സന്തോഷനഗരത്തിലൂടെ

സുബീഷ് യുവ

പാലക്കാട് നിന്നും സ്ലീപ്പറിൽ കയറിയപ്പോൾ സത്യത്തിൽ കോയമ്പത്തൂർ ഇറങ്ങി തിരിച്ച് പോരാനാണ് തോന്നിയത്. അത്രയ്ക്ക് ദയനീയമായിരുന്നു S2 കമ്പാർട്ട്മെന്റിലെ സ്ഥിതി

റിസർവേഷൻ ഉണ്ടായിരുന്നിട്ട് പോലും സീറ്റില്ല. ഉള്ള സീറ്റിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. നിൽക്കാനും നടക്കാനും ബാഗ് വെക്കാനും സ്ഥലമില്ല. ദിലീപ് തന്ന ധൈര്യത്തിൽ ബംഗാളികളോട് പറഞ്ഞ് മനസ്സിലാക്കി, അവിടെ ഇരുന്ന് ഞങ്ങളുടെ സീറ്റ് കരസ്ഥമാക്കി. ഒരു രാത്രി കഴിഞ്ഞു രാവിലെയാണ് കാഴ്ച കമ്പാർട്ട്മെന്റിന്റെ ഉള്ളിൽ ഊഞ്ഞാൽ കെട്ടിക്കിടക്കുന്നവർ… കക്കുസിലും മറ്റും ഇരുന്നുറങ്ങുന്നവർ… പതുക്കെ ഞങ്ങളും ആ പരിസരവുമായി പൊരുത്തപ്പെട്ടു. നാട്ടിൽ ബസ്സിൽ നിന്ന് ഒന്നു തട്ടി eപായാൽ പ്രശ്നമുണ്ടാക്കുന്നവരെ കാണാം നമുക്ക്. താഴെ ഇരിക്കുന്നവരുടെ തലയിലും പുറത്തും ചവിട്ടിയാണ് ആളുകൾ ബാത്ത് റൂമിൽ പോകുന്നത്. അതിനിടയിൽ സ്നേഹം തന്ന ഒരു പാട് ബംഗാളികൾ, ആസ്സാമികൾ.

ഹൗറ റെയിൽവേ സ്‌റ്റേഷനിൽ നിന്നിറങ്ങുബോൾ നമ്മുടെ കണ്ണുകൾ ആദ്യം ചെന്നെത്തുന്നത് ഹൗറ പാലത്തിലാണ് അത്രയും ഉയരമുണ്ട് പാലത്തിന്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിക്ക് കുറുകെ  ഹൗറ ടൗണിനേയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണിത് 1943-ൽ കമ്മീഷൻ ചെയ്യപ്പെട്ട പാലം മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ മരണശേഷം രബീന്ദ്ര സേതു എന്നറിയപ്പെടുന്നു. സഞ്ചാരികളും ഫോട്ടോഗ്രാഫർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, അവിടെ ഫോട്ടോ എടുപ്പ് കർശനമായി നിരോധിച്ചിരിക്കുന്നു. ഈ പാലത്തിന് താഴെ ഫ്ലവർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നു. മാർക്കറ്റ് രാവിലെ മൂന്ന് മുതൽ സജീവമാണ്. ആ സമയത്താണ് മാർക്കറ്റ് കാണാൻ പറ്റിയ സമയം. ഹൗറ റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായാണ് ഒരു വലിയ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന മത്സ്യമാർക്കറ്റ്. പുഴ മത്സ്യങ്ങളാണ് കൂടുതൽ ഉള്ളതെങ്കിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒറീസ്സ, കേരളം തുടങ്ങീ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കടൽ മത്സ്യങ്ങൾ പൊതുവേ എത്താറുള്ളത്. ജീവനുള്ള മത്സ്യങ്ങൾ  വലിയ പാത്രത്തിൽ ഇട്ട് വച്ചിട്ടുണ്ട്.  അതിൽ വേണ്ടത് കാണിച്ച് കൊടുത്താൻ മതി, ചട്ടിയിലിട്ട് കറിവെക്കാൻ പാകത്തിലാക്കി തരും.

ഹൗറ പാലം കടന്ന് പാലത്തിന് താഴെയാണ് പൂക്കച്ചവടം നടക്കുന്ന സ്ഥലം. രാവിലെ 3 മണിക്കാണ് മാർക്കറ്റ് സജീവമാകുന്നതെങ്കിലും, 24 മണിക്കൂർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. ഹർത്താലുകളോ മറ്റ് അവധികളോ ഒന്നും തന്നെ മാർക്കറ്റിന് ബാധകമല്ല. നമുക്ക് മനസ്സിലാവാത്ത അത്ര വലിപ്പത്തിൽ നിരന്ന് കിടക്കുന്നു ഈ മാർക്കറ്റ്.

ബംഗാളിൽ നിന്ന് മാത്രമാണ് പൂക്കൾ എത്തുന്നത്. പൂക്കൾ മാത്രമല്ല, അലങ്കരിക്കാനുള്ള ഇലകൾ, പൂജയ്ക്ക് ഉപയോഗിക്കുന്ന ഇലകൾ, ഡക്കറേഷനുപയോഗിക്കുന്ന മുള തുടങ്ങിയവ വിൽക്കുന്ന ആയിരകണക്കിന് തൊഴിലാളികളെ കൊണ്ട് നിറഞ്ഞതാണിവിടം. മാർക്കറ്റിന് പിൻഭാഗത്ത് നിന്നും ഹൗറ പാലം മുഴുവനായി കാണാന്നും ചിത്രങ്ങൾ പകർത്താനും പറ്റും.

സോനഗച്ചി

ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന പ്രകാശത്തിന്റെ പശ്ചാത്തലം മൂലം സോനാഗച്ചി ഒരു വ്യത്യസ്ത ലോകമാണ്. 11,000 ലൈംഗികത്തൊഴിലാളികൾ ഇവിടെ അധിവസിക്കുന്നു.

കൽക്കത്തയിൽ വന്നാൽ സോനാഗച്ചി പോകുക എന്നത് വലിയ ആഗ്രഹമായിരുന്നു. പ്രിയ സുഹൃത്ത് ദിലീപിന് ഹിന്ദി നന്നായി അറിയാമായിരുന്നു എന്ന ധൈര്യത്തോടെയാണ്  ഞങ്ങൾ പുറപ്പെട്ടത്. റോഡ് സൈഡിൽ തന്നെ ഇരുന്ന് സ്വന്തം ശരീരത്തിന് വില പറഞ്ഞും, വിലപേശിയും നിൽക്കുന്ന ആയിരകണക്കിന് സഹോദരിമാർ. കാഴചയിൽ 18 മുതൽ മുകളിലോട്ടുള്ളവർ, 100 രൂപയ്ക്കും 200 രൂപയ്ക്കും വിലപേശുന്നവർ……… കൂടുതൽ പറയാനില്ല……..

ഫോട്ടോ എടുക്കാനായില്ല മൊബൈൽ ക്യാമറ ഒരു ഒളിക്യാമറയാക്കി എടുത്ത പടങ്ങളാണ് കയ്യിലുള്ളത് .

നഗരത്തിലെ മറ്റൊരു പ്രധാന പ്രത്യേകത മനുഷ്യർ വലിച്ചുകൊണ്ട് പോകുന്ന റിക്ഷാ വണ്ടികളാണ് മനുഷ്യനെ മനുഷ്യൻ തന്നെ വലിച്ച് കൊണ്ട് പോകുന്നത് തന്നെ മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകളാണ്.

ഇന്ത്യക്കാരനായാൽ ഒരിക്കലെങ്കിലും കൊൽക്കത്ത സന്ദർശിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിതം പകർത്താനും തെരുവിലെ പടങ്ങളെടുക്കാനും ഇത്രയും നല്ല തെരുവ് വേറെ ഇല്ലെന്ന് തന്നെ പറയാം, ഈ ചിത്രം എനിക്കേറെ പ്രിയപ്പെട്ടതാകാൻ കാരണം – ഞാൻ ഫോട്ടോഗ്രാഫി ചെയ്യാനായ് രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഇറങ്ങിയ ഒരു ദിവസം കൽക്കത്ത ഹൗറാ പാലത്തിന്റെ താഴെയായ് ഉള്ള ഫ്ലവർ മാർക്കറ്റായിരുന്നു ലക്ഷ്യം. രാവിലെ 6 മണിയോടടുപ്പിച്ച് എത്തിയ ഞാൻ മാർക്കറ്റിലൂടെ തലങ്ങും വിലങ്ങും നടന്നു അതിനിടയിലാണ് മാർക്കറ്റിന്റെ പിന്നിലായി ഹുബ്ളി തീരത്തെ അമ്പലം കാണുന്നത്. പാലം വളരെ ഭംഗിയായ് കാണാമെന്ന ലക്ഷ്യത്തോടെ പോയി പോകുന്ന വഴിയിൽ പ്രായമുള്ള കുറേ സ്ത്രീകൾ അവിടെ ഇരിക്കുന്നതായി കണ്ടു. പക്ഷെ ഞാൻ ശ്രദ്ധിച്ചില്ല. സമയം 9 മണിയായ് കാണും. തിരിച്ച് വരുമ്പോൾ ഏകദേശം 11 മണിയോടടുത്തു. അപ്പോഴും അവരൊക്കെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആ സമയം മാത്രമാണ് അവർ ഇരിക്കുന്നത് ആ ചാരിറ്റബിൾ ഡിസ്പൻസറി തുറക്കാൻ വേണ്ടിയാണെന്നറിയുന്നത്. അറിയാവുന്ന ഹിന്ദി വച്ച് കാര്യങ്ങൾ ചോദിച്ചു. തുറക്കുമെന്ന പ്രതീക്ഷയിലിരിക്കുകയാണ് എല്ലാ ദിവസവും വരും തുറക്കുമെന്ന പ്രതീക്ഷയിൽ 9-10 മണി വരെ തുറക്കുന്ന സ്ഥാപനം 11 മണി കഴിഞ്ഞാലും തുറക്കില്ല. ഏതെങ്കിലും ദിവസം തുറന്നാലായി എന്ന പ്രതീക്ഷയാണ്. ഡിസ്പെൻസറിക്ക് മുമ്പിലായി ഈ അമ്മ മാത്രമാണുണ്ടായിരുന്നത് എതിർവശം ഒത്തിരി പേരുണ്ട്. പുതിയ കൽക്കത്ത സിറ്റിയിൽ “നയാ കൽക്കത്ത ” ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ് വളരുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായ് കഷ്ട്ടപ്പെടുന്നവന്റെ, യാചിക്കുന്നവന്റെ കൽക്കത്തയാണ് മറുവശത്ത്. സത്യത്തിൽ ചിത്രം വല്ലാതെ മനസ്സിനെ അലട്ടിയിട്ടുണ്ട്, ആ കാഴ്ചയും.

2019 മാർച്ചിൽ കോഴിക്കോട് ലളിതകലാ അക്കാദമി അർട്ട് ഗ്യാലറിയിൽ പെണ്ണടയാളം എന്ന ഫോട്ടോ പ്രദർശനത്തിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 12 ദിവസത്തെ കൊൽക്കത്ത യാത്രയിൽ വളരെ കുറഞ്ഞ സ്ഥലങ്ങൾ മാത്രമാണ് സന്ദർശിക്കാൻ കഴിഞ്ഞത് അടുത്ത യാത്രയിൽ ഒരു പാട് നല്ല ജീവിതങ്ങൾ പകർത്താനാകുമെന്ന പ്രതീക്ഷയിൽ കൽക്കത്താ നഗരത്തോട് വിട പറഞ്ഞു


സുബീഷ് യുവവെഡിംങ്ങ് ഫോട്ടോഗ്രാഫർ, യാത്രാ ഫോട്ടോഗ്രഫിയിലും – ജീവിതം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ താൽപര്യംകോഴിക്കോട് ജില്ലയിൽ പയ്യോളി സ്വദേശം യുവ വിഷ്യൽസ് എന്ന സ്ഥാപനം നടത്തുന്നു.ഫോട്ടോഗ്രാഫി തന്നെ ജീവിതവും ജീവനോപാധിയും 9846777402

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 9048906827

1 thought on “സന്തോഷനഗരത്തിലൂടെ

Leave a Reply

Your email address will not be published. Required fields are marked *