Homeവായനപിരിശത്തിന്റെ ദിനങ്ങൾ

പിരിശത്തിന്റെ ദിനങ്ങൾ

Published on

spot_imgspot_img

വായന

സുസ്മിത ബാബു

പുസ്തകം :പിരിശത്തിന്റെ ദിനങ്ങൾ
രചന : സഹർ അഹമ്മദ്
പ്രസാധകർ : പെൻഡുലം ബുക്സ്
വില : 80 രൂപ

“വിരഹത്തിന്റെ നിമിഷത്തിലല്ലാതെ
പ്രണയം അതിന്റെ ആഴമറിയുന്നില്ല..”
– ഖലീൽ ജിബ്രാൻ

അകവും പുറവും ഒരു പോലെ വെയിൽച്ചൂടിൽ തിളയ്ക്കുന്ന മാർച്ച് മാസപ്പകുതിയിലാണ് ഒരു പോസ്റ്റൽ കവർ എന്റെ വിലാസം തേടിപ്പിടിച്ചെത്തിയത്. ആ കവറിലുണ്ടായിരുന്നത് വേനൽപ്പകലിലേക്ക് തണുപ്പ് പെയ്യിക്കുന്ന, പ്രണയത്താൽ നനുത്തുപോയ അക്ഷരങ്ങളാൽ കുറിച്ചിട്ട കവിതകളായിരുന്നു എന്നതിൽ ഏറെ സന്തോഷവും തോന്നി. അകലങ്ങളിൽ, പ്രവാസത്തിന്റെ നോവിലിരുന്ന് പിരിശത്തിന്റെ മഷിയിൽ മുക്കി ഒരാൾ തന്റെ പ്രിയപ്പെട്ടവൾക്കയച്ച അൻപത് കവിതകൾ.. അഥവാ അൻപത് പ്രണയ സന്ദേശങ്ങൾ.

ഒന്നിച്ചിരിക്കുക എന്നതായിരിക്കും സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട കാര്യം. ഇണക്കങ്ങളും കൊച്ചു പിണക്കങ്ങളും കൊണ്ട് ധന്യമാക്കപ്പെടുന്ന മുഹൂർത്തങ്ങൾ. പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള അഭൗമപ്രണയത്തിന്റെ ചേർന്നിരുപ്പുകൾ. “പിരിശത്തിന്റെ ദിനങ്ങളിൽ” നിറഞ്ഞുനിൽക്കുന്നതും അതാണ്. കാലവും ജീവിതസാഹചര്യങ്ങളും ആവശ്യപ്പെടുന്ന അനിവാര്യമായ വേർപാടുകളിലും സ്നേഹനിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ.

sahar-ahammed
സഹർ അഹമ്മദ്

ഓഷോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്..
“പ്രണയത്തിന് ഇണകൾ ആവശ്യമാണ്. അതൊരു ബന്ധമാണ്. പുറത്തേക്ക് ഗമിക്കുന്നതും പുറത്തേക്ക് സഞ്ചരിക്കുന്ന ഊർജ്ജം. അവിടെ ഒരു പ്രീതിപാത്രം കുടിയിരിപ്പുണ്ട്.. പ്രണയഭാജനം. ആ പ്രണയഭാജനം നിങ്ങൾക്ക് നിങ്ങളേക്കാൾ പ്രാധാന്യമുള്ളതായിത്തീരുന്നു. നിങ്ങളുടെ ആനന്ദം ആ പ്രണയഭാജനത്തിലാണ്. അവർ സന്തോഷിച്ചാൽ നിങ്ങൾക്കും സന്തോഷമായി. അവിടെ ഒരുതരം ആശ്രിതത്വം ഉണ്ട്. മറ്റൊരാൾ ആവശ്യവുമാണ്. ആ മറ്റൊരാളെ കൂടാതെ നിങ്ങൾ ഏകാന്തത അനുഭവിക്കുന്നു.”
( ഓഷോ – പ്രണയത്തിന്റെ രഹസ്യങ്ങൾ )

പിരിശത്തിന്റെ ദിനങ്ങളിലുള്ളത് ഇഴപിരിയാനാവാത്ത പാരസ്പര്യത്തിന്റെ സ്നേഹോഷ്മളതയാണ്. ഒരാൾ മറ്റേയാൾക്ക് ആശ്വാസവും അഭയവുമാകുന്ന പ്രണയത്തിന്റെ പൂർണ്ണത. ആത്മദർശനത്തിന്റെ കണ്ണാടിക്കാഴ്ചകൾ പോലെ അത് വായനക്കാരനെയും പിന്തുടരുന്നുണ്ട്. സർഗ്ഗസൃഷ്ടികളുടെ പ്രത്യേകത അതാണ്. അത് കഥയോ കവിതയോ ആവട്ടെ, അനുഭവിപ്പിക്കുക എന്നതാണ് പ്രധാനം. വായനക്കാരിലേക്ക് അഭിമുഖമായി പിടിച്ച കണ്ണാടിയാവണം എഴുത്ത്. അവന്റെ അനുഭവങ്ങളെ ആ എഴുത്തിൽ പ്രതിഫലിച്ചു കാണാനായൽ അതുതന്നെയാണ് സർഗ്ഗാത്മകതയുടെ സൗന്ദര്യം.

ഭാഷയുടെ ചാരുതയും ആവാഹനശേഷിയും പ്രകടമാക്കുന്ന സർഗ്ഗസൃഷ്ടികളാണല്ലോ കവിതകൾ. വായിക്കുംതോറും ആസ്വാദനം വർദ്ധിക്കുന്നു എന്നതാണ് കവിതയുടെ മഹത്വവും. ഓരോ വായനയും സംഭവിക്കുന്നത് അനുവാചകന്റെ മനസ്സിലാണ്. അനശ്വരമായ ആത്മസങ്കല്പങ്ങളുടെ വാങ്ങ്മൊഴികളാണ് ഓരോ കവിതകളും. നൊമ്പരങ്ങളുടെ വഴിയോരത്തുനിന്നും ജീവിതത്തിന്റെ പ്രതീക്ഷളിലേക്ക് സ്നേഹത്താൽ വഴിനടത്തുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകളൊക്കെയും എന്ന് പറയാം. അതിൽ പ്രധാനം കുടുംബബന്ധങ്ങളുടെ സുശക്തമായ ഇഴയടുപ്പമാണ്. പരസ്പരം സൂക്ഷിക്കുന്ന സ്നേഹബഹുമാനങ്ങളാണ്. “നിനക്ക് ഞാനുണ്ട്” എന്ന് പറഞ്ഞുള്ള ചേർത്തുനിൽപ്പിന്റെ സ്നേഹസ്പർശമാണ്. ഇന്ന് ഒട്ടുമിക്ക കുടുംബബന്ധങ്ങളിലും നഷ്ടപ്പെട്ടു പോയത് ഇതൊക്കെ തന്നെയാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഈ കവിതകൾ.

സുസ്മിത ബാബു

ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മാധ്യമങ്ങളുടെ വിപ്ലവത്തിനു മുൻപ്, ഒരുകാലത്ത് കേരളത്തിൽ “കത്തുപാട്ടുകൾ” ഏറെ പ്രചാരത്തിലുണ്ടായിരുന്നു. നിത്യജീവിത സ്പർശിയായ അനുഭവങ്ങളാണ് കത്തുപാട്ടുകളുടെ കാതൽ. “പിരിശത്തിന്റെ ദിനങ്ങളിലുള്ളത്” ആധുനികതയുടെ കത്തുപാട്ടാണെന്ന് പറയാം. ഇൻലന്റും പോസ്റ്റുകാർഡും കാലം ചെയ്ത കാലത്ത് സൈബറിടങ്ങളിൽ, സാമൂഹ്യമാധ്യമങ്ങളിൽ അതിരുകളും അകലങ്ങളും ഇല്ലാതാവുന്ന ഈ കാലത്ത് ഒരാൾ ഭാര്യക്കയക്കുന്ന കവിതയോളം മാധുര്യമുള്ള കത്തുകളാണ് “പിരിശത്തിന്റെ ദിനങ്ങൾ” എന്ന് പറയാം. പുലിക്കോട്ടിൽ ഹൈദറും മോയിൻകുട്ടി വൈദ്യരുമൊക്കെ അരങ്ങുവാണ കത്തുപാട്ടു കാലത്തിൽ, പ്രേമവും യാത്രാവിവരണങ്ങളും വിരഹവുമൊക്കെ നീറിപ്പടരുന്ന ഒരുപാട് ഗാനങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. “എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ..” എന്നു തുടങ്ങുന്ന പ്രശസ്തമായൊരു കത്തുപാട്ട് എസ്.എ.ജമീലിന്റെ സംഭാവനയാണ്. ബീടരുടെ കത്ത്, കുഞ്ഞിപ്പൂവിക്കയച്ച കത്ത്, കുഞ്ഞിമോൾക്കയച്ച കത്ത് തുടങ്ങിയവ മാപ്പിളപ്പാട്ടിന്റെ ശീലിൽ രചിക്കപ്പെട്ട മധുരഗീതങ്ങളാണ്.

ഒരു വാക്കിൽ, ഒരു മൂളലിൽ പ്രീയന്റെ സാമിപ്യമറിയുന്നവളെ ഈ കവിതകളിലും കാണാം.

“എല്ലാം മറന്ന്
നിന്റെ ഓർമ്മകളെ മാത്രം
നെഞ്ചേറ്റിയവനെ
മജ്നുവെന്ന്
ദൂരെ ദിക്കിൽ നിന്ന്
ആരോ വിളിക്കുന്നു.”

“ഭാഗ്യമുള്ളവളായി” ജീവിതത്തിലേക്ക് വന്നവളെ നെഞ്ചോരം ചേർത്തുവെച്ച് അത്രമേൽ സ്നേഹാർദ്രമായി കവിതകളെഴുതുന്നവനെ വേറെന്തു പേരിൽ വിളിക്കും.

“ചേർത്തുവെച്ച കരങ്ങൾ
പോലുമറിയാതെ
യാത്ര ചോദിക്കാതെ
ഒരുനാൾ നാം മണ്ണിലേക്ക്
മടക്കപ്പെടും..”

Click the image to contact morickap

ജീവിതത്തിന്റെ പരമമായ സത്യമാണ് മരണം. ഭൂമിയിൽ ജന്മമെടുത്ത ഏതൊരാളും ഒരിക്കൽ അനിവാര്യമായ അന്ത്യനിദ്രയിലെത്തും. ജീവിക്കുന്ന കാലമാണ് പ്രധാനം. എങ്ങനെ ജീവിച്ചു എന്നതും എത്രത്തോളം സ്നേഹത്തോടെ, അലിവോടെ, ലക്ഷ്യബോധത്തോടെ കർമ്മോത്സുകനായി ജീവിതം എത്രമാത്രം മനോഹരമാക്കി എന്നതും. “നാളെ ആരെങ്കിലും പിരിശത്തിന്റെ താളുകൾ മറിച്ചു നോക്കും / ആ വരികൾക്കിടയിൽ അവർ നമ്മെ വായിക്കും പിരിശങ്ങളെ കാണും” എന്നെഴുതിയിട്ടുണ്ട് അവസാന വരികളിൽ. ഇതൊരു അടയാളപ്പെടുത്തലാണ്. ആത്മസാക്ഷാത്കാരത്തിന്റെ വരമൊഴി.

യാത്രക്കിടയിലും ജോലിയിടങ്ങളിലും തനിച്ചാകുന്ന നിമിഷങ്ങളിലൊക്കെയും മനസ്സുകൊണ്ട് ഭാര്യയുടെ സാമിപ്യമറിയുന്നുണ്ടായാൾ.

“കണ്ണു ചിമ്മാത്ത
നിയോൺ വിളക്കുകൾ
നീണ്ടു കിടക്കുന്ന
നാലുവരിപ്പാതകൾ.
കാറിൽ
പാഷ്‌തോ ഗസലിന്റെ
താളം നിറയുന്നു..”

പെഷാവറിലെ ഗ്രാമത്തെയും കുടുംബത്തെ കുറിച്ച് സംസാരിക്കുന്ന സുഹൈൽ എന്ന ടാക്സിഡ്രൈവറെ, കാലദേശങ്ങൾക്കിപ്പുറത്തിരുന്ന് ഏറെ പരിചയത്തോടെ നമ്മളുമറിയുന്നു. അങ്ങനെ അനുഭവിപ്പിക്കുന്നു വരികളിൽ.

സമാഹാരത്തിലെ മറ്റു കവിതകളിൽ നിന്ന് വ്യത്യസ്തമായ പ്രമേയത്താൽ ഏറെ ശ്രദ്ധിക്കപ്പെടുന്നൊരു കവിതയാണ് പത്താമത്തേത്.

“എല്ലാം മറന്നു
നിന്നിലേക്കുള്ള യാത്രയിൽ
എനിക്കു മുൻപിൽ
ചുവന്ന താഴ്‌വര തെളിയുന്നു.”

വ്യത്യസ്ത മാനങ്ങളാൽ, വരികൾക്കിടയിലൂടെ വായിക്കപ്പെടേണ്ട കവിതയാണ്. ആത്മസംഭാഷണങ്ങൾ വിട്ട് പുറം ലോകത്തോട് സംവദിക്കുന്നു ഈ കവിത. സ്വാതന്ത്ര്യം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടയാളപ്പെടുത്തുന്നുണ്ട്. ഈ കവിതയിലൂടെ അഫ്ഗാൻ പോലുള്ള അധിനിവേശ പോരാട്ട ഭൂമികകളിലേക്ക് വായനക്കാരൻ എത്തിപ്പെടുന്നു. ചോരയാൽ ചുവന്നു പോയ താഴ്‌വര. അടിച്ചമർത്തപ്പെട്ടവന്റെ മുറിവുകളിൽ നിന്നുതിരുന്ന ചോരപ്പൂക്കൾ അശാന്തിയുടെ കനൽപ്പൂക്കളായി എഴുത്തുകാരനിൽ നീറിപ്പടരുന്നുണ്ട്. അപ്പോൾ, ആന്തരികതയിൽ നിന്ന് സാമൂഹ്യലോകത്തിന്റെ ബഹിർമുഖത്തേക്ക് പൊടുന്നനെ വലിച്ചെറിയപ്പെടുന്നു പ്രണയത്താൽ ചുവന്നുപോയ വായനകൾ.

പത്തിനഞ്ചാമത്തെ കവിതയിൽ രണ്ട് ബസ് യാത്രികരുണ്ട്. പരസ്പരം വിരൽ കോർത്തിരിക്കുന്ന, പ്രണയത്തിന്റെ ഏതോ ലോകത്തിൽ ബദറുൽ മുനീറും ഹുസ്നുൽ ജമാലുമായവർ.



“കാഴ്ചകളൊക്കെയും
മേഘങ്ങളെ പോൽ
പിറകിലേക്ക് ഒഴുകുന്നു.
നഷ്ടപ്പെട്ട കാഴ്ചകളെ
മറന്ന് ലക്ഷ്യത്തിലേക്ക്
നീ കണ്ണു നട്ടിരിക്കുന്നു..”

ജീവിതം പോലെ അനുസ്യൂതം തുടരുന്ന യാത്ര. മുന്നിലേക്കുള്ള വഴിയിലേക്ക് മിഴിനട്ടിരിക്കുകയാണവർ. കിളിയുടെ ബെല്ല് കേൾക്കുമ്പോൾ മാത്രമാണ് ഇറങ്ങാനിടമായെന്ന് അറിയുന്നത്. ഒടുവിലത്തെ വരികൾ ഇങ്ങനെയാണ്.
“അപ്പോഴും ആ സീറ്റിൽ
നിന്ന് രണ്ടുപേർ
നമ്മെ നോക്കി ചിരിക്കുന്നു.”. ഭാഷ ഭാവനാത്മകവും ദൃശ്യവൽക്കപ്പെടുന്നതും അപ്പോഴാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തും പ്രണയമാണ്. അത് ഒരു വസ്തുവോ വ്യക്തിയോ അനുഭവമോ ഒരു കുഞ്ഞുസ്വപ്നമോ ആവാം.

മുപ്പത്തിയേഴാമത്തെ കവിതയിൽ കവി വ്യക്തിമാക്കുന്നുണ്ട് പ്രണയത്തിന്റെ ജനിതകത്തെ..

“പ്രണയം
രണ്ടു വ്യക്തികൾക്കിടയിൽ
മാത്രം ഒതുങ്ങേണ്ട
വികാരമല്ല.
ഈ പ്രപഞ്ചത്തെയാകെ
ചേർത്തു നിർത്തുന്ന
നേർത്തൊരു നൂലാണത്.”

അതാണ് സത്യവും. ജീവിതം എന്നുമെന്നും സ്നേഹനിർഭരമാവട്ടെ. ഓരോ നോവും അസ്വസ്ഥതകളും ഇഷ്ടങ്ങളും സർഗ്ഗാത്മകതയ്ക്ക് വിളനിലമാവാട്ടെ. “പിരിശത്തിന്റെ” ദിനങ്ങൾ ഇനിയുമേറെയുണ്ടാവട്ടെ എന്നാശംസിക്കുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.



spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...