pn-panicker-wp

എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു.

സ്നേഹകൃഷ്ണകുമാർ

1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്, പ്രവർത്തനങ്ങളെ കുറിച്ച് വായിച്ചും, പറഞ്ഞു കേട്ടതുമായ അറിവ് മാത്രമേ എനിക്കുള്ളൂ… എങ്കിലും, കേരളത്തിലെ ഏതെങ്കിലും വിദൂര ഗ്രാമത്തിൽ നിന്ന് രാത്രി എപ്പോഴെങ്കിലും വീട്ടിലെത്തുന്ന അദ്ദേഹം, എന്നെ വിളിച്ചുണർത്തി, നീണ്ടു മെലിഞ്ഞ വിരലുകളാൽ തലോടുന്നത് ഓർമയിലെവിടെയോ ഇപ്പോഴും തങ്ങി നിൽക്കുന്നു…

sneha-krishnakumar
സ്നേഹ കൃഷ്ണകുമാർ

1909 മാർച്ച്‌ 1 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നീലംപേരൂർ എന്ന ഗ്രാമത്തിലെ പുതുവായിൽ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. നീലംപേരൂർ അമ്പലത്തിനടുത്തായുള്ള ആ വീട് അദ്ദേഹത്തിന്റെ സ്മാരകമായി ഇപ്പോഴും അവിടെയുണ്ട്. കടുത്ത ദൈവ വിശ്വാസിയായിരുന്ന അമ്മ പറഞ്ഞു കൊടുത്ത പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം, അച്ഛന്റെ പ്രേരണയാൽ ചെറുപ്പം മുതൽ തന്നെ ധാരാളം വായിക്കുമായിരുന്നത്രേ. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പുകൾ എഴുതി തയ്യാറാക്കുകയും പുസ്തകങ്ങൾ എല്ലാം സൂക്ഷിച്ചു വെക്കുകയും ചെയ്യുമായിരുന്നതിനാലാവാം പുസ്‌തകങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി എളുപ്പം മാറിയത്. നീലംപേരൂർ അമ്പലത്തിനു മുന്നിലുള്ള ആൽചുവട്ടിലും അവിടെയുള്ള ചായക്കടയിലും ഒക്കെ വരുന്ന ആളുകളെ പത്രവും മാസികകളും മറ്റു പുസ്തകങ്ങളുമെല്ലാം വായിച്ചു കേൾപ്പിക്കുന്ന ശീലമാണ് ആളുകൾക്ക് വായനയിൽ ഇത്രമേൽ താല്പര്യമുണ്ടെന്നും എന്നാൽ ഗ്രാമപ്രദേശങ്ങളിൽ അവയുടെ ലഭ്യത പരിമിതമാണെന്നും തിരിച്ചറിയുകയും പിൽകാലത്ത് ഗ്രന്ഥശാലാപ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും. തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ കൊടി കുത്തി വാണിരുന്ന അക്കാലത്ത്‌ താഴ്ന്ന ജാതിയിൽ പെട്ട ആളുകളുടെ കൂടെയായിരുന്നു അദ്ദേഹം ദിവസത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. മനുഷ്യനെ എല്ലാ അനാചാരങ്ങളിൽ നിന്നും വേർതിരിവ് എന്ന ചിന്തയിൽ നിന്നും മാറ്റി നടാൻ വരമ്പുകളില്ലാത്ത വായനയും തുറന്നിട്ട മനസും മതിയല്ലോ. പന്ത്രണ്ടാമത്തെ വയസിൽ മുത്തച്ഛന്റെ അച്ഛൻ മരിക്കുമ്പോൾ അമ്മയുടെ മാർഗനിർദ്ദേശങ്ങളും ഒരേയൊരു സഹോദരന്റെ പിന്തുണയുമാണ് അദ്ദേഹത്തിന് പ്രചോദനമായത്. അധ്യാപകൻ ആയിരുന്ന ജേഷ്ഠൻ രോഗബാധിതനായപ്പോൾ പകരക്കാരനായി ജോലിക്ക് ചെന്ന അദ്ദേഹത്തിന്റെ സേവനത്തിൽ ആകൃഷ്ടനായ വിദ്യാഭ്യാസ ഓഫീസർ അദ്ദേഹത്തെ സ്ഥിരപ്പെടുത്തുകയായിരുന്നു.

pn-panicker-family
പി.എൻ പണിക്കരും കുടുംബവും

കുട്ടികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന് സാമൂഹ്യ സേവനവും അധ്യാപനവൃത്തിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ ജോലിയിൽ നിന്ന് രാജി വെച്ച് നിരക്ഷരരായ ഗ്രാമീണരെ അക്ഷരം പഠിപ്പിക്കാനും അവരെ എഴുത്തും വായനയും പരിശീലിപ്പിക്കുവാനുമായി ഇറങ്ങിതിരിച്ചു. ഇങ്ങനെ സാമൂഹ്യകാര്യങ്ങളിൽ എപ്പോഴും തിരക്കിലായിരുന്ന മുത്തച്ഛൻ വല്ലപ്പോഴും ഒക്കെ മാത്രമേ വീട്ടിൽ ഉണ്ടാകാറുള്ളായിരുന്നു.

പരിഭവങ്ങളൊന്നുമില്ലാതെ മുത്തശ്ശി -ചെമ്പകക്കുട്ടി അമ്മ പരിപൂർണ പിന്തുണ നൽകി പോന്നു. എത്ര വൈകി വീട്ടിലെത്തിയാലും നാലു മണിക്ക് തന്നെ ഉണർന്ന്, പ്രഭാതകൃത്യങ്ങൾക്കും പ്രാർത്ഥനക്കും ശേഷം മക്കളോടും ഞങ്ങൾ കൊച്ചു മക്കളോടും ഒപ്പം ഇരിക്കാൻ സമയം കണ്ടെത്തുമായിരുന്നു. അടുത്തിരുത്തി മുത്തച്ഛന് വന്ന കത്തുകൾ ഉറക്കെ വായിപ്പിക്കും, മറുപടി പറഞ്ഞ് തന്ന് കൂട്ടത്തിൽ മൂത്തയാളെ കൊണ്ട് എഴുതിപ്പിക്കുകയും ചെയ്യും. മുത്തച്ഛന് ആരെല്ലാമായൊക്കെ കൂട്ട് ഉണ്ടെന്നു ആ കത്തുകൾ ആണ് ഞങ്ങൾക്ക് പറഞ്ഞ് തന്നത്. അന്ന് അതെ പറ്റിയൊന്നും ധാരണ ഇല്ലായിരുന്നെങ്കിലും ഇന്ന് മുത്തച്ഛന്റെ ബന്ധങ്ങൾ, പ്രവർത്തനങ്ങൾ എല്ലാം എനിക്ക് അഭിമാനം തന്നെയാണ്.

86 -ആം വയസിൽ ഓഫീസിൽ വച്ചുണ്ടായ ഹൃദ്രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 1995 ജൂൺ മാസം 13 -ആം തിയതി മുതൽ മരണമടഞ്ഞ 19-ആം തിയതി വരെ ഉണർന്നപ്പോഴോക്കെ ഓഫീസിൽ പോകണമെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ ആശുപത്രി അധികൃതർ മുത്തച്ഛന്റെ കയ്യും കാലും കട്ടിലിനോട്‌ ചേർത്ത് ബന്ധിച്ചു. ICU വാതിലിന്റെ ആ കുഞ്ഞ് വട്ടത്തിലൂടെ നോക്കുമ്പോൾ മുത്തച്ഛൻ കയ്യും കാലുമിട്ടടിക്കുന്ന ദൃശ്യം ഇന്നും എന്റെ കണ്ണുകളിൽ സങ്കടമുള്ള ഓർമയായി തങ്ങി നിൽപ്പുണ്ട്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

%d bloggers like this: