Monday, September 27, 2021

ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ

ചിത്രീകരണം: വിപിൻ പാലോത്ത്

പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ
ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്…

അഴിവാതിലിലെ പവിഴമല്ലിഗന്ധം പോലെ സുഗതകുമാരി അലിഞ്ഞുപോയി.
വേലിപ്പടർപ്പുകൾ ഓർമ്മകളുടെ വേലിയേറ്റങ്ങളായി ഉള്ളിൽ
തടം തല്ലിയാർത്തു..
വേലികൾ ഏറിയേറി എല്ലാ കരയും കവരുകയാണ്.
വേലിപ്പൊന്തകളിലിരുന്ന് കാക്കൾ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
കാക്കയല്ല ദു:ഖമാണ് കരഞ്ഞുകരഞ്ഞു വിളിക്കുന്നത്.
സങ്കടത്തിൻ്റെ അടിക്കാടുകൾ എരിഞ്ഞു…

കൊഴിഞ്ഞുപോയ പൂക്കൾ കൊരുക്കുവാനെത്തുന്ന പുലരിയെപ്പോലെ
പലതുള്ളി കണ്ണീര് വീണ് നനഞ്ഞ ശൂന്യമായ കടലാസ്…
ഇനി എന്തെഴുതാനാണ്
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്ന മണമുള്ള പവിഴവും മുത്തും…
പടിയിറങ്ങിപ്പോയ ഓർമ്മകൾക്ക് പിറകെ.
വാക്കുകൾ തേടിയുള്ള യാത്രയാണ്.

ഇവിടെ അഴിവാതിലിലൂടെ പരുങ്ങി വരുന്ന പവിഴമല്ലിക്കവിതയില്ല.
മണ്ഡലികൾ പുളയുന്ന മുള്ളുകൾ നിറഞ്ഞ മല്ലിപ്പൂപ്പൊന്തകളാണ്…
ഇവിടെ പൂക്കൾ മൃഗസുഗന്ധിയാണ്.
ഉള്ളിൽ മലങ്കാടുലയുന്നവരുടെ മാത്രം പൂക്കൾ…

ഇത്രയധികം പൂക്കൾ എന്തിനായിരുന്നു.
പൂക്കളിൽ മഞ്ഞക്കോളാമ്പി.
അത്രമേലിഷ്ടമായിരുന്നു.
മെരുക്കിയിണക്കിയ കാട്ടുമൃഗങ്ങളെ പോലെയാണ് ചില പൂക്കൾ.
ഒരു തുള്ളി പുലിയാണ് ഒരു പൂച്ചക്കുട്ടി.
ഒരു തുള്ളിക്കാടാണൊരു കോളാമ്പിവള്ളി.
വേലിപ്പൊന്തകളിലൊളിച്ച കാട്ടുസ്വപ്നങ്ങൾ ഓരോന്നോരോന്നായി ഒടുങ്ങിപ്പോയപ്പോ അവസാനം വരെ പിടിച്ചുനിന്നത് മഞ്ഞക്കോളാമ്പിയായിരുന്നു.

വീട്ടുമുറ്റത്തെ വേലിപ്പടർപ്പിൽ കുരുങ്ങിക്കിടക്കുമ്പോഴും നമ്മുടെ കണ്ണ് തെറ്റുമ്പോ കോളാമ്പി
കാട്ടിലേക്ക് പടർന്നു കേറി.
കെട്ടുപിണഞ്ഞ വള്ളിപടർപ്പുകളുടെ പടിഞ്ഞാറ്റയിൽ മഞ്ഞപ്പൂകോരിയിട്ട് മലങ്കാടിന് മീത് വെച്ചു.
മലയ്ക്ക് ചില്ലയുടെ മുതിർച്ച.
ഒച്ചയുണ്ടാക്കാതെ മലങ്കാട് രൂപരഹിതനായി വന്ന് മഞ്ഞക്കോളാമ്പിയിലെ വീതനുഭവിച്ചു.
മരിച്ചവർക്ക് വേണ്ടി ചത്തോറ് കൂട്ടാനാണ് മഞ്ഞക്കോളാമ്പികൾ പൂക്കുന്നത്….

വീട്ടിൽ നിന്നും നെരത്തുമ്മലേക്ക് നടക്കുമ്പോ നീണ്ട ഇടവഴിയിലെ കുഞ്ഞമ്പു മാഷുടെ കയ്യാലകളിൽ കോളാമ്പിവല്ലരികൾ സ്വർണ്ണത്തിരി നീട്ടി കൈവിളക്കേന്തി …
കൂറ്റൻ മാവിലേക്ക് പടർന്ന് നീലാകാശത്തിലേക്ക് കൈകൾ നീട്ടി
കഴിഞ്ഞു പോയ കാലത്തിൻ്റെ ഭൂപടങ്ങൾ പോലെ ബാക്കിയായിപ്പോയ ചില നാട്ടുവഴികൾ.
വേലിപ്പൊന്തകൾ….

എത്രയെത്ര ചില്ലകളാണ് ഉള്ളുലഞ്ഞ്
പൂചൂടി നിന്നത്.
ചോരക്കുഞ്ഞുങ്ങളുടെ കുഞ്ഞ് ഗോപുരം തലയിലേന്തിയ കിളിയണ്ണിയുടെ ചോപ്പ്..
ഇരുണ്ട്തഴച്ച പടർപ്പുകളുടെ തണലിൽ തണുപ്പു കുടിച്ച് വളയിപ്പാൻ ചുരുണ്ട് മയങ്ങി.
വെള്ളയും കറുപ്പും വളയങ്ങളിലെ
നാഗസൗന്ദര്യത്തിലേക്ക് കിളിയണ്ണികൾ പൊഴിഞ്ഞു.
വേലിപ്പൂക്കളുടെ വേരുകൾ വിണ്ട മാളത്തിൽ പൊൻമാനുകൾ മുട്ടകളിട്ടു…
കോളാമ്പിയുടെ മഞ്ഞ മരണത്തിന് മുന്നേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് വേലിപ്പൂക്കളിലെ നീലിച്ച സ്വപ്നങ്ങളായിരുന്നു.

തലയിൽ നീലത്തലപ്പാവുകൾ ധരിച്ച ഓന്തുകൾ ചോര കുടിക്കുന്നതിനായി ചുവന്ന നാക്കു നീട്ടി.
പേടിച്ചരണ്ട കുട്ടികൾ ഓന്തുകൾ ഈമ്പിക്കുടിക്കാതിരിക്കാനായി പൊക്കിളുകൾ കൈ കൊണ്ട് പൊത്തിപ്പിടിച്ചു.
വേലിപ്പൂക്കളിലെ നീല സ്വപ്നങ്ങൾക്ക് തീപിടിച്ചപ്പോൾ ഓന്തുകൾ കിടന്ന് പിടച്ചു.
തീജ്വാലയുടെ നിറപ്പകർച്ചയ്ക്കും ഓന്തുകളെ രക്ഷിക്കാനായില്ല.

നിലാവ് കുടിച്ച് നിലതെറ്റിയ ചകോരി വേലിപ്പൊന്തയിൽ വന്നിരുന്നു.
മഞ്ഞയും വെള്ളയും പട്ടിപ്പൂക്കൾ നുള്ളാനെത്തിയ കുട്ടികളോട് ചെമ്പോത്ത് പറഞ്ഞു.
എന്നെ കൺനിറയെ കണ്ടോളൂ.
നിങ്ങൾ കേട്ട കഥകളിലെ നീലക്കൊടുവേലി എൻ്റെ കൂട്ടിലുണ്ട്.
എനിക്കിരുമ്പ് വേണ്ട.
എൻ്റെ നെഞ്ചിലെ നീലക്കൊടുവേലിയിൽ ഇരുമ്പലിഞ്ഞു പോകും.
നിങ്ങൾ തലയിൽ ചൂടിയ പൂക്കൾ വാടുന്നതിന് മുന്നം ഈ പടർപ്പുകൾ കരിഞ്ഞു പോകും.
ഞാനും പോവുകയാണ്.
എനിക്ക് ശേഷം വിടർന്ന പീലികളുമായി മയിലുകൾ ഇവിടേക്ക് വരും.
അന്ന് വേലിപ്പടർപ്പുകൾ ബാക്കിയുണ്ടാകില്ല.
നീലക്കൊടുവേലിയിലേക്കുള്ള കാട്ടുവഴികൾ മയിലുകൾക്കറിയില്ല.
നിങ്ങളുടെ ഇരുമ്പു ചങ്ങലകൾ ഇനി അലിഞ്ഞു തീരില്ല…

ജീവനുള്ള ശരീരത്തിൽ ചില്ലകൾ സ്വയം അണിഞ്ഞ റീത്തുകൾ പോലെ വേലികൾ അവസാനമായി പൂവിട്ടു…
ഒരു ദേശം അതിൻ്റെ പൂക്കളാൽ സ്വയം അടയാളപ്പെടുന്നു.
കാടോർമ്മകളുറങ്ങുന്ന പൊന്തകൾ.
പൂക്കളിലൂടെ കാട്ടുഗന്ധത്തിലൂടെ അതിൻ്റെ ഗോത്ര വിചാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു.
നാടിനെ സദാ കാടിൻ്റെ ഓർമ്മകളാൽ തട്ടി വിളിക്കുന്നു.

പച്ചോലപ്പാമ്പുകൾ ഇണചേരുന്ന പൂത്ത ചില്ലകൾ.
വേലിപ്പടർപ്പിലേക്ക് പൂ നുള്ളാനെത്തിയ പെൺകുട്ടി…
കാടിൻ്റെ ഇരുൾക്കയങ്ങളിലേക്ക് അവളെ മയക്കി ക്കൊണ്ടുപോകുന്നു…
വേലിപ്പടർപ്പുകളിലെ കാട്ടുപൂക്കൾ കൊടുങ്കാടിൻ്റെ ആമുഖക്കുറിപ്പുകളാണ്.
ആരണ്യ ഗഹനതയിലേക്കുള്ള ലളിതാക്ഷരങ്ങളാണ്…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: