Sunday, August 7, 2022

മൂന്ന് കവിതകൾ

കവിത

ബിനീഷ് കാട്ടേടൻ

  1. മാറിനിൽക്കൂ..
    അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്

എത്ര സൂഷ്മതയിൽ,
ഭംഗിയിലാണ്
ഒരു പെൺശലഭത്തിൻ്റെ ശവം
പുളിയൻ ഉറുമ്പുകൾ
വലിച്ചുകൊണ്ടുപോകുന്നത് !!

ചുംബനത്തിൻ്റെ കാരമുള്ളിൽ
ചിറകുകൾ കീറി മുറിക്കാതെ,
കഴുത്തിൽ കയ്യിട്ട്
ഒരു കാട്ടുവള്ളി പിണച്ച്
ശ്വാസം മുട്ടിക്കാതെ,
ഇടുങ്ങിയ
ചില്ലകളുടെ മടിയിലിരുത്തി
അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ
പേറ്റി പേറ്റി നോവിക്കാതെ
നനുത്ത മഴ നനയിച്ച്
വലിയ കടൽ പൂവുകളെ സ്വപ്നം കാണിക്കാതെ,
നിറങ്ങളെ തമ്മിൽ കൂട്ടിക്കുഴക്കാതെ
അവളെ ചുമന്ന് പോകുന്നു.

ഉറുമ്പുകളുടെ നിശ്വാസത്തിൽ
ചിറകുകളിലേക്ക്
പുതിയ വേരുകൾ മുളച്ച്
നിലച്ച ഹൃദയമിടിച്ച്
ചിത്രശലഭം
അന്തം വിട്ട
ഉറുമ്പുകളുടെ വായിൽ നിന്ന്
ആകാശത്തിലേക്ക് പറന്ന് പറന്ന് പോയി .

2. ഒരു മഴക്കാലം
    തറയെന്ന് എഴുതി പഠിക്കുമ്പോൾ

ആദ്യത്തെ കവിത
തറയായിരുന്നു.

മുട്ടിലിഴഞ്ഞവൻ്റെ
കാല്
ഒരു കൂട്ടും പിടിച്ച് ജൂൺ മഴക്കാലത്ത് നടക്കാനിറങ്ങിയപ്പോൾ
തല
ആദ്യം വിയർത്തത്.!

ഇപ്പോഴും നോക്കുന്നുണ്ട്
ആ മതിലിന് പിന്നിൽ
കരച്ചിൽ തീർന്നശേഷം
മടങ്ങിപ്പോകുവാൻ വെമ്പുന്ന തഴമ്പിച്ച
രണ്ട് വളംകടി കാലുകളെ.

ഒരു റ യുടെ അന്ത്യത്തിൽ നിന്ന് വീണ്ടും നടുപകുതിയിൽ
അഭംഗിയിൽ നൂണ്ട്
ത യിലേക്ക്
എത്തിയവൻ്റെ ആത്മസന്തോഷം
പാടെ കെടുത്തി .

ഒരു കുട
എൻ്റെ കൂടെ വരാൻ
സ്വയം വെച്ച് മറന്നു പോയി.

തറ
താഴേക്ക്
ഒരു റ യുടെ മലഞ്ചരുവിൽ കൂടി
കയറി, താഴേക്ക്‌ ഇറങ്ങിയില്ലെങ്കിൽ
വഴി പിഴച്ച്
സഞ്ചാരമാർഗ്ഗം കുഴങ്ങിയാൽ
വീണ്ടും റ യിൽ അവസാനിക്കുന്ന
തീവണ്ടി പാത .

തറ
മൂന്ന് പറവകൾ തോളിൽ ചിറകിട്ട് ഭൂമിയിലേക്ക് തല ഉറ്റുനോക്കുന്ന
ആകാശത്തിലെ
മൂന്ന് കുമ്പിട്ടു പറക്കലുകളാണ്.

ചിലപ്പോൾ
മൂന്ന് ആനപ്പുറങ്ങളുടെ
മെഴുമെഴുക്കുള്ള മുതുകിൻ പുറങ്ങളും.

3 ഇല
   ഒരു വീടിനെ കൊണ്ടുനടക്കുമ്പോൾ

ഇലകൾ പറയുന്നു:

രാവിലെ പോയതാണവർ
ഇതുവരെ വന്നിട്ടില്ല .!!

പൂവുകൾ തേടി വന്ന വണ്ടുകളെ
എത്ര നേരം
തുരുമ്പെടുക്കുന്ന വാക്കുകളും ആയി
എൻ്റെ
വരണ്ട ഞരമ്പിൽ ഇരുത്തും.

ഇവരെ കണ്ടപ്പോൾ
കാലിക്കുടവുമായ്
പുഴയിലേക്ക് പോയതണവർ
എൻ്റെ വേരുകൾ.

മേഘത്തിനോട് ചോദിച്ചപ്പോൾ
കറുത്ത മുഞ്ഞി മാത്രം.

കാറ്റിനോട് ചോദിച്ചപ്പോൾ
ഇരുണ്ട തൊണ്ട മാത്രം .

പക്ഷിയോട് ചോദിച്ചപ്പോൾ
ചുവന്ന കണ്ണു മാത്രം .

ഞാൻ
ഈ മുഷിഞ്ഞ ചായക്കലം ഇറക്കിവെക്കുന്നതിന്
മുൻപ്
എന്തെങ്കിലും നടക്കുമോ ?


 

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles