അടവ് പതിനെട്ടും പയറ്റി പതിനെട്ടാം പടി

പ്രമോദ് പയ്യന്നൂർ
അറിവാണ് ഓരോ പടിയും. പതിനെട്ട് അടവുകൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ടാം വയസ്സ് ; അങ്ങനെ പതിനെട്ടിന് ഒരു പൂർണ്ണതാഭാവമുണ്ട്
അതേ പൂർണ്ണഭാവമാണ് പതിനെട്ടാം പടി എന്ന സിനിമയ്ക്കും. സുഹൃത്തും സഹപ്രവർത്തകനുമായ ശങ്കർ രാമകൃഷ്ണൻ സിനിമയിലെ അടവ് പതിനെട്ടും പയറ്റി വിജയം നേടിയതിൽ അളവറ്റ സന്തോഷം.
ലേണിംഗ് ബൈ പ്രാക്റ്റീസ് എന്ന സിനിമയിലെ പ്രധാന ആശയം ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടതു കൊണ്ടുതന്നെ ശങ്കറിന്റെ സിനിമയ്ക്ക് കരുത്തും സത്യസന്ധതയുമുണ്ട്. സ്ക്രിപ്റ്റ് ,പ്രമേയം, ക്യാമറ, സംഗീതം, സംഘട്ടനം, കലാസംവിധാനം, കാസ്റ്റിങ്ങ് , മേക്കിങ്ങ് ഇവ ഇഞ്ചോടിഞ്ച് മൽസരിച്ച് പൂർണ്ണമായ ഒരു സിനിമാറ്റിക് അനുഭവം പതിനെട്ടാം പടി തരുന്നുണ്ട്.
എന്റെയും ശങ്കർ രാമകൃഷ്ണന്റെയും ഗുരു രഞ്ജിയേട്ടനാണ്. യഥാർഥ ഗുരുവിനെ കണ്ടെത്തുക എന്നത് അനായാസ പ്രക്രിയയല്ല. ഗുരുവിനും ഗുരുത്വത്തിനും പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് പതിനെട്ടാം പടി എന്നതിൽ മനസ് ഏറെ സന്തോഷിക്കുന്നു. ഗുരു അല്ലെങ്കിൽ ഒരു മെന്റർ എന്ന നിലയ്ക്കാണ് മമ്മൂക്ക ചിത്രത്തിൽ അത്യപൂർവ പ്രസൻസ് കാഴ്ചവെക്കുന്നത്. സിനിമയിൽ ഒരു കൂട്ടം ചെറുപ്പക്കാരിൽ സ്വാധീനം ചെലുത്തുന്ന ഈ കഥാപാത്രം സിനിമാശാലകളിൽ പെയ്തിറക്കുന്ന ആവേശവും ആഹ്ലാദവും വാക്കുകൾക്കതീതമാണ് .
ഓരോ പടി കയറുമ്പോഴും ജീവിതത്തെയാണ് സിനിമയിൽ കാണാൻ സാധിക്കുക. പരിമിതികളെ മറികടന്ന് ജീവിതത്തെ എങ്ങനെ സുരക്ഷിതമാക്കാം എന്ന് മനസിലാക്കി തരുന്നതിനോടൊപ്പം പിന്നോട്ടല്ല മുന്നോട്ടാണ് കാൽവെപ്പുകൾ വേണ്ടെതെന്നും , അറച്ചല്ല ഉറച്ചുതന്നെ അതാവണമെന്നും ചിത്രം കാണിച്ചുതരുന്നു. വെല്ലുവിളികൾ ഏറ്റെടുക്കുകതന്നെ വേണം. കംഫർട്ട് സോണിലേക്ക് പോകും തോറും മഹത് വിജയം അന്യമാകുന്ന ചിന്തയും ചിത്രം മുന്നോട്ട് വെക്കുന്നു. സിനിമയിലെ ആശയവും ശങ്കറിന്റെ ജീവിത പാഠവും ഒന്നുതന്നെ. രണ്ടര വർഷത്തിലധികമെടുത്ത് സസൂക്ഷ്മം തയ്യാറാക്കിയ പതിനെട്ടാം പടി പ്രായഭേദ ലിംഗ വ്യത്യാസമില്ലാതെ ചവിട്ടിക്കയറാം.

Leave a Reply

Your email address will not be published. Required fields are marked *