Monday, September 20, 2021

ക്യാമറാ കൊകല്

സുബീഷ് യുവ

ജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്.

കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു വേണ്ടിയുള്ള സമരങ്ങളെക്കുറിച്ചും ഓർമ്മ വരും. അങ്ങനെ നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത് കാടും മേടും ഉണർന്നിരുന്ന ജീവിതചിത്രത്തിലേക്കുള്ള യാത്രയാണ് ക്യാമറാ കൊകല്.

കുന്നിറങ്ങി വന്ന കാട്ടാനക്കൂട്ടങ്ങൾ തിന്ന് മദിച്ച റാഗിപ്പുല്ലുകൾക്കരികെ നിന്ന കാളി അണ്ണൻ, മിച്ചം വന്ന റാഗി വേവിച്ചെടുത്ത് വിളമ്പിത്തന്ന കുഞ്ഞമ്മ പാട്ടി, ഊരിലെ പാട്ട് നാട്ടിലെ പാട്ടാക്കിയ നഞ്ചിയമ്മ. കാടിന്റെ കഥ പറഞ്ഞ രങ്കമൂപ്പൻ, അരുവിയും കാടും മലഞ്ചെരിവും കടന്ന് ഊരിൽ നിന്ന് ഊരിലേക്ക് നടന്നപ്പോൾ കൂട്ടായ രാമു, കേട്ടറിഞ്ഞതും വായിച്ചതുമായ ജീവിത സത്യങ്ങൾ അവിടെ നിന്നും മാഞ്ഞു പോയത് അനുഭവപ്പെട്ടു.

ചവിട്ടി നിൽക്കുന്ന മണ്ണിൽ ജീവിതത്തിന്റെ വിളവെടുത്തവരുടെ ജീവിതം മറ്റൊരുപാട് ചൂഷണങ്ങൾക്ക് പതിയെ പതിയെ വിധേയമായിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ അവരുടെ സ്വത്വബോധത്തിന്റെ തനിമ മറ്റേതോ ലോകം കവർന്നെടുക്കുകയാണ്.

മരുതിയുടെയും രങ്കിയുടേയും കണ്ണുകളിലെ നരച്ച വെളിച്ചം ഒരു വംശഹത്യയുടെ തെളിവുകൾ നൽകുന്നു. ചൂഷണമെന്നൊരു വ്യവസ്ഥിതി ബിനാമികളായി ഇറങ്ങി വന്ന് കാറ്റാടി യന്ത്രങ്ങളായി, വിനോദ വ്യവസായികളായി ഇവിടെ നിലയുറപ്പിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ ആരോഗ്യ രസത്തെക്കുറിച്ച് പ്രബന്ധമെഴുതുന്നവർ പോഷകാഹാരക്കുറവിൽ മരിച്ച കുഞ്ഞുങ്ങളുടെ കണക്കുകൾ എണ്ണിനോക്കണം. പന്ത്രണ്ട് പേറ് കഴിഞ്ഞ് പതിനൊന്നും ചാപിള്ളയായി ഒറ്റ കുഞ്ഞിന് അന്നം കൊടുത്ത രാജമ്മ ഉണ്ടിവിടെ.

ആദിവാസി സംസ്കാരത്തിന്റെ, ഗോത്രജീവിതത്തിന്റെ തനിമ നിലനിർത്തിയ ഗോത്രകാരണവൻമാരുടെ കഥകളൊരുപാട് കേട്ടു. മൂപ്പനും വണ്ഡാരിയും കുറുതലൈയും മണ്ണുകാരനും തലൈവീരനും അവരവരുടെ ഊരുകളിൽ ഒറ്റക്കിരിപ്പാണ്.

ഗോത്രജീവിതത്തിലേക്ക് സർക്കാരിന്റെ സഹായങ്ങലെത്തിക്കാൻ എസ്.സി /എസ്.ടി പ്രമോട്ടർമാർ ജനാധിപത്യത്തിന്റെ മറ്റൊരു രീതി അവിടെ ചേർക്കുന്നു. തൊഴിലുറപ്പും റേഷനും പെൻഷനും ലഭിക്കുന്നതിനാലാവാം പാടത്തും കാട്ടിലും കാണാതെ എല്ലാവരും കൂപ്പണരിശി വാങ്ങാനായി വരിനിൽക്കുന്നവരായി മാറിയതെന്ന് രാജമ്മ പറഞ്ഞത്.

athmaonline-subeesh-yuva
സുബീഷ് യുവ

അലസമായി പോകുന്ന ജീവിതം ഊറ്റിയെടുക്കാൻ മരത്തൊലിയും കാട്ടുപഴങ്ങളും ചേർത്ത് വാറ്റുന്ന പാനീയമാണ് അവരുടെ മറ്റൊരു വരുമാനമാർഗം. സന്ധ്യ മയങ്ങുമ്പോൾ വെള്ളങ്കരിയുടെ കൊകലിലൂടെ കേൾക്കുന്ന പ്രാചീനമായ ഗോത്രജീവിതം തുളുമ്പുന്ന ഒരു സംഗീതമുണ്ട്. ചുറ്റും തീ കാഞ്ഞിരിക്കുന്നവരുടെ കണ്ണുകളിൽ നാദം പകർത്തുന്ന വെളിച്ചം മിന്നി മറയുന്നത് കാണാം. തണുപ്പും മഞ്ഞും കാറ്റും പിന്നെ കുന്നുംപുറങ്ങളിലേക്ക് ഇടക്കിടെ വന്ന് വീഴുന്ന വെയിലും, അവരുടെ ഉടലിന്റെ നിസ്സഹായതകളും ഊരിലെ കൂടുകളിലെ കോഴിയും കന്നുകാലികളും പട്ടിയും നിലം മെഴുകിയ ചാണകഗന്ധവും കാടുകളിൽനിന്ന് കേൾക്കുന്ന കിളികളുടെ കൂകലും ആനയുടെ ചൂരും. നീണ്ടു കിടക്കുന്ന വഴികളിലൂടെ ക്യാമറയുമായി നടന്നപ്പോൾ എന്റെ കാഴ്ചയുടെ കുഴലും വേദന പകർത്തുന്ന ഒരു കൊകലായി മാറുകയായിരുന്നു.

ആചാരവും തിരിയും കത്തിച്ച്, മല്ലീശ്വര മുടിയുടെ മുമ്പിലേക്ക് നീലഗിരിക്കുന്ന് പിതാവായും ഭവാനിപ്പുഴ മാതാവായും സങ്കൽപിച്ച് മല്ലനേയും മല്ലിയേയും തേടി പ്രകൃതിയുടെ പ്രണയത്തിലേക്ക് അവരോടൊപ്പം കൊകലുമായി ഞാനും ചേർന്നു. ജീവിതത്തിനു ചുറ്റും അധിനിവേശത്തിന്റെ ക്രൂരകരങ്ങൾ അവരുടെ ജീവിതത്തെ കാത്തിരിക്കുമ്പോൾ ആയിരം കൊല്ലങ്ങൾക്കപ്പുറം , കാട് പുലർത്തിയിരുന്ന രീതിയും നീതിയും ആചാരങ്ങളുടെ , സംസ്കാരത്തിന്റെ മണ്ണടരുകളിൽ ഒരു വംശഹത്യയുടെ ഒരു ചെറിയ ചവിട്ടടി പതിയുന്നതായി ഞാനോർക്കുന്നു…

എന്റെ ക്യാമറയും അവിടെ വന്ന കാറ്റ് പകർന്നു തന്ന എന്റെ തന്നെ വാഹനത്തിന്റെ പെട്രോൾ ഗന്ധവും എന്നെ അവിടെയുള്ള ഒരാളല്ലാതാക്കിത്തീർക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്. ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുള ചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു. മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...

പക്ഷിനിരീക്ഷകന്‍

കഥ സുഭാഷ് ഒട്ടുംപുറം ആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: