HomeTHE ARTERIASEQUEL 06മഴയുടെ ആട്ടപ്രകാരം..

മഴയുടെ ആട്ടപ്രകാരം..

Published on

spot_imgspot_img

പൈനാണിപ്പെട്ടി
വി. കെ. അനിൽ കുമാർ

മഴ.
പലമൊഴികൾ
പലരൂപങ്ങൾ
പലജീവിതങ്ങൾ
പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം.
ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ്
മഴ പെയ്യുന്നത്.
മഴയുടെ ഏകാംഗനാങ്കം….

മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.
മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ പുള്ളികൾ ചാർത്തിയാണ് മഴയുടെ കാനൽത്തുള്ളികൾ പതിക്കുന്നത്.
മഴയുടെ മേടച്ചെപ്പിൽ നിറങ്ങൾ കുറവായിരുന്നു.
കുറച്ച് ചിത്രങ്ങൾ മാത്രമെഴുതി മേടപ്പെയ്ത്ത് അനങ്ങാതിരുന്നു.
ആളും ആരവങ്ങളുമായി
ഇടവവും മിഥുനവും വന്നു.
അണിയലങ്ങളും ചമയങ്ങളും സൂക്ഷിച്ച പേളിക തുറന്നപ്പോഴാണ് മഴയുടെ പകർന്നാട്ടം പൂർണ്ണമായത്.
കൊട്ടും പാട്ടും ആട്ടവും വരയും വർണ്ണവുമായി അരങ്ങിൽ നിറയെപ്പൊലിയെ
മഴയാടി
മഴ പാടി….

വേനലിൻ്റെ വരണ്ട ശൂന്യതയിൽ നിറങ്ങൾ കോരി നിറച്ചു.
പച്ചയ്ക്കിത്രയും നിറഭേദങ്ങളുണ്ടെന്ന്
നിറവിന്യാസങ്ങളുണ്ടെന്ന്
മഴച്ചിത്രങ്ങൾ ഉപന്യാസമെഴുതി.
വെളിച്ചത്തിൻ്റെ തെളിച്ചങ്ങളെഴുതുന്ന ത്രിമാന ദൃശ്യങ്ങൾ.
ഒഴുകുന്ന തോടും പറക്കുന്ന കൊക്കുകളും പായുന്ന മീനുകളും പുളയുന്ന പാമ്പുകളും നിറയുന്ന കുളങ്ങളും ഇളകുന്ന സമയവും…. അതിയാഥാർത്ഥ്യങ്ങളുടെ വിരാട് ചിത്രങ്ങൾ
മഴ രചിച്ചുകൊണ്ടിരുന്നു.

പെയ്ന്റിംഗ് – ഇ.എൻ ശാന്തി

മഴയുടെ ശരീരത്തെ നിർമ്മിച്ചിരിക്കുന്നത് ജലം കൊണ്ട് മാത്രമല്ലെന്ന് തോന്നിയത് വീടിനടുത്തെ കുളത്തിൽ മീൻപിടിക്കാൻ പോകുമ്പോഴാണ്.
നനഞ്ഞ മേഘങ്ങളിലേക്ക് കൊക്കുയർത്തിപ്പറക്കുന്ന വെള്ളക്കൊച്ചകൾക്കിടയിലൂടെ നടന്നു. മൗനവ്രതത്തിലായ ചാരനിറത്തിലുള്ള കുരുടിക്കൊച്ചകൾ. ….
കണ്ടത്തിലെ ശാന്തതയെ ഭേദിച്ച് പെട്ടെന്ന് പറന്നുയരുന്ന ഇളം ചുകപ്പ് നിറത്തിലുള്ള മാരാൻ കൊച്ചകൾ.
വിരിഞ്ഞിറങ്ങിയ കുഞ്ഞുമക്കളുമായി മഴ കാണാനിറങ്ങിയ മുണ്ടക്കോഴികൾ…
(കണ്ടത്തിൽ നാട്ടുകാർ മാത്രം. ആഗോളവൽക്കരണം വന്നിട്ടില്ലാത്തതിനാൽ ഇന്ന് കാണുന്ന ദേശാടകരൊന്നും അന്ന് നമ്മുടെ കണ്ടത്തിലെത്തിയിരുന്നില്ല)
മീനുകൾ പുളക്കുന്ന പാടത്തിലൂടെ കുളത്തിലേക്ക് നടന്നു…

മഴ വിരുന്നുണ്ണാനെത്തുന്ന രണ്ട് കുളങ്ങൾ വീടിന് തൊട്ടടുത്തുണ്ട്.
കണ്ണൻകുളമെന്ന നാഗത്താൻ കുളവും മടത്തിൻ കുളവും.
നാഗത്താൻ കൊളം പേരുപോലെ വലിയൊരു നാഗക്കാവിനോടു ചേർന്നാണ്.
പാടത്തേക്ക് തുറന്നൊഴുകുന്നു.
കൽക്കെട്ടുകളൊന്നുമില്ല.
നിറയെ നല്ല വലുപ്പത്തിലുള്ള ചുവന്ന പൂത്താലികൾ.
കുളം നിറയെ മീനുകളും ആമകളും പാമ്പുകളും.
നാഗത്തോട് ചേർന്നതിനാൽ കണ്ണൻ കുളത്തിനെ സദാ സമയവും ഭീതി വലയം ചെയ്തിരുന്നു.
നാഗത്താൻ കുളത്തിൽ
ആരും കുളിക്കാറില്ല.

പഷേ മടത്തിൻ കുളം കല്ല് കെട്ടിയുയർത്തിയതാണ്.
നല്ല വൃത്തിയുണ്ട്.
ഇവിടെയാണ് എല്ലാവരും കുളിക്കുക.
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം പ്രത്യേകം കടവുകളുണ്ട്.
നാഗത്താൻ കുളത്തിൻ്റെയത്രയും മീനുകളും ആമകളും പാമ്പുകളും മടത്തിൻ കുളത്തിലില്ല.
മഴക്കാലത്തിൻ്റെ ആരവങ്ങൾ ഉയരുന്നത് കുളക്കടവുകളിലാണ്…

വണ്ണാത്തിക്കുളം, മണിയാണിച്ചൻകുളം, തേർവയലിലെ കുളം, മാടത്തിൻ കീഴിലെ കുളം, ചക്രപാണിയിലെ താമരക്കുളം, ഇതൊക്കെയാണ് വീടിന് പരിസരത്തെ മറ്റ് കുളങ്ങൾ.
ഇത് കൂടാതെ കണ്ടത്തിനോട് ചേർന്ന മണ്ണ് പൊട്ടി ഉറവ കിനിഞ്ഞൊഴുകി നിറയുന്ന നീർത്തടങ്ങളും മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടും.
ഒറ് എന്ന പേരിൽ രൂപപ്പെടുന്ന ഈ നീർത്തടം മഴ പിൻവാങ്ങുന്നതോടൊപ്പം മേഘങ്ങളിൽ മറയും.
വൃശ്ചികം, ധനുമാസങ്ങളിൽ കണ്ടത്തിൽ നട്ടിനടുമ്പോൾ ഉണ്ടാക്കുന്ന ചെറിയ കൂവലുകളിലും നീർ നിറച്ച് പ്രത്യേകമായ ഒരാവാസ വ്യവസ്ഥ മഴയുണ്ടാക്കുന്നു.
നാട്ടുമീനുകളുടെ ധാരാളിത്തമാണ് മഴക്കാലത്തിൻ്റെ വലിയ സംഭാവന.

മീൻ പിടിക്കാൻ ചൂണ്ടലുമായി കുളത്തിലേക്ക് നടക്കുകയാണ്.
ചൂണ്ടയിടൽ ഞങ്ങൾക്ക്
വിനോദമായിരുന്നില്ല.
വിശപ്പാണ് കുളത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നത്.
കുളത്തിലേക്ക് മഴ നനഞ്ഞ് നടക്കുകയാണ്.
കണ്ടത്തിലെ വരമ്പ് കെളച്ച് മണ്ണിരയെ ചിരട്ടയിൽ മണ്ണിട്ട് നിറച്ചിട്ടുണ്ട്.
മീൻ പിടിക്കാൻ രണ്ടു തരം ഇരകൾ കോർത്തിടാം.
കണ്ടത്തിലെ ഇരയും വളപ്പിലെ ഇരയും.
വളപ്പിലെ ഇരകളെ മീനിന് അത്ര ഇഷ്ടമല്ല.
പാത്രം വടിക്കുന്ന തൈത്തടത്തിലും അച്ഛൻ കിണറിൽ നിന്നും വെള്ളം കോരി കുളിക്കുന്ന തെങ്ങിൻ്റെ തടത്തിലും നീണ്ടു പുളയുന്ന നിറമുള്ള ഇരയെ കിട്ടും. പഷേ കണ്ടത്തിലെ ഇര തടിച്ചതും നല്ല ആരോഗ്യമുള്ളതുമാണ്.
കൈച്ചൽ, മുശു പോലുള്ള വലിയ മീനുകളെ പിടിക്കാൻ മണ്ണട്ടയെ പ്രത്യേകം പിടിച്ച് തീപ്പെട്ടിയിൽ സൂക്ഷിക്കും.
ചെറിയ കുപ്പിയിൽ തോട്ടിൽ നിന്നും പിടിക്കുന്ന പരൽ മീനുകളെയും കരുതും. മണ്ണിര കൊത്തുന്നില്ലെങ്കിൽ തോട്ടിലെ ചെറുമീനുകളെ ചൂണ്ടയിൽ കോർത്തിടും.
രണ്ട് തരം ചൂണ്ടലുണ്ടാകും.
വലിയ ചൂണ്ടലും ചൂട്ടച്ചൂണ്ടലും.
ചൂട്ട ചൂണ്ടൽ ചൂട്ടയെ പിടിക്കാൻ മാത്രമുള്ള താണ്. കഷ്ടിച്ച് മൂന്നടി മാത്രമുള്ള വെറയും അതിനനുസരിച്ചുള്ള കണ്ണിയും.
ചൂട്ട ചൂണ്ടൽ സാധാരണ ചുണ്ടലിനെ അപേക്ഷിച്ച് വളരെ ചെറുതാണ്.

നാട്ടുമീനുകളുടെ വിജ്ഞാനഭൂമികയാണ് കുളങ്ങൾ.
ഓരോ മീനുകളെയും മനസ്സിലാക്കാനും അവയുടെ സ്വഭാവ സവിശേഷതകൾ അടുത്തറിയുന്നതിനുമുള്ള പരിശീലനക്കളരിയാണ് മീൻ പിടുത്തം.
ഓരോ മീനും ചൂണ്ടയിലെ ഇരയോട് പ്രതികരിക്കുന്നത് ഓരോ വിധമാണ്.
ഭക്ഷണം കൊടുത്ത് മീനുകളെ ചതിക്കുമ്പോൾ
ആ ചതിയെ വെള്ളത്തിന് മുകളിൽ രേഖപ്പെടുത്തുന്നതാണ് ചൂണ്ട കെട്ടിയ കണ്ണിക്ക് മുകളിലെ പൊന്ത്.
പൊന്ത് വെള്ളത്തിൽ പൊന്തിക്കിടക്കും.
മീൻപിടുത്തത്തിലെ അതി സാങ്കേതികത്വമാണത്

പൊന്ത് ഉണ്ടാക്കുന്നതിനും സവിശേഷതകൾ ഏറെയുണ്ട്. കണ്ടത്തിൽ വളരുന്ന ചേരണി എന്ന ജലസസ്യത്തിൻ്റെ വേരാണ് ഏറ്റവും മികച്ച പൊന്ത്. ചെടി വേരോടെ പൊരിച്ചെടുത്ത് അതിൻ്റെ തായ് വേര് മുറിച്ചെടുക്കും. വെള്ളത്തിൽ നന്നായി കഴുകി പുറന്തൊലി പോയിക്കഴിഞ്ഞാൽ തൂവെള്ള നിറമാണ്. ഉണങ്ങിക്കഴിഞ്ഞാൽ തികച്ചും ഭാരരഹിതൻ. ഏത് വെള്ളത്തിലും പൊന്തിക്കിടക്കും.
ഈയ്യം കെട്ടിയ ചൂണ്ടലും ചേരണിയുടെ പൊന്തുമുള്ള ചൂണ്ടക്കാരൻ്റെ പൗറ് ഒന്ന് വേറെ തന്നെയാണ്.
പൊന്തിൻ്റെ ചലനം നോക്കിത്തന്നെ പരിചയ സമ്പന്നനായ ഒരാൾക്ക് ഏത് മീനാണ് കൊത്തിയിരിക്കുന്നതെന്ന് അറിയാനാകും.
മിനുകളുടെ മരണത്തിലേക്കുള്ള യാത്രയുടെ രേഖാചിത്രങ്ങളാണ് ജലോപരിതലത്തിൽ പൊന്ത് വരക്കുന്നത്.
സ്വന്തം മരണപഥം വരച്ച് കൊണ്ടു മരിക്കുന്ന മീനുകൾ…..

കൈച്ചൽ, മുശു, കുരുടൻ, കടു, വാള, ആരൽ, ചിള്ളിക്കോട്ടൽ, ചൂട്ട, ചൂരി, പുല്ലൻ ഇവയാണ് സാധാരണ കുളത്തിൽ ഉണ്ടാകുന്ന മീനുകൾ.
കൈച്ചലാണ് കൊത്തുന്നതെങ്കിൽ ആദ്യം ധാരാളം കുമിളകൾ ഉയർന്നു വരും. തരിയിട്ടു കഴിഞ്ഞാൽ പൊന്ത് അൽപം മുങ്ങി ചാരനെ ഒരു വശത്തേക്ക് സഞ്ചരിക്കും.
കൊത്തുന്നതിൽ കുരുടനോളം മിടുക്കൻ ആരുമില്ല.
കൈച്ചൽ ആഘോഷത്തോടെയാണ് സ്വന്തം മരണത്തെ തീരുമാനിക്കുന്നതെങ്കിൽ കുരുടൻ്റെ ഹത്യ നിശബ്ദമായാണ്, നിശ്ചേഷ്ടമായാണ് രേഖപ്പെടുന്നത്.
കുരുടൻ കൊത്തിയാൽ ആരുമറിയില്ല. അനങ്ങാതെ അതേപോലെ കിടക്കും. പൊന്തിൽ മരണനൃത്തത്തിൻ്റെ യാതൊരു മുദ്രയും കുരുടൻ കാണിക്കില്ല.
കാത്തിരുന്ന് മുഷിഞ്ഞ് ചൂണ്ടയെടുക്കുമ്പോഴാണ് കുരുടൻ തൻ്റെ ബലി സാക്ഷ്യപ്പെടുത്തുന്നത്.
കുരുടൻ്റെ വിധി കഷ്ടമാണ്.
കുരുടൻ്റെ എക്കെടുക്കലാണ് അടുത്ത കലാപരിപാടി. ചൂണ്ടക്കൊളുത്ത് ഊരിയെടുക്കാതെ കണ്ണിയോട് കൂടി ശക്തമായി വലിക്കും. കുരുടൻ്റെ ആന്തരാവയവങ്ങളടക്കം ചൂണ്ടയിൽ കൊരുത്ത് പുറത്തേക്ക് വരും.
കുരുടൻ്റെ ആന്തരാവയവമാണ് എക്ക്.
(അടിച്ചു നിൻ്റെ എക്കെടുക്കും എന്ന പ്രയോഗത്തിൻ്റെ ഉത്പത്തി ഇങ്ങനെയാണെന്ന് അറിവില്ലാത്തവരുടെ അറിവിലേക്കായി ഓർമ്മിപ്പിക്കട്ടെ)
മരണത്തിൻ്റെ അടുത്ത ഊഴം മുശുവിൻ്റേതാണെങ്കിൽ പൊന്ത് മുങ്ങിയും പൊങ്ങിയും അകലേക്കകലേക്ക് വലിച്ചുകൊണ്ടുപോകും.
മുറുക്കെ പിടിച്ചില്ലെങ്കിൽ വെറയടക്കം (കണ്ണി കെട്ടിയ നീണ്ട വടി) കുളത്തിലേക്കൊഴുകിപ്പോകും.
തന്ത്രപരമായി ഇരയെ ഊരിയെടുത്തു കൊണ്ടുപോയി ചുണ്ടക്കാരനെ കളിപ്പിക്കുന്നവനാണ് ചിള്ളിക്കോട്ടൽ.
ചുണ്ടയിൽ കുരുങ്ങിയാൽ പുളഞ്ഞ് കൊണ്ടിരിക്കും.
സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കയ്യിൽ കുത്തും. മണ്ണിൽ കിടന്ന് ശബ്ദത്തോടെ കരയും.
കുത്തുന്നതിൽ ഒരു ദയയും കാണിക്കാത്ത മീൻ കടുവാണ്.
തേറ്റയണിഞ്ഞ മീൻയക്ഷിയാണ് കടു.
കുത്തുകിട്ടിയ ഉടൻ കടയുന്ന ഭാഗത്ത് ചൂടുള്ള മൂത്രമൊഴിച്ചിടണം.
കുത്തിയ കടച്ചിൽ പോകാൻ മണിക്കൂറുകളെടുക്കും.
കുളത്തിലെ മീൻ പിടുത്തത്തിലെ രണ്ടനുഭവങ്ങൾ വിചിത്രമാണ്.

കണ്ണൻ കുളത്തിൽ നിറയെ വെള്ളാമയും കാരാമയും ഉണ്ട്.
വെളുത്തുള്ളി കോർത്തിട്ട് സുഗന്ധത്തിലേക്കാവാഹിച്ചാണ് കൂർമ്മാവതാരത്തെ ചൂണ്ടയിൽ കുരുക്കുന്നത്.
ചുണ്ട ഉള്ളിലേക്ക് ആമ വിഴുങ്ങും.
ആമ കൊത്തിയാൽ പൊന്ത് അതിശക്തമായി മുങ്ങിയും പൊങ്ങിയും നടുക്കുളത്തിലേക്ക് വലിച്ചു കൊണ്ടു പോകും.
ചുണ്ട വലിച്ച് ആമയെ കരക്കിട്ടുകഴിഞ്ഞാൽ ഒടുക്കത്തെ മെനക്കേടാണ്.
തല ഉള്ളിലേക്ക് വലിച്ചു കഴിഞ്ഞാൽ പിന്നെ പുറത്തേക്കിടില്ല.
ആമയുടെ പുറന്തോടിന് പുറത്ത് ശക്തമായി ചവിട്ടും.
ചുണ്ടൽ വിഴുങ്ങിയ ആമ തല പുറത്തേക്കിടുമ്പോൾ കണ്ണി ശക്തമായി വലിക്കും. കഴുത്ത് പരമാവധി പുറത്തേക്ക് നീളുമ്പോൾ കൈ കൊണ്ട് മുറുക്കിപ്പിടിക്കും.
കയ്യിൽ കഴുത്ത് മുറുകിയ ആമ ചൂണ്ടക്കാരൻ്റെ കണ്ണുകളിലേക്ക് നിസ്സംഗമായി നോക്കും.
ബ്ലേഡ് കൊണ്ട് ആമ ദൈവത്തിൻ്റെ കഴുത്ത് കണ്ടിച്ച് ചൂണ്ടൽ പുറത്തെടുക്കും.
മീനുകളിൽ വച്ച് ഏറ്റവും മൃഗീയമായ ബലി ആമയുടേതാണ്.
കുളത്തിൽ ചൂണ്ടയിടുന്ന കുട്ടികളുടെ പേടിസ്വപ്നമാണ് മടമുശു.
മടമുശു ചൂണ്ടയിൽ കുരുങ്ങി എത്രയോ തവണ ചുണ്ട കൂളത്തിലെറിഞ്ഞ് പേടിച്ചോടീട്ടുണ്ട്.
മടമുശുവിനെ കാണുമ്പോൾത്തന്നെ പേടിയാകും.
മീനിൽ നിന്ന് പുറപ്പെട്ട് പാമ്പിലവസാനിക്കുന്ന വിചിത്ര രൂപമാണ് മടമുശുവിൻ്റെത്.

കുളം ഒരാഭിചാര കേന്ദ്രം പോലെ നിഗൂഢമാകുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട്.
അപ്പോൾ കുളത്തിന് ഒരനുഷ്ഠാനത്തിൻ്റെ സൂക്ഷ്മത കൈവരും. ആളുകൾ ശബ്ദമില്ലാതെ പതുക്കെ മാത്രം സംസാരിക്കും.

മരണ വീട്ടിലെന്ന പോലെഓരോ കാലടിയും സൂക്ഷിച്ച് വെക്കും.
മഴയുടെ ആദ്യ പെയ്ത്തിലാണത് സംഭവിക്കുന്നത്.
ആദ്യം കണ്ടവർ അതാരോടും പറയില്ല.
കുളം നിറഞ്ഞ് കവിയുമ്പോൾ കരയോട് ചേർന്ന പൊന്തയിൽ പതൾ പ്രത്യക്ഷപ്പെടും.
കൂളത്തിലെ രാജാവാണ് പതൾ.
കടലിലെ നീലത്തിമിംഗലം പോലെ കുളത്തിലെ വാഴ്ച്ചക്കാരനാണ് പതൾ.
ആയിരക്കണക്കിന് ചോരക്കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഭീമൻ കൈച്ചലാണ് പതൾ.
സ്വർണ്ണം പുരട്ടിയ ചോപ്പ് നിറത്തിലുള്ള കുഞ്ഞുങ്ങെളെ മാറോട് ചേർത്ത് പൊന്തയിലൊളിച്ച അമ്മ മീൻ . ചെറുപ്പകാലത്തെ വല്ലാതെ വിസ്മയിപ്പിച്ച കാഴ്ച്ചയാണ്.
പതളിൻ്റെ ഭീമൻ തലമണ്ടയും വലിയ ഉണ്ടക്കണ്ണും മാത്രമേ വെള്ളത്തിൽ കാണാനാകൂ.
കരയോട് ചേർന്ന കാട്ടുപൊന്തയാണ് പതളിൻ്റെ ഈറ്റുമുറി.
പതളിനെ ചൂണ്ടയിലൊ കുത്തൂടിലൊ കരുക്കാനാകില്ല.
പടിക്കടത്തെ തീക്ക്ടി കൊട്ടേട്ടനും തീക്ക്ടി നാരണേട്ടനുമാണ് പതൾ വേട്ടയിൽ പ്രാവീണ്യം നേടിട്ടുള്ളത്.
പൊടിക്കുഞ്ഞുങ്ങളെ പൊത്തിപ്പിടിച്ച് ഒളിച്ചു കഴിയുന്ന അമ്മയെ പതിയിരുന്ന് കത്യാള് കൊണ്ട് തല കൊത്തിയാണ് പിടിക്കുന്നത്.
കുളത്തിൽ പതൾ പൊന്തീട്ടുണ്ടെന്നറിയുന്നതു മുതൽ ചങ്കിടിപ്പാണ്.
ആരുടേയും കൊലക്കത്തിക്കിരയാകാതെ അമ്മയേയും പൊടിക്കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തണേ എന്നു പ്രാർത്ഥിക്കും
അമ്മ നഷ്ടപ്പെടുമ്പോൾ മറ്റ് മീനുകൾക്ക് ഇരയാകുന്ന ആയിരമായിരം കൈച്ചൽ കുഞ്ഞുങ്ങൾ…

വീണ്ടും മിഥുനം പിറന്നു.
മഴ പെയ്തു തുടങ്ങി.
ഒരൊറ്റ ശരീരത്തിൽ പല പല വേഷങ്ങളാടുന്ന മഴയുടെ
ആട്ട പ്രകാരത്തിൻ്റെ രചിത പാഠങ്ങളാണ് വെള്ളക്കൊച്ചകൾ കൊക്കു നീട്ടിപ്പറക്കുന്ന ചളി നിറഞ്ഞ പാടങ്ങൾ .
മീൻ പുളക്കുന്ന കുളങ്ങൾ, തോടുകൾ, ഒറുകൾ…

എല്ലാം ഇന്നപ്രത്യക്ഷമായി.
പതളിൻ്റെ ഈറ്റുമുറിയിൽ മാലിന്യങ്ങൾ ചീഞ്ഞഴുകി.
ആമ ദൈവവങ്ങൾ അമ്ലം കുടിച്ച് കൂട്ടത്തോടെ കുടൽ പൊട്ടി ചത്തു.
വല്ലാതെ ഉള്ളം നീറ്റിയ അമ്മ മീൻ ഇന്നില്ല.
മീനിൻ്റെ സ്വർണക്കുഞ്ഞുങ്ങൾ വെയിലിൽ ആവിയായി ആകാശത്തിൽ അപ്രത്യക്ഷമായി.
പതൾ എന്ന വാക്ക് ആദ്യം ജീവിതത്തിൽ നിന്നും പിന്നീട് നിഘണ്ടുവിൽ നിന്നും മാഞ്ഞുപോയി.
മൃതശരീങ്ങൾക്ക് മുകളിൽ മഴ ജീർണ്ണിച്ചു.
ടാറിട്ട റോഡുകളിലും കോൺക്രീറ്റ് നിർമ്മിതികളിലും മഴക്ക് ഒരൊറ്റ ശരീരം. ഒരൊറ്റ വേഷം
ഒരൊറ്റ ആട്ടം.
എങ്ങും വെള്ളം മാത്രം
പ്രളയം.
പ്രളയം…

വി. കെ. അനില്‍കുമാര്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...