Sunday, September 27, 2020
Home സാഹിത്യം പുസ്തകപരിചയം പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

വായന

പിറന്നവർക്കും പറന്നവർക്കുമിടയിൽ
ഷിംന അസീസ്
(ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ)
ഡിസി ബുക്സ്
പേജ് :159

രമേഷ് പെരുമ്പിലാവ്

അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്. ഞാൻ പുറത്തേക്ക് പോരാൻ വേണ്ടി ഉമ്മച്ചിയുടെ വയറ്റിൽ കിടന്ന് അക്രമം കാട്ടിയതിനെ, തലേന്ന് ചക്ക തിന്നതിന്റെ വയറുവേദനയാണെന്നാണ് ഉമ്മച്ചി മനസ്സിലാക്കിയതത്രേ. ഉമ്മയുടെ ഉമ്മാക്ക് അഞ്ചെണ്ണത്തെ പുറത്തെത്തിച്ച അനുഭവ പരിജ്ഞാനം ഉള്ളതുകൊണ്ട് എന്റെ മാതാശ്രീയുടെ അനുമാനം നിർദ്ദയം തള്ളിക്കളയുകയും അർത്ഥശങ്കയ്ക്ക് ഇടവരാതെ അതിവേഗം മദറിനെ ആശുപത്രിയിലെത്തിച്ച് എന്നെ പുറത്തെത്തിക്കുകയും ചെയ്തു. അതാണ് എനിക്കോർമ്മയില്ലെങ്കിലും ഞാൻ കണ്ട ആദ്യ റംസാൻ എന്ന് എഴുതി വെയ്ക്കുന്നത് ഡോക്ടർ ഷിംന അസീസാണ്. ഇന്നും ഒരു റംസാൻ പതിനൊന്നാണ് എന്ന് ഷിംന ഓർക്കുന്നുണ്ടോ എന്തോ ?.

drshimna-azeez
ഡോ. ഷിംന അസീസ്

ആനുകാലിക വിഷയങ്ങളിൽ ഇടപെടുകയും ഫേസ്ബുക്കിലൂടെ സെക്കൻഡ്‌ ഒപീനിയൻ എന്ന ക്യാപ്ഷനിൽ എഴുതുകയും ചെയ്യുന്ന എഴുത്തുകാരിയും ബ്ലോഗറുമായ ഡോ ഷിംന, 2019 – ൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച, ഏറ്റവും സ്വാധീനമുള്ള വനിതകൾക്ക് നൽകുന്ന ഈസ്റ്റേൺ ഭൂമിക പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

മീസിൽസ് – റൂബെല്ല വാക്‌സിൻ വിരുദ്ധ വ്യാജ പ്രചാരങ്ങളുടെ ഭാഗമായി ജനങ്ങൾ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ കൊടുക്കാൻ വിമുഖത കാണിച്ചപ്പോൾ കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ വെച്ച് സ്വയം കുത്തിവെപ്പെടുത്ത് കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുകയും അതിലൂടെ
ഡോ. വി. സന്തോഷ് മെമ്മോറിയൽ അവാർഡ് 2018 ൽ ലഭിക്കുകയും ചെയ്ത ഡോ. ഷിംന അസീസിന്റെ ഫെയ്സ് ബുക്ക് കുറിപ്പുകളുടെ സമാഹാരമാണ് ഡി സി ബുക്ക്സ് പുറത്തിറക്കിയ പുസ്തകമായ ”പിറന്നവർക്കും പറന്നവർക്കുമിടയിൽ”

പോളിയോ വാക്സിനേഷനുമായി ബന്ധപ്പെട്ട് 2020 മാർച്ച് 12ന് മുൻ ഡി. ജി.പി ടി. സെൻകുമാർ വാർത്താ സമ്മേളനത്തിൽ ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ടെന്നും, ഇതേ ഷിംന മുന്‍പ് വാക്സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?’ എന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. ഈ പ്രസ്താവനക്ക് മറുപടിയുമായി അന്ന് ഡോ. ഷിംന അസീസ് വന്നത് ശ്രദ്ധേയമായിരുന്നു. വാക്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോൾ പൊതുജനമധ്യത്തിൽ സ്വയം വാക്സിനെടുത്ത് കാണിച്ച സംഭവമുൾപ്പെടെ ഓർമിപ്പിച്ച് കൊണ്ടാണ് ഷിംന അന്ന് സെൻകുമാറിന് മറുപടി കൊടുത്തത്.

ramesh perumpilavu
രമേശ് പെരുമ്പിലാവ്

പിറന്ന ഭൂമി മലയാളത്തിലെ മാത്രമല്ല പറന്ന് ചെല്ലാൻ കഴിയുന്ന ഏത് ലോകങ്ങളിലെ കാര്യങ്ങളും എഴുതി വെച്ചിട്ടുണ്ട് ഈ പുസ്തകത്തിൽ. എഴുത്തുകാരി പറയുന്ന പോലെ: “ഓർമ്മകളുടെ പുസ്തകം ചിതലരിച്ച് പോകാതിരിക്കാൻ താളുകളോരോന്നും കീറിയെടുത്ത് സൂക്ഷിക്കണമെന്ന് തോന്നും. ചിലത് പറിക്കുമ്പോൾ നോവും ചിലത് പറിക്കുമ്പോൾ കത്തിച്ചു കനലും കരിയും കാറ്റിൽ പറത്തണമെന്നു തോന്നും. എല്ലാവർക്കുമുണ്ടാകുമല്ലേ അങ്ങനെ ചിലത് ഉണ്ടാവണം, അല്ലാത്തിടത്തോളം മനുഷ്യനെന്ന് വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ലല്ലോ.”

തന്റെ വല്ല്യാപ്പയെ കുറിച്ചുള്ള ഓർമ്മകൾ വത്സല്യമായി എഴുത്തുകാരി ഇങ്ങനെ എഴുതി വെയ്ക്കുന്നു ഒരിടത്ത്. വല്ല്യാപ്പ പണ്ട് കപ്പലിലാണത്രേ ഹജ്ജിനു പോയത്. മക്ക ആളൊഴിഞ്ഞ മണലാരണ്യമായിരുന്നു പോലും. പിന്നെ, കല്യാണത്തിന്റെ അന്ന് തലയിൽ കെട്ടിയ നീളൻ തലപ്പാവിന്റെ തുണി സ്വന്തം കഫൻ പുടവയക്കാൻ അത്തറ് പുരട്ടി എടുത്തു വെച്ചിരുന്നു. പലതും വലിയ കാര്യമായൊന്നും തോന്നുന്നില്ലായിരിക്കാം… പക്ഷേ, ഈ ഓർമ്മച്ചിത്രങ്ങളോരോന്നും അത്രയേറെ, അതിലുമേറെ പ്രിയപ്പെട്ടതാണ്.

പിറന്നവർക്കും പറന്നവർക്കുമിടയിൽ എന്ന ഈ പുസ്തകം നിറയെ അത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്. എന്നാലവ വളരെ വളരെ വലിയ കാര്യങ്ങളെന്ന് വായനക്കാരന് മനസ്സിലാക്കി തരുന്നു.

ഷിംന എഴുതുന്നു, ഇങ്ങനെ.
കുഞ്ഞുങ്ങളെയോർത്ത് വേദനിക്കുന്ന അമ്മമാർ ചുറ്റുമുണ്ട്. മക്കൾ നിത്യരോഗികളായിരിക്കാം, ഭിന്നശേഷിക്കാരായിരിക്കാം, പഠന വൈകല്യങ്ങളോ ലഹരിക്കെടുതിയിൽ പെട്ടവരോ ആകാം. കുട്ടികളെ സ്വസ്ഥമായി വളർത്താനുള്ള സാഹചര്യമില്ലാത്ത കുടുംബമാകാം. കുട്ടികൾ മരണപ്പെട്ട് ഹൃദയത്തിൽ തറച്ച ചൂണ്ടക്കൊളുത്ത് പറിച്ചെറിയാൻ സാധിക്കാത്ത അമ്മക്കിളികളുണ്ടാവാം. ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ എനിക്കും നിങ്ങൾക്കും ചുറ്റുമവരെല്ലാമുണ്ട്. ചേർത്ത് പിടിക്കണമെന്ന് നിർബന്ധിക്കുന്നില്ല.. പക്ഷേ, അവരുടെ മുഖത്തേക്ക് കൊട്ടിയടയ്ക്കപ്പെടരുത് വാതിലുകൾ. അപമാനിക്കരുത്, അവഹേളിക്കരുത്, അതിനുള്ള യോഗ്യതയില്ല നമുക്ക്.

athmaonline-vayana-shimna-aziz-ramesh-perumpilavu-wp

ഇത്തരം ചേർത്ത് പിടിക്കൽ കൂടിയാണ് ഡോക്ടർ കൂടിയായ ഈ പെൺകുട്ടിക്ക് തന്റെ എഴുത്തും ജോലിയും ജീവിതവും.

ഇതൊരു ഇരുൾ മുറിയൊന്നുമല്ല. തുഞ്ചത്തെഴുത്തച്ഛനും മോയിൻകുട്ടി വൈദ്യരുമൊക്കെ ജീവിച്ചിരുന്ന മണ്ണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നിലകൊള്ളുന്ന മണ്ണ്. ഇവിടത്തെ വെളിച്ചം തന്നെയാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നുമറിയാം. അത്രയെളുപ്പമൊന്നും തകരുന്നതല്ല ഞങ്ങളുടെ ചങ്കായ ഈ നാട്. ഇത് മലപ്പുറമാണ്, മതം എന്ന മദം ഇവിടെ അങ്ങനെയൊന്നും പൊട്ടിപ്പുറപ്പെടില്ല. പിന്നെ ഞങ്ങളുടേത് മാത്രമായ പ്രത്യേകകളും പുറമേയുള്ളവർക്ക് അയ്യോ കഷ്ടം എന്ന് തോന്നുന്നതുമൊന്നും ഞങ്ങളെയൊട്ടും ബാധിക്കുന്നുമില്ല.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നാട്ടിൽ ജനിച്ചു വളർന്നൊരു മലപ്പുറത്തുകാരി പെൺകുട്ടി ഇങ്ങനെയല്ലാതെ എങ്ങനെയാണ് തന്റെ നാടിനെ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുക.

സ്വന്തം താൽപര്യമൊന്നു കൊണ്ടു മാത്രം മെഡിക്കൽ സയൻസ് പഠിക്കാൻ തീരുമാനിച്ചവൾ. ആദ്യ വർഷം അനാട്ടമി പഠിപ്പിക്കാൻ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യ രോഗികൾ. നൂൽബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാൻ പോലും രണ്ടു ദിവസം എനിക്കു നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവർക്കും എനിക്കും സമമെന്ന് അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണിൽ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.

ഇത്തരം ഒട്ടേറെ തിരിച്ചറിവുകളാലാണ് ഷിംന തന്റെ കരിയറിനെ പടുത്തുയർത്തിയതെന്ന് ഈ പുസ്തകത്തിലുടനീളം വായിച്ചു പോകുമ്പോൾ എളുപ്പത്തിൽ മനസ്സിലാവുന്നു. അവയോരോന്നും ഓരോ പാഠങ്ങളായിത്തീരുന്നു വായനാസമൂഹത്തിന്.

അവർ പരിഹസിക്കട്ടെ, അവഹേളിക്കട്ടെ, പിറകിൽ നിന്നും കുത്തുവാക്കുകൾ ചൊരിയട്ടെ, അപമാനങ്ങളും അവഹേളനങ്ങളും ഉണ്ടായിക്കോട്ടെ… എഴുതുന്ന ഒരു വരിയെങ്കിലും വായിക്കുന്നവർക്ക് ഗുണം ലഭിക്കുന്നുവെങ്കിൽ, അതല്ല നിങ്ങളുടെ മാത്രമിടമായ നിങ്ങളുടെ എഴുത്ത് മനപ്പൂർവ്വം ആർക്കും ഉപദ്രവമാകുന്നില്ല എങ്കിൽ നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ അക്ഷരങ്ങളെങ്കിൽ, അവഗണിക്കാൻ പഠിച്ചേക്കുക. ഓരോ മുറിവും കരിയുമ്പോൾ ഉണ്ടാകുന്ന കൂടുതൽ ബലമുള്ള പാട് കണ്ടിട്ടില്ലേ…? ജീവിതത്തിലെ ഓരോ വേദനിപ്പിക്കുന്ന അനുഭവവും കൂടുതൽ ശക്തിപകരണം. ഓരോ തവണ പിടഞ്ഞ് എഴുന്നേൽക്കുമ്പോഴും തള്ളിയിട്ടവർക്ക് വേദനിക്കുകയേ ഉള്ളൂ. അതാണ് വേണ്ടതും.

ഇങ്ങനെയൊക്കെ എഴുതുമ്പോൾ സമൂഹത്തിൽ നിന്നും എതിർപ്പുകൾ വരില്ലേ എന്ന സോഷ്യൽ മീഡിയയിലെ സ്ഥിരം ചോദ്യത്തിന് എഴുത്തുകാരിയുടെ മറുപടിയാണ് മുകളിൽ കുറിച്ചത്.

“രാവിലെ ഉണ്ടാക്കിയ പുട്ട് ഇഷ്ടമില്ലെന്ന് പറഞ്ഞ് ഉമ്മയോട് വഴക്കിട്ടിറങ്ങിയപ്പോ നിങ്ങളിറിഞ്ഞിരുന്നോ ഉമ്മച്ചി മെൻസസിന്റെ വയറുവേദന സഹിക്കവയ്യാതെയാണ് അത് നിങ്ങൾക്ക് വെച്ചുവിളമ്പിയതെന്ന്?. ” ഒരു സദസ്സിന്റെ മുക്കാലും നിറഞ്ഞു കവിഞ്ഞ പ്ലസ് വണ്ണിലെ ആൺകുട്ടികളുടെ ക്ഷണനേരം കൊണ്ടുണ്ടായ മൗനം കണ്ണുമിഴിച്ച് എന്നെ നോക്കി. എന്നോ വരാൻ പോകുന്ന ഭാര്യയെക്കുറിച്ച് പറയാൻ മാത്രമല്ലല്ലോ ഞാൻ ചെന്നത്. മുന്നിലുള്ള അമ്മയും പെങ്ങളുമെല്ലാം അനുഭവിക്കുന്നത് ആരും അവർക്കിന്നുവരെ പറഞ്ഞു കൊടുത്തിരുന്നില്ല. ആയുഷ്കാലം മുഴുവൻ മനസ്സും ശരീരവും പരീക്ഷിക്കപ്പെടുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞു കൊടുത്തിരുന്നില്ല. ജനിക്കുമ്പോൾ മുതൽ പെണ്ണറിയുന്ന നോവുകൾ പറഞ്ഞു കൊടുത്തിരുന്നില്ല. പെണ്ണിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു കൊടുത്തിരുന്നില്ല. ആർത്തവവും പ്രസവവും അറിയില്ല. പാഡ് കളയാനും മൂത്രമൊഴിക്കാനും സ്ഥലം തിരഞ്ഞ് കഷ്ടപ്പെടുന്ന സുഹൃത്തിന്റെ വേദന അവരോർത്തിട്ടില്ല.

ആണറിവുകൾ എന്ന അദ്ധ്യായത്തിലെ ഈ വരികളിലൂടെ, നമ്മൾ സൗകര്യപൂർവ്വം നമ്മുടെ ആൺമക്കളെ അവഗണിക്കുന്നുണ്ടോ എന്ന ചോദ്യമാണ് എഴുത്തുകാരി മുന്നോട്ട് വെയ്ക്കുന്നത്. കാതലായ ഈ ചോദ്യം വർത്തമാനകാലത്ത് ഏറെ പ്രസക്തവുമാണ്.

അങ്ങനെയങ്ങനെ ഈ പുസ്തകം നിറയെ കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ സമൂഹത്തിനുള്ള അറിവുകളും സന്ദേശങ്ങളും നർമ്മവുമൊക്കെ കരുതി വെച്ചിട്ടുണ്ട്. ചിലയിടത്ത് ആശുപത്രിയുടെ മണമുണ്ടാകുമ്പോൾ, പലയിടത്ത് ഒരു നിമിഷം നെഞ്ച് മിടിക്കാൻ മറന്നു പോയ നൊമ്പരങ്ങളുടെ കഥകളുണ്ട്. ഒപ്പം ഓർമ്മകൾ ഒപ്പിയെടുത്ത കാഴ്ചകളും, ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എത്ര ശ്രമിച്ചിട്ടും ചേരാതെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുമുണ്ട്. കുട്ടിക്കാലത്ത് കൂട്ടിവെച്ച വളപ്പൊട്ട് ശേഖരം പോലെ.

ആത്മ ഓൺലൈൻ – വായനയിലേക്ക് നിങ്ങൾക്കും  കുറിപ്പുകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: