകൾ ക്ഷണിക്കുന്നു. ചിത്രത്തിൽ ജൂലിയസ് സീസറും രാജ്ഞി ക്ലിയോപാട്രയും)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും

ഗസൽ ഡയറി ഭാഗം 3 മുർഷിദ് മോളൂർ ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും ലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക.. ലഗ് ജാ ഗലേ, ഫിർ യെ ഹസീൻ രാത്ത് ഹോ ന ഹോ.. ഇത്ര മനോഹരമായൊരു...

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന ലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
spot_img

Latest Articles