ഒന്നും മറക്കാതെ ‘പറയാൻ മറന്ന കഥകൾ’

സജീർ. എസ്. ആർ. പി

സമൂഹം ട്രാൻസ് ജന്റര്‍ കമ്മ്യൂണിറ്റിയോട് ചെയ്തതൊന്നും മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് കേരള പ്രൈഡ് 2018 ന്റെ വേദിയിൽ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം അരങ്ങേറിയത്.

ട്രാൻസ് ജന്റര്‍ പോളിസിയുടേയും മെട്രോയിലെ ജോലിയുടേയും പേരിൽ സർക്കാർ കാണിച്ച വഞ്ചനകളെ കുറിച്ചോർമ്മിപ്പിച്ച് കൊണ്ട് തുടങ്ങിയ നാടകം ട്രാൻസ് ജന്ററുകളുടെ അനുഭവങ്ങളിലൂടെ മുന്നോട്ട് പോകുമ്പോൾ സമൂഹം എത്ര ക്രൂരമായാണ് ഇവരോട് പെരുമാറിയതെന്ന് തുറന്ന് കാട്ടുന്നുണ്ട്.

അതിനാടകീയ സന്ദർഭങ്ങളോ കാണാപാഠം പഠിച്ച സംഭാഷണങ്ങളോ ഇല്ലാതെ ട്രാൻസ്ജന്ററുകളുടെ ജീവിതാനുഭവങ്ങൾ നാടകത്തിന്റെ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലവതരിപ്പിക്കുമ്പോൾ കണ്ണു നനയാതെ കണ്ടിരിക്കാൻ സാധ്യമല്ല. ഇവരോടുള്ള പൊതു മനോഭാവത്തേയും പോലിസിന്റെ നടപടിയേയും തുറന്ന് കാട്ടുന്നതിനോടൊപ്പം തന്നെ ട്രാൻസ് ജന്ററുകളുടെ അതിജീവനം കൂടി അടയാളപ്പെടുത്തുന്നുണ്ട് ‘പറയാൻ മറന്ന കഥകൾ’.

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചെന്നൈ സ്വദേശിയായ ശ്രീജിത്ത് സുന്ദരമാണ്. കൂടാതെ ട്രാൻസ് കമ്യൂണിറ്റിയുടെ ആദ്യ നാടകമായ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം ട്രാൻസ് ജന്റര്‍ ജീവിതങ്ങളുടെ ഒരടയാളപ്പെടുത്തൽ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *